This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിയാസ് ഫത്തേ(ഹ്)പുരി (1884 - 1968)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിയാസ് ഫത്തേ(ഹ്)പുരി (1884 - 1968)

ഉര്‍ദു സാഹിത്യകാരന്‍. നാടകകൃത്ത്, ചെറുകഥാകൃത്ത്, വിമര്‍ശകന്‍, ചരിത്രകാരന്‍, പരിഭാഷകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. ഉത്തര്‍പ്രദേശിലെ ഫത്തേഹ്പുരിയില്‍ 1884-ല്‍ ജനിച്ചു. ഫത്തേഹ്പുര്‍ മദ്രസ ഇസ്ലാമിയ, രാംപൂറിലെ മദ്രസ ആലിയ, ലഖ്നൌവിലെ നദ്വതുല്‍ ഉലമ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സബ്ഇന്‍സ്പെക്ടര്‍ ആയി ജോലി ലഭിച്ചെങ്കിലും അത് ഉപേക്ഷിച്ചു. പിന്നീട് 1922-ല്‍ നിഗര്‍ എന്ന മാസിക എഡിറ്റു ചെയ്തു. ഉത്തര്‍പ്രദേശിലെ ഉര്‍ദു സാഹിത്യത്തിന്റെ വാഹകമായിരുന്നു ഈ മാസിക. 1960-ല്‍ ഇദ്ദേഹം പാകിസ്താനിലേക്ക് കുടിയേറി.

Image:Niyas Fathehpuri.png

നിയാസിന്റെ ഏഴ് കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. ഇവയിലെ പല കഥകളും നിഗറില്‍ പ്രസിദ്ധീകരിച്ചവയാണ്. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച നിയാസ് മതഭ്രാന്തിനെ ചെറുകഥകളിലൂടെ ആക്രമിക്കുക തന്നെ ചെയ്തു. ഇദ്ദേഹത്തിന്റെ ആദ്യത്തെ കഥ ഏക് പാര്‍സീ ദോപ്പീസാ കോ ദേഖ്കര്‍ ആണ് (1910). തുടര്‍ന്നുവന്ന പല കഥകളിലും ഭാവനാത്മകതയും ഭ്രമാത്മകതയും നിഴലിക്കുന്നുണ്ട്. സംഭവങ്ങള്‍ അധികമില്ലാത്ത, കവിതാത്മകശൈലിയിലുള്ള കഥകളാണ് അധികവും. ഇദ്ദേഹത്തിന്റെ ഷേര്‍കാ അന്‍ജാം, ഷഹാബ് കീ സര്‍ഗുശ്ഷ്ട്, നിഗരിസ്താന്‍, ജമാലിസ്താന്‍ എന്നീ കൃതികള്‍ സാമൂഹികമായ പുതിയ ഉണര്‍വിന് കാരണമായി എന്ന് വിലയിരുത്താന്‍ കഴിയും.

സജ്ജാദ് ഹൈദര്‍ ഇല്‍ദ്രിം, സജ്ജാദ് അന്‍സാരി, മെഹ്ദി ഇഫാദി, നിയാസ് ഫത്തേഹ്പുരി എന്നിവര്‍ ഉര്‍ദുവില്‍ ഓര്‍മിക്കപ്പെടുന്നത് അവരുടെ മൃദു കാല്പനികത്വം, വികാരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിലെ തനതു ശൈലി, സ്വതന്ത്ര കാഴ്ചപ്പാട്     എന്നിവയുള്‍ക്കൊള്ളുന്ന പുതിയ ശൈലിയായ അദബ്-ഇ-ലത്തീഫിലൂടെയാണ്.

വ്യക്തികേന്ദ്രിത കഥയെഴുതുന്നവരില്‍ നിയാസ് ഫത്തേഹ്പുരി ശ്രദ്ധേയനാണ്. ഇല്‍ദ്രിമിന്റെ കാലത്താണ് എഴുതിത്തുടങ്ങിയതെങ്കിലും മതപരമായ ആത്മവഞ്ചനയ്ക്കും അന്യമതവിദ്വേഷത്തിനുമെതിരെ ഫത്തേഹ്പുരി ആഞ്ഞടിച്ചു. ഷേര്‍കാ അന്‍ജാം, ഷഹാബ് കീ സര്‍ഗുശ്ഷ്ട് എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന നോവലുകള്‍. ഇവയ്ക്ക് കാല്പനിക പരിവേഷമുണ്ടെങ്കിലും കഥാപാത്രങ്ങള്‍ക്ക് മനശ്ശാസ്ത്രമാനമാണുള്ളത്. നിഗരിസ്താന്‍, ജമാലിസ്താന്‍, നകബ് ഉത് ജനേകീ ബദ്, മുക്തസരത്-ഇ-നിയാസ് എന്നിവ നിയാസിന്റെ കഥാസമാഹാരങ്ങളാണ്. 1922-ല്‍ ആരംഭിച്ച നിഗര്‍ മാസിക ഇദ്ദേഹത്തിന്റെ ജീവിതാവസാനം വരെ നിലനിന്നു. ഫത്തേഹ്പുരിയുടെ സ്വതന്ത്ര ശൈലി ഒരു തലമുറയിലെ ഗ്രന്ഥകര്‍ത്താക്കളെ മുഴുവന്‍ സ്വാധീനിച്ചു. വിവാദങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയിരുന്ന ഇദ്ദേഹത്തിന് മതഭ്രഷ്ട് വരെ നേരിടേണ്ടി വന്നു. തന്റെ കൃതികളിലൂടെ നിരവധി തര്‍ക്കപ്രശ്നങ്ങളെ അവതരിപ്പിക്കുകയും യാഥാസ്ഥിതികരുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തുകയും ചെയ്ത ഇദ്ദേഹം ഒടുവില്‍ പശ്ചാത്തപിക്കുകയും ചെയ്തു. ഈശ്വരനിന്ദ, മതനിന്ദ, സ്ഥൂലമായ വിശ്വാസം എന്നിവയെ കുറ്റപ്പെടുത്തിയിരുന്നെങ്കിലും ഇദ്ദേഹം അവസാനം വരെ പ്രബുദ്ധനായ മുസ്ലിമായിരുന്നു. ദേശീയ വിപത്തുകളോടുള്ള നിയാസിന്റെ പ്രതികരണം അദ്ദേഹത്തിന്റെ സ്വതന്ത്ര ചിന്താഗതിയുടെ തെളിവായിരുന്നു. ഇദ്ദേഹത്തെ ചിലര്‍ ആദ്യകാല പുരോഗമനവാദിയായി കണക്കാക്കുന്നു. പക്ഷേ, പുരോഗമന സാഹിത്യരചനാ സൈദ്ധാന്തികനായ എഹ്തിഷാം ഹുസൈന്‍ നിയാസിനെ പുരോഗമനവാദികളില്‍ നിന്നും മാറ്റി നിര്‍ത്തുന്നു. ആത്മവഞ്ചനയ്ക്കും യാഥാസ്ഥിതികത്വത്തിനും എതിരെ നിന്ന നിയാസ് എല്ലാ വിഷയങ്ങളിലും തുറന്ന നിലപാട് സ്വീകരിച്ചു.

വിമര്‍ശനങ്ങളില്‍ കൃത്യതയും സൗന്ദര്യവും നിലനിര്‍ത്താന്‍ സ്വന്തം ഭാഷയില്‍ നിന്നുമാണ് ഇദ്ദേഹം ഊര്‍ജം ഉള്‍ക്കൊണ്ടത്. സാഹചര്യങ്ങള്‍ക്കനുസരിച്ച് നിയാസിന്റെ ചിന്തകളിലും മാറ്റം കാണാം. ഇദ്ദേഹത്തിന്റെ വിമര്‍ശനാത്മക ഉപന്യാസങ്ങളില്‍ മനശ്ശാസ്ത്ര വ്യാഖ്യാനങ്ങളിലൂടെ സാമൂഹികവും രാഷ്ട്രീയവുമായ സാഹചര്യങ്ങളെ വിശകലനം ചെയ്തുകൊണ്ട് സാഹിത്യത്തെ വിലയിരുത്തുന്നതായി കാണാം.

നിയാസ് ഫത്തേഹ്പുരിയുടെ തുടക്കത്തിലെ രചനകള്‍ മൌലാനാ ആസാദിന്റെ സ്വാധീനവലയത്തിലായിരുന്ന ഉര്‍ദു ഗദ്യശൈലിയെ തിരസ്കരിച്ചിരിക്കുന്നവയാണ്. പില്ക്കാല രചനകളില്‍ അനുഷ്ഠാനപരതയ്ക്ക് പ്രാധാന്യമില്ല. ജസ്ബത്-ഇ-ബാഷയില്‍ നിന്നും ഇദ്ദേഹത്തിന്റെ പേര്‍ഷ്യന്‍ ഭാഷയിലെ പരന്ന അറിവും ഹിന്ദിപാണ്ഡിത്യവും അറിയാന്‍ കഴിയും. വ്രജഭാഷയിലെ ദോഹകളുടെ വിശദമായ വിവരണങ്ങള്‍ ഇതിലുണ്ട്. ഇദ്ദേഹം വ്രജഭാഷയുടെ യഥാര്‍ഥ ആരാധകനുമായിരുന്നു.

1940-കള്‍ ആകുമ്പോഴേക്കും തത്ത്വശാസ്ത്രത്തിലേക്കും വിമര്‍ശനത്തിലേക്കും നിയാസ് തിരിഞ്ഞു. പ്രേംചന്ദ് കഥകള്‍ വായിച്ചപ്പോള്‍ തന്റെ കഥകളുടെ ആഴമില്ലായ്മ ഇദ്ദേഹത്തിന് ബോധ്യപ്പെട്ടു. അതുകൊണ്ടാകാം ഇദ്ദേഹം ഭാവനയുടെ വനാന്തരങ്ങളില്‍ തുടര്‍ന്നും അലയാതെ സാഹിത്യവിമര്‍ശനത്തിലേക്ക് തന്റെ പ്രതിഭയെ വ്യാപരിപ്പിച്ചത്. 1968-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍