This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാസിക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാസിക്

Nasik/Nashik

മഹാരാഷ്ട്രയിലെ ഒരു ജില്ല, ആസ്ഥാന നഗരം. മുംബൈക്ക് സു. 140 കി.മീ. വ. കിഴക്കായി സ്ഥിതിചെയ്യുന്നു. നാസിക്കിലാണ് ഇന്ത്യയുടെ സെക്യൂരിറ്റി പ്രസ്സ് സ്ഥിതിചെയ്യുന്നത്. 15,530 ച.കി.മീ. വിസ്തൃതിയില്‍ വ്യാപിച്ചിരിക്കുന്ന നാസിക് ജില്ല ഒരു പ്രമുഖ വിനോദസഞ്ചാര-തീര്‍ഥാടന കേന്ദ്രം കൂടിയാണ്. ജനസംഖ്യ: 4,987,923 (2001).

അപ്പര്‍ ഗോദാവരിയുടെയും തപ്തീ നദിയുടെയും തടപ്രദേശങ്ങളിലാണ് നാസിക് ജില്ല വ്യാപിച്ചിരിക്കുന്നത്. സഹ്യാദ്രി മലനിരകള്‍ ജില്ലയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയായി വര്‍ത്തിക്കുന്നു. ഗോദാവരിയും ഗിര്‍നാ (Girna) യുമാണ് പ്രധാന നദികള്‍. കുളങ്ങള്‍ക്കും കിണറുകള്‍ക്കും ജലസ്രോതസ്സുകളില്‍ നിര്‍ണായകസ്ഥാനമുണ്ട്. ജില്ലയുടെ വിസ്തൃതിയുടെ സു.  ഉം വനഭൂമിയാണ്. ജില്ലയുടെ കി.-ഉം പ.-ഉം ഉള്ള മലഞ്ചരിവുകളിലാണ് വനങ്ങളിലധികവും കാണപ്പെടുന്നത്. തേക്കാണ് പ്രധാന വൃക്ഷയിനം. കാര്‍ഷികോത്പാദനത്തില്‍ മുന്നില്‍ നില്ക്കുന്ന ഈ ജില്ലയില്‍ ഭക്ഷ്യധാന്യങ്ങളും പയറുവര്‍ഗങ്ങളും വന്‍തോതില്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഭക്ഷ്യവിളകളില്‍ ബജ്റയ്ക്കാണ് മുഖ്യസ്ഥാനം; നെല്ല്, ജോവര്‍ തുടങ്ങിയവ മറ്റു പ്രധാന വിളകളാണ്.

Image:kumbamela.png

[കുംഭമേള]

നാസിക് ജില്ലയുടെ സമ്പദ്ഘടനയില്‍ കാര്‍ഷിക മേഖലയ്ക്കാണ് മുന്‍തൂക്കമെങ്കിലും അടുത്തകാലത്തായി വ്യാവസായികമേഖല നിര്‍ണായകമായ വളര്‍ച്ച കൈവരിച്ചുവരുന്നു. വന്‍വ്യവസായങ്ങളില്‍ വസ്ത്രനിര്‍മാണത്തിനാണ് പ്രഥമസ്ഥാനം. പഞ്ചസാര, സോപ്പ്, എണ്ണ തുടങ്ങിയവയുടെ നിര്‍മാണവും പ്രാധാന്യം കൈവരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ഒഫ് ഇന്ത്യ പ്രസ്സ്, ദി ഇന്ത്യാ സെക്യൂരിറ്റി പ്രസ്സ്, ദ് ന്യൂ കറന്‍സി നോട്ട് പ്രസ്സ് എന്നീ ദേശീയ സ്ഥാപനങ്ങള്‍ നാസിക്കിലാണ് പ്രവര്‍ത്തിക്കുന്നത്. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് ഫാക്ടറി (ഒസാര്‍), സത്പൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, ഒരു താപവൈദ്യുത നിലയം എന്നിവയും ഇവിടെ പ്രവര്‍ത്തിക്കുന്നു. പരുത്തി നെയ്ത്തുകേന്ദ്രങ്ങള്‍, തടിമില്ലുകള്‍, എണ്ണയാട്ടുകേന്ദ്രങ്ങള്‍, ഗാര്‍ഹികോപകരണ-നിര്‍മാണ കേന്ദ്രങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെ നിരവധി ചെറുകിട-കുടില്‍ വ്യവസായങ്ങളും നാസിക്കിലുണ്ട്.

ഹിന്ദുക്കള്‍ പുണ്യനദിയായി കരുതുന്ന ഗോദാവരിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന നാസിക്കില്‍ നിരവധി സ്നാനഘട്ടങ്ങളും ക്ഷേത്രങ്ങളും കാണാം. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന 'മഹാകുംഭമേള'യുടെ വേദിയും നാസിക്കാണ്. തപോവനം, ഗംഗാപൂര്‍ ജലപാതം, ലക്ഷ്മണഗുഹകള്‍, ജൈന-ബുദ്ധ ഗുഹകള്‍, ത്രയമ്പകേശ്വര്‍ എന്നിവ നാസിക്കിന് സമീപമുള്ള മുഖ്യതീര്‍ഥാടന-വിനോദ സഞ്ചാര കേന്ദ്രങ്ങളാകുന്നു. മഹാരാഷ്ട്രയിലെ ഒരു പ്രമുഖ വിദ്യാഭ്യാസകേന്ദ്രം കൂടിയാണ് നാസിക്.

വൈ.വി. ചവാന്‍ മഹാരാഷ്ട്ര ഓപ്പണ്‍ സര്‍വകലാശാല, എന്‍.ബി.റ്റി. ലാ കോളജ്, എം.ജി. വിദ്യാമന്ദിര്‍ ഡെന്റല്‍ കോളജ്, ഹോമിയോ മെഡിക്കല്‍ കോളജ് എന്നിവ ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാസിക്കില്‍ പ്രവര്‍ത്തിക്കുന്നു. നാസിക് ജില്ലയിലെ റെയില്‍-റോഡ് ഗതാഗതസൌകര്യങ്ങള്‍ വികസിതമാണ്. ജില്ലാ ആസ്ഥാനമായ നാസിക് പട്ടണത്തെ മുംബൈ, ഔറംഗബാദ്, ഷിര്‍ദി, നാഗ്പൂര്‍, പൂണെ തുടങ്ങിയ നഗരങ്ങളുമായി റോഡുമാര്‍ഗം ബന്ധിപ്പിച്ചിരിക്കുന്നു. ഒരു വിമാനത്താവളവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. മറാഠി, ഹിന്ദി, ഗുജറാത്തി, ഉര്‍ദു എന്നിവയാണ് നാസിക് ജില്ലയിലെ മുഖ്യ വ്യവഹാരഭാഷകള്‍. വിവിധ മതവിഭാഗങ്ങളില്‍പ്പെട്ട ജനവിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ ജില്ലയില്‍ ഹിന്ദുക്കള്‍ക്കാണ് ജനസംഖ്യയില്‍ മുന്‍തൂക്കം. ക്രൈസ്തവ-ബൌദ്ധ-ജൈന-സിക്കുമതവിഭാഗങ്ങളും ഈ ജില്ലയില്‍ നിവസിക്കുന്നുണ്ട്.

ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഒരു പ്രധാനകേന്ദ്രം കൂടിയായിരുന്നു നാസിക്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ 56-ാമത് വാര്‍ഷിക സമ്മേളനത്തിന്റെ വേദി നാസിക്കായിരുന്നു. മറാത്ത ഭരണകാലത്ത് മഹാരാഷ്ട്രയുടെ ആസ്ഥാനമെന്ന നിലയില്‍ ശ്രദ്ധേയമായിത്തീര്‍ന്ന നാസിക് 1818-ല്‍ ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലായി. 1956-ല്‍ മുംബൈ സംസ്ഥാനത്തിന്റെ ഭാഗമായ നാസിക് 1960-ല്‍ മഹാരാഷ്ട്ര സംസ്ഥാനത്തില്‍ ലയിച്ചു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%BE%E0%B4%B8%E0%B4%BF%E0%B4%95%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍