This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിയമസഹായം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിയമസഹായം

എല്ലാ ജനങ്ങള്‍ക്കും നിയമസംരക്ഷണം ഉറപ്പുവരുത്തുന്നതിനും നിയമത്തിന് മാനുഷികമുഖം നല്കുന്നതിനുമായുള്ള സേവനങ്ങള്‍.

നമ്മുടെ നിയമങ്ങളും നീതിന്യായസംവിധാനവും സാമൂഹ്യനീതി പ്രദാനം ചെയ്യുന്നതിനുതകുന്നില്ല എന്ന പരാതി സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം വളരെ പ്രബലമായിത്തീര്‍ന്നു. സമൂഹത്തിലെ താഴെക്കിടയിലുള്ള ബഹുഭൂരിപക്ഷം ജനതയ്ക്കും തുല്യനീതി അപ്രാപ്യമായിരുന്നു. ഭരണഘടന വളരെ പാവനമായും ഉറപ്പായും പ്രഖ്യാപിക്കുന്ന സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ സ്വാതന്ത്ര്യം എന്ന ലക്ഷ്യം ആ വിഭാഗങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നു എന്നതായി അനുഭവം. തത്ഫലമായി നിയമവാഴ്ച എന്ന അടിസ്ഥാനതത്ത്വം തന്നെ അവര്‍ക്കു വെറും പൊള്ളയായ മുദ്രാവാക്യമായി മാറി. ഒരു ജനാധിപത്യ സംവിധാനത്തില്‍ ഈ സ്ഥിതി ഒട്ടും ആശാസ്യമല്ല. തുല്യനീതി ഉറപ്പാക്കുന്നതിനും അതു നിഷേധിക്കപ്പെട്ടുകൊണ്ടിരുന്നവര്‍ക്ക് നീതി ലഭ്യമാക്കുന്നതിനും അടിയന്തിര നടപടികള്‍ അനിവാര്യമാണെന്ന ചിന്ത ക്രമേണ രൂപപ്പെട്ടു. കൊളോണിയല്‍ വാഴ്ചയുടെ സംഭാവനയായി ലഭിച്ച ദാരിദ്ര്യം, നിരക്ഷരത, സാമൂഹ്യാസമത്വങ്ങള്‍ തുടങ്ങിയ ശാപങ്ങള്‍ സ്വതന്ത്രഭാരതത്തിലും വേരുപിടിച്ചു. ഇതാണ് ഭൂരിപക്ഷം ജനതയ്ക്കും നീതിന്യായ സംവിധാനവുമായുള്ള അകല്‍ച്ച വര്‍ധിപ്പിക്കുന്നു എന്ന ധാരണ ബലപ്പെടുത്തിയത്. ഈ ദുഃസ്ഥിതിയ്ക്കുള്ള പരിഹാരമായിട്ടാണു സൗജന്യ നിയമസഹായം എന്ന മുദ്രാവാക്യം അംഗീകരിക്കപ്പെട്ടത്. അതുവഴി തുല്യനീതി ഉറപ്പാക്കാം എന്നാണു പ്രതീക്ഷ.

നീതി നിഷേധിക്കപ്പെട്ട പ്രധാനവിഭാഗങ്ങളെ ഇതിനായി തിട്ടപ്പെടുത്തി. അവ ചുവടെ പറയുന്നവയാണ്.

(1) ദരിദ്രര്‍ (2) നൂറ്റാണ്ടുകളായി സാമൂഹ്യമായും സാമ്പത്തികമായും ചൂഷണം ചെയ്യപ്പെട്ട പട്ടികജാതി പട്ടികവര്‍ഗവിഭാഗക്കാര്‍. (3) ഭൂമിശാസ്ത്രപരമായി പിന്നോക്കമായ പ്രദേശങ്ങളില്‍ വസിക്കാന്‍ വിധിക്കപ്പെട്ടവര്‍ (4) പട്ടികജാതിപ്രദേശങ്ങളില്‍ നിവസിക്കുന്നവര്‍, തൊഴിലാളികള്‍, കര്‍ഷകര്‍, രാജ്യരക്ഷയ്ക്കുനിയോഗിക്കപ്പെടുന്ന സൈനികര്‍ എന്നിവര്‍. സൗജന്യ നിയമസഹായം ഈ വിഭാഗങ്ങള്‍ക്ക് എത്തിച്ചുകൊടുക്കാന്‍ ഫലപ്രദമായ ഉപകരണങ്ങളാകാന്‍ സാധിക്കുന്നവരെയും അതുപോലെ തിട്ടപ്പെടുത്തി. അഭിഭാഷകര്‍, ജഡ്ജിമാര്‍, നിയമനിര്‍മാതാക്കള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, നിയമാധ്യാപകര്‍, നിയമവിദ്യാര്‍ഥികള്‍ എന്നിവര്‍ അവരില്‍ പ്രധാനികളായി ഗണിക്കപ്പെട്ടു.

ഏതെല്ലാം മാര്‍ഗത്തില്‍ക്കൂടി ഈ സേവനം ചെയ്യാമെന്നും ധാരണ ഉണ്ടാക്കി. അവകാശങ്ങളെക്കുറിച്ചും അതുലഭ്യമാക്കാന്‍ സഹായിക്കുന്ന മാര്‍ഗങ്ങളെക്കുറിച്ചും ബോധവത്കരണം നടത്തുക, വ്യവഹാരച്ചെലവും അനാവശ്യമായ കാലതാമസവും കുറയ്ക്കുക, നിയമ പരിഷ്കരണ നിര്‍ദേശങ്ങള്‍ ലഭ്യമാക്കുക, നീതിന്യായ സംവിധാനത്തെ മൊത്തത്തില്‍ ജനസേവനതത്പരമാക്കുക, ആവശ്യമുള്ള തലങ്ങളില്‍ നീതിന്യായ പ്രക്രിയയില്‍ സമൂഹത്തെ ഫലപ്രദമായി ബന്ധപ്പെടുത്തുക എന്നിവയാണ് നിര്‍ദേശിക്കപ്പെട്ടവ.

ഈ പരിപാടിയുടെ താത്ത്വികവശം നിയമത്തിനു മാനുഷികമുഖം നല്കുക എന്ന ഭരണഘടനാലക്ഷ്യമാണ്. നിയമസംരക്ഷ ഉള്ളവനും ഇല്ലാത്തവനും ഒരുപോലെ ലഭ്യമാക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. അത് നേടിയില്ലെങ്കില്‍, നീതിനിഷേധിക്കപ്പെടുന്നവര്‍ മറ്റു രക്ഷാമാര്‍ഗങ്ങള്‍ തേടും. അതിനായി നിയമം അവര്‍ കൈയിലെടുക്കും. അതുവഴി നിയമവാഴ്ച തന്നെ പരാജയപ്പെടും എന്നതാണിതിന്റെ രാഷ്ട്രീയവശം. ഈ ധാരണകള്‍ ലോകത്തെ മറ്റു പരിഷ്കൃത രാജ്യങ്ങളിലെ അനുഭവത്തില്‍ നിന്നും ചരിത്രപാഠങ്ങളില്‍ നിന്നും ലഭിച്ചിട്ടുള്ളതാണ്. ഇതിന് പ്രേരകമായ മറ്റു ഘടകങ്ങള്‍ പ്രധാനമായും താഴെപ്പറയുന്നവയാണ്.

(1) ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ രൂപപ്പെട്ട 1948-ലെ മനുഷ്യാവകാശ പ്രഖ്യാപനം (അനുച്ഛേദം 8). (2) 1966-ലുണ്ടായ അന്താരാഷ്ട്ര ഉടമ്പടികള്‍. (3) ഇന്ത്യാ ഗവണ്‍മെന്റ് നിയമിച്ച ഇന്ത്യന്‍ ലാ കമ്മിഷന്റെ റിപ്പോര്‍ട്ട് (14-ാം റിപ്പോര്‍ട്ട്). ഈ രംഗത്തു സമഗ്രപരിപാടിക്കു തുടക്കം കുറിച്ചത് 1973-ല്‍ ഇന്ത്യാഗവണ്‍മെന്റു നിയമിച്ച ഒരു വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടാണ്. ഈ കമ്മിറ്റി പ്രധാനമായും ഊന്നല്‍ നല്കിയത് ഭരണഘടനയുടെ പ്രിയാംബിളിലെ പ്രഖ്യാപനങ്ങള്‍, അനുഛേദം 41, 46 എന്നിവയിലെ അനുശാസനങ്ങള്‍ തുടങ്ങിയവയ്ക്കാണ്. അതിന്റെ അടിസ്ഥാനത്തില്‍ കമ്മിറ്റി ഇപ്രകാരം പ്രഖ്യാപിച്ചു. "നിയമസഹായം ഒരു ഔദാര്യമല്ല, ഒരവകാശമാണ്; അതുറപ്പാക്കുന്നത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ബാധ്യതയാണ്. സമൂഹത്തിലെ അവശവിഭാഗങ്ങള്‍ക്കും സാമ്പത്തിക പരാധീനത അനുഭവിക്കുന്നവര്‍ക്കുമായി സൗജന്യ നിയമസഹായം ലഭ്യമാക്കാന്‍ താഴെപ്പറയുന്ന നിര്‍ദേശങ്ങള്‍ക്കു പ്രാധാന്യം നല്കി.

1.നിലവിലുള്ള സിവില്‍ ക്രിമിനല്‍ നടപടി നിയമങ്ങള്‍ ഭേദഗതി ചെയ്യുക.

2.കേസുകളുടെ ബാഹുല്യംമൂലം കോടതികള്‍ക്കുണ്ടാകുന്ന ജോലിത്തിരക്കു കുറയ്ക്കുക.

3.കേസുകളിലെ കക്ഷികളാകുന്നവര്‍ക്കു അവരുടെ അവകാശങ്ങളെയും പരിഹാരങ്ങളെയും കുറിച്ചു ഉപദേശം നല്കി, കേസുകളില്‍ സംഭവിക്കാവുന്ന പരാജയം ഒഴിവാക്കുക.

4.അനാവശ്യ വ്യവഹാരം ഒഴിവാക്കല്‍-അതിനായി കോടതിക്കു പുറത്തു വച്ചു തര്‍ക്കങ്ങള്‍ ഒത്തു തീര്‍പ്പിലെത്തിച്ചു പരിഹാരം ലഭ്യമാക്കുക.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യാഗവണ്‍മെന്റ് 1980-ല്‍ ഒരു നടപ്പാക്കല്‍ സമിതിയെ നിയമിച്ചു. ഈ കമ്മിറ്റിയുടെ പ്രധാനചുമതല സൌജന്യ നിയമസഹായം ഉറപ്പാക്കുന്നതിനുള്ള നിയമസഹായപരിപാടികള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനുമേല്‍നോട്ടം വഹിക്കുക എന്നതായിരുന്നു. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഒരുപോലെയുള്ള നിയമസഹായപരിപാടി നടപ്പാക്കാനുദ്ദേശിച്ചുകൊണ്ട് ഈ കമ്മിറ്റി ഒരു മാതൃകാപരിപാടിക്കു രൂപം നല്കി. ഈ മാതൃകാ പരിപാടി ബന്ധപ്പെട്ട സര്‍ക്കാരുകള്‍ നടപ്പാക്കാന്‍ തുടങ്ങി. എന്നാല്‍ പിന്നീട് നടത്തിയ വിലയിരുത്തലില്‍ ഈ സമ്പ്രദായം തൃപ്തികരമല്ലെന്നു കണ്ടു. പകരം നിയമപ്രാബല്യമുള്ള ഒരു അധികാരസ്ഥാപനത്തെ ഈ ചുമതല ഏല്‍പ്പിക്കുന്നതാണ് അഭികാമ്യമെന്നും അഭിപ്രായമുണ്ടായി. അതുപോലെ തന്നെ വേഗത്തിലും കുറഞ്ഞ ചെലവിലും കേസുകള്‍ തീര്‍പ്പാക്കുന്നതിനായി പ്രവര്‍ത്തിച്ചുവന്ന ലോക അദാലത്തുകള്‍ക്കും നിയമപ്രാബല്യം നല്കണമെന്നു നിര്‍ദേശിക്കപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ പാസ്സാക്കപ്പെട്ട ഒരു സുപ്രധാന നിയമമാണ് "ലീഗല്‍ സര്‍വീസസ് അതോറിട്ടീസ് ആക്റ്റ് 1987, ഈ നിയമം 1994, 95, 2002 എന്നീ വര്‍ഷങ്ങളില്‍ അത്യാവശ്യഭേദഗതികള്‍ക്കും വിധേയമാക്കി. ഈ നിയമത്തിലെ വ്യവസ്ഥകളാണ് ഇന്ന് ഈ രംഗത്ത് ഇന്ത്യ മുഴുവന്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

ലക്ഷ്യങ്ങള്‍. (1) സ്വതന്ത്രവും സൗജന്യവും ഫലപ്രദവുമായ നിയമസേവനാധികാരസ്ഥാപനം സ്ഥാപിക്കുക (2) സമൂഹത്തിലെ അവശവിഭാഗങ്ങള്‍ക്കു സാമ്പത്തികമോ മറ്റു വിധത്തിലോ ഉള്ള പരാധീനതകള്‍മൂലം നീതി നിഷേധിക്കുന്നതു ഒഴിവാക്കുക (3) നീതിന്യായ സമ്പ്രദായം തുല്യതയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഉറപ്പ് വരുത്തുംവിധം ലോക അദാലത്തുകള്‍ സ്ഥാപിക്കുക.

'നിയമസേവനം' എന്ന സംജ്ഞയ്ക്കു നല്കിയ നിര്‍വചനപ്രകാരം ഇനിപ്പറയുന്നവ അതില്‍ ഉള്‍പ്പെടുന്നു (1) കോടതികള്‍, മറ്റധികാരികള്‍, ട്രിബൂണലുകള്‍ എന്നിവയില്‍ നിലവിലുള്ള കേസുകള്‍ മറ്റു നിയമനടപടികള്‍ എന്നിവയുടെ നടത്തിപ്പിനുവേണ്ട സഹായം (2) നിയമസംബന്ധമായ എല്ലാ കാര്യങ്ങള്‍ക്കും ഉപദേശം.

നിയമസഹായ സ്ഥാപനങ്ങള്‍. ഈ നിയമത്തിന്റെ ലക്ഷ്യം നേടുന്നതിനായി നിര്‍ദേശിക്കപ്പെട്ട നിയമപ്രാബല്യമുള്ള സ്ഥാപനം വികേന്ദ്രീകൃത സംവിധാനത്തോടെ ദേശീയം, സംസ്ഥാനം, ജില്ല, താലൂക്ക് എന്നിവിടങ്ങളിലാണു പ്രവര്‍ത്തിക്കുന്നത്.

ദേശീയതലം. കേന്ദ്രഗവണ്‍മെന്റാണ് ഈ അധികാരസ്ഥാപനത്തിന്റെ നിയമാധികാരി. പ്രധാന രക്ഷാധികാരിയായി ഇന്ത്യന്‍ ചീഫ് ജസ്റ്റിസും നിശ്ചിത എണ്ണം സുപ്രീംകോടതി ജഡ്ജിമാരും മറ്റു നിശ്ചിത എണ്ണം അംഗങ്ങളും ചേര്‍ന്നതാണ് ഇത്.

പ്രധാന ചുമതലകള്‍. (1) ഉപഭോക്തൃസംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളില്‍ 'സോഷ്യല്‍ ജസ്റ്റിസ് വ്യവഹാരം' നടത്തുക.

(2) നിയമസഹായ ക്യാമ്പുകള്‍ സംഘടിപ്പിക്കല്‍, അവകാശങ്ങളെപ്പറ്റി ബോധവത്കരണം, ലോക അദാലത്തുകളുടെ സഹായം തേടാന്‍ പ്രേരിപ്പിക്കല്‍.

(3) തര്‍ക്കങ്ങള്‍, കൂടിയാലോചന, മധ്യസ്ഥത, ഒത്തുതീര്‍പ്പ് എന്നീ മാര്‍ഗങ്ങള്‍ വഴി പരിഹാരം തേടല്‍.

(4) പൗരന്മാരുടെ കടമകള്‍ നിര്‍വഹിക്കാന്‍ ക്ഷേമപരിപാടികളെ സംബന്ധിച്ചു ബന്ധപ്പെട്ടവര്‍ക്കു ബോധവത്കരണം.

(5) നിയമസാക്ഷരത പ്രചരിപ്പിക്കല്‍.

(6) സന്നദ്ധസേവാ സംഘടനകളുടെ സഹായം ഫലപ്രദമായി സംയോജിപ്പിക്കല്‍.

(7) സംസ്ഥാനതലം മുതല്‍ കീഴോട്ടുള്ള അധികാരികളുടെയും സന്നദ്ധസംഘടനകളുടെയും പ്രവര്‍ത്തനം സംയോജിപ്പിക്കുക, മേല്‍നോട്ടം വഹിക്കലും.

സംസ്ഥാനതലം. ഓരോ സംസ്ഥാനത്തും സംസ്ഥാനതല അധികാരി ഉണ്ടായിരിക്കും. സംസ്ഥാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ്സും രക്ഷാധികാരിയായി ദേശീയതലത്തിലെപ്പോലെ ഹൈക്കോടതി ജഡ്ജിമാരും മറ്റംഗങ്ങളും ചേര്‍ന്നതാണിത്.

ചുമതലകള്‍. (1) ദേശീയാധികാരിയുടെ നയങ്ങളും നിര്‍ദേശങ്ങളും നടപ്പിലാക്കുക.

(2) അര്‍ഹരായവര്‍ക്കു നിയമസേവനം നല്കുക, ലോക അദാലത്തുകള്‍ സംഘടിപ്പിക്കുക, പ്രതിരോധപരവും, തന്ത്രപ്രധാനവുമായ നിയമസേവന പരിപാടികള്‍ ഏറ്റെടുക്കുക, ദേശീയ തലത്തില്‍ നിന്നും ചുമതലപ്പെടുത്തുന്ന മറ്റു ചുമതലകള്‍ നിര്‍വഹിക്കുക.

ജില്ലാതലം. ഇതില്‍ അധ്യക്ഷനായി ജില്ലാജഡ്ജിയും, നിര്‍ദേശിക്കപ്പെട്ടിട്ടുള്ള മറ്റ് അംഗങ്ങളും. ചുമതലകള്‍ സംസ്ഥാനതലത്തിലേതിനു സമാനം.

താലൂക്കുതലം. നിയമസേവന കമ്മിറ്റി എന്നാണ് ഈ അധികാരിയുടെ പേര്. ജില്ലയിലെ ഏറ്റവും സീനിയറായ ജഡ്ജി അധ്യക്ഷന്‍. ചുമതലകള്‍ ജില്ലയിലേതിനു സമാനം.

നിയമസേവനം ലഭിക്കാനുള്ള മാനദണ്ഡം. ഈ നിയമത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണിത് (ഭാഗം 4). ഇതനുസരിച്ചു താഴെപ്പറയുന്ന വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കു മാത്രമേ ഈ നിയമസേവനം ലഭ്യമാകൂ.

(1) പട്ടികജാതി പട്ടികവര്‍ഗവിഭാഗങ്ങള്‍.

(2) ഭരണഘടനയുടെ 23-ാം അനുച്ഛേദത്തില്‍ പരാമര്‍ശിക്കുന്ന ഭിക്ഷക്കാര്‍, ലൈംഗികപീഡനത്തിനിരയായവര്‍.

(3) വനിതകള്‍, കുട്ടികള്‍

(4) അവകാശങ്ങളുടെ നിഷേധം അനുഭവിക്കുന്ന ദുര്‍ബലവ്യക്തികള്‍

(5) കൂട്ടക്കലാപങ്ങള്‍, വംശകലാപങ്ങള്‍, വര്‍ഗീയകലാപം, പ്രളയം, വരള്‍ച്ച, ഭൂകമ്പം, വ്യാവസായിക ദുരന്തം എന്നിവയ്ക്ക് ഇരയായവര്‍.

(6) വ്യവസായത്തൊഴിലാളികള്‍

(7) വ്യഭിചാര നിരോധന നിയമലംഘനം, ബാലകുറ്റങ്ങള്‍ എന്നിവയുടെ പേരില്‍ തടവിലുള്ളവര്‍, മാനസികാരോഗ്യംമൂലം മനോരോഗ ചികിത്സാകേന്ദ്രങ്ങളില്‍ അടയ്ക്കപ്പെട്ടവര്‍.

(8) സുപ്രീം കോടതിക്കു താഴെയുള്ള ഏതെങ്കിലും കോടതികളില്‍ വാദിയായോ പ്രതിയായോ ഭവിച്ചിട്ടുള്ളവര്‍ അവരുടെ വാര്‍ഷികവരുമാനം 9,000 രൂപയില്‍ താഴെയാണെങ്കില്‍ (ഈ കേസ് സുപ്രീം കോടതിയിലാണെങ്കില്‍, തുക 12,000 രൂപയും).

നിയമസഹായനിധി (ഭാഗം 5). നിയമസേവനം ലഭ്യമാക്കാനുള്ള ചെലവുകള്‍ക്കായി ദേശീയ, സംസ്ഥാന, ജില്ലാതലങ്ങളില്‍ പ്രത്യേകനില ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ലോക് അദാലത്തുകള്‍ (ഭാഗം 6). മുകളില്‍ പരാമര്‍ശിക്കപ്പെട്ട ഓരോ നിയമസേവന അധികാരിക്കും അവരവരുടെ അധികാരപരിധിക്കുള്ളില്‍ കാലാകാലങ്ങളില്‍ ലോക അദാലത്തുകള്‍ സംഘടിപ്പിക്കാം. ഈ അദാലത്തുകളില്‍ നിശ്ചിത യോഗ്യതയും പരിചയവും ഉള്ളവരായിരിക്കും അംഗങ്ങളായി സേവനം ചെയ്യുന്നത്.

ഇവയുടെ പ്രധാന അധികാരങ്ങള്‍

(1) അതാതിന്റെ അധികാരാതിര്‍ത്തിയിലുള്ള കോടതികളില്‍ നിലവിലുള്ളതോ, വരാവുന്നതോ ആയ കേസുകള്‍ തീര്‍പ്പാക്കുക അല്ലെങ്കില്‍ (2) ഒത്തുതീര്‍പ്പാക്കുക അല്ലെങ്കില്‍ (3) മറ്റു വിധത്തില്‍ പരിഹരിക്കുക.

നിയമപ്രകാരം കക്ഷികള്‍ തമ്മില്‍ രാജിയാകാന്‍ സാധ്യമല്ലാത്ത ക്രിമിനല്‍ കേസുകള്‍ക്കു ഇതു ബാധകമല്ല.

ഇതു കൂടാതെ ബന്ധപ്പെട്ട കോടതികള്‍ക്കു അവിടെ നിലവിലുള്ള കേസുകള്‍ കക്ഷികളുടെ അപേക്ഷപ്രകാരം ബന്ധപ്പെട്ട സ്ഥലത്തു നിലവിലുള്ള അദാലത്തിലേക്കു തീര്‍പ്പിനായി വിടാം. ബന്ധപ്പെട്ട സര്‍ക്കാരുകള്‍ക്കു അനുയോജ്യമായ സ്ഥലത്ത് സ്ഥിരം ലോക അദാലത്തുകള്‍ സ്ഥാപിക്കാനും അധികാരമുണ്ട്. ലോക അദാലത്തു തീര്‍പ്പുകല്പിക്കുന്നതു 'അവാര്‍ഡുകള്‍' വഴിയാണ്. അവയ്ക്കു സിവില്‍ കോടതിയുടെ ഡിഗ്രിക്കു തുല്യമായ പ്രാബല്യം ഉണ്ടായിരിക്കും. സിവില്‍ നടപടി നിയമപ്രകാരം സാക്ഷികളെ വരുത്തുന്നതിനും, രേഖകള്‍ ഹാജരാക്കിക്കാനും, തെളിവുകള്‍ സ്വീകരിക്കുന്നതിനും സിവില്‍ കോടതികള്‍ക്കുള്ള അധികാരങ്ങള്‍ ലോക അദാലത്തുകള്‍ക്കും നല്കിയിട്ടുണ്ട്.

(വി. വിജയബാലന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍