This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഷണല്‍ സര്‍വീസ് സ്കീം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാഷണല്‍ സര്‍വീസ് സ്കീം

National Service Scheme (NSS)

Image:nss logo.png

വിദ്യാര്‍ഥികള്‍ക്ക് സാമൂഹ്യസേവനത്തിലൂടെ സമുഹവുമായി ക്രിയാത്മകബന്ധം വളര്‍ത്താനും, അവരുടെ കഴിവുകള്‍ മെച്ചപ്പെടുത്താനും ലക്ഷ്യംവച്ച് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതി. 1969 സെപ്. 24-ാം തീയതി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി വി.കെ.ആര്‍.വി. റാവു ഇത് ഉദ്ഘാടനം ചെയ്തു. 37 യൂണിവേഴ്സിറ്റികളില്‍ (40,000 വോളന്റിയര്‍മാര്‍) എന്‍.എസ്.എസ്. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കി. തുടര്‍ന്ന് മുഴുവന്‍ സര്‍വകലാശാലകളിലും, പോളിടെക്നിക്കുകളിലും, ഹയര്‍ സെക്കണ്ടറി സ്കൂളുകളിലും (2.6 മില്യന്‍ വോളന്റിയര്‍മാര്‍) ഇത് പ്രവര്‍ത്തിക്കുന്നു.

അക്കാദമിക് പഠനത്തോടൊപ്പം ദരിദ്രരെ സേവിക്കുക എന്ന ഗാന്ധിദര്‍ശനത്തെ എങ്ങനെ പ്രായോഗികമാക്കാമെന്ന് സ്വാതന്ത്ര്യലബ്ധിയോടെ തന്നെ ആലോചനകള്‍ നടന്നിരുന്നു. യു.ജി.സി. തലവനായിരുന്ന ഡോ. രാധാകൃഷ്ണന്‍ വിദ്യാര്‍ഥികളുടെ ദേശീയ സേവനം നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. ഈ നിര്‍ദേശം 1950-ല്‍ കേന്ദ്രവിദ്യാഭ്യാസ ഉപദേശകസമിതി പരിഗണിക്കുകയും സര്‍ക്കാരിന്റെ പരിഗണനയ്ക്ക് വിടുകയും ചെയ്തു. 1952-ല്‍ ഒന്നാം പഞ്ചവത്സര പദ്ധതി, പരിപാടിക്ക് അംഗീകാരം നല്‍കി. വ്യത്യസ്ത സാമൂഹിക സേവന പദ്ധതികള്‍, ലേബര്‍ സര്‍വീസുകള്‍, പ്രൊജക്ടുകള്‍ തുടങ്ങിയവയായിരുന്നു അവ. 1958-ല്‍, അനുയോജ്യമായ പദ്ധികള്‍ക്ക് രൂപം നല്‍കാന്‍ നെഹ്റു വിദ്യാഭ്യാസ വകുപ്പിനോടാവശ്യപ്പെട്ടു. 1959-ല്‍ പദ്ധതിരേഖ തയ്യാറാക്കി. ഡോ. സി.ഡി. ദേശ്മുഖ് ചെയര്‍മാനായി നാഷണല്‍ സര്‍വീസ് കമ്മിറ്റി രൂപീകരിക്കപ്പെട്ടു. 1960-ല്‍ കെ.ജി. സയിദയിന്‍ 'നാഷണല്‍ സര്‍വീസ് ഫോര്‍ യൂത്ത്' എന്ന പഠന റിപ്പോര്‍ട്ട് തയ്യാറാക്കി. 1964-66-ല്‍ കോത്താരി വിദ്യാഭ്യാസ കമ്മീഷന്‍ വിദ്യാര്‍ഥികള്‍ക്ക് സാമൂഹ്യസേവന പദ്ധതി രൂപപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. 1967-ല്‍ സംസ്ഥാന വിദ്യാഭ്യാസമന്ത്രിമാരുടെ സമ്മേളനത്തില്‍ ഇത് അംഗീകരിക്കപ്പെട്ടു. 1969-ല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ യോഗം എന്‍.എസ്.എസ്. എന്ന ആശയം സ്വീകരിച്ചു. തുടര്‍ന്ന് 1969-ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു.

Image:NSS 1.png

[എന്‍.എസ്.എസ്.ആഭിമുഖ്യത്തിലുള്ള ശുചീകരണ പ്രവര്‍ത്തനം]

സമൂഹത്തെ മനസ്സിലാക്കുക, സമൂഹവുമായുള്ള ബന്ധത്തിലൂടെ സ്വയം മനസ്സിലാക്കുക, സാമൂഹിക ആവശ്യങ്ങളും പ്രശ്നങ്ങളും മനസ്സിലാക്കുക, സാമൂഹിക പൗര ഉത്തരവാദിത്വങ്ങള്‍ വളര്‍ത്തുക, വൈയക്തിക, സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അക്കാദമിക് അറിവുകള്‍ ഉപയോഗപ്പെടുത്തുക, കൂട്ടായ ജീവിതവും, ഉത്തരവാദിത്വങ്ങള്‍ പങ്കുവയ്ക്കുന്നതും മനസ്സിലാക്കുക, നേതൃത്വപരവും ജനാധിപത്യപരവുമായ ഗുണങ്ങള്‍ ആര്‍ജിക്കുക, ദേശീയോദ്ഗ്രഥനവും, സാമൂഹികസൗഹൃദവും ഊട്ടിയുറപ്പിക്കുക തുടങ്ങിയവയാണ് എന്‍.എസ്.എസ്സിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍.

നോട്ട് മി ബട്ട് യു' എന്നതാണ് ഇതിന്റെ മുദ്രാവാക്യം. ജനാധിപത്യപരമായ ജീവിതവും, സ്വേച്ഛാപരമല്ലാത്ത സേവനവുമാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. വ്യക്തിപരമായ ജീവിതം സാമൂഹിക ക്ഷേമത്തിന് എന്നതാണ് എന്‍.എസ്.എസ്സിന്റെ ലക്ഷ്യം. ഒറീസയിലെ കൊണാര്‍ക്ക് സൂര്യക്ഷേത്രത്തിലെ ചക്രമാണ് എന്‍.എസ്.എസ്സിന്റെ ചിഹ്നം. ഇത് അനുദിനം മാറിക്കൊണ്ടിരിക്കുന്ന ജീവിതാവസ്ഥയുടെ സൂചകമാണ്.

കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയമാണ് എന്‍.എസ്.എസ്സിന്റെ നയതീരുമാനങ്ങള്‍ കൈക്കൊള്ളുന്നതും നടപ്പിലാക്കുന്നതും വിലയിരുത്തുന്നതും. ദേശീയ, പ്രാദേശിക കേന്ദ്രങ്ങള്‍, സംസ്ഥാന സര്‍വകലാശാലാതല കേന്ദ്രങ്ങള്‍ എന്നിവയിലൂടെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു. കേന്ദ്ര സംസ്ഥാന സാമ്പത്തിക സഹായം 7:5 എന്ന അനുപാതത്തിലാണ് അനുവദിക്കപ്പെടുന്നത്. പ്രാദേശിക കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിന് പൂര്‍ണമായും കേന്ദ്ര ധനസഹായമാണ് ലഭിക്കുന്നത്.

എന്‍.എസ്.എസ്സിനു കീഴില്‍ പലവിധ പ്രത്യേക പരിപാടികളും സംഘടിപ്പിക്കപ്പെടുന്നു. യുവജനങ്ങള്‍ ക്ഷാമത്തിനെതിരെ (1973), യുവജനങ്ങള്‍ രോഗങ്ങള്‍ക്കെതിരെ (1974-75)', യുവാക്കള്‍ പാരിസ്ഥിതിക വികസനത്തിന്, യുവാക്കള്‍ ഗ്രാമ പുനഃനിര്‍മാണത്തിന്, യുവാക്കള്‍ ദേശീയ വികസനത്തിന്, യുവാക്കള്‍ സാക്ഷരതയ്ക്ക് (1985-93), യുവാക്കള്‍ ദേശീയോദ്ഗ്രഥനത്തിനും സാമൂഹിക സൗ ഹൃദത്തിനും എന്നിവ എന്‍.എസ്.എസ്സിന്റെ പ്രത്യേക പരിപാടികളായിരുന്നു. സുസ്ഥിരവികസനം, തണ്ണീര്‍ത്തട വികസനം, നീര്‍ത്തട വികസനം, എയ്ഡ്സിനെതിരായ പ്രവര്‍ത്തനങ്ങള്‍, മെഡിക്കല്‍ സേവനങ്ങള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ശുചീകരണം, പ്രായപൂര്‍ത്തി വിദ്യാഭ്യാസം, രക്തദാനം തുടങ്ങിയവയും എന്‍.എസ്.എസ്. പരിപാടികളില്‍ ഉള്‍പ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍