This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നീര്‍ക്കോലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നീര്‍ക്കോലി

Checkered keel back water snake

വിഷമില്ലാത്ത ഒരിനം ജലപ്പാമ്പ്. സ്ക്വാമേറ്റ ഗോത്രത്തിലെ കൊളുബ്രിഡേ (colubridae) കുടുംബത്തില്‍പ്പെടുന്ന നീര്‍ക്കോലിയുടെ ശാ.നാ. നാട്രിക്സ് പിസ്കേറ്റര്‍ (Natrix piscator) എന്നാണ്. തണ്ണിപ്പാമ്പ്, നീര്‍പ്പാമ്പ്, കുളമണ്ഡലി എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇന്ത്യ, പാകിസ്താന്‍, മ്യാന്‍മര്‍, മലയ, സയാം, ചൈന, ശ്രീലങ്ക എന്നിവിടങ്ങളിലെ തടാകങ്ങള്‍, കുളങ്ങള്‍, നദികള്‍, അരുവികള്‍, വെള്ളം നിറഞ്ഞ വയലുകള്‍ എന്നിവിടങ്ങളില്‍ ഇവ സാധാരണ കണ്ടുവരുന്നു.

വ്യത്യസ്ത നിറങ്ങളിലുള്ള നീര്‍ക്കോലികള്‍ കേരളത്തില്‍ സാധാരണമാണ്. നേര്‍ത്ത പുള്ളികളുള്ള കറുപ്പ് മുതല്‍ കറുപ്പും വെളുപ്പും ചതുരങ്ങള്‍കൊണ്ട് തിളങ്ങുന്ന മഞ്ഞനിറം വരെയുള്ള വയുണ്ട്. ശരീരം മുഴുവന്‍ പരുക്കനായതും തിളക്കമുള്ളതുമായ ശല്ക്കങ്ങള്‍ നിറഞ്ഞിരിക്കുന്നു. നീര്‍ക്കോലിയുടെ നീളം ശ.ശ. 60 സെ.മീ. ആണ്. പെണ്‍പാമ്പിന് ചിലപ്പോള്‍ 1.75 മീ. വരെ നീളമുണ്ടാകും; കുഞ്ഞുങ്ങള്‍ക്ക് 12.5 സെ.മീ. വരെ നീളവും.

Image:neerkkoli.png

നീര്‍ക്കോലിയുടെ തല കൂര്‍ത്തതാണ്. തലയുടെ മുന്‍ഭാഗത്തിന് കോണ്‍ ആകൃതിയാണ്. കഴുത്ത് വേര്‍തിരിഞ്ഞ് കാണുന്നു. കണ്ണിനു ചുറ്റും ഒന്നോ രണ്ടോ കറുത്ത വരകളുണ്ടായിരിക്കും ശരീരത്തില്‍ ചതുരങ്ങള്‍ ചേര്‍ത്തു വച്ചതുപോലെയുള്ള ഉടല്‍രേഖകളും കാണാം. ശരീരത്തിന്റെ അടിഭാഗത്തിന് നല്ല വെളുപ്പു നിറമാണ്.

നീര്‍ക്കോലികള്‍, കുളങ്ങളുടെയും നെല്‍വയലുകളുടെയും സമീപപ്രദേശത്താണ് ഇരതേടുന്നത്. മത്സ്യങ്ങള്‍, തവളകള്‍, കാര്‍ന്നുതിന്നുന്ന ഇഴജന്തുക്കള്‍, ചെറുപക്ഷികള്‍ തുടങ്ങിയവയെല്ലാം നീര്‍ക്കോലി ഭക്ഷണമാക്കുന്നു. ഇരയെ ജീവനോടെ വിഴുങ്ങുകയാണ് പതിവ്. മേല്‍ത്താടിയിലെ പിന്നിലുള്ള നീണ്ടപല്ല് ഇരയെ തടഞ്ഞു നിര്‍ത്താനും കീറി മുറിക്കാനും സഹായിക്കുന്നു. നീര്‍ക്കോലിക്കുഞ്ഞുങ്ങള്‍ ജലപ്രാണികളെയും വാല്‍മാക്രികളെയും മാത്രമേ ഭക്ഷിക്കാറുള്ളൂ.

നീര്‍ക്കോലിയുടെ പ്രജനനകാലം പ്രാദേശികമായി വ്യത്യാസപ്പെട്ടു കാണുന്നു. കേരളത്തില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളാണ് ഇവയുടെ പ്രജനനകാലം. പെണ്‍പാമ്പ് 20-40 വരെ മുട്ടകള്‍ ഇടും. എലിമാളങ്ങള്‍, ചിതല്‍പ്പുറ്റുകള്‍, കിണറുകളിലെയും ചുവരുകളിലെയും പൊത്തുകള്‍ എന്നിവിടങ്ങളിലാണ് ഇവ മുട്ടയിടുക. 60-70 ദിവസം കഴിയുമ്പോള്‍ മുട്ടവിരിയും. മുട്ട വിരിയുന്നതുവരെ പെണ്‍പാമ്പ് അടയിരിക്കുകയോ, കാവലിരിക്കുകയോ ചെയ്യുന്നു. നീര്‍ക്കോലിയുടെ തോല്‍, തുകല്‍വ്യവസായത്തില്‍ ഉപയോഗിക്കാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍