This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നീര്‍നാര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നീര്‍നാര

Flamingo

ഫോണിക്കോപിറ്റെറിഡെ (Phoenicopiteridae) കുടുംബത്തില്‍പ്പെടുന്ന പക്ഷി. ശാ.നാ. ഫോണിക്കോറ്റെറസ് റോസിയസ് (Phoenicopterus roseus). ഇന്ത്യയില്‍ മിക്കവാറും എല്ലാ പ്രദേശങ്ങളിലും നീര്‍നാരകളെ കാണാം. ചിറകള്‍, ചെളിനിറഞ്ഞ ചതുപ്പുനിലങ്ങള്‍, ചെളിത്തിട്ടകള്‍ എന്നിവിടങ്ങളില്‍ കൂട്ടമായിച്ചേര്‍ന്ന് ജീവിക്കുന്നു. എന്നാല്‍ പാകിസ്താനിലും, ശ്രീലങ്കയിലും ഇവ പ്രാദേശികമായ കുടിയേറ്റങ്ങള്‍ നടത്തുകയും ഒറ്റപ്പെട്ട് ജീവിക്കുകയും ചെയ്യുന്നു. നീര്‍നാരയും അരയന്നക്കൊക്കും ഫ്ലമിംഗോ എന്ന പൊതുനാമത്തിലാണ് അറിയപ്പെടുന്നത്.

Image:neernara1.png [ചിത്രം : നീര്‍നാര]

ഒന്നര മീറ്ററോളം ഉയരവും, താറാവിനോളം വലുപ്പവുമുള്ള നീര്‍നാരകളുടെ ശരീരത്തിന് വിളറിയ ചുവപ്പുകലര്‍ന്ന വെള്ളനിറമാണ്. ഇളം ചുവപ്പുനിറത്തിലുള്ള, തൂവലില്ലാത്ത നീണ്ടകാലുകള്‍, നീളംകൂടിയ കഴുത്ത്, കടുപ്പമുള്ളതും ചുവപ്പുനിറത്തോട് കൂടിയതുമായ ചുണ്ട് എന്നിവ ഇവയുടെ പ്രത്യേകതകളാണ്. താറാവിന്റേതുപോലെ ചര്‍മബന്ധിതമായ പാദമാണ് ഇവയുടെ മറ്റൊരു പ്രത്യേകത. തിളങ്ങുന്ന കടും ചുവപ്പുനിറത്തിലുള്ള ചിറകിന്റെ അരികിന് കറുപ്പുനിറമാണ്.

നീര്‍നാര ചെറുസംഘങ്ങളായോ, ആയിരത്തില്‍ അധികമുള്ള വലിയ കൂട്ടങ്ങളായോ ജീവിക്കുന്നു. വെള്ളത്തിലായിരിക്കുമ്പോള്‍ നീണ്ട കഴുത്ത് താഴേക്ക് നീട്ടി തല മുഴുവനായും വെള്ളത്തിലാഴ്ത്തിക്കൊണ്ടാണ് ഇവ ഇരതേടുന്നത്. ചുണ്ട് ഉള്ളിലേക്കു വളച്ചു വയ്ക്കാന്‍ കഴിയുന്നതിനാല്‍ തല നിലത്തുമുട്ടിച്ച് ചെളി ഇളക്കാന്‍ കഴിയുന്നു. ഈ അവസ്ഥയില്‍ മേല്‍ച്ചുണ്ട് പൊള്ളയായ ഒരു കുഴല്‍പോലെയായിരിക്കുകയും അതില്‍ ചെളിനിറയുകയും ചെയ്യും. കനംകൂടിയ നാവ് ഇര ശേഖരിക്കാന്‍ സഹായകമാണ്. കൊക്കുകളുടെ അറ്റത്തെ ചീര്‍പ്പുപോലെയുള്ള ഭാഗത്തെ സുഷിരങ്ങളിലൂടെ ഇരയോടൊപ്പം വായിലെത്തുന്ന ജലം പുറത്തുകളയുകയും ഭക്ഷ്യവസ്തുക്കളെ തടഞ്ഞുനിര്‍ത്തുകയും ചെയ്യുന്നു. ആഴമുള്ള ജലാശയത്തില്‍ ഇരതേടുമ്പോള്‍ കൊക്ക് അടിത്തട്ടിലുള്ള ചെളിയില്‍ വരെ എത്താനായി താറാവുകളെപ്പോലെ ഇവ തലകുത്തി നില്ക്കുന്ന വേളയില്‍ വാല്‍ മാത്രമേ വെള്ളത്തിനുമുകളില്‍ കാണാന്‍ കഴിയൂ. ബാഹ്യകവചമുള്ള ചെറിയ ജലജീവികള്‍, കീടങ്ങള്‍, വാല്‍മാക്രി, ഞാഞ്ഞൂല്‍, ചതുപ്പുനിലസസ്യങ്ങളുടെ വിത്തുകള്‍, ജൈവാംശമടങ്ങിയ ചെളി തുടങ്ങിയവയാണ് നീര്‍നാരകളുടെ ആഹാരം.

വളരെ വേഗത്തില്‍ നീന്താന്‍ നീര്‍നാരകള്‍ക്കു കഴിയും. വാത്തകളെപ്പോലെ സാമാന്യം നല്ല വേഗത്തില്‍ ചിറകടിച്ച് 'ഢ' ആകൃതിയിലും തരംഗാകൃതിയിലും ഇവ പറക്കുന്നു. ഇവ പറക്കുമ്പോള്‍ കഴുത്ത് മുമ്പോട്ടും ചുവന്നുനീണ്ട കാലുകള്‍ വാലിനു പുറകിലേക്കും നീട്ടിയിരിക്കും. പൊതുവേ, നിശ്ശബ്ദ ജീവിയായ നീര്‍നാര ചിലയവസരങ്ങളില്‍ വാത്തകള്‍ പുറപ്പെടുവിക്കുന്നതുപോലെ 'ഹോങ്' ശബ്ദം പുറപ്പെടുവിക്കാറുണ്ട്. കൂട്ടം ചേര്‍ന്ന് സഞ്ചരിക്കുമ്പോള്‍ ഇവ തുടര്‍ച്ചയായി ശബ്ദം പുറപ്പെടുവിച്ചുകൊണ്ടിരിക്കും.

ഇന്ത്യയില്‍ നീര്‍നാരകളുടെ ഇണചേരല്‍സ്ഥാനമായി നിര്‍ണയിക്കപ്പെട്ടിട്ടുള്ളത് റാണ്‍ ഒഫ് കച്ച് പ്രദേശമാണ്. ഇവിടെ ധാരാളമായി ജലം ലഭ്യമാകുന്ന ഒക്ടോബര്‍, മാര്‍ച്ച് മാസങ്ങളില്‍ നീര്‍നാരകള്‍ വന്‍സംഘങ്ങളായി എത്തിച്ചേരുന്നു. 30 സെ.മീ.ഓളം ഉയരത്തില്‍ ചെളി കുന്നുകൂട്ടിയാണ് നീര്‍നാരകള്‍ കൂട് നിര്‍മിക്കുന്നത്. കൂടിന്മേല്‍ ചെളി പൂശിയിരിക്കും. കൂടിന്റെ മുകള്‍പ്പരപ്പില്‍ ദീര്‍ഘവൃത്താകാരമായ ഒരു കുഴിയുണ്ടാക്കി അതില്‍ ഒന്നോ രണ്ടോ മുട്ടകളിടുന്നു. ഈ കുഴിയില്‍ കാലുകള്‍ മടക്കിവച്ചാണ് പെണ്‍പക്ഷി അടയിരിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍