This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നീര്‍ത്തടം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നീര്‍ത്തടം

Watershed

ഏതൊരു നീര്‍ച്ചാലിലേക്കും വെള്ളം ഒഴുകിയെത്തുന്ന മൊത്തം ഭൂപ്രദേശം, അഥവാ ആവാഹപ്രദേശം, ആവാഹപ്രദേശത്തിന്റെ അതിര്‍ത്തിയായ നീര്‍മറിരേഖ, നീര്‍ച്ചാലിലെ വെള്ളം മൊത്തമായി നിര്‍ഗമിക്കുന്ന പൊതു നിര്‍ഗമസ്ഥാനം (outlet) എന്നിവയടങ്ങുന്നതാണ് നീര്‍ത്തടം. ഏതെങ്കിലും നീര്‍ത്തടത്തില്‍ ഉള്‍പ്പെടാത്ത ഒരു സ്ഥലവുമില്ല.

നീര്‍ത്തടത്തിന്റെ ഇംഗ്ലീഷ് പേരാണ് വാട്ടര്‍ഷെഡ്. ജര്‍മന്‍ ഭാഷയിലുള്ള 'വാസര്‍ഷീദ്' എന്ന പദത്തില്‍ നിന്ന് ഉദ്ഭവിച്ചതാണ് ഈ പദം. ജലവിഭജനരേഖ എന്നാണ് വാസര്‍ഷീദിന്റെ അര്‍ഥം. ഇംഗ്ലീഷിലെ പേരിന്റെ ചുവടുപിടിച്ചുകൊണ്ട് നീര്‍ത്തടത്തെ നീര്‍മറിപ്രദേശം എന്നും ചിലര്‍ വിളിക്കാറുണ്ട്. നീര്‍മറിരേഖയുടെ അകത്തുള്ള പ്രദേശം എന്നാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. 'ജലദ്രോണി'യും നീര്‍ത്തടം തന്നെ.

വര്‍ഗീകരണം. ലക്ഷക്കണക്കിന് ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ളതും ഒരു ഡസന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നതുമായ ആസമോണ്‍ നദീതടം മുതല്‍ നൂറോ ഇരുനൂറോ ഹെക്ടര്‍ മാത്രം വിസ്തൃതിയുള്ള, നമ്മുടെ നാട്ടിലെ ഒരു ചെറിയ തോടിന്റെ നീര്‍ത്തടം വരെ നീര്‍ത്തടമെന്ന നിര്‍വചനത്തില്‍പ്പെടുന്നു. വിസ്തൃതിയുടെ അടിസ്ഥാനത്തില്‍ നീര്‍ത്തടങ്ങളെ താഴെപ്പറയുന്നരീതിയില്‍ വര്‍ഗീകരിച്ചിട്ടുണ്ട്.

വിഭാഗം വിസ്തൃതി (ഹെക്ടറില്‍)

1.വന്‍ നീര്‍ത്തടം (Macro watershed) 50,000 ഹെക്ടറിനുമേല്‍

2.ഉപ നീര്‍ത്തടം (Sub watershed) 10,000-50,000 ഹെക്ടര്‍

3.ലഘു നീര്‍ത്തടം (Mill watershed) 1000-10,000 ഹെക്ടര്‍

4.ചെറു നീര്‍ത്തടം (Macro watershed) 100-1,000 ഹെക്ടര്‍

5.സൂക്ഷ്മ നീര്‍ത്തടം (Mini watershed) 1-100 ഹെക്ടര്‍

ഈ വര്‍ഗീകരണം വളരെ കര്‍ക്കശമായിട്ടുള്ളതല്ല. ഉദാഹരണമായി, ചെറുനീര്‍ത്തടങ്ങള്‍ 500 മുതല്‍ 1,500 ഹെക്ടര്‍ വരെയായി ചിലര്‍ കണക്കാക്കുന്നു. ഏതായാലും കേരളത്തില്‍ പൊതുവേ, സര്‍ക്കാര്‍ തലത്തില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്ന വര്‍ഗീകരണമാണ് മുകളില്‍ കൊടുത്തത്. (അവലംബം: മണ്ണുസംരക്ഷണം - കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്)

Image:neerthadam.png

നീര്‍ത്തടം, പ്രകൃതിദത്തമായ ഒരു സ്ഥല-ജലയൂണിറ്റ്; മുകളില്‍ കൊടുത്ത നിര്‍വചനം, നീര്‍ത്തടത്തിന്റെ ഭൗതികമായ വിവരണം മാത്രമേ ഉള്‍ക്കൊള്ളുന്നുള്ളു. വിശാലമായ അര്‍ഥത്തില്‍, ഓരോ നീര്‍ത്തടവും മണ്ണ്, വെള്ളം, ജൈവസമ്പത്ത് എന്നിവ പരസ്പരബന്ധിതമായി സ്ഥിതിചെയ്യുന്ന പ്രകൃതിദത്തമായ ഒരു യൂണിറ്റാണ്. ഈ പരസ്പരബന്ധിത വ്യവസ്ഥയില്‍ ഒരു ഘടകത്തെമാത്രം വേര്‍തിരിച്ചുകാണുന്നത് ശരിയാവില്ല. മണ്ണിനെ, നമുക്ക് പ്രത്യേകമായി പരിശോധിക്കാനും അളക്കാനും വിലയിരുത്താനുമൊക്കെ സാധിക്കുമെങ്കിലും, വെള്ളത്തിന്റെ അഭാവത്തില്‍ മണ്ണിന് ജീവന്‍ നഷ്ടപ്പെടുന്നു. ജലമില്ലാത്ത അവസ്ഥയില്‍ മണ്ണിന് ഉത്പാദന ഉപാധിയാവാന്‍ കഴിയില്ല. അതുപോലതന്നെ, ജലം ശേഖരിക്കപ്പെടുന്നതും ജലത്തിന്റെ അനന്തമായ ഉത്പാദനസാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതും പ്രാഥമികമായി, മണ്ണ് എന്ന മാധ്യമത്തിന്റെ സഹായത്താലാണ്. ഈ രണ്ട് ഘടകങ്ങള്‍ കൂടിച്ചേരുമ്പോഴാണ് മണ്ണ് ഉത്പാദനക്ഷമമാവുന്നതും ജൈവസമ്പത്ത് ഉത്പാദിപ്പിക്കപ്പെടുന്നതും. ജൈവസമ്പത്ത് ജീര്‍ണിക്കുമ്പോള്‍ അത് മണ്ണിന്റെ ഭാഗമായിത്തീരുകയും മണ്ണിന്റെ ഗുണം വര്‍ധിപ്പിക്കുന്നതിനുള്ള ഉപാധിയായി മാറുകയും ചെയ്യുന്നു. ഇങ്ങനെ പരസ്പരബന്ധിതമായി പ്രവര്‍ത്തിക്കുന്ന മൂന്നു ഘടകങ്ങളും ഏറ്റവും സക്രിയമായി നിലകൊള്ളുന്ന യൂണിറ്റാണ് ഓരോ നീര്‍ത്തടവും.

നീര്‍ത്തടങ്ങളുടെ ആകൃതി, ജലനിയന്ത്രണത്തില്‍ വളരെ പ്രധാനമാണ്. നീളം കൂടിയതും, നീര്‍ച്ചാലില്‍നിന്ന് നീര്‍മറിയിലേക്ക് എല്ലാഭാഗത്തും ഏതാണ്ട് ഒരേ അകലമുള്ളതുമായ നീര്‍ത്തടങ്ങളുമുണ്ട്. മഴ പെയ്യുമ്പോള്‍ രണ്ടാമത്തെ വിഭാഗത്തില്‍പ്പെട്ട നീര്‍ത്തടങ്ങളുടെ നിര്‍ഗമനസ്ഥാനത്ത് എല്ലാ ഭാഗത്തുനിന്നുമുള്ള വെള്ളം ഏതാണ്ട് ഒരേ സമയത്ത് ഒഴുകിയെത്തുകയും അവിടെ വെള്ളപ്പൊക്കത്തിന് കാരണമാവുകയും ചെയ്യും. എന്നാല്‍ ഒന്നാമത്തെ വിഭാഗത്തിലാകട്ടെ, ഏറ്റവും മുകള്‍ഭാഗത്തുനിന്നുള്ള വെള്ളം നിര്‍ഗമസ്ഥാനത്തെത്തുമ്പോഴേക്കും മറ്റു ഭാഗങ്ങളില്‍നിന്നുള്ള വെള്ളം പുറത്തേക്ക് ഒഴുകിപ്പോയ്ക്കഴിഞ്ഞിരിക്കും. അതിനാല്‍ ഇവിടെ നീര്‍ക്കെട്ട് ഉണ്ടാകാനുള്ള സാധ്യത കുറവാണ്. നീര്‍ത്തടത്തിന്റെ സവിശേഷതകള്‍ മനസ്സിലാക്കുന്നതില്‍ അതിന്റെ ആകൃതിക്ക് പ്രാധാന്യമുണ്ട് എന്നാണിത് സൂചിപ്പിക്കുന്നത്.

(ടി. ഗംഗാധരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍