This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഷ്, ജോണ്‍ എഫ്. (1928 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാഷ്, ജോണ്‍ എഫ്. (1928 - )

Nash,John F.

നോബല്‍ പുരസ്കാരം ലഭിച്ച അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനും ഗണിതജ്ഞനും. ജോണ്‍ ഫോര്‍ബ്സ് നാഷ് ജൂനിയര്‍ എന്നാണ് പൂര്‍ണനാമധേയം. ഗെയിം സിദ്ധാന്തത്തില്‍, പ്രത്യേകിച്ച് നോണ്‍-കോ-ഓപ്പറേറ്റീവ് ഗെയിമില്‍ ഇദ്ദേഹമവതരിപ്പിച്ച മൗലിക ആശയങ്ങളെ മുന്‍നിര്‍ത്തിയാണ് 1994-ല്‍ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം, റൈന്‍ ഹാര്‍ഡ് സെല്‍റ്റന്‍, ജോണ്‍ ഹര്‍സാനി എന്നിവര്‍ക്കൊപ്പം പങ്കിട്ടത്.

1928 ജൂണ്‍ 13-ന് വെര്‍ജീനിയയിലെ ബ്ലൂഫീല്‍ഡില്‍ ജനിച്ചു. ജന്മദേശത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കാര്‍ണജി മെലണ്‍ സര്‍വകലാശാലയില്‍ നിന്നും സ്കോളര്‍ഷിപ്പോടെ ഗണിതശാസ്ത്രത്തില്‍ ബിരുദം കരസ്ഥമാക്കി. 1950-ല്‍ പ്രിന്‍സ്ടണ്‍ സര്‍വകലാശാലയില്‍നിന്നും ഗവേഷണബിരുദവും നേടി. തുടര്‍ന്ന് ഒരു വര്‍ഷം അവിടെത്തന്നെ ഗണിതശാസ്ത്രവിഭാഗത്തില്‍ അക്കാദമിക് ഇന്‍സ്ട്രക്റ്ററായി. 1951 മുതല്‍ 59 വരെ മാസച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയില്‍ ഗണിതശാസ്ത്രവിഭാഗം അധ്യാപകനായിരുന്നു. ഇക്കാലയളവിലാണ് ഇദ്ദേഹം ഗെയിം സിദ്ധാന്തത്തില്‍ നൂതനമായ പല ആശയങ്ങളും അവതരിപ്പിച്ചത്.

സാമ്പത്തിക ശാസ്ത്രസംബന്ധിയായ പ്രശ്നങ്ങളെ ഗണിതശാസ്ത്ര മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് അപഗ്രഥിക്കുകയും പ്രവചിക്കുകയും ചെയ്യുന്ന ഗെയിം സിദ്ധാന്തത്തിലാണ് ജോണിന്റെ ഗവേഷണങ്ങളില്‍ ഏറിയ പങ്കും. ഇതില്‍ത്തന്നെ, നോണ്‍-കോ-ഓപ്പറേറ്റീവ് ഗെയിം സിദ്ധാന്തത്തില്‍ ഇദ്ദേഹത്തിന്റെ പഠനങ്ങള്‍ സവിശേഷ പ്രാധാന്യമര്‍ഹിക്കുന്നു. 1950-ലെ ഇദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധവും 'നോണ്‍-കോ-ഓപ്പറേറ്റീവ് ഗെയിം' ആയിരുന്നു. ഈ സിദ്ധാന്തത്തില്‍ ഇദ്ദേഹമവതരിപ്പിച്ച 'നാഷ് ഇക്വിലിബ്രിയം' എന്ന ആശയമാണ് ഇദ്ദേഹത്തിന് നോബല്‍ സമ്മാനം നേടിക്കൊടുത്തത്. നോണ്‍-കോ-ഓപ്പറേറ്റീവ് ഗെയിമില്‍, ജോണ്‍ നാഷ് നിര്‍ധരിച്ചെടുത്ത ഒരു സാര്‍വത്രിക സമീകരണമാണ് 'നാഷ് ഇക്വിലിബ്രിയം'. ആദ്യം ഇത് 'നോണ്‍ കോ-ഓപ്പറേറ്റീവ് ഇക്വിലിബ്രിയം' എന്നാണ് അറിയപ്പെട്ടിരുന്നത്. സമാനമായ ഒരു 'ഇക്വിലിബ്രിയം' ഇദ്ദേഹം കോ-ഓപ്പറേറ്റീവ് ഗെയിം സിദ്ധാന്തത്തിലും ഉപയോഗിച്ചിട്ടുണ്ട്. ഇത് 'ബാര്‍ഗെയിനിങ് സൊലൂഷന്‍' എന്നറിയപ്പെടുന്നു. കോ-ഓപ്പറേറ്റീവ് സിദ്ധാന്തത്തെയും നോണ്‍-കോ-ഓപ്പറേറ്റീവ് സിദ്ധാന്തത്തേയും ബന്ധിപ്പിക്കുന്ന 'നാഷ് പ്രോഗ്രാമും' ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ നേട്ടമാണ്.

Image:john nash1.png

ഗണിതശാസ്ത്രത്തില്‍ ബീജഗണിതീയ ജ്യാമിതി(Algebrae geometry)ലാണ് ഇദ്ദേഹത്തിന്റെ പ്രധാന സംഭാവന. ഇതിനു പുറമേ, അവകലന ജ്യാമിതി (Differential geometry), ആംശിക അവകലന സമീകരണം (Partial differential equation) എന്നിവയിലും ഇദ്ദേഹത്തിന്റെ പഠനങ്ങളുണ്ട്. എന്നാല്‍ ഇവയൊന്നുംതന്നെ സ്വതന്ത്രമായ പഠനങ്ങളോ ഗവേഷണങ്ങളോ ആയിരുന്നില്ല. മറിച്ച് ഗെയിം സിദ്ധാന്തത്തിന് അനുബന്ധങ്ങള്‍ മാത്രമായിരുന്നു.

1959-ല്‍ സ്കീസോഫ്രീനിയ ബാധിച്ച് ജോണ്‍ നാഷ് ഒന്‍പത് വര്‍ഷത്തോളം വിവിധ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സക്ക് വിധേയമായിട്ടുണ്ട്. സില്‍വിയ നാസര്‍ എഴുതിയ ഇദ്ദേഹത്തിന്റെ ജീവചരിത്രമായ എ ബ്യൂട്ടിഫുള്‍ മൈന്‍ഡ് 2001-ല്‍ അതേ പേരില്‍ സിനിമയായി. ഗെയിം സിദ്ധാന്തത്തെ അധികരിച്ച് 23 ഗവേഷണ പ്രബന്ധങ്ങള്‍ ഇദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. ഇക്വിലിബ്രിയം പോയിന്റ്സ് ഇന്‍ എന്‍-പേഴ്സണ്‍ ഗെയിംസ്, ദ് ബാര്‍ഗെയിനിങ് പ്രോബ്ലം, എ സിംപിള്‍ ത്രീ പേഴ്സണ്‍ പോകര്‍ ഗെയിം, റ്റു പേഴ്സണ്‍ കോ-ഓപ്പറേറ്റീവ് ഗെയിം എന്നിവ അതില്‍ പ്രധാനപ്പെട്ടവയാണ്.

നോബല്‍ പുരസ്കാരത്തിനുപുറമേ, ജോണ്‍ ഫൊണ്‍ ന്യൂമാന്‍ തിയറി പ്രൈസ് (1978), ലിറോയ്. വി. സ്റ്റീലെ പ്രൈസ് (1999) എന്നിവയും നാഷിന് ലഭിച്ചിട്ടുണ്ട്. കാര്‍ണജി മെലണ്‍ സര്‍വകലാശാല, നേപ്പിള്‍സ് സര്‍വകലാശാല തുടങ്ങിയ ലോകോത്തര ഗവേഷണ കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇദ്ദേഹത്തെ ഡോക്ടറേറ്റ് ബിരുദം നല്‍കി ആദരിച്ചിട്ടുണ്ട്. നോ: ഗെയിം സിദ്ധാന്തം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍