This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിക്കോള്‍സണ്‍, വില്യം (1753 - 1815)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിക്കോള്‍സണ്‍, വില്യം (1753 - 1815)

Nicholson,William

Image:Nicholson,William.png

ഇംഗ്ലീഷ് രസതന്ത്രജ്ഞന്‍. രസതന്ത്രത്തിലും തത്ത്വചിന്തയിലും നിരവധി ലേഖനങ്ങളെഴുതിയ ഇദ്ദേഹം ശാസ്ത്രജ്ഞന്‍, ഗവേഷകന്‍, വിവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

നിക്കോള്‍സന്റെ ജനനം 1753 ഡി. 13-ന് ആയിരുന്നു. സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് ഇദ്ദേഹം, ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയില്‍ സേവനമനുഷ്ഠിക്കവേ, രണ്ടു പ്രധാനയാത്രകള്‍ നടത്തുകയുണ്ടായി. കുറച്ചുകാലം നിയമമേഖലയില്‍ പ്രവര്‍ത്തിച്ചതിനുശേഷം, 1775-ല്‍ ആംസ്റ്റര്‍ഡാമില്‍ പോയി, അവിടെ കളിമണ്‍പാത്ര വ്യവസായത്തില്‍ ഏര്‍പ്പെട്ട് ജീവിതവൃത്തി നേടി.

1781-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട പ്രകൃതി തത്ത്വശാസ്ത്രത്തിനൊരാമുഖം (An Introduction to Nature Philosophy) എന്ന കൃതി വളരെ പെട്ടെന്ന് നിക്കോള്‍സനെ പ്രസിദ്ധിയിലേക്കുയര്‍ത്തി. പിന്നീട്, ന്യൂട്ടോണിയന്‍ തത്ത്വചിന്തകളില്‍ വോള്‍ട്ടയറിന്റെ ഘടകങ്ങള്‍ (Voltaire's Elements of Newtonian Philosophy) എന്ന കൃതിക്ക് പരിഭാഷ തയ്യാറാക്കുകയുണ്ടായി. ഈ കാലഘട്ടത്തില്‍ ബ്രിട്ടനിലെ ചില സ്ഥാനമാനങ്ങള്‍ വഹിക്കുവാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. 1797 മുതല്‍ പ്രകൃതിതത്ത്വശാസ്ത്രം (Natural Philosophy), രസതന്ത്രം, കല എന്നീ വിഷയങ്ങളില്‍ അദ്ദേഹം പ്രസിദ്ധീകരിച്ച ലേഖനങ്ങളെല്ലാം നിക്കോള്‍സന്റെ ലേഖനങ്ങള്‍ എന്ന പേരില്‍ പ്രശസ്തമായി. 1799-ല്‍ ലണ്ടനില്‍ സ്ഥാപിച്ച തന്റെ സ്കൂളില്‍ പ്രകൃതി തത്ത്വശാസ്ത്രത്തെക്കുറിച്ചും രസതന്ത്രത്തെക്കുറിച്ചും പഠിപ്പിക്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍