This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറി

National Metallurgical Laboratory(NML)

കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചി(CSIR)നു കീഴില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രഗവേഷണ സ്ഥാപനം. 1950 ന.-ല്‍ ജംഷഡ്പൂരില്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ശ്രീ പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റുവാണ് ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനകര്‍മം നിര്‍വഹിച്ചത്. ഇന്ത്യയില്‍ ശാസ്ത്രസാങ്കേതിക വിദ്യയുടെ സമഗ്രപുരോഗതി ലക്ഷ്യംവച്ച് 1940-ല്‍ ശാന്തിസ്വരൂപ് ഭട്നഗര്‍ വിഭാവനം ചെയ്ത ശാസ്ത്രഗവേഷണ സ്ഥാപനങ്ങളുടെ ശൃംഖലയില്‍ ഉള്‍പ്പെട്ടതായിരുന്നു എന്‍.എം.എല്ലും. ഡോ. ബല്‍രാജ് നിജ്ഹവാന്‍ ആയിരുന്നു ആദ്യ ഇന്ത്യാക്കാരനായ ഡയറക്ടര്‍. ഒരു ശാസ്ത്രഗവേഷണ സ്ഥാപനം എന്ന നിലയില്‍ സജ്ജീകരണങ്ങളും സൗകര്യങ്ങളും വിപുലമാക്കിയതും പഞ്ചവത്സര പദ്ധതികളില്‍ എന്‍.എം.എല്‍ ഗവേഷണപദ്ധതികള്‍ ഉള്‍പ്പെടുത്താന്‍ ആരംഭം കുറിച്ചതും ഡോ. ബല്‍രാജ് നിജ്ഹവാന്‍ ആയിരുന്നു. എന്‍.എം.എല്ലിന്റെ ഒരു ശാഖ ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Image:NML1.png

ഇന്ത്യയിലെ അയിരുകള്‍, ധാതുക്കള്‍, ലോഹങ്ങള്‍, ലോഹമിശ്രിതങ്ങള്‍ എന്നിവയില്‍ നടത്തുന്ന ഗവേഷണങ്ങള്‍, നവീന സാങ്കേതികവിദ്യകളുടെ ആവിഷ്കരണം തുടങ്ങിയവയിലൂടെ ശാസ്ത്ര, വ്യവസായ മേഖലകളെ പിന്തുണയ്ക്കുക എന്നതാണ് എന്‍.എം.എല്ലിന്റെ ലക്ഷ്യം. പുതിയ ലോഹസങ്കരങ്ങളുടെ നിര്‍മാണം, ലോഹഭാഗങ്ങളുടെ പുനരുപയോഗം, നവീന ലോഹസംസ്കരണ പ്രക്രിയകളുടെ വികസനം, ലോഹക്ഷാരണ നിയന്ത്രണം തുടങ്ങിയ രംഗങ്ങളിലാണ് എന്‍.എം.എല്ലിന്റെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്.

പ്രയുക്ത രസതന്ത്ര-ക്ഷാരണ വിഭാഗം (Applied chemistry), ബിസിനസ് ഡെവലപ്മെന്റ് ആന്‍ഡ് മോണിട്ടറിങ് വിഭാഗം, എന്‍ജിനീയറിങ് വിഭാഗം, ഗണിതീയ മോഡലിങ്-സിമുലേഷന്‍ പഠന വിഭാഗം (Mathematical modelling and simulation), പദാര്‍ഥ ശാസ്ത്ര-സാങ്കേതികവിദ്യാ വിഭാഗം (Material science and technology), ലോഹനിഷ്കര്‍ഷണ-രൂപീകരണവിഭാഗം (Metal Extraction and Forming), ധാതുസംസ്കരണവിഭാഗം എന്നീ ഏഴു ഗവേഷണ വിഭാഗങ്ങളാണ് എന്‍.എം.എല്ലിനുള്ളത്.

വന്‍തോതില്‍ ലോഹങ്ങള്‍ ഉപയോഗശൂന്യമാക്കപ്പെടുന്ന ഒരു പ്രക്രിയയാണ് ദ്രവീകരണം അഥവാ ക്ഷാരണം (corrosion). സംരക്ഷിക്കപ്പെടേണ്ട ലോഹത്തിന്റെ പ്രതലം മറ്റേതെങ്കിലും ലോഹമുപയോഗിച്ച് ആവരണം ചെയ്തോ ലോഹദ്രവീകരണ നിരോധക വസ്തുക്കള്‍ ഉപയോഗിച്ചോ ദ്രവീകരണം തടയാം. ഇപ്രകാരം പ്രതല ആവരണങ്ങള്‍, പെയിന്റുകള്‍, ഗാല്‍വനിക് ആനോഡുകള്‍, അലേയ ആനോഡുകള്‍, കാഥോഡിക സംരക്ഷണ സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പഠനങ്ങളും അവയുടെ വികാസവുമാണ് പ്രയുക്ത രസതന്ത്ര ക്ഷാരണ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍. എന്‍.എം.എല്ലിലെ ശാസ്ത്രജ്ഞന്മാരും എഞ്ചിനീയര്‍മാരും വികസിപ്പിച്ചെടുക്കുന്ന പുതിയ സാങ്കേതികവിദ്യകളും പുതിയ ഉത്പന്നങ്ങളും വ്യവസായങ്ങള്‍, ഗവേഷണ വികസന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് കൈമാറുകയും അപ്രകാരം പ്രസ്തുത നവീനസാങ്കേതിക വിദ്യകള്‍ വ്യവസായങ്ങള്‍ക്ക് ഉപയോഗപ്രദമാക്കുക വഴി എന്‍.എം.എല്‍. ഗവേഷണ സാധ്യതകള്‍ വര്‍ധിപ്പിക്കുകയുമാണ് ബിസിനസ് ഡെവലപ്മെന്റ് ആന്‍ഡ് മോണിട്ടറിങ് വിഭാഗത്തിന്റെ ചുമതല.

ലോഹനിഷ്കര്‍ഷണത്തിന് മലിനീകരണമുക്തവും ചെലവുകുറഞ്ഞതുമായ സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുക്കുകയാണ് ലോഹനിഷ്കര്‍ഷണ-രൂപീകരണ വിഭാഗത്തിന്റെ പ്രധാന ചുമതല. ഇരുമ്പിതര ലോഹങ്ങളുമായി ബന്ധപ്പെട്ട വ്യവസായങ്ങളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങളുടെ സംസ്കരണത്തിലും പ്രസ്തുത വിഭാഗം ശ്രദ്ധചെലുത്തുന്നുണ്ട്. വ്യവസായമേഖലയില്‍ പ്രാധാന്യമര്‍ഹിക്കുന്ന പല പദാര്‍ഥങ്ങളുടെയും ഘടനാപരമായ പഠനങ്ങള്‍ നടത്തുകയും വ്യവസായമേഖലയുമായി ബന്ധപ്പെട്ടുണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങള്‍ വിശകലനം ചെയ്യുകയുമാണ് പദാര്‍ഥശാസ്ത്രസാങ്കേതികവിദ്യാ വിഭാഗത്തിന്റെ ചുമതല. ലോഹഅയിരുകള്‍, ധാതുക്കള്‍ എന്നിവയുടെ സമ്പുഷ്ടീകരണം, ധാതു സംസ്കരണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഉണ്ടാകുന്ന ഉത്പന്നങ്ങളുടെ നിര്‍മാര്‍ജനം തുടങ്ങിയവ ധാതുസംസ്കരണവിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളാണ്. എന്‍ജിനീയറിങ് വിഭാഗത്തിന്റെ കീഴിലാണ് പൈലറ്റ് പ്ളാന്റുകളുടെ രൂപകല്പന, ഉപകരണങ്ങളുടെ പ്രവര്‍ത്തനം എന്നിവ. ഗവേഷണങ്ങള്‍ക്കാവശ്യമായ സോഫ്റ്റ് വെയറുകളുടെ നിര്‍മാണം, നെറ്റ്വര്‍ക്ക് നിയന്ത്രണം എന്നിവയുടെ മേല്‍നോട്ടം ഗണിതശാസ്ത്ര മോഡലിങ്-സിമുലേഷന്‍ വിഭാഗത്തിനാണ്.

ദ്രവീകരണ നിയന്ത്രണത്തിനും പരിശോധനയ്ക്കും ഉപയോഗപ്രദമായ എക്സ്റേ ഫ്ളൂറസെന്‍സ് (XRE), എക്സ്റേ ഡിഫ്രാക്ഷന്‍ (XRD), ധാതുക്കളുടെ ഘടന, സ്വഭാവം എന്നിവ അതിസൂക്ഷ്മപഠനത്തിനു വിധേയമാക്കുന്ന സ്കാനിങ് ഇലക്ട്രോണ്‍ മൈക്രോസ്കോപ്പി (SEM), ട്രാന്‍സ്മിഷന്‍ ഇലക്ട്രോണ്‍ മൈക്രോസ്കോപ്പി (TEM) തുടങ്ങിയ ആധുനിക ഉപകരണ സംവിധാനങ്ങള്‍ എന്‍.എം.എല്ലില്‍ ഉണ്ട്. അണുറിയാക്ടറുകളില്‍ നിയന്ത്രണ ദണ്ഡുകളായി ഉപയോഗിക്കാവുന്ന നിലവാരംകൂടിയ മഗ്നീഷ്യം ലോഹനിര്‍മാണ സാങ്കേതികവിദ്യയിലും മഗ്നീഷ്യം ലോഹസങ്കരങ്ങളുടെ നിര്‍മാണത്തിലും എന്‍.എം.എല്‍ വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍