This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നീര്‍മാതളം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നീര്‍മാതളം

Three leaved caper

കപ്പാരിഡേസി സസ്യകുടുംബത്തില്‍പ്പെടുന്ന ഇലകൊഴിയും വൃക്ഷം. ശാ.നാ. ക്രറ്റേവ നര്‍വാല (Crateva nurvala). ക്രറ്റേവ റിലിജിയോസ (C.religiousa) എന്നപേരിലും അറിയപ്പെടുന്ന നീര്‍മാതളം ഇന്ത്യയിലും മ്യാന്‍മറിലും കാട്ടുചെടികളായി വളരുന്നു. അലങ്കാരവൃക്ഷമായും ഇത് വളര്‍ത്താറുണ്ട്.

ഏകദേശം 9-12 മീ. ഉയരത്തില്‍ വളരുന്ന നീര്‍മാതളത്തിന്റെ തൊലിക്ക് ചാരനിറമാണ്. മരപ്പട്ടയില്‍ വിലങ്ങനെ ചുളിവുകള്‍ കാണാം. ശൈത്യകാലത്തില്‍ ഇല കൊഴിയുന്ന ഇതില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പുതിയ ഇലകളുണ്ടാകുന്നു. ഏകാന്തരാന്യാസത്തില്‍ ക്രമീകരിച്ചിരിക്കുന്ന ഹസ്താകാരസംയുക്ത പത്രങ്ങളാണ് നീര്‍മാതളത്തിനുള്ളത്; അനുപര്‍ണങ്ങളില്ല. അണ്ഡാകൃതിയോ കുന്താകാരമോ അധോമുഖ-അണ്ഡാകാരമോ ആയ മൂന്നു പര്‍ണകങ്ങളുമുണ്ടായിരിക്കും. പര്‍ണകങ്ങള്‍ക്ക് 5 മുതല്‍ 15 സെ.മീ. വരെ നീളവും 1 മുതല്‍ 6 സെ.മീ. വരെ വീതിയുമുണ്ട്. പര്‍ണാധാരം പര്‍ണവൃന്തത്തിലേക്ക് വീതികുറഞ്ഞുവരുന്നു. 15 സെ.മീ.-ഓളം നീളമുള്ള അഗ്രപത്രകമായിരിക്കും പര്‍ണകങ്ങളില്‍ ഏറ്റവും വലുത്. ഇലകള്‍ക്ക് കയ്പുരസവും, ഞെരടിയാല്‍ ദുര്‍ഗന്ധവും അനുഭവപ്പെടും.

[നീര്‍മാതളം-ഇലയും പൂവും(ഇന്‍സെറ്റില്‍)]

Image:neermathalam1.png


ഡിസംബര്‍-ഏപ്രില്‍ കാലയളവിലാണ് പുഷ്പിക്കുന്നത്. ശാഖാഗ്രങ്ങളില്‍ കോറിംബ് ആയി പുഷ്പമഞ്ജരിയുണ്ടാകുന്നു. പൂങ്കുലവൃന്തം നീളം കുറഞ്ഞ് തടിച്ചിരിക്കും. അഞ്ചു സെ.മീ.ഓളം വ്യാസമുള്ള പുഷ്പത്തിന് മഞ്ഞകലര്‍ന്ന വെളുപ്പുനിറമാണ്. അണ്ഡാകാരത്തിലുള്ള നാലുചെറിയ ബാഹ്യദളങ്ങളുണ്ട്. 2.5 സെ.മീ. നീളവും രണ്ടു സെ.മീ. വീതിയുമുള്ള നാലു ദളങ്ങളുണ്ടായിരിക്കും. ഇവയുടെ അഗ്രം ഉരുണ്ടിരിക്കും. ദളങ്ങളുടെ ആധാരം വീതികുറഞ്ഞുവന്ന് വൃന്തത്തില്‍ അവസാനിക്കുന്നു. 18-25 കേസരങ്ങളുമുണ്ടായിരിക്കും. കേസരതന്തുക്കള്‍ ദളങ്ങളെക്കാള്‍ നീളം കൂടിയതാണ്. കേസരങ്ങളോളം തന്നെ നീളമുള്ള ഗൈനോഫോറുകളിലാണ് അണ്ഡാശയം സ്ഥിതിചെയ്യുന്നത്. വികസിച്ചതും നീണ്ടതുമായ ഇത്തരം ഗൈനോഫോറുകളുടെ അഗ്രങ്ങളിലാണ് ഫലം ഉണ്ടാകുന്നത്. ഉരുണ്ടതോ അണ്ഡാകാരമോ ആയ ബെറി ആണ് ഫലം. മൂപ്പെത്താത്ത കായ്കള്‍ പച്ചനിറത്തിലും പാകമായവ ചുവപ്പുനിറത്തിലും കാണപ്പെടും.

വിത്തുകള്‍ മൂലമാണ് പ്രവര്‍ധനം നടത്തുന്നത്. കായ്കള്‍ പഴുക്കുമ്പോള്‍ത്തന്നെ വിത്തുകള്‍ വിതച്ചാല്‍ മൂന്നുമാസത്തിനുശേഷം തൈകള്‍ പറിച്ചുനടാം. മരത്തിന്റെ പട്ട ചായം പിടിപ്പിക്കുന്നതിന് ഉപയോഗിക്കുന്നു. മഞ്ഞകലര്‍ന്ന വെളുപ്പുനിറമുള്ള തടിക്ക് കാതലും ഈടും കുറവാണ്. ഇത് ചെണ്ട, എഴുതാനുള്ള ബോര്‍ഡ്, കൊത്തുപണികള്‍ മുതലായവ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു. മരപ്പട്ടയും വേരും ഔഷധയോഗ്യമാണ്. ഫലവും പട്ടയും വാതരോഗത്തിന് ഒരു തിരുമ്മല്‍ കുഴമ്പായി ഉപയോഗിക്കുന്നു. ചുവപ്പുനിറം കൊടുക്കുന്നതിനും വിഷവാതകം ഉണ്ടാക്കുന്നതിനും ഇതിന്റെ ഇലയും വേരിന്റെ തൊലിയും ഉപയോഗിക്കാറുണ്ട

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍