This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഷണല്‍ സ്കൂള്‍ ഒഫ് ഡ്രാമ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാഷണല്‍ സ്കൂള്‍ ഒഫ് ഡ്രാമ

National School of Drama

ഇന്ത്യയിലെ ദേശീയ നാടകപഠനകേന്ദ്രം. നാടകകലയുടെ അഭിവൃദ്ധി ലക്ഷ്യമാക്കി 1959-ല്‍ കേന്ദ്ര സംഗീത നാടക അക്കാദമിക്കു കീഴില്‍ ഡല്‍ഹിയില്‍ സ്ഥാപിക്കപ്പെട്ടു. നാഷണല്‍ സ്കൂള്‍ ഒഫ് ഡ്രാമ ആന്‍ഡ് ഏഷ്യന്‍ തിയെറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നാണ് മുഴുവന്‍ പേര്.

1956-ല്‍ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ 'വിദ്യാഭ്യാസം' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഒരു സെമിനാറിലാണ് 'സ്കൂള്‍ ഒഫ് ഡ്രാമ' എന്ന ആശയം രൂപം കൊണ്ടത്. 1958 ജനു. 20-ന് യുണെസ്കോയുടെ (UNESCO) സാമ്പത്തിക സഹായത്തോടെ ഏഷ്യന്‍ സ്കൂള്‍ ഒഫ് തിയെറ്റര്‍ സ്ഥാപിക്കപ്പെട്ടു. അതേ വര്‍ഷം ജൂലൈ മാസത്തില്‍ ഇതിനെ കേന്ദ്ര സംഗീത നാടക അക്കാദമി ഏറ്റെടുക്കുകയും അടുത്ത വര്‍ഷത്തില്‍, 1860-ലെ സൊസൈറ്റി രജിസ്ട്രേഷന്‍ നിയമപ്രകാരം, നാഷണല്‍ സ്കൂള്‍ ഒഫ് ഡ്രാമ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

Image:Nsd2.png

ദൃശ്യമാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള പരിശീലനം നല്‍കുക, ഭാരതീയ നാടക പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് ഉതകുമാറ് വേണ്ടത്ര അധ്യാപകരെയും പരിശീലനം സിദ്ധിച്ച വിദ്യാര്‍ഥികളെയും വളര്‍ത്തിയെടുക്കുക, നാടക ഗവേഷണം പ്രോത്സാഹിപ്പിക്കുക, നാടന്‍ കലാരൂപങ്ങളെക്കുറിച്ച് സ്ഥിതിവിവരങ്ങള്‍ ശേഖരിക്കുക, നാടന്‍ കലകളില്‍ പ്രയോഗ പരിചയം ഉണ്ടാക്കുക തുടങ്ങിയവയാണ് ഈ നാടക പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങള്‍.

സേതു സെന്‍ ആണ് സ്ഥാപനത്തിന്റെ ആദ്യ ഡയറക്ടര്‍. ലണ്ടനിലെ റോയല്‍ അക്കാദമി ഒഫ് ഡ്രമാറ്റിക് ആര്‍ട്ടില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയെത്തിയ ഇബ്രാഹീം അല്‍ഖാസി ഡയറക്ടറായി ചുമതലേയറ്റതോടെ ഇവിടത്തെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമായി. പാശ്ചാത്യ ക്ലാസ്സിക് നാടകങ്ങള്‍ക്കൊപ്പം, ഇന്ത്യന്‍ ക്ലാസ്സിക് രൂപങ്ങളെയും കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ്, ഈ രംഗത്തേക്ക് പലരെയും ആകര്‍ഷിച്ചു. 1964-ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന പൗരസ്ത്യ ഭാഷാ വിദഗ്ധരുടെ അന്താരാഷ്ട്ര കോണ്‍ഗ്രസ്സില്‍ കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം അദ്ദേഹം അവതരിപ്പിച്ചു. 1967-ല്‍ 'ജ്യോത്സ്ന ആന്‍ഡ് ജ്യോതി' (Joythsina and Jyothi) എന്ന മറാഠി നാടകം നിര്‍മിച്ചതോടെ അന്യഭാഷകളിലും ഇവിടെനിന്നു നാടകങ്ങള്‍ പിറവിയെടുത്തു തുടങ്ങി.

നാടകകലയുടെ വിവിധ വശങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് നാഷണല്‍ സ്കൂള്‍ ഒഫ് ഡ്രാമ ഒരു ത്രിവത്സര ഡിപ്ളോമ കോഴ്സ് നടത്തുന്നു: ഡിപ്ളോമ-ഇന്‍-ഡ്രമാറ്റിക് ആര്‍ട്സ്. വര്‍ഷത്തില്‍ ഇരുപതു പേര്‍ക്ക് മാത്രം പ്രവേശനം നല്‍കുന്ന കോഴ്സിന്റെ അടിസ്ഥാനയോഗ്യത ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ്. നാടകസാഹിത്യം (നാടന്‍ കലകള്‍, സംസ്കൃത നാടകം, ആധുനിക ഭാരതീയ നാടകം, പാശ്ചാത്യ നാടകം, ഏഷ്യന്‍ നാടകം), രംഗ സങ്കേതങ്ങള്‍ (രംഗസംവിധാനം, ദീപസംവിധാനം, ശില്പം, വേഷം, സംവിധാനം, ചമയം) അഭിനയം (ശൈലികള്‍, ശബ്ദത്തിന്റെ ആരോഹണാവരോഹണങ്ങള്‍, സംഗീതം, ആയോധനകല, കായികാഭ്യാസം) നാടകാവതരണം തുടങ്ങിയവയാണ് സിലബസ്സില്‍ പ്രാധാന്യത്തോടെ ഉള്‍ക്കെള്ളിച്ചിരിക്കുന്നത്. ഇന്ത്യയിലെ മുഴുവന്‍ സര്‍വകലാശാലകളും ഈ കോഴ്സിനെ ഡ്രമാറ്റിക് ആര്‍ട്സിലെ ബിരുദാനന്തരബിരുദ കേഴ്സുകള്‍ക്ക് തുല്യമായി അംഗീകരിച്ചിട്ടുണ്ട്. 1961-ലാണ് കോഴ്സിന്റെ ആദ്യ ബാച്ച് പുറത്തിറങ്ങിത്. നാസറുദ്ദീന്‍ ഷാ, ബി.വി. കാരന്ത്, ഓംപൂരി, രാംഗോപാല്‍ ബജാജ്, ദേവേന്ദ്രരാജ് ആങ്കര്‍, സീമ ബിശ്വാസ്, നാദിയ ബാബര്‍ തുടങ്ങി പ്രമുഖരായ പല അഭിനേതാക്കളും ഇവിടത്തെ വിദ്യാര്‍ഥികളായിരുന്നു.

1964-ല്‍ നാടകാവതരണത്തിനായി, നാഷണല്‍ സ്കൂള്‍ ഒഫ് ഡ്രാമയ്ക്ക് കീഴില്‍ ഒരു പ്രൊഫഷണല്‍ റിപ്പോര്‍ട്ടറി കമ്പനി (Professional Reportory Company) ആരംഭിച്ചു. നാടകകൃത്തുക്കളുടെയും സംവിധാനയകരുടെയും കുട്ടായ്മ രൂപീകരിക്കാനും അക്കാദമിയിലെ ബിരുദധാരികള്‍ക്ക് വിവിധ തലങ്ങളില്‍ നാടകാവതരണത്തിന് അവസരങ്ങളൊരുക്കാനും ഇതിലൂടെ സാധ്യമായി. രാമമൂര്‍ത്തി, മീനാ വില്യംസ്, സുധാ ശിവപുരി, ഓം ശിവപുരി എന്നിവരായിരുന്നു തുടക്കത്തില്‍ ഇതിന് നേതൃത്വം നല്കിയിരുന്നത്. ഈ വേദിയുടെ ആഭിമുഖ്യത്തില്‍ വിവിധ നാടകോത്സവങ്ങളും സംഘടിപ്പിച്ചുവരുന്നു.

വിവിധ പ്രായത്തിലുള്ള കുട്ടികളെ നാടകകലയോട് അടുപ്പിക്കുവാന്‍ ഇതിനു കീഴില്‍ തിയെറ്റര്‍-ഇന്‍-എഡ്യുക്കേഷന്‍ കമ്പനി (Theatre in Education Company) ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ നാടക പഠനത്തിന്റെ പ്രധാന കേന്ദ്രമായി ഇപ്പോള്‍ ഇത് വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. തിയെറ്റര്‍-ഇന്‍-എഡ്യുക്കേഷന്‍ ഇന്ത്യയില്‍ ഇതിനകം 26 നാടകങ്ങള്‍ 800-ലധികം വേദികളിലായി അവതരിപ്പിച്ചു. ജാഷ്ഏ ബജ്പന്‍ (Jash-e-Bachpan), ബാലസംഘം എന്നീ വാര്‍ഷിക നാടകോത്സവങ്ങളും ഈ വേദിയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്നു. കുട്ടികള്‍ക്കായി നാടക കലയെ സംബന്ധിച്ച് വിവിധ ശില്പശാലകളും നടക്കാറുണ്ട്.

നാഷണല്‍ സ്കൂള്‍ ഒഫ് ഡ്രാമയ്ക്ക് കീഴില്‍ ഒരു പ്രസാധക വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട്. നാടകകലകളെക്കുറിച്ചുള്ള പുസ്തകങ്ങളുടെ പ്രസാധനം, അന്യഭാഷാ പുസ്തകങ്ങളുടെ മൊഴിമാറ്റം തുടങ്ങിയവയാണ് ഈ വിഭാഗത്തിന്റെ പ്രധാന ചുമതല. 1969 മുതലുള്ള നാടകപ്രസ്ഥാനത്തിന്റെ 25 വര്‍ഷത്തെ ചരിത്രം 'രംഗ് യാത്ര' (Rang Yatra) എന്ന പേരില്‍ 1990-ല്‍ പുറത്തിറക്കി. 1997 മുതല്‍ 2000 വരെയുള്ള കാലത്ത് 27-ഓളം പുസ്തകങ്ങളാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. നാഷണല്‍ സ്കൂള്‍ ഒഫ് ഡ്രാമയുടെ സ്ഥിരം പ്രസിദ്ധീകരണങ്ങള്‍ക്ക് പുറമെയാണിത്.

1975-ല്‍ നാഷണല്‍ സ്കൂള്‍ ഒഫ് ഡ്രാമയ്ക്ക് സ്വയംഭരണ പദവി ലഭിച്ചു. 2005-ല്‍ കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള കല്പിത സര്‍വകലാശാലയായി (Deemed University) ഗവണ്‍മെന്റ് ഇതിനെ പ്രഖ്യാപിച്ചു. 1994-ല്‍ ബാംഗ്ളൂരില്‍ നാഷണല്‍ സ്കൂള്‍ ഒഫ് ഡ്രാമയുടെ ഒരു പ്രാദേശിക പഠനകേന്ദ്രം തുറന്നു.

ബി.വി. കാരന്ത്, ബി.എം. ഷാഹ്, മോഹന്‍ മഹര്‍ഷി, രത്തന്‍ തിയാം, തീര്‍ത്തി ജയില്‍, രാം ഗോപാല്‍ ബജാജ്, ദേവേന്ദ്രരാജ് ആയൂര്‍, അനുരാധാ കപൂര്‍ തുടങ്ങിയവര്‍ വിവിധ കാലങ്ങളിലായി നാഷണല്‍ സ്കൂള്‍ ഒഫ് ഡ്രാമയുടെ ഡയറക്ടര്‍മാരായിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍