This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നീര്‍മരുത്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നീര്‍മരുത്

White Murdah

കോംബ്രിട്ടേസി സസ്യകുടുംബത്തില്‍പ്പെടുന്ന ഔഷധവൃക്ഷം. ശാ.നാ. ടെര്‍മിനേലിയ അര്‍ജുന (Terminala arjuna). സംസ്കൃതത്തില്‍ ഇത് 'അര്‍ജുന' എന്നറിയപ്പെടുന്നു. ഇന്ത്യയില്‍ മിക്കപ്രദേശങ്ങളിലും കണ്ടുവരുന്ന ഈ വൃക്ഷം പുഴയോരങ്ങളില്‍ ധാരാളമായി വളരുന്നതിനാലാവാം ഇതിന് 'നീര്‍മരുത്' എന്ന പേര് ലഭിച്ചത്.

21 മീറ്ററോളം ഉയരത്തില്‍ വളരുന്ന ഈ ഇലകൊഴിയും വൃക്ഷത്തിന്റെ മരപ്പട്ടയ്ക്ക് വെളുപ്പോ ചാരമോ നിറമായിരിക്കും. 10-12 സെ.മീ. നീളവും 4-7 സെ.മീ. വീതിയുമുള്ള ഇലകള്‍ ഉപസമ്മുഖമായി വിന്യസിച്ചിരിക്കുന്നു. പത്രകക്ഷ്യങ്ങളില്‍ നിന്നും ശാഖാഗ്രങ്ങളില്‍നിന്നും അനേകം പുഷ്പങ്ങളോടുകൂടിയ പൂങ്കുലകളുണ്ടാകുന്നു. വെളുപ്പുനിറമുള്ള പുഷ്പങ്ങള്‍ ചെറുതാണ്. ദളങ്ങളില്ലാത്ത ഈ പുഷ്പങ്ങളുടെ ബാഹ്യദളങ്ങള്‍ എളുപ്പം കൊഴിഞ്ഞുപോകും. പത്തു കേസരങ്ങളുണ്ട്. 5-7 ചിറകുകളുള്ള ഫലം ഡ്രൂപ്പാണ്. വിത്തിന്റെ തോടിന് നല്ല ഉറപ്പും ഗന്ധവുമുണ്ട്. പണ്ടുമുതല്‍ ഹൃദ്രോഗങ്ങള്‍ക്കുപയോഗിക്കുന്ന ഒരു ആയുര്‍വേദ ഔഷധമാണിത്. അതിനാല്‍ ഇതിനെ ഹൃദയോത്തേജക ഔഷധങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.


Image:neermaruthuuu.png-നീര്‍മരുത്

നീര്‍മരുതിന്റെ തൊലിയില്‍ അടങ്ങിയിരിക്കുന്ന കാത്സ്യം കാര്‍ബണേറ്റ്, മഗ്നീഷ്യം ലവണങ്ങള്‍ എന്നിവയാണ് ഹൃദയോത്തേജകങ്ങളായി പ്രവര്‍ത്തിക്കുന്നത്. ഇവ കൂടാതെ സിറ്റോസ്റ്റിറോള്‍ ഇലേറിക് അമ്ലം, അര്‍ജുനിക് അമ്ലം, അര്‍ജുനേറ്റില്‍ എന്ന ഗ്ലൂക്കോസൈഡ്, ടാനിന്‍, ഒരിനം തിക്തദ്രവ്യം എന്നിവയും അടങ്ങിയിട്ടുണ്ട്.

കഫപിത്തവികാരങ്ങള്‍ ശമിപ്പിക്കുന്ന നീര്‍മരുത് ഹൃദയപേശിയുടെ ശക്തി വര്‍ധിപ്പിച്ച് സങ്കോചവികാസക്ഷമത വര്‍ധിപ്പിക്കുന്നു. മുറിവ് കൂടാനും ഒടിഞ്ഞ അസ്ഥിയെ സംയോജിപ്പിക്കാനും ഈ ഔഷധത്തിന് കഴിയും. നീര്‍മരുതിന്റെ തൊലി കഷായം വച്ച് രാവിലെയും വൈകുന്നേരവും പതിവായി സേവിച്ചാല്‍ ഹൃദ്രോഗം, വിളര്‍ച്ച, നീര്, രക്തസ്രാവം, മറ്റു പൈത്തികരോഗങ്ങള്‍ എന്നിവ ശമിക്കും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍