This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിത്യഹരിതവനങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിത്യഹരിതവനങ്ങള്‍

Evergreen Foreste

വര്‍ഷം മുഴുവന്‍ ഹരിതാഭ നിലനിര്‍ത്തുന്ന വനങ്ങള്‍. പേര് സൂചിപ്പിക്കുന്നതുപോലെ നിത്യഹരിതവൃക്ഷങ്ങളാല്‍ സമ്പന്നമാണ് നിത്യഹരിതവനങ്ങള്‍. ഈ വനങ്ങളിലെ വൃക്ഷങ്ങളുടെ പാകമായ ഇലകള്‍ കൊഴിയുന്നതിനോടൊപ്പം തന്നെ പുതിയവ കിളിര്‍ക്കുന്നതിനാല്‍ ഇവ എല്ലായ്പ്പോഴും ഇലകളാല്‍ നിബിഡമായിരിക്കും. ഇതര വനങ്ങളെ അപേക്ഷിച്ച് ഋതുഭേദങ്ങള്‍ക്കനുസൃതമായി ഉണ്ടാകുന്ന ഇല പൊഴിച്ചില്‍ കാര്യമായി ബാധിക്കാറില്ല എന്നതും സദാ പച്ചപ്പ് നിലനിര്‍ത്താന്‍ നിത്യഹരിതവനങ്ങളെ പര്യാപ്തമാക്കുന്നു.

വൃക്ഷയിനങ്ങളുടെ ആധിക്യമാണ് നിത്യഹരിത വനങ്ങളുടെ പ്രധാന സവിശേഷത. ഉയര്‍ന്ന താപനിലയും ജലലഭ്യതയുമാണ് ഈ വനങ്ങളുടെ മറ്റൊരു പ്രത്യേകത. ഒരേ ഇനം വൃക്ഷങ്ങള്‍ കൂട്ടത്തോടെ വളരുന്ന പ്രവണത നിത്യഹരിതവനങ്ങളില്‍ ദുര്‍ലഭമായിരിക്കും. മിക്കപ്പോഴും അഞ്ചു മീറ്ററില്‍ കൂടുതല്‍ ചുറ്റളവുള്ള വന്‍മരങ്ങളെ ഇവിടെ കാണാന്‍ കഴിയും. വലുപ്പമേറിയ ഇലകള്‍, ഭൂരിഭാഗവും മിനുസമേറിയതും നേര്‍ത്തതുമായ (1-2 മി.മീ.) വൃക്ഷചര്‍മം, മാംസളമായ ഫലങ്ങള്‍ എന്നിവയും നിത്യഹരിതവനങ്ങളിലെ വൃക്ഷങ്ങളെ വ്യതിരിക്തമാക്കുന്നു.

കാലാവസ്ഥ, വൃക്ഷങ്ങളിലെ ഇലകളുടെ പ്രത്യേകതകള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് നിത്യഹരിതവനങ്ങളെ വര്‍ഗീകരിക്കുന്നത്. ഉഷ്ണമേഖല (tropical), മധ്യ(middle), ബോറിയല്‍ (boreal) അക്ഷാംശങ്ങളിലായാണ് നിത്യഹരിതവനങ്ങള്‍ വ്യാപിച്ചിരിക്കുന്നത്. യുണൈറ്റഡ് നേഷന്‍സ് എന്‍വിറോണ്‍മെന്റ് പ്രോഗ്രാമിന്റെ വേള്‍ഡ് കണ്‍സര്‍വേഷന്‍ മോണിറ്ററിങ് സെന്ററിന്റെ (UNEP-WCMC) വനവര്‍ഗീകരണ രീതിപ്രകാരം ഉഷ്ണമേഖലാ പ്രദേശത്ത് കാണപ്പെടുന്ന നിത്യഹരിത വനങ്ങളാണ് മഴക്കാടുകള്‍ (Rainforests). സൂച്യാകാര ഇലകളോട് (needle leaf) കൂടിയവ, വീതിയേറിയ ഇലകളോടു (broad leaf) കൂടിയവ എന്നീ രണ്ട് തരം നിത്യഹരിത വനങ്ങളാണ് മിതോഷ്ണമേഖലയിലും ബോറിയല്‍ മേഖലയിലുമായി കാണപ്പെടുന്നത്.

ഉഷ്ണമേഖലാ മഴക്കാടുകള്‍ (Tropical Rainforests). ഭൂമധ്യരേഖയ്ക്ക് സമീപത്തായി കാണപ്പെടുന്ന വനങ്ങളാണ് ഉഷ്ണമേഖലാ മഴക്കാടുകള്‍. മറ്റുള്ള വനങ്ങളെ അപേക്ഷിച്ച് വൃക്ഷവൈവിധ്യത്താല്‍ ശ്രദ്ധേയമാണ് ഉഷ്ണമേഖലാ വനങ്ങള്‍. മിക്കപ്പോഴും ഒരു ഹെക്ടര്‍ സ്ഥലത്ത് 150-ഓളം വൃക്ഷയിനങ്ങള്‍ വളരുന്നുണ്ടാകും. തെക്കേ അമേരിക്കയിലെ ആമസോണ്‍ നദീതടം, ആഫ്രിക്കയിലെ കോംഗോ നദീതടം, ഏഷ്യയുടെ തെക്കു കിഴക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലായാണ് പ്രധാനമായും ഉഷ്ണമേഖലാ മഴക്കാടുകള്‍ വ്യാപിച്ചിരിക്കുന്നത്. ഇവിടുത്തെ വൃക്ഷങ്ങളില്‍ 75 ശതമാനത്തില്‍ അധികവും വീതിയേറിയ ഇലകളോട് കൂടിയവയാണ്. 200 സെ.മീ. വാര്‍ഷിക വര്‍ഷപാതവും 15-30°C ശരാശരി താപനിലയുമുള്ള പ്രദേശങ്ങളാണിവ. പൊതുവേ വരണ്ട കാലാവസ്ഥ ഇവിടെ അനുഭവപ്പെടാറില്ല. ഭൂമിയിലെ കരഭാഗത്തിന്റെ ഏകദേശം ഏഴു ശതമാനത്തോളം പ്രദേശത്താണ് ഉഷ്ണമേഖലാ മഴക്കാടുകള്‍ വ്യാപിച്ചിരിക്കുന്നതായി കണക്കാക്കുന്നത്.

Image:forest 1.png

ഒരു സുപ്രധാന ജൈവമേഖല കൂടിയാണ് ഉഷ്ണമേഖലാ മഴക്കാടുകള്‍. വൈവിധ്യമാര്‍ന്ന സസ്യ-ജന്തു ജാതികള്‍ ഇവിടുത്തെ പ്രത്യേകതയാണ്. മഴക്കാടുകളിലെ സസ്യങ്ങളെ സാധാരണയായി അഞ്ചു തട്ടുകളായി വര്‍ഗീകരിച്ചിരിക്കുന്നു. ഒന്നാമത്തെ തട്ടിലുള്ളതും ഏറ്റവും ഉയരക്കൂടുതല്‍ ഉള്ളതുമായ (ശ.ശ. 45-55 മീ.) വൃക്ഷങ്ങള്‍ പ്രരോഹങ്ങള്‍ (emergents) എന്ന പേരില്‍ അറിയപ്പെടുന്നു. ഇവ കൂടയുടെ ആകൃതിയിലുള്ള വനകമാനം (umbrella shaped canopy) പ്രദാനം ചെയ്യുന്നു. വളരെ ഉയരമേറിയ ഇത്തരം വൃക്ഷങ്ങളില്‍ പൊതുവേ ചെറിയ ഇലകളാണ് ഉള്ളത്. ഇതാകട്ടെ കാറ്റിനെ പ്രതിരോധിക്കാന്‍ സഹായകമാകുന്നു. ബ്രൊമീലിയ പോലുള്ള അധിപാദപങ്ങള്‍ (epiphytes) ഇവിടെ സുലഭമാണ്. കട്ടിയേറിയ കാണ്ഡത്തോടുകൂടിയ വള്ളികള്‍ (lianas) ഈ തട്ടിലെ വൃക്ഷങ്ങളില്‍ ചുറ്റി വളരുന്നുണ്ട്. 30-40 മീറ്റര്‍ ശരാശരി ഉയരമുള്ളതും ഇടതൂര്‍ന്ന് വളരുന്നവയുമാണ് രണ്ടാം തട്ടിലെ വൃക്ഷങ്ങള്‍. ഉയര്‍ന്ന ആര്‍ദ്രത അനുഭവപ്പെടുന്ന പ്രദേശമാണ് മൂന്നാം തട്ട്. ഇവിടുത്തെ വൃക്ഷങ്ങള്‍ 20-30 മീറ്റര്‍ വരെ ഉയരത്തില്‍ വളരും. കുറ്റിച്ചെടികള്‍ നിറഞ്ഞതാണ് നാലാം തട്ട്. പ്രരോഹികള്‍ക്കു ലഭിക്കുന്ന സൂര്യപ്രകാശത്തിന്റെ കേവലം മൂന്ന് ശതമാനം മാത്രമേ ഈ തട്ടിലെ സസ്യങ്ങള്‍ക്കു ലഭിക്കുന്നുള്ളൂ. തറനിരപ്പിലുള്ള അഞ്ചാം തട്ടില്‍ വളരെക്കുറച്ച് സസ്യങ്ങളേ-പ്രധാനമായും പുല്‍വര്‍ഗങ്ങള്‍-വളരുന്നുള്ളൂ. ഇവിടെയും പരാദസസ്യങ്ങളെ കാണാം. ലോകത്തിലെ ഏറ്റവും വലുപ്പമേറിയ പുഷ്പങ്ങളുള്ള റഫ്ളീഷിയ അര്‍നോള്‍ഡി ഉഷ്ണമേഖലാ മഴക്കാടുകളിലാണ് വളരുന്നത്.

താരതമ്യേന പോഷകമൂല്യം കുറഞ്ഞ മണ്ണാണ് ഉഷ്ണമേഖലാ മഴക്കാടുകളിലേത്. അതിനാല്‍ മണ്ണിലെ പോഷകങ്ങളെ പരമാവധി ആഗിരണം ചെയ്യാന്‍ ശേഷിയുള്ള സവിശേഷതരം വേരുപടലം ഇവിടുത്തെ വൃക്ഷങ്ങളില്‍ കാണാം. വൃക്ഷങ്ങളില്‍ അധിപാദപമായി വളരുന്ന സസ്യങ്ങളില്‍നിന്ന് പ്രത്യേകതരം വേരുകള്‍ ഉപയോഗിച്ചും വേരുകളിലുള്ള മൈകോറൈസ പോലുള്ള ഫംഗസുകളുമായി ചേര്‍ന്നും നിത്യഹരിതവൃക്ഷങ്ങള്‍ പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നുണ്ട്. ചില വൃക്ഷങ്ങളില്‍ തടിയുടെ ചുവടുഭാഗമോ വേരിന്റെ ഭാഗമോ ക്രമാധികം വലുപ്പമാര്‍ന്ന് താങ്ങ് (ബട്രസ്) ആയി മാറിയിരിക്കുന്നു. ഈ താങ്ങ് വലുപ്പം കൂടിയ വൃക്ഷങ്ങളെ താങ്ങി നിര്‍ത്താന്‍ സഹായിക്കുന്നു.

വൈവിധ്യമേറിയ ജന്തുസമ്പത്തിനാല്‍ സമ്പന്നമാണ് ഉഷ്ണമേഖലാ മഴക്കാടുകള്‍. ഇവിടെ കാണുന്ന മിക്ക ഉരഗങ്ങളും ഉഭയജീവികളും മരത്തില്‍ ജീവിക്കാന്‍ പറ്റിയ അനുകൂലനങ്ങള്‍ ആര്‍ജിച്ചവയാണ്. ശരീരത്തില്‍ തിളക്കമേറിയ നിറങ്ങള്‍, അടയാളങ്ങള്‍, ഉച്ചത്തിലുള്ള ശബ്ദം എന്നിവ ഇവിടെയുള്ള ജന്തുക്കളുടെ പൊതുസ്വഭാവമാണ്. മരത്തവളകള്‍, പുലി, ഷഡ്പദങ്ങള്‍, ഉറുമ്പുതീനികള്‍ തുടങ്ങിയവ ഉഷ്ണമേഖലാ മഴക്കാടുകളില്‍ സുലഭമാണ്.

ബോറിയല്‍ വനങ്ങള്‍. വടക്കേ അമേരിക്കയുടെ വടക്കന്‍ പ്രദേശങ്ങള്‍, ഏഷ്യയുടെ ചില പ്രദേശങ്ങള്‍ യൂറോപ്പിന്റെ വടക്കുഭാഗം എന്നിവിടങ്ങളിലാണ് ബോറിയല്‍ വനങ്ങള്‍ വ്യാപിച്ചിരിക്കുന്നത്. തൈഗ (taiga) എന്ന പേരിലും ഇവ അറിയപ്പെടുന്നു. വനകമാനത്തില്‍ 20 മീറ്ററോളം ഉയരത്തില്‍ വളരുന്ന വൃക്ഷങ്ങളെ കാണാം. ഇവിടുത്തെ വൃക്ഷങ്ങളില്‍ അധികവും സ്പ്രൂസ്, ഫിര്‍, പൈന്‍ തുടങ്ങിയ സൂചി ഇലകളോടു കൂടിയ നിത്യഹരിത വൃക്ഷങ്ങളാണ്. ചെറു സസ്തനികള്‍ക്കു പുറമേ കരടി, ബീവര്‍ തുടങ്ങിയ ജന്തുക്കളും കഴുകന്‍, വാര്‍ബിള്‍, മരംകൊത്തി തുടങ്ങിയ പക്ഷികളും ഉള്‍പ്പെടുന്നതാണ് ബോറിയല്‍ വനങ്ങളിലെ ജന്തുജാലം.

മിതോഷ്ണ മേഖലാ നിത്യഹരിതവനങ്ങള്‍ (Temperate evergreen forests). വടക്കേ അമേരിക്കയുടെ വടക്ക്-പടിഞ്ഞാറന്‍ പ്രദേശങ്ങള്‍, പടിഞ്ഞാറന്‍ ചിലി, തെക്കുകിഴക്കന്‍ ആസ്റ്റ്രേലിയ, ടാസ്മാനിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലാണ് ഈ വിഭാഗം വനങ്ങള്‍ കാണപ്പെടുന്നത്. കുത്തനെയുള്ള ചരിവുകളില്‍ സ്ഥിതിചെയ്യുന്ന ഈ വനങ്ങളില്‍ പടിഞ്ഞാറന്‍ കാറ്റ് യഥേഷ്ടം ലഭിക്കും. ഉയര്‍ന്നതോതിലുള്ള മഴ ഈ വനങ്ങളുടെ മറ്റൊരു പ്രത്യേകതയാണ്.

Image:forest 4 layers1.png

ഏറ്റവും ഉയരംകൂടിയ വൃക്ഷമായ സെക്വോയ വടക്കേ അമേരിക്കയിലെ നിത്യഹരിതവനങ്ങളിലാണ് കാണപ്പെടുന്നത്. ഇവിടെ 75 ശതമാനത്തോളവും ഫിര്‍, സ്പ്രൂസ്, ഹെംലോക്ക്, റെഡ് സെഡാര്‍ തുടങ്ങിയ സൂചി ഇല വൃക്ഷങ്ങളാണ് ഉള്ളത്. ചിലിയില്‍ ആന്റിസ് പര്‍വതത്തിന്റെ വശങ്ങളിലാണ് ഇത്തരം വനങ്ങള്‍ കാണപ്പെടുന്നത്. നിത്യഹരിത വൃക്ഷങ്ങളോടൊപ്പം ചില ഇലപൊഴിയും വൃക്ഷങ്ങളെയും ഇവിടെ കാണാം. നിത്യഹരിത കുറ്റിച്ചെടികള്‍ കൊണ്ട് അടിക്കാട് (understorey) സമ്പന്നമായിരിക്കുന്നു. പറക്കാന്‍ കഴിവില്ലാത്ത കിവി പക്ഷികള്‍ ന്യൂസിലന്‍ഡിലെ നിത്യഹരിത വനങ്ങളില്‍ സാധാരണമാണ്.

Image:boreal.png

ലെബനന്‍, മൊറോക്കോ തുടങ്ങിയ മെഡിറ്ററേനിയന്‍ രാജ്യങ്ങളിലാണ് വീതിയുള്ള ഇലകളോടുകൂടിയ നിത്യഹരിതവനങ്ങള്‍ സ്ഥിതിചെയ്യുന്നത്. കാഠിന്യമേറിയ തടി ഇവിടുത്തെ വൃക്ഷങ്ങളുടെ പ്രത്യേകതയാണ്. മണലിന്റെ അംശം കൂടുതലുള്ള മണ്ണില്‍ വളരുന്ന ഈ വൃക്ഷങ്ങള്‍ക്ക് കാട്ടുതീ, വരള്‍ച്ച തുടങ്ങിയ പ്രതികൂല കാലാവസ്ഥകളെ അതിജീവിക്കാനുള്ള കഴിവുണ്ട്. ഓക്ക് മരങ്ങളാണ് ഇവിടെ കൂടുതലായി കാണപ്പെടുന്നത്. ആഫ്രിക്കയുടെ തെക്കുഭാഗങ്ങള്‍, തെക്ക്-പടിഞ്ഞാറന്‍ ആസ്റ്റ്രേലിയ തുടങ്ങിയ ഇടങ്ങളിലും ഇത്തരം വനങ്ങള്‍ കാണാന്‍ കഴിയും. കാനറി ദ്വീപുകളില്‍ ഉള്ള നിത്യഹരിതവനങ്ങളില്‍ ലോറല്‍ വൃക്ഷങ്ങളാണ് കൂടുതല്‍. ഷഡ്പദങ്ങളുടെ, പ്രത്യേകിച്ചു ചിത്രശലഭങ്ങളുടെ വൈവിധ്യത്താല്‍ സമ്പന്നമാണ് ഈ വനങ്ങള്‍. കൂടാതെ നിരവധി ഇനം പാമ്പുകളും പല്ലികളും ഇവിടെ കാണപ്പെടുന്നുണ്ട്.

Image:forest 5 fir tree.png Image:forest pinetree.png Image:forest spruce.png

പൂര്‍ണമായും നിത്യഹരിതവനങ്ങള്‍ എന്നു പറയാന്‍ കഴിയില്ലെങ്കിലും നിത്യഹരിതവൃക്ഷങ്ങള്‍ ധാരാളമുള്ള ഒരു വനവിഭാഗമാണ് അര്‍ധനിത്യഹരിതവനങ്ങള്‍ (Semi evergreen forests). നിത്യഹരിത വനങ്ങള്‍ക്കും നനവാര്‍ന്ന ഇലപൊഴിയും കാടുകള്‍ക്കും മധ്യേ സംക്രമണ ഘട്ടത്തിലുള്ള (transitional stage) വനങ്ങളാണിവ. ഒന്നാംതട്ടില്‍ നിത്യഹരിതവൃക്ഷങ്ങള്‍ക്കൊപ്പം ഇലപൊഴിയും (deciduous) വൃക്ഷങ്ങളെയും കാണാന്‍ കഴിയും. താഴെത്തട്ടിലുള്ള വൃക്ഷങ്ങളെല്ലാം നിത്യഹരിത വനങ്ങള്‍ക്ക് സമാനമായവയാണ്. ഇവിടെയുള്ളതില്‍ 50-70 ശതമാനവും നിത്യഹരിത വൃക്ഷങ്ങള്‍ ആയിരിക്കും. പുഷ്പിക്കുന്നതിനും കായ് ഉണ്ടാകുന്നതിനും പ്രത്യേകകാലം (season) ഉണ്ടായിരിക്കും എന്നതാണ് ഇവയ്ക്ക് നിത്യഹരിത വനങ്ങളില്‍നിന്നുള്ള വ്യത്യാസം. താരതമ്യേന ദൈര്‍ഘ്യമേറിയ വരണ്ടകാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്.

ഇന്ത്യയില്‍ നിത്യഹരിതവനങ്ങള്‍ പ്രധാനമായും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, പശ്ചിമഘട്ടം, വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലാണ് വ്യാപിച്ചിരിക്കുന്നത്. സ്പീഷീസ് വൈവിധ്യം കൊണ്ട് (200-ലധികം സ്പീഷീസ്) ശ്രദ്ധേയമായതാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹം. ഇവിടെ നിത്യഹരിത-അര്‍ധനിത്യഹരിത വൃക്ഷങ്ങള്‍ ഇടതൂര്‍ന്ന് കാണപ്പെടുന്നു.

Image:forest 7.png

നിത്യഹരിത വനങ്ങളുടെ സാന്നിധ്യം എടുത്തുപറയേണ്ട ഒരു പ്രദേശമാണ് പശ്ചിമഘട്ടം. 45 മീറ്ററില്‍ അധികം ഉയരത്തില്‍ വളരുന്ന വൃക്ഷങ്ങളെ ഇവിടെ കാണാം. ഫേണുകള്‍, പന്നല്‍ച്ചെടികള്‍, ഓര്‍ക്കിഡുകള്‍ തുടങ്ങിയവയുടെ നിരവധി വന്യ ഇനങ്ങളും ഇവിടെ വളരുന്നുണ്ട്. ചൂരല്‍, മുളകള്‍ എന്നിവയും പശ്ചിമഘട്ടത്തിലെ നിത്യഹരിതവനങ്ങളില്‍ വ്യാപകമായി കാണപ്പെടുന്നുണ്ട്. ഇന്ത്യയിലെ ജൈവവൈവിധ്യത്തിന്റെ മൂന്നില്‍ രണ്ടുഭാഗവും പശ്ചിമഘട്ടത്തിലാണുള്ളത്. സമുദ്രനിരപ്പില്‍ നിന്നും 250-1700 മീറ്റര്‍ ഉയരത്തില്‍ വ്യാപിച്ചിരിക്കുന്ന നിത്യഹരിതവനങ്ങളിലെ വാര്‍ഷിക വര്‍ഷപാതം 1500-5000 മില്ലീമീറ്ററിനു മധ്യേയാണ്. പാലി, നാങ്ക്, കലോഫിലം തുടങ്ങിയ വൃക്ഷങ്ങള്‍ ഇവിടെ സാധാരണമാണ്.

അസം, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, മേഘാലയ, അരുണാചല്‍ പ്രദേശിലെ ചില ഭാഗങ്ങള്‍ തുടങ്ങിയ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും നിത്യഹരിത വനങ്ങള്‍ വ്യാപിച്ചിരിക്കുന്നു. അസം താഴ്വരകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ മഴക്കാടുകളാണുള്ളത്. ഇവിടെ 2300 മി.മീ.-ല്‍ അധികമാണ് വാര്‍ഷിക വര്‍ഷപാതം. അസം താഴ്വരയില്‍ 50 മീറ്ററില്‍ അധികം ഉയരത്തിലും ഏഴു മീറ്ററോളം വണ്ണത്തിലും വളരുന്ന ഷോറിയ അസമിക്ക എന്ന വൃക്ഷം വ്യാപകമായി കാണപ്പെടുന്നു.

Image:forest cedartree.png Image:forest hemlock_tree.png Image:forest sequoia.png

കേരളത്തിലെ വനങ്ങളുടെ ഏകദേശം നാലില്‍ ഒന്ന് ഭാഗത്തോളവും നിത്യഹരിതവനങ്ങളാണ് (3.48 ലക്ഷം ഹെക്ടര്‍). പശ്ചിമ ഘട്ടത്തിന്റെ പ്രാന്തപ്രദേശങ്ങളിലാണ് ഇവ വ്യാപകമായിട്ടുള്ളത്. കേരളത്തിലെ ദേശീയോദ്യാനങ്ങള്‍, പ്രത്യേകിച്ചും സൈലന്റ്വാലി, നിത്യഹരിതവനങ്ങളാല്‍ സമ്പന്നമാണ്. കേരളത്തിലെ നിത്യഹരിത വനങ്ങളെ മൂന്നായി തരംതിരിച്ചിരിക്കുന്നു.

1. ദക്ഷിണ പര്‍വതമുകള്‍ നിത്യഹരിതവനങ്ങള്‍ (Southern Hilltop Tropical Evergreen Forests). ഒരു മാതൃകാ നിത്യഹരിതവനത്തിനെ അപേക്ഷിച്ച് ഉയരം കുറഞ്ഞ വൃക്ഷങ്ങളാണ് ഇവിടെയുള്ളത്. കുന്നുകളുടെ മുകളിലും ചരിവുകളിലുമാണ് ഇത്തരം വനങ്ങള്‍ കാണപ്പെടുന്നത്. പശ്ചിമഘട്ടത്തിന്റെ ചില ഭാഗങ്ങളില്‍ കാണപ്പെടുന്ന പര്‍വതമുകള്‍ വനങ്ങളില്‍ ശരാശരി 4500 മില്ലിമീറ്ററില്‍ അധികം വാര്‍ഷികവര്‍ഷപാതവും ഉയര്‍ന്ന ആര്‍ദ്രതയും അനുഭവപ്പെടുന്നു. നൂറുകണക്കിന് ഇനം മുളകളും വളളിച്ചെടികളും ഇവിടുത്തെ പ്രത്യേകതകളാണ്.

2. പടിഞ്ഞാറന്‍ തീര നിത്യഹരിതവനങ്ങള്‍ (West Coast Evergreen forests). കേരളത്തിന്റെ പടിഞ്ഞാറന്‍ തീരപ്രദേശത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ വിഭാഗം നിത്യഹരിതവനങ്ങള്‍ നിരവധി സ്പീഷീസ് സസ്യജന്തുജാലങ്ങളാല്‍ അനുഗൃഹീതമാണ്. 45 മീറ്ററില്‍ അധികം ഉയരമുള്ള വൃക്ഷങ്ങളാല്‍ നിബിഡമാണ് ഈ വനങ്ങള്‍. 250-1200 മീ. വരെ ഉന്നതിയിലാണ് ഈ വിഭാഗം വനങ്ങള്‍ കാണപ്പെടുന്നത്. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം കൂടുതലുള്ള പ്രദേശങ്ങളില്‍ ഇത്തരം വനങ്ങളുടെ ഉയരം കുറയുന്നു. 1500-5000 മില്ലിമീറ്ററാണ് ശരാശരി വാര്‍ഷിക വര്‍ഷപാതം. നാങ്ക് (Mesua ferrea) പാലി (Palaquium ethipticum), വെടിപ്ലാവ് (Cullenia exarillata) എന്നിവ ഇവിടുത്തെ ചില വൃക്ഷങ്ങളാകുന്നു. മറ്റു നിത്യഹരിത വനങ്ങളില്‍ സുലഭമായി കണ്ടുവരുന്ന കല്‍പ്പയന്‍ (Dipterocarpus indicus), കമ്പകം (Hopea parvifolia) എന്നീ വൃക്ഷങ്ങള്‍ കാണപ്പെടുന്നില്ല എന്നത് ഈ വിഭാഗത്തിന്റെ പ്രത്യേകതയാണ്. മൃദുലമായ കാണ്ഡത്തോടുകൂടിയ വള്ളിച്ചെടികളും ഇവിടെ ധാരാളമായുണ്ട്.

3. നനവാര്‍ന്ന നിത്യഹരിത-അര്‍ധനിത്യഹരിത ക്ലൈമാക്സ് വനങ്ങള്‍ (Wet evergreen and semievergreen climax forests). പശ്ചിമഘട്ടത്തില്‍ 2000 മി.മീറ്ററില്‍ അധികം മഴ ലഭിക്കുന്നതും സദാ കാറ്റ് വീശുന്നതുമായ പ്രദേശങ്ങളിലാണ് ഈ തരം നിത്യഹരിതവനങ്ങള്‍ കാണപ്പെടുന്നത്. ഓരോ പ്രദേശത്തും അനുഭവപ്പെടുന്ന ആര്‍ദ്രത, മഴ തുടങ്ങിയ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് അനുസൃതമായി സസ്യജന്തുജാലങ്ങളിലും സാരമായ വ്യത്യാസം അനുഭവപ്പെടുന്നുണ്ട്. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം അനുസരിച്ച് ഈ വനങ്ങളെ വീണ്ടും മൂന്നായി തിരിച്ചിരിക്കുന്നു. 1. താഴ്ന്ന (0-800 മീ.) 2. ഇടത്തരം (800-1450) 3. ഉയര്‍ന്ന (1400-1800) നിത്യഹരിതവനങ്ങള്‍ എന്നിങ്ങനെ.

Image:silent valley park.png

കേരളത്തിലെ നിത്യഹരിത വനങ്ങളില്‍ വെള്ള പൈന്‍ (Vateria indica), പാലി (Palaquim ellipticum), കല്‍പയിന്‍ (Dipterocarpus indicus), കമ്പകം (Hopea parviflora), വെടിപ്ലാവ് (Cullenia exarillata), നാങ്ക് (Mesua ferrea), കുളമാവ് (Machilus macrantha), ആഞ്ഞിലി (Artocarpus hirsuta) എന്നിവ ഒന്നാം തട്ടിലും സിന്ദൂരം (Mallotus philippensis), പൂവം (Schleichera oleosa), കാരമാവ് (Eleocarpus serratus), നെടുനാര്‍ (Polyalthia fragrans), വഴന (Cinnamomum ceylanica), ചേര് (Holigarna arnottiana), ചോരപ്പാലി (Myristica beddomi), വട്ട (Macaranga peltata) എന്നിവ രണ്ടാം തട്ടിലും വളരുന്നു. മണിപ്പെരണ്ടി (Leea indica), ഏലം (Elettaria cardamomum), കരിങ്കുറിഞ്ഞി (Strobilanthus sps), കൂര (Curcuma sps) എന്നിവയാണ് മൂന്നാം തട്ടിലെ പ്രധാന സസ്യയിനങ്ങള്‍. കൂടാതെ ചൂരല്‍ (Calamus sps), രാമദന്തി (Smylax ceylanica), കാട്ടുമുരുളക് (Pepper sps) തുടങ്ങിയ വള്ളിച്ചെടികളും നിത്യഹരിതവനങ്ങളില്‍ വളരുന്നുണ്ട്.

Image:S1 wynadan chirippa.png Image:S1 Columba elphinstonii.png Image:s1 AsianFairyBluebirdmale.png Image:S1 NFPNzK_fs.png

ജന്തുവൈവിധ്യംകൊണ്ടും ശ്രദ്ധേയമാണ് നിത്യഹരിതവനങ്ങള്‍. കേരളത്തിലെ നിത്യഹരിതവനങ്ങളില്‍ പ്രത്യേകിച്ചും സൈലന്റ്വാലിയില്‍ കണ്ടുവരുന്ന ഒരു സസ്തനിയാണ് സിംഹവാലന്‍ കുരങ്ങ് (Lion tailed macaque). ആന, കുറുക്കന്‍, കാട്ടുപോത്ത്, പുലി, പുള്ളിമാന്‍ തുടങ്ങിയവയാണ് ഇവിടെ സാധാരണയായി കണ്ടുവരുന്ന മറ്റു മൃഗങ്ങള്‍. കൂടാതെ വിവിധയിനം ഷഡ്പദങ്ങളെയും കേരളത്തിലെ നിത്യഹരിതവനങ്ങളില്‍ കാണാന്‍കഴിയും. നീലയക്ഷിപ്പക്ഷികള്‍ (fariy blue birds), വലിയ കരിംചുണ്ടന്‍ മരംകൊത്തി (great black beaked woodpecker), ഇന്ത്യന്‍ ഹോsilent valley park.pngണ്‍ബില്‍, നീലഗിരി കാട്ടുപ്രാവ് (Nilgiri woodpigeon), വയനാടന്‍ ചിരിപ്പക്ഷി (Wynad laughing thrush) തുടങ്ങിയ പക്ഷികള്‍ കേരളത്തിലെ നിത്യഹരിതവനങ്ങളില്‍ മാത്രം കണ്ടുവരുന്നവയാണ്.

ഇടതൂര്‍ന്ന നിത്യഹരിതവനങ്ങള്‍, ഭൂമിക്കു മുകളില്‍ ഒരു ആവരണംപോലെ നിലകൊള്ളുന്നതിനാല്‍ വേനല്‍ക്കാലങ്ങളില്‍ ബാഷ്പീകരണത്തിന്റെ തോത് നന്നെ കുറയ്ക്കുകയും മണ്ണിലെ ഈര്‍പ്പത്തെ നിലനിര്‍ത്തുകയും ചെയ്യുന്നു. കൂടാതെ മണ്ണിന്റെ ജലാഗ്രഹണ (recharge) സാധ്യതയും ഇവിടെ കൂടുതലാണ്. തടികള്‍, തടിയേതര വനവിഭവങ്ങള്‍, ഈറ്റ, ചൂരല്‍ തുടങ്ങിയവയ്ക്കു പുറമേ ഔഷധസസ്യങ്ങളും നിത്യഹരിതവനങ്ങളില്‍ നിന്നു ലഭ്യമാണ്. എന്നാല്‍ ഇന്ന് മനുഷ്യന്റെ വിവേചനരഹിതമായ മരം മുറിക്കലും മറ്റു അധിനിവേശ പ്രവര്‍ത്തനങ്ങളും നിത്യഹരിതവനങ്ങളുടെ നിലനില്പിന് തന്നെ ഭീഷണിയായിരിക്കുന്നു. ഇത്തരം വനങ്ങള്‍ ഒരിക്കല്‍ നശിപ്പിക്കപ്പെട്ടാല്‍ പൂര്‍വസ്ഥിതി പ്രാപിക്കുന്നതിനുള്ള സാധ്യത വളരെ കുറവായതിനാല്‍ നിത്യഹരിത വനങ്ങളുടെ സംരക്ഷണം വളരെയേറെ ഗൌരവത്തോടെ പരിഗണിക്കേണ്ട ഒന്നാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍