This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിരാല (1896 - 1961)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിരാല (1896 - 1961)

ഹിന്ദി മഹാകവിയും കഥാകൃത്തും ഉപന്യാസകാരനും നോവലിസ്റ്റും. യഥാര്‍ഥപേര് സൂര്യകാന്ത് ത്രിപാഠി. 1896 ഫെ. 21-ന് ബംഗാളിലെ മഹിഷാദളില്‍ ജനിച്ചു. പിതാവ് സൈനികനായിരുന്ന രാം സഹായ്. മാതാവ് രുക്മിണീദേവി. പ്രാഥമിക വിദ്യാഭ്യാസം ബംഗളാവിദ്യാലയത്തില്‍. എട്ടാമത്തെ വയസ്സില്‍ മഹിഷാദളിലെ സ്കൂളില്‍. മാതാപിതാക്കള്‍ സൂരജകുമാര്‍ എന്ന പേരാണ് നല്‍കിയത്. പഠനത്തെക്കാള്‍ മായാജാലവിദ്യകളിലായിരുന്നു സൂരജ്കുമാറിന് താത്പര്യം. ഫയല്‍മാന്‍, നേതാവ്, അഭിനേതാവ്, കളിക്കാരന്‍ തുടങ്ങി പലതിലും കമ്പം ഉണ്ടായിരുന്നു. കവിതകള്‍ വളരെ വേഗം ഹൃദിസ്ഥമാക്കുന്നതിനുള്ള അപാരമായ കഴിവും.

Image:Nirala.png

രണ്ടരവയസ്സുള്ളപ്പോള്‍ മാതാവ് മരിച്ചു. അക്കാലത്ത് രാംസഹായ് മഹിഷാദള്‍ രാജകുടുംബത്തിലെ ജോലിക്കാരനായിരുന്നതിനാല്‍ രാജകുടുബത്തിലെ കുട്ടികളോടൊപ്പമാണ് സൂരജ്കുമാര്‍ വളര്‍ന്നത്. കൊട്ടാരത്തിലെ അന്തരീക്ഷവും മഹിഷാദളിന്റെ നൈസര്‍ഗിക സൗന്ദര്യവും ബാലനായ സൂരജ്കുമാറിന്റെ ഭാവനയെ ഉദ്ദീപ്തമാക്കി. പതിനൊന്നാമത്തെ വയസ്സില്‍ മനോഹരാ ദേവിയെ വിവാഹം കഴിച്ചു. സംഗീതപ്രേമിയും ഹിന്ദിഭാഷയില്‍ വിദുഷിയുമായിരുന്ന അവര്‍ നിരാലയ്ക്ക് സാഹിത്യരചനകള്‍ നടത്തുന്നതിലും പ്രേരണയായി.

1918-ല്‍ മനോഹരാദേവിയുടെ മരണം നിരാലയുടെ വീക്ഷണഗതിയെ ഗാഢമായി സ്വാധീനിച്ചു. അന്നു മുതലാണ് സൂരജ്കുമാറില്‍ നിന്ന് മഹാപ്രാണ നിരാലയിലേക്കുള്ള മാറ്റവും സാഹിത്യ ജീവിതത്തിന് തുടക്കവുമാകുന്നത്. ഇതിനകം നിരാല ബംഗാളി സാഹിത്യത്തിലും സംഗീതത്തിലും അവഗാഹം നേടിയിരുന്നു. നിരാലയുടെ ആരാധനാമൂര്‍ത്തികള്‍ തുളസീദാസും രബീന്ദ്രനാഥടാഗൂറുമാണ്.

പിതാവിന്റെ മരണത്തിനു ശേഷം കുടുംബത്തിന്റെ ഉത്തരവാദിത്തം നിരാലയുടെ  ചുമലിലെത്തി. മഹിഷാദളിലെ രാജാവ് സത്തിപ്രസാദ് ഗര്‍ഗിന്റെ കരംപിരിക്കുന്ന ഉദ്യോഗസ്ഥനായി ഇദ്ദേഹം മാറി. അക്കാലത്ത് നിരാല ശ്രീരാമകൃഷ്ണപരമഹംസരുടെ ശിഷ്യന്‍ സ്വാമി പ്രേമാനന്ദയുമായി പരിചയപ്പെട്ടു. പ്രേമാനന്ദയുടെ വ്യക്തിത്വം നിരാലയെ വളരെയധികം സ്വാധീനിച്ചു. 1921-ല്‍ നിസ്സഹകരണപ്രസ്ഥാനത്തിന്റെ ആവേശത്തില്‍ ജോലി ഉപേക്ഷിച്ചു. മഹാവീര്‍പ്രസാദ് ദ്വിവേദിയോട് ആരാധന തോന്നി പിന്നീട് ഗഢാകോലയിലെത്തി. എന്നാല്‍, ദാരിദ്ര്യംമൂലം 1922-ല്‍ വീണ്ടും ജോലി ഏറ്റെടുത്തു.

നിരാലയുടെ സാഹിത്യജീവിതം ഏഴ് വയസ്സില്‍ത്തന്നെ ആരംഭിച്ചിരുന്നു. കുട്ടിക്കാലത്ത് ഇദ്ദേഹം ബംഗാളിയില്‍ കവിതകള്‍ എഴുതുമായിരുന്നു. 1920-ല്‍ പ്രഭ മാസികയില്‍ പ്രഥമ കവിതയായ ജന്മഭൂമി, സരസ്വതി മാസികയില്‍ ബംഗളാ ഭാഷാ കാ ഉച്ചാരണ്‍ എന്നിവ പ്രസിദ്ധീകരിക്കപ്പെട്ടു. മാധുരി, പ്രഭ, സമന്വയ്, സരസ്വതി എന്നീ മാസികകളിലൂടെ സാഹിത്യലോകം നിരാലയെ തിരിച്ചറിഞ്ഞു. 1922-ല്‍ സമന്വയ് എന്ന മാസികയില്‍ പ്രസിദ്ധീകരിച്ച 'ഭാരത് മേം രാമകൃഷ്ണ അവതാര്‍' എന്ന ഉപന്യാസത്തോടെ നിരാല പ്രശസ്തനായിത്തീര്‍ന്നു. അക്കാലത്ത് നിരാല എന്ന പേരിന് മത്വാല മാസികയിലൂടെ ലഭിച്ച പ്രശസ്തി മുഖേനയാണ് പിന്നീട് അങ്ങനെ അറിയപ്പെട്ടത്. നിരാല എന്ന വാക്കിന് അനുപമമായത് എന്നാണ് അര്‍ഥം.

ജൂഹീ കീ കലീ (മുല്ലമൊട്ട്, 1916), അനാമിക (1923), പരിമള്‍ (1929), തുളസീദാസ് (1934), ഗീതിക (1935), സരോജ്-സ്മൃതി (1935), രാംകീ ശക്തിപൂജാ (1936), കുകുര്‍മുത്താ (1940), അണിമാ (1943), ബേലാ, നയേ പത്തേ (1946), അര്‍ച്ചന (1950), ആരാധനാ, ഗീതഗുഞ്ജ് (1954), സാന്ധ്യകാകളി, ബാദല്‍ (മേഘം), സംകലിത് സ്ഫുട് കവിതായേം (മരണത്തിനു ശേഷം പ്രസിദ്ധീകരിച്ചത്) എന്നിവ ഇദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കൃതികളാണ്.

നിരാലയുടെ ആദ്യകാലകൃതികളിലൊന്നായ ജൂഹി കീ കലീ തീക്ഷ്ണമായ ഇന്ദ്രിയാവബോധത്തിന്റെ ആവിഷ്കരണവും പ്രാസമുക്തഛന്ദസ്സിന്റെ പ്രയോഗവും നിമിത്തം കോളിളക്കം സൃഷ്ടിക്കുകയുണ്ടായി.

ഗീതികയില്‍ പാശ്ചാത്യ സംഗീതസ്വരങ്ങളുടെ പ്രയോഗം ദൃശ്യമാണ്. ബാദല്‍ എന്ന കവിതയില്‍ ഉച്ഛൃംഖലമായ വിപ്ളവാവേശമാണ് നിരാല പ്രകടിപ്പിക്കുന്നതെങ്കില്‍ സരോജ്സ്മൃതിയെന്ന ദുഃഖാര്‍ദ്രമായ വിലാപകാവ്യത്തില്‍ ഹൃദയാര്‍ദ്രമായി കരുണം ആവിഷ്കരിക്കുന്നു. സിംബോളിക് എന്നു പറയാവുന്ന ഇദ്ദേഹത്തിന്റെ ആഖ്യാനകവിതകളില്‍ മികച്ചു നില്‍ക്കുന്ന രാം കീ ശക്തിപൂജയില്‍ മുന്നൂറോളം വരികളുണ്ട്. രാമകാവ്യപരമ്പരയിലെ ശ്രദ്ധേയമായ ഈ കൃതി ബംഗാളി സാഹിത്യത്തിലെ കൃത്തിവാസ രാമായണം, സംസ്കൃതകാവ്യങ്ങളായ ദേവീഭാഗവതം, കാളികാ പുരാണം, ശിവമഹിമ്ന സ്തോത്രം എന്നിവയില്‍ നിന്നും സംഗ്രഹിച്ച കഥകളാണ് അവതരിപ്പിക്കുന്നത്. ഏതൊരു സാഹിത്യത്തിലെയും വിശിഷ്ടകാവ്യങ്ങളോട് കിടപിടിക്കുന്ന ഓജസ്സ്, ഉദാത്തമായ ശൈലി, വൈകാരികാനുഭൂതിയുടെ അഗാധത, കലാപരമായ സൗഷ്ഠവം എന്നീ ഗുണങ്ങള്‍ ഈ കൃതിയെ ആധുനിക ഹിന്ദി കവിതയിലെ ക്ലാസ്സിക്കായി ഉയര്‍ത്തിയിരിക്കുന്നു.

ഗൂഢമായ ആന്തരിക ശക്തിയെ ആവാഹിച്ചു വരുത്തുന്നതില്‍ നിരാല രാം കീ ശക്തിപൂജയില്‍ വിജയിച്ചിരിക്കുന്നു. കൂടാതെ ശാക്തേയ പൂജയെയും ദുര്‍ഗാപൂജയെയും മികവുറ്റരീതിയില്‍ ഈ കൃതിയില്‍ ചിത്രീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സര്‍വാതിശായിയായ പ്രരൂപം താന്ത്രികപൂജയിലെ രുദ്രയുടെ രൂപമാണ്.

ഹിന്ദി സാഹിത്യലോകത്തിന് പുതിയ വൃത്തരീതി പരിചയപ്പെടുത്തിക്കൊണ്ട് 'നിരാല' പരിമളിന്റെ ആമുഖത്തില്‍ പറയുന്നു- "എപ്രകാരമാണോ ശരീരത്തില്‍ നിന്ന് ആത്മാവിന് മോചനം ലഭിക്കുന്നത്, അപ്രകാരം മുക്തഛന്ദ് കവിതയെ വൃത്തത്തില്‍ നിന്നും മോചിപ്പിക്കുന്നു. ജൂഹീ കീ കലീ എന്ന കവിത ഇദ്ദേഹത്തിന്റെ മുക്തഛന്ദ് കവിതയ്ക്ക് ഉത്തമോദാഹരണമാണ്.

അപ്സര, അളക, നിരുപമ, കാലെ കാര്‍നാമേം, ചോടീ കീ പകഡ്, പ്രഭാവതി, ചമേലി, കുല്ലിഭാട് എന്നിവ ഇദ്ദേഹത്തിന്റെ പ്രസിദ്ധ നോവലുകളാണ്. ഇതില്‍ അപ്സര, അളക, നിരുപമ, കാലേ കാര്‍നാമേം, ചോടീ കീ പകഡ് എന്നിവ സാമൂഹിക നോവലുകളും പ്രഭാവതി ചരിത്ര നോവലും ചമേലി ആഞ്ചലിക നോവലും കുല്ലിഭാട് ഹാസ്യപ്രധാനമായ നോവലുമാണ്. നിരാലയുടെ പ്രഥമനോവലായ അപ്സരയില്‍ പ്രണയം, സൌന്ദര്യം തുടങ്ങിയ വ്യത്യസ്ത തരത്തിലുള്ള മാനവീയ അനുഭൂതികളുടെ സംയോഗം ദൃശ്യമാണ്. അളകയില്‍ യഥാര്‍ഥജീവിതത്തെ സ്പര്‍ശിക്കുന്ന കഥയാണുള്ളത്. നിരുപമയില്‍ എഴുത്തുകാരന്റെ ഭാവനാപരമായ സാങ്കല്പിക സൃഷ്ടിയോടൊപ്പം യഥാര്‍ഥ സത്യത്തെ സാക്ഷാത്കരിക്കുന്നു. ചോടീ കീ പകഡില്‍ ഇംഗ്ളീഷ് ഭരണത്തിന്റെ അനീതികളെയും ക്രൂരതകളെയും വളരെ ഉദാത്തമായ രീതിയില്‍ അവതരിപ്പിക്കുന്നു. എന്നാല്‍ ചമേലിയില്‍ ആഞ്ചലിക പരിവേഷത്തില്‍ ഒരു സാഹസിക യുവതിയുടെ സംഘര്‍ഷഭരിതമായ കഥ വ്യക്തമാക്കുന്നു. കാലേ കാര്‍ നാമേമില്‍ ഇംഗ്ളീഷ് ഭരണത്തിന്റെ പരിണതഫലമായ ഇന്ത്യാ വിഭജനത്തെ ചിത്രീകരിക്കുന്നു.

ശകുന്തള, സമാജ്, ഉഷാ-അനിരുദ്ധ് എന്നിവ നിരാലയുടെ നാടകങ്ങളാണ്. ഇവ ഇദ്ദേഹത്തിന്റെ പ്രധാന കൃതികളല്ല.

ലിലി, ചതുരി ചമാര്‍, സുകുല്‍ കീ ബീവി, ദേവി, അര്‍ഥ്, ഭക്ത് ഔര്‍ ഹനുമാന്‍, ഹിരണി, പരിവര്‍ത്തന്‍, പ്രേമികാ പരിചയ് എന്നിവ നിരാലയുടെ പ്രശസ്ത കഥകളാണ്.

പ്രബന്ധപ്രതിമാ, പ്രബന്ധപദ്മ്, ചാബുക് ചയന്‍ ഏവം സംഗ്രഹ് എന്നിവ നിരാലയുടെ പ്രസിദ്ധ ഉപന്യാസസമാഹാരങ്ങളാണ്. വിഷയവൈവിധ്യത്തിന്റെ കാര്യത്തിലും ശ്രദ്ധേയമായ ഇദ്ദേഹത്തിന്റെ ഉപന്യാസങ്ങള്‍ ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്നു. നിരാലയുടെ ഉപന്യാസസാഹിത്യത്തെ മൂന്നായി വിഭജിക്കാവുന്നതാണ്: (1) തത്ത്വമീമാംസാപരമായ ഉപന്യാസങ്ങള്‍ (2) സാമൂഹികദര്‍ശനതത്ത്വങ്ങളടങ്ങിയ ഉപന്യാസങ്ങള്‍, (3) സാഹിത്യപരമായ ഉപന്യാസങ്ങള്‍.

ഭക്തപ്രഹ്ളാദ്, മഹാറാണാപ്രതാപ്, ഭീഷ്മ്, ഭക്തധ്രുവ്, മന്‍ഹര്‍ ചിത്രാവലി മഹാഭാരത്, രാമായണ്‍ കീ അന്തര്‍കഥായേം എന്നീ ബാലസാഹിത്യകൃതികളില്‍ ബാലമനശ്ശാസ്ത്രത്തിനാണ് പ്രാധാന്യം കൊടുത്തിട്ടുള്ളത്. ധ്രുവ്, പ്രഹ്ളാദ് പോലെയുള്ള കൃതികള്‍ ഭക്തിഭാവന, വിശ്വാസം, ഭാരതത്തിലെ പരമ്പരാഗതമായ ഉയര്‍ന്ന ആദര്‍ശങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ്.

രണ്ടുതരത്തിലുള്ള കത്തുകള്‍ നിരാല ധാരാളം എഴുതിയിട്ടുണ്ട്:- കുടുംബപരമായതും സാഹിത്യപരമായതും. സാഹിത്യപരമായ കത്തുകളില്‍ ചിന്തോദ്ദീപകങ്ങളായ തത്ത്വങ്ങള്‍ അടങ്ങിയിരിക്കുന്നു. വിവിധ ശൈലികളുടെ പ്രയോഗം ഇദ്ദേഹത്തിന്റെ കത്തുകളുടെ പ്രത്യേകതയാണ്. ഹിന്ദി, സംസ്കൃതം, ഇംഗ്ലീഷ്, ബംഗാളി തുടങ്ങിയ ഭാഷകളില്‍ നിരാല കത്തുകളെഴുതിയിട്ടുണ്ട്.

സമന്വയ് (1922), മത്വാലാ (1923), സുധാ, കലാ രംഗീലാ, സരോജ്, മൌജി തുടങ്ങിയ മാസികകളുടെ പത്രാധിപരായും നിരാല സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിരാലയുടെ ആദ്യത്തെ മാസികയായ സമന്വയ് ആത്മീയപ്രസിദ്ധീകരണമായിരുന്നു. മത്വാല ശുദ്ധമായ സാഹിത്യപത്രികയായിരുന്നു. സമകാലീന സാഹിത്യവിവാദങ്ങള്‍ ഈ മാസികയില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. നിരാലയുടെ ഉടമസ്ഥതയില്‍ 1932-ല്‍ പ്രസിദ്ധീകരിച്ച രംഗീലാ മാസികയില്‍ വന്ന ജയശങ്കര്‍ പ്രസാദിന്റെ 'ബീത്തി വിഭാവരീ' എന്ന കവിത വളരെയധികം ജനശ്രദ്ധയാകര്‍ഷിച്ചു.

ബംഗാളി, സംസ്കൃതം, ഇംഗ്ലീഷ്, വ്രജ്, അവധി എന്നീ ഭാഷകളില്‍ നിന്നുള്ള കൃതികള്‍ നിരാല തര്‍ജുമ ചെയ്തിട്ടുണ്ട്. ബംഗാളി നോവലുകളായ ആനന്ദമഠം, കപാലകുണ്ഡലം, ചന്ദ്രശേഖര്‍, ദുര്‍ഗേശനന്ദിനി, കൃഷ്ണകാന്ത് കാ ബില്‍, യുഗാംഗുലീയ്, രജനാദേവി, ചൗദറാണി, രാജറാണി, വിഷവൃക്ഷ്, രാജാസിംഹ് എന്നിവയുടെ തര്‍ജുമ വളരെ പ്രസിദ്ധമാണ്. ഇദ്ദേഹം തുളസീദാസരാമായണത്തിന്റെ വിനയകാണ്ഡം, ബാലകാണ്ഡം എന്നിവ അവധി ഭാഷയില്‍ നിന്ന് ഖഡീബോലിയിലേക്ക് തര്‍ജുമചെയ്തു.

ഛായാവാദ കാലഘട്ടത്തില്‍ പുതുമകള്‍ ഏറെ ആവിഷ്കരിച്ച വിഗ്രഹഭഞ്ജകനായ കവിയെന്ന നിലയില്‍ നിരാല പ്രശസ്തനായി. ഛായാവാദത്തില്‍ മാത്രമല്ല പ്രഗതിവാദ്, പ്രയോഗവാദ്, നയീ കവിത, നവഗീത് എന്നീ പ്രസ്ഥാനങ്ങളിലും ഇദ്ദേഹം വ്യാപരിച്ചു.

ശില്പം, സാങ്കേതിക രീതി എന്നീ കാര്യങ്ങളിലെല്ലാം നിരാല അംഗീകൃതതത്ത്വങ്ങളോട് വിട പറയുകയും അന്നോളം പ്രചാരത്തിലിരുന്ന നിയതങ്ങളായ വൃത്തങ്ങളും പ്രാസങ്ങളും പരിത്യജിച്ചുകൊണ്ട് പുതിയ തരം താളക്രമം പരീക്ഷിക്കുകയും ചെയ്തു. സമകാലീന കവിതകളില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ കാവ്യശൈലിയായിരുന്നു ഇദ്ദേഹത്തിന്റേത്. നിരാലയുടെ കാവ്യശയ്യ അസാധാരണവും ക്ളിഷ്ടവും ചിലപ്പോള്‍ പരുപരുത്തതുമായിരുന്നുവെങ്കിലും വൈചിത്യ്രമാര്‍ന്ന ഉജ്ജ്വലഭാവഗീതങ്ങള്‍, ഇതിഹാസമുദ്രയുള്ള ദീര്‍ഘകാവ്യങ്ങള്‍, സാമൂഹിക യാഥാര്‍ഥ്യബോധം, തുളച്ചുകയറുന്ന ആക്ഷേപഹാസ്യം എന്നിവയാല്‍ സമ്പന്നമാണ്. സമകാലിക ജീവിതത്തിന്റെ പാരുഷ്യങ്ങള്‍ വെളിച്ചത്തുകൊണ്ടുവരാനായി മനഃപൂര്‍വം അസംബന്ധശൈലിയില്‍ രചിച്ച ചില അസാധാരണകാവ്യങ്ങള്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു.

ആധുനികസാഹിത്യത്തിലെ പ്രതിഷേധാത്മക കവിതയുടെ പ്രഥമ മാതൃകകളായി ഇവയെ പരിഗണിക്കാം. ഇപ്രകാരം, നിരാല ഹിന്ദി കവിതയെ കാലഹരണപ്പെട്ട ചില പരമ്പരാഗത സമ്പ്രദായങ്ങളുടെയും കൃത്രിമ മാന്യതയുടെയും വിലക്കുകളുടെ പിടിയില്‍നിന്ന് മോചിപ്പിക്കുകയെന്ന ചരിത്രപരമായ കര്‍ത്തവ്യം നിര്‍വഹിച്ചു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%BF%E0%B4%B0%E0%B4%BE%E0%B4%B2_(1896%C2%A0-%C2%A01961)" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍