This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിംബാര്‍കന്‍ (സു. 11-ാം ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിംബാര്‍കന്‍ (സു. 11-ാം ശ.)

ഭാരതീയ ദാര്‍ശനികന്‍. രാമാനുജനുശേഷം, മധ്വന് മുന്‍പ്, ഏകദേശം പതിനൊന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു. നിംബാദിത്യന്‍, നിയമാനന്ദന്‍ എന്നീ പേരുകളിലും ഇദ്ദേഹം അറിയപ്പെടുന്നു. 'സനകാദി' വിഭാഗം, 'ഹംസ' വിഭാഗം എന്നിങ്ങനെ അറിയപ്പെടുന്ന വൈഷ്ണവ വിശ്വാസ ശാഖയുടെ സ്ഥാപകനാണിദ്ദേഹം. ഇദ്ദേഹം സുദര്‍ശനചക്രത്തിന്റെ അവതാരമാണെന്നും നാരദമുനി ഇദ്ദേഹത്തിന് ധര്‍മോപദേശം നല്‍കിയിട്ടുണ്ട് എന്നും മറ്റും നിരവധി ഐതിഹ്യങ്ങള്‍ പ്രചാരത്തിലുണ്ട്.

നിംബാര്‍ക്കന്റെ വീക്ഷണങ്ങളില്‍ രാമാനുജദര്‍ശനത്തിന്റെ സ്വാധീനം ദൃശ്യമാണ്. സ്രഷ്ടാവും സൃഷ്ടിയും വ്യത്യസ്തമാണെങ്കിലും ഇവ രണ്ടും സര്‍വവ്യാപിയായ ശക്തിയില്‍ ലയിച്ചിരിക്കുകയാണെന്നും കൃഷ്ണഭക്തിയാണ് സംസാരചക്രത്തില്‍ നിന്ന് മുക്തി ലഭിക്കുവാനുള്ള ഏകമാര്‍ഗമെന്നും ഇവര്‍ രണ്ടു പേരും വാദിച്ചു. ഭക്തി എന്നാല്‍ പരിപൂര്‍ണമായ കീഴടങ്ങലായിരിക്കണമെന്നും, അങ്ങനെയായാല്‍ മാത്രമേ മുക്തിക്കാവശ്യമായ ദൈവാനുഗ്രഹം ലഭിക്കുകയുള്ളുവെന്നും നിംബാര്‍ക്കന്‍ അഭിപ്രായപ്പെട്ടു. നിംബാര്‍ക്കന്റെ സനകാദി വൈഷ്ണവ പ്രസ്ഥാനം രാധാകൃഷ്ണന്മാരെയാണ് ആരാധിച്ചിരുന്നത്.

ഇദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ ദ്വൈതാദ്വൈത ദര്‍ശനം എന്ന പേരില്‍ അറിയപ്പെടുന്നു. ജീവാത്മാവ്, പരമാത്മാവ്, പ്രകൃതി എന്നിങ്ങനെ മൂന്ന് തത്ത്വങ്ങളുണ്ടെന്നും അവ തികച്ചും വ്യത്യസ്തമാണെന്നും ഇദ്ദേഹം സിദ്ധാന്തിച്ചു. ഇവയുടെ വ്യത്യസ്തതയാണ് നിംബാര്‍ക്കന്റെ ദര്‍ശനത്തെ ദ്വൈതമാക്കുന്നത്. എന്നാല്‍ ജീവജഡങ്ങള്‍ ഊടും പാവും പോലെ പരമാത്മാവില്‍ തളയ്ക്കപ്പെട്ടിരിക്കുകയാണെന്ന ഇദ്ദേഹത്തിന്റെ വാദം ഈ ദര്‍ശനത്തിന് ദ്വൈതാദ്വൈത സ്വഭാവം നല്‍കുന്നു. ഭാസ്കരാചാര്യരുടെ ഭേദാഭേദ ദര്‍ശനവും നിംബാര്‍ക്കന്റെ ദ്വൈതാദ്വൈത ദര്‍ശനവും സമാനതകള്‍ പുലര്‍ത്തുന്നുണ്ട്. സംസാരാവസ്ഥയില്‍ ജീവാത്മാവും പരമാത്മാവും തമ്മില്‍ ഭേദമുണ്ടെങ്കിലും മുക്താവസ്ഥയില്‍ ഇവതമ്മില്‍ ഭേദമില്ല എന്നതാണ് ഈ ദര്‍ശനങ്ങളുടെ കാതല്‍. വേദാന്തപാരിജാത സൌരഭം, ദശശ്ലോകി സിദ്ധാന്തരത്നം, മന്ത്രരഹസ്യഷോഡാശി, പ്രപന്നകല്പവല്ലി, രാധാഷ്ടകം, കൃഷ്ണാഷ്ടകം, പ്രാതഃസ്മരണ സ്തോത്രം എന്നിവയാണ് നിംബാര്‍ക്കന്റെ പ്രധാനകൃതികള്‍. ഇവയ്ക്കുപുറമേ സദാചാരപ്രകാശം, പ്രപത്തിചിന്താമണി, ഗീതാവാക്യര്‍ഥം, രഹസ്യമീമാംസ എന്നീ കൃതികളും ഉപനിഷത്തുക്കളെക്കുറിച്ചും ഭാഗവതപുരാണത്തെക്കുറിച്ചുമുള്ള വിവരണങ്ങളും ഇദ്ദേഹം തയ്യാറാക്കിയിട്ടുള്ളതായി ഇദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ അവകാശപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍