This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിഖ്യാ സുന്നഹദോസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിഖ്യാ സുന്നഹദോസ്

പുരാതന ക്രൈസ്തവ സഭകളെല്ലാം അംഗീകരിക്കുന്ന ആദ്യ സാര്‍വത്രിക സുന്നഹദോസ് (മതാധ്യയനം, സഭയിലെ ഭരണപരമായ വിഷയങ്ങള്‍ തുടങ്ങിയവയിലെ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് രൂപം നല്കുന്നതിനായി ചേരുന്ന ആധികാരിക സമ്മേളനം). എ.ഡി. 325-ല്‍ നിഖ്യാ നഗരത്തില്‍ (ഇന്നത്തെ ടര്‍ക്കിയില്‍) റോമാ ചക്രവര്‍ത്തിയായ കുസ്തന്തീനോസ് വിളിച്ചുകൂട്ടി. അങ്കാറായില്‍ കൂടുവാനായിരുന്നു ആദ്യ തീരുമാനമെങ്കിലും സുന്നഹദോസു കൂടിയത് ബിഥ്യന്യായിലെ നിഖ്യായിലായിരുന്നു. പാരമ്പര്യമനുസരിച്ച് എ.ഡി. 325 ജൂണ്‍ മാസത്തില്‍ സമ്മേളനമാരംഭിച്ചു. പ്രധാനമായും അറിയോസിന്റെ വേദവിപരീതത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുവാനാണ് സുന്നഹദോസ് കൂടിയത്. അറിയോസ് ഈജിപ്തിലെ അലക്സാന്ത്രിയന്‍ സഭയിലെ ഒരു വൈദികനായിരുന്നു. വിശുദ്ധ ത്രിത്വത്തിലെ പുത്രനാം ദൈവം പിതാവാം ദൈവത്തില്‍നിന്ന് ജനിച്ചതിനാല്‍ പുത്രന്‍ ഇല്ലാതിരുന്ന കാലമുണ്ടായിരുന്നു; പിതാവിനോട് നിത്യതയിലും സാരാംശത്തിലും സമനല്ല; മനുഷ്യനെക്കാള്‍ പുത്രന്‍ ഉന്നതനാണെങ്കിലും ദൈവത്വത്തില്‍ പിതാവിനെക്കാളും താഴ്ന്നവനാണ്; പുത്രന്‍ സകല സൃഷ്ടിക്കും മുന്‍പേ ശൂന്യതയില്‍ നിന്നും പിതാവിനാല്‍ സൃഷ്ടിക്കപ്പെട്ടു എന്നിങ്ങനെയായിരുന്നു അറിയോസ് പഠിപ്പിച്ചത്. തുടര്‍ന്ന് അലക്സാന്ത്രിയായിലെ ബിഷപ്പായിരുന്ന അലക്സാണ്ടര്‍ അറിയോസിനെ മുടക്കി. അറിയോസിനെ അനുകൂലിച്ചിരുന്ന ഒരു വിഭാഗം ഉണ്ടായിരുന്നതിനാല്‍ സഭയില്‍ ഭിന്നതകള്‍ ഉടലെടുത്തു.

നിഖ്യാ സുന്നഹദോസില്‍ പങ്കെടുത്ത ബിഷപ്പുമാരുടെ കൃത്യമായ എണ്ണം അറിവില്ല. വി. അത്താനാസ്യോസിന്റെ ഒരു ലേഖനമനുസരിച്ച് 318 പിതാക്കന്മാരാണ് പങ്കെടുത്തത്. ഉത്പത്തി 14.14-ന്റെ അടിസ്ഥാനത്തിലുണ്ടായ പില്ക്കാല പാരമ്പര്യമാണ് 318 പിതാക്കന്മാരെന്ന സംഖ്യയെന്നാണ് പണ്ഡിതമതം. പങ്കെടുത്തവരില്‍ ആറുപേര്‍ മാത്രമേ പാശ്ചാത്യസഭയില്‍നിന്നും ഉണ്ടായിരുന്നുള്ളു. ബാക്കിയുള്ളവര്‍ പൌരസ്ത്യരായിരുന്നു.

നിഖ്യാ സുന്നഹദോസ് അറിയോസിനെ ശപിക്കുകയും, പൊതുവായൊരു വിശ്വാസപ്രമാണം അംഗീകരിക്കുകയും ചെയ്തതുകൂടാതെ ഉയിര്‍പ്പു പെരുന്നാളാഘോഷത്തെ സംബന്ധിച്ച് സഭയിലുണ്ടായിരുന്ന അഭിപ്രായ ഭിന്നതകള്‍ക്ക് വിരാമമിടുകയും, സഭാഭരണവും ആചാരാനുഷ്ഠാനങ്ങളും സംബന്ധിച്ച ഇരുപത് കാനോനുകള്‍ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. എ.ഡി. 313-ല്‍ ക്രിസ്തുമതത്തെ റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് 325-ല്‍ കൂടിയ നിഖ്യാ സുന്നഹദോസ് സാമ്രാജ്യത്തിലെ സഭയുടെ ഭരണസംവിധാനത്തിന്റെ രൂപീകരണത്തിലും നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.

നിഖ്യാവിശ്വാസപ്രമാണം എന്നു പൊതുവേ അറിയപ്പെടുന്ന വിശ്വാസപ്രമാണം ഇന്നത്തെ രൂപത്തിലായത് എ.ഡി. 381-ല്‍ കുസ്തന്തിനോസ്പൊലിസ് നഗരത്തില്‍ ചേര്‍ന്ന ദ്വിതീയ സാര്‍വത്രിക സുന്നഹദോസില്‍ വച്ചാണ്. അതിനാല്‍ നിഖ്യാ-കുസ്തന്തിനോസ്പൊലിസ് വിശ്വാസപ്രമാണം എന്ന പേരാണ് ചരിത്രപരമായി ശരിയായിട്ടുള്ളത്. സഭകളുടെ ഐക്യത്തിനുള്ള അടിസ്ഥാനരേഖയായി നിഖ്യാ-കുസ്തന്തീനോസ്പൊലീസ് വിശ്വാസപ്രമാണത്തെ അപ്പൊസ്തോലിക സഭകള്‍ കണക്കാക്കുന്നു. നിഖ്യാ സുന്നഹദോസില്‍ വച്ച് ഒരു പുതിയ വിശ്വാസപ്രമാണം എഴുതിയുണ്ടാക്കി അംഗീകരിക്കുകയല്ല ചെയ്തത്. നിഖ്യായ്ക്ക് മുമ്പ് പല പ്രാദേശിക സഭകള്‍ക്കും സ്വന്തമായ വിശ്വാസപ്രമാണങ്ങള്‍ ഉണ്ടായിരുന്നു. യെറുശലേം സഭയുടെ വിശ്വാസപ്രമാണം ചില ഭേദഗതികളോടെ സ്വീകരിച്ചതായിരിക്കണം നിഖ്യാ വിശ്വാസപ്രമാണമായി പിന്നീട് അറിയപ്പെട്ടത്. എന്നാല്‍ കൈസറിയായിലെ വിശ്വാസപ്രമാണമാണ് നിഖ്യായില്‍ അംഗീകരിച്ചതെന്ന് ഒരു വാദം ഉണ്ടെങ്കിലും, അതിന്ന് പൊതുവേ അംഗീകരിക്കപ്പെടുന്നില്ല. നിഖ്യായില്‍ അംഗീകരിച്ച വിശ്വാസപ്രമാണത്തില്‍ അറിയോസിനെതിരായ പല വാചകങ്ങളും ഉപയോഗിച്ചിട്ടുണ്ട്. സാരാംശത്തില്‍ പിതാവിനോടു സമത്വമുള്ളവന്‍ (homo ousios), സര്‍വലോകങ്ങള്‍ക്കും മുമ്പില്‍ പിതാവില്‍നിന്ന് ജനിച്ചവനും പ്രകാശത്തില്‍ നിന്നുള്ള പ്രകാശവും, സത്യദൈവത്തില്‍നിന്നുള്ള സത്യദൈവവും, ജനിച്ചവനും സൃഷ്ടിയില്ലാത്തവനും എന്നിവ അറിയോസിന്റെ വേദവിപരീതത്തിനുള്ള മറുപടിയാണ്.

നിഖ്യാ വിശ്വാസപ്രമാണം വി. കുര്‍ബാനയില്‍ ഉപയോഗിക്കുന്ന രീതി ഏര്‍പ്പെടുത്തിയത് എ.ഡി. 473-ല്‍ അന്തൊഖ്യാ പാത്രീയാര്‍ക്കീസായിരുന്ന വി. പത്രോസ് പ്രഥമന്‍ ആണ് (Peter the Fuller). എ.ഡി. 451-ലെ കല്ക്കദോന്യ സുന്നഹദോസിനെതിരായി, ഓര്‍ത്തഡോക്സ് സഭകള്‍ നിഖ്യാവിശ്വാസം പിന്‍തുടരുന്നു എന്നു കാണിക്കുവാനാണ് അദ്ദേഹം ഇതാരംഭിച്ചത്. തുടര്‍ന്ന് കോണ്‍സ്റ്റാന്റിനോപ്പിളിലും വി. കുര്‍ബാനയില്‍ വിശ്വാസപ്രമാണം ചൊല്ലിത്തുടങ്ങി. പാശ്ചാത്യരുടെ ഇടയില്‍ ആദ്യമായി നിഖ്യാവിശ്വാസപ്രമാണം ഉപയോഗിച്ചത് 589-ല്‍ സ്പെയിനിലെ മൂന്നാം റ്റോളദോ (Toledo) സുന്നഹദോസില്‍ വച്ചായിരുന്നു. ഷാര്‍ലമെയ്ന്‍ ചക്രവര്‍ത്തിയുടെ കാലത്ത് (എ.ഡി. 800) പാശ്ചാത്യര്‍ പലരും വിശ്വാസപ്രമാണം ഉപയോഗിച്ചുതുടങ്ങിയെങ്കിലും, റോമിലെ ആരാധനയില്‍ ഇതിനു സ്ഥാനം ലഭിച്ചത് എ.ഡി. 1014-ല്‍ ബനഡിക്റ്റ് ഏഴാമന്‍ പാപ്പായുടെ കാലത്തു മാത്രമാണ്. ചര്‍ച്ച് ഒഫ് ഇംഗ്ലണ്ട് മുതലായ പ്രൊട്ടസ്റ്റന്റ് സഭകള്‍ ആരാധനയില്‍ ഉപയോഗിക്കുന്ന അപ്പോസ്തോലിക വിശ്വാസപ്രമാണം, നിഖ്യാ വിശ്വാസപ്രമാണത്തിന്റെ ഒരു സംഗ്രഹിത രൂപമാണ്.

നിഖ്യാ സുന്നഹദോസ് 2. ബൈസാന്തിയന്‍-റോമന്‍ പാരമ്പര്യത്തില്‍ ഏഴാമത്തെ സാര്‍വത്രിക സുന്നഹദോസ്. എ.ഡി. 787-ല്‍ നിഖ്യായില്‍ കൂടി. സഭയില്‍ ഐക്കണുകളുടെ (വിശുദ്ധ ചിത്രങ്ങള്‍) ഉപയോഗത്തെപ്പറ്റിയുള്ള വിവാദം രൂക്ഷമായതിനെത്തുടര്‍ന്ന് ആ വിഷയത്തില്‍ തീരുമാനമെടുക്കുവാനാണ് ഈ സുന്നഹദോസ് കൂടിയത്. കുസ്തന്തീനോസ്പൊലിസിലെ പാത്രിയര്‍ക്കീസായിരുന്ന തരാസിയസിന്റെ പ്രേരണയില്‍ ഐറേന ചക്രവര്‍ത്തിനിയാണ് വിളിച്ചുകൂട്ടിയത്. ചക്രവര്‍ത്തിനി റോമിലെ ഹെഡ്രിയന്‍ ഒന്നാമന്‍ പാപ്പായെ ക്ഷണിച്ചുവെങ്കിലും അദ്ദേഹത്തിന്റെ രണ്ടു പ്രതിനിധികള്‍ മാത്രമേ പങ്കെടുത്തുള്ളൂ. മുസ്ലിം ഭരണാധികാരികളുടെ അനുവാദം കിട്ടാതിരുന്നതിനാല്‍ അവരുടെ ഭരണസീമയിലുള്ള അലക്സാന്ത്രിയാ, അന്ത്യൊഖ്യാ, യെറുശലേം എന്നീ പാത്രിയര്‍ക്കീസന്മാര്‍ പങ്കെടുത്തില്ല. അവരുടെ പ്രതിനിധികളായി ഈരണ്ടു സന്ന്യാസിമാര്‍ വീതം സുന്നഹദോസില്‍ സംബന്ധിച്ചു.

786 ആഗസ്റ്റ് 16-ന് സുന്നഹദോസ് സമ്മേളിച്ചുവെങ്കിലും ഐക്കണ്‍ വിരോധികളായ പടയാളികള്‍ യോഗം അലങ്കോലപ്പെടുത്തി. തുടര്‍ന്ന് 787 സെപ്. 24-നാണ് സുന്നഹദോസ് ചേര്‍ന്നത്. ഐക്കണുകളെ വണങ്ങുന്നത് വിശ്വാസാധിഷ്ഠിതമാണെങ്കിലും ആരാധാന ദൈവത്തിനുമാത്രം അര്‍പ്പിക്കേണ്ടതാണെന്ന് സുന്നഹദോസ് തീരുമാനിച്ചു. സഭാഭരണസംബന്ധമായി 22 കാനോനകളും രണ്ടാം നിഖ്യാ സുന്നഹദോസ് അംഗീകരിക്കുകയുണ്ടായി. സ്ത്രീകള്‍ മെത്രാന്മാരുടെ ആസ്ഥാനങ്ങളിലും പുരുഷന്മാര്‍ക്കുള്ള ദയാറകളിലും താമസിക്കുന്നതിനെയും സ്ത്രീ പുരുഷന്മാര്‍ക്കുള്ള ആശ്രമങ്ങള്‍ തൊട്ടടുത്ത് സ്ഥാപിക്കുന്നതിനെയും വിലക്കുന്നതാണ് ഒരു കാനോന്‍.

എല്ലാ പുരാതന സഭകളും രണ്ടാമത്തെ നിഖ്യാ സുന്നഹദോസിനെ സാര്‍വത്രിക സുന്നഹദോസായി അംഗീകരിച്ചിട്ടില്ല. റോമന്‍ കത്തോലിക്ക സഭ ഇരുപത്തൊന്നും ബൈസന്റൈന്‍ സഭകള്‍ ഏഴും സാര്‍വത്രിക സുന്നഹദോസുകള്‍ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ ഓറിയന്റല്‍ സഭകള്‍ ആദ്യത്തെ മൂന്നു സാര്‍വത്രിക സുന്നഹദോസുകളായ നിഖ്യാ (എ.ഡി. 325), കുസ്തന്തീനോസ്പൊലീസ് (എ.ഡി. 381), എഫേസൂസ് (എ.ഡി. 431) എന്നിവ മാത്രമേ അംഗീകരിക്കുന്നുള്ളു. പൗരസ്ത്യ കല്‍ദായ സുറിയാനി സഭയാകട്ടെ നിഖ്യാ, കുസ്തന്തീനോസ്പൊലീസ് എന്നീ രണ്ടെണ്ണം മാത്രവും.

(ഡോ. എം. കുര്യന്‍ തോമസ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍