This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
സെല്‍ഫ് ലോഡേഴ്സ്.
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
സെല്‍ഫ് ലോഡേഴ്സ്.
പ്രത്യാഗതി തത്ത്വത്തിലധിഷ്ഠിതമാണ് ഇവയുടെ പ്രവര്‍ത്തനം. തോക്കില്‍നിന്നും വെടിയുണ്ട് പുറത്തേക്കു പോയിക്കഴിഞ്ഞാല്‍ തോക്കിന്റെ ബാരലും ബ്രീച്ച് ബ്ലോക്കും കൂടി ഒന്നായി പുറകോട്ടു നീങ്ങുന്നു. ഇതിനിടയില്‍ ഇവ തമ്മിലുള്ള ബന്ധം വേര്‍പെട്ട് ബ്രീച്ച് ബ്ലോക്ക് മാത്രമായി തെന്നിമാറുന്നു. ഉപയോഗിച്ചുകഴിഞ്ഞ വെടിയുണ്ടയുടെ ഉറ പുറത്തേക്കു കളയുക, അറയില്‍ പുതിയ കാട്രിജ് വയ്ക്കുക, ബ്രിച്ച് ബ്ലോക്കും ബാരലുമായി വീണ്ടും കൊരുക്കുക എന്നീ കാര്യങ്ങള്‍ തുടര്‍ന്ന് പടിപടിയായും യാന്ത്രികമായും നടക്കുന്നു. M1911 കോള്‍ട്ട്, ഇറ്റാലിയന്‍ ബ്രെറ്റ (M9) എന്നിവയാണിവയില്‍ പ്രധാനപ്പെട്ട ഇനങ്ങള്‍.
3. മറ്റിനങ്ങള്‍. ചെറുകിട ആയുധങ്ങളില്‍ പെട്ടതാണ് ഗ്രെനേഡ് വിക്ഷേപിണികള്‍, ടാങ്ക് വേധന ആയുധങ്ങള്‍ എന്നിവ. ഗ്രെനേഡുകളുടെ പ്രഹരശേഷി വര്‍ധിപ്പിക്കുന്ന ഗ്രെനേഡ് വിക്ഷേപിണികള്‍ പടയാളികള്‍ എക്കാലവും സ്വാഗതം ചെയ്തിരുന്നു. 1960-കളില്‍ സ്പ്രിങ് ഫീല്‍ഡ് ആ(ര്‍)മറി രൂപകല്പന ചെയ്തു നിര്‍മിച്ച 40 മി.മീ. 79 ഗ്രെനേഡ് ലോഞ്ചര്‍ വിയറ്റ്നാം യുദ്ധത്തില്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. 2.7 കി.ഗ്രാം മാത്രം ഭാരമുള്ള ഈ വിക്ഷേപിണിക്ക് 400 മീ. അകലെ വരെയുള്ള യന്ത്രത്തോക്കു സജ്ജീകരണങ്ങളും സേനാകേന്ദ്രീകരണങ്ങളും നശിപ്പിക്കാനാകും.
കവചിത വാഹനങ്ങളെ ഭേദിക്കാന്‍ വേണ്ടിയാണ് ഒന്നാം ലോകയുദ്ധകാലത്ത് ടാങ്ക് വേധന ആയുധങ്ങള്‍ നിര്‍മിക്കപ്പെട്ടത്. രണ്ടാം ലോകയുദ്ധത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ചതാണ് അമേരിക്കയുടെ റോക്കറ്റ് വിക്ഷേപിണിയായ ബസൂക്ക, ജര്‍മനിയുടെ പന്‍സെര്‍ഫൗസ്റ്റ്, റഷ്യയുടെ RPG ̨2, RPG ̨7, സ്വീഡന്റെ മിനിമാന്‍ എന്നിവയും ശ്രദ്ധേയമാണ്.
ഫ്ലിന്റ് ലോക്ക് സംവിധാനം ഉപയോഗിച്ചാണ് മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടാന്‍ ഉപയോഗിക്കുന്ന ഷോട്ട്ഗണ്‍ നിര്‍മിക്കുന്നത്. ജോസഫ് മന്റണ്‍, ഫ്രഡ് കിംബിള്‍, ജോണ്‍ ബ്രൌണിങ് എന്നിവരുടെ സംഭാവനകള്‍ ഷോട്ട്ഗണ്‍ നിര്‍മാണരംഗത്തെ സമ്പന്നമാക്കി. 'ചോക്ക്ബോര്‍', 'ആട്ടോ ലോഡിങ്' എന്നീ സംവിധാനങ്ങള്‍ പ്രാവര്‍ത്തികമായതോടെ ഷോട്ട്ഗണ്‍ സാങ്കേതികം ഏതാണ്ട് പൂര്‍ണമായി എന്നു പറയാം.
വിനോദാര്‍ഥം നടത്തുന്ന വെടിവയ്പു മത്സരങ്ങള്‍ക്കുപയോഗിക്കുന്ന (ട്രാപ് ഷൂട്ടിങ്, സ്കീറ്റ് ഷൂട്ടിങ് എന്നിവയ്ക്കു ഷോട്ട്ഗണ്‍ ആണ് ഉപയോഗിക്കുന്നത്) തോക്കുകളുടെ നിര്‍മാണ സാങ്കേതികവും ആയുധതോക്കുകളുടെതില്‍ നിന്നു ഭിന്നമല്ല. പ്രധാന ഷൂട്ടിങ് മത്സരങ്ങള്‍ റാപിഡ് ഫയര്‍ പിസ്റ്റള്‍, ഫ്രീ പിസ്റ്റള്‍, എയര്‍ പിസ്റ്റള്‍, 10 മീ. റണ്ണിങ് ടാര്‍ജറ്റ്, എയര്‍ റൈഫിള്‍, SB ഫ്രീ റൈഫിള്‍ 3 പൊസിഷന്‍, SB ഫ്രീ റൈഫിള്‍ പ്രോണ്‍, ട്രാപ്, ഡബിള്‍ ട്രാപ്, സ്കീറ്റ് തുടങ്ങിയവയാണ്.
വെടിമരുന്നിന്റെ കണ്ടുപിടിത്തത്തിനുശേഷം വെടിക്കോപ്പുകളുടെ സാങ്കേതികത്തില്‍ ഗണ്യമായ പുരോഗതിയുണ്ടായി. 16-ാം ശ.-ന്റെ ഉത്തരാര്‍ധത്തിലാണ് കാട്രിജ് ഉപയോഗത്തിലായത്. പുകയില്ലാ വെടിമരുന്നിന്റെ കണ്ടുപിടിത്തം വെടിയുണ്ട(bullet)യുടെ നിര്‍മാണത്തില്‍ നിര്‍ണായകമായ പുരോഗതിയുണ്ടാക്കി. കവചം തുളച്ചു കയറുന്നവ, ട്രേസര്‍, സ്ഫോടന, വിവിധോദ്ദേശ്യ (ഉദാ. കവച ഭേദന സ്ഫോടന ട്രേസര്‍) ബുള്ളറ്റുകള്‍, ഗ്രെനേഡ്, കാട്രിജുകള്‍ തുടങ്ങി അത്യന്താധുനിക സാങ്കേതികമുള്ള നിരവധി വെടിക്കോപ്പുകള്‍ ഇന്നുണ്ട്. നോ. ആയുധങ്ങള്‍; ഗ്രെനേഡുകള്‍; പിസ്റ്റള്‍; റൈഫിള്‍; വെടിമരുന്ന്; ഷൂട്ടിങ് മത്സരങ്ങള്‍; ഷോട്ട്ഗണ്‍