This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിയോട്ടനി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിയോട്ടനി

Neoteny

ഒരു ജീവി അതിന്റെ ലാര്‍വാഘട്ടത്തില്‍ത്തന്നെ ലൈംഗിക പക്വത നേടുന്ന പ്രതിഭാസം. റ്റൈയടോജനിസിസ് എന്നും ഇതറിയപ്പെടുന്നു. നിയോ (ചെറുപ്പം) ട്ടെയ്നിയല്‍ (വികസിക്കുക, വ്യാപ്തി വര്‍ധിക്കുക) എന്നീ ലാറ്റിന്‍ പദങ്ങളില്‍ നിന്നാണ് 'നിയോട്ടനി' എന്ന വാക്കിന്റെ ഉദ്ഭവം. സാധാരണയായി, ഉഭയജീവികളിലാണ് ഈ പ്രതിഭാസം കണ്ടുവരുന്നത് (ഉദാ. നെക്ടുറസ്, പ്രോട്ടിയസ്, സിറെന്‍, ക്രിപ്റ്റോബ്രാങ്കസ് മുതലായവ).

കോള്‍മാന്‍ എന്ന ശാസ്ത്രജ്ഞനാണ് ചില സാലമാണ്ടറുകളില്‍ നിയോട്ടനി എന്ന പദം ആദ്യമായി (1883) ഉപയോഗിച്ചത്. ലൈംഗിക പക്വത നേടിയ ഈ സാലമാണ്ടറുകള്‍, ഒരിക്കലും പൂര്‍ണമായ വളര്‍ച്ച നേടാതെ, ലാര്‍വകളുടെ രൂപത്തില്‍ത്തന്നെ കഴിയുന്നു. ബാഹ്യഗില്‍, ഗില്‍സ്ളിട്ട്, ഗുദച്ചിറക് തുടങ്ങിയവ, ലൈംഗിക വളര്‍ച്ച നേടിയ ഈ സാലമാണ്ടര്‍ ലാര്‍വകളുടെ പ്രത്യേകതകളാണ്. കൂടാതെ തലയോടിന്റെ അസ്ഥികളും വികാസം പ്രാപിക്കുന്നില്ല.

പാരിസ്ഥിതിക പ്രശ്നങ്ങളുടെ പ്രേരണ മൂലമാകാം നിയോട്ടനി സംഭവിക്കുന്നത് എന്നാണ് അനുമാനം. കുറഞ്ഞ താപനിലയും, അയഡിന്റെ അഭാവവും തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ഈ കാരണങ്ങളാല്‍ രൂപഭേദപ്രക്രിയ പൂര്‍ണമാകുന്നില്ല. അങ്ങനെ വരുമ്പോള്‍ ലാര്‍വയുടെ രൂപത്തില്‍ത്തന്നെ ലൈംഗികപക്വത നേടുകയും, പ്രത്യുത്പാദനം നടക്കുകയും കുഞ്ഞുങ്ങള്‍ ജനിക്കുകയും ചെയ്യുന്നു. ഉദാഹരണമായി വടക്കേ അമേരിക്കയിലുള്ള സാലമാണ്ടര്‍ ഇനത്തില്‍പ്പെട്ട ആക്സോലോട്ടലുകള്‍ (Axolott) എന്ന ലാര്‍വ. ഇവയ്ക്ക് കാലുകള്‍ വളരുന്നതിനു മുന്‍പുതന്നെ ജലത്തില്‍ ജീവിക്കാന്‍ സാധിക്കുകയും, പ്രത്യുത്പാദനം നടത്താന്‍ കഴിയുകയും ചെയ്യുന്നു. ജീവികളുടെ, സാധാരണ ഗതിയിലുള്ള ശരീര വളര്‍ച്ചയ്ക്കു സഹായിക്കുന്നതോ ലൈംഗികപക്വത നേടുന്നതിന് സഹായിക്കുന്നതോ ആയ ജീനുകളില്‍ ഏതെങ്കിലുംതരത്തില്‍ സംഭവിക്കുന്ന വ്യതിയാനങ്ങളും നിയോട്ടനിക്ക് കാരണമായേക്കാം.

ചില അകശേരുകികളിലും, നിയോട്ടനി സംഭവിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഉദാഹരണമായി, മൈക്രോമാള്‍ത്തസ് (Micromalthus) എന്ന സ്പീഷീസിലെ പെണ്‍ വണ്ടുകള്‍ക്ക്, ലാര്‍വാ ഘട്ടത്തില്‍ ആയിരിക്കുമ്പോള്‍ത്തന്നെ സന്താനോത്പാദനം നടത്താന്‍ കഴിവുണ്ട്. പ്രാണികളില്‍ കണ്ടുവരുന്ന ഇത്തരം നിയോട്ടനി, പെഡോജനസിസ് എന്ന പേരില്‍ അറിയപ്പെടുന്നു. കശേരുകികളുടെ പരിണാമപ്രക്രിയയില്‍, നിയോട്ടനി ഒരു പ്രധാന സ്ഥാനം വഹിക്കുന്നതായി അനുമാനിക്കപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍