This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നീര്‍ക്കടമ്പ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നീര്‍ക്കടമ്പ്

Kalamb Kaim

റൂബിയേസി (Rubiaceae) സസ്യകുടുംബത്തില്‍പ്പെടുന്ന വന്‍വൃക്ഷം. ശാ.നാ. മിത്രഗൈന പാര്‍വിഫോളിയ (Mitragyna parvifolia); സ്റ്റെഫിഗൈനേ പാര്‍വിഫോളിയ (Stephegyne parvifolia). വീമ്പ്, റോസ്കടമ്പ്, വെള്ളക്കടമ്പ്, പൂച്ചക്കടമ്പ് എന്നീ പേരുകളിലും ഈ വൃക്ഷം അറിയപ്പെടുന്നു. നീര്‍വാര്‍ചയുള്ള സ്ഥലത്ത് ധാരാളമായി വളരുന്നതിനാലാണ് ഈ വൃക്ഷത്തിന് 'നീര്‍ക്കടമ്പ്' എന്ന പേര് ലഭിച്ചത്.

Image:neerkkadamb.png

പശ്ചിമഘട്ടത്തിലെ അര്‍ധനിത്യഹരിത വനങ്ങളിലും ഈര്‍പ്പഭരിത ഇലകൊഴിയും വനങ്ങളിലുമാണ് നീര്‍ക്കടമ്പ് സാധാരണയായി കാണുന്നത്. തേക്ക് വളരുന്ന പ്രകൃതിദത്ത വനങ്ങളില്‍ നീര്‍ക്കടമ്പും ധാരാളമായി വളരുന്നുണ്ട്. തടിക്ക് പ്രത്യേക ആകൃതിയില്ല. ധാരാളം ശാഖോപശാഖകളും ഇലകളുമുള്ള ഇലകൊഴിയും വൃക്ഷമായ നീര്‍ക്കടമ്പിന്റെ മരത്തൊലി മൃദുവും ഇലകൊഴിഞ്ഞതിന്റെ വടുക്കള്‍ പ്രദര്‍ശിപ്പിക്കുന്നതും ആണ്. മരത്തൊലി അപശല്ക്കന സ്വഭാവമുള്ളതാണ്. ചെറിയ കഷ്ണങ്ങളായി ഇത് അടര്‍ന്നുപോകുന്നു. ഇലകള്‍ ലഘുവും സമ്മുഖമായി വിന്യസിച്ചിട്ടുള്ളതുമാണ്. അനുപര്‍ണങ്ങളുണ്ട്. ഇലകള്‍ക്ക് പ്രത്യേകമായ ആകൃതിയില്ല. ഇല പൊതുവേ, തിളക്കമുള്ളതോ ലോമിലമോ ആയിരിക്കും. ഇലകള്‍ക്ക് 5-18 സെ.മീ. നീളവും, 4-8 സെ.മീ. വീതിയും ഉണ്ടായിരിക്കും.

ജൂണ്‍ മാസാരംഭത്തോടെ നീര്‍ക്കടമ്പിന്റെ പുഷ്പകാലം ആരംഭിക്കുന്നു. പുഷ്പമഞ്ജരി മുണ്ഡമഞ്ജരിയാണ്. ദ്വിലിംഗിയും സമമിതവുമായ പുഷ്പങ്ങള്‍ക്ക് ഒന്നര സെ.മീറ്ററോളം നീളമുണ്ട്. പുഷ്പങ്ങള്‍ക്ക് വെള്ളയോ ഇളം മഞ്ഞയോ നിറമായിരിക്കും. ദളലഗ്ന കേസരങ്ങള്‍; അണ്ഡാശയം അധോവര്‍ത്തി. രണ്ടറകളുള്ള അണ്ഡാശയത്തില്‍ ധാരാളം ബീജാണ്ഡങ്ങളുണ്ടായിരിക്കും. വര്‍ത്തിക വെള്ള നിറമുള്ളതും വര്‍ത്തികാഗ്രം രണ്ടായി പിളര്‍ന്നിരിക്കുന്നതുമാണ്. കായ് കാപ്സ്യൂളാണ്. വിത്തുകള്‍ക്കിരുവശത്തും സുതാര്യമായ ചിറകുകള്‍ പോലെയുള്ള അവയവങ്ങള്‍ രൂപപ്പെട്ടിരിക്കും.

നീര്‍ക്കടമ്പിന്റെ റോസ് നിറമുള്ള തടി സാമാന്യം ഉറപ്പും ബലവും ഉള്ളതാണ്; ഈട് വളരെക്കുറവും പ്ളൈവുഡ്, വീട്ടുപകരണങ്ങള്‍ മുതലായവയുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. വിറകായും ഈ മരത്തിന്റെ തടി ഉപയോഗപ്പെടുത്തുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍