This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഷണല്‍ ജ്യോഗ്രാഫിക് സൊസൈറ്റി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാഷണല്‍ ജ്യോഗ്രാഫിക് സൊസൈറ്റി

National Geographic Society

ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ ശാസ്ത്ര-വിദ്യാഭ്യാസ സംഘടന. ലാഭം ലക്ഷ്യമാക്കാതെ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ജ്യോഗ്രാഫിക് സൊസൈറ്റിയില്‍ ലോകത്തെമ്പാടുമുള്ള 185 രാജ്യങ്ങളിലെ സു. 10 ദശലക്ഷം പേര്‍ക്ക് അംഗത്വമുണ്ട്. 1888 ജനു. 27-ന് 33 അംഗങ്ങള്‍ ചേര്‍ന്നാണ് വാഷിങ്ടണില്‍ ഈ സൊസൈറ്റി സ്ഥാപിച്ചത്. ഗാര്‍ഡിനെര്‍ ഗ്രീന്‍ ഹബാര്‍ഡ് ആയിരുന്നു സൊസൈറ്റിയുടെ ആദ്യ പ്രസിഡന്റ്.

Image:geo 1.png

ഭൂമിശാസ്ത്രസംബന്ധമായ അറിവുകള്‍ എല്ലാതലങ്ങളിലേക്കും വ്യാപിപ്പിക്കുക, ഈ ശാസ്ത്രശാഖയെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുക എന്നിവയാണ് നാഷണല്‍ ജ്യോഗ്രാഫിക് സൊസൈറ്റിയുടെ മുഖ്യലക്ഷ്യങ്ങള്‍. നാഷണല്‍ ജ്യോഗ്രാഫിക് മാഗസിന്‍ ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങളും നാഷണല്‍ ജ്യോഗ്രാഫിക് എന്ന ടി.വി. ചാനലും ഈ സംഘടനയുടേതാണ്; വിവിധ ശാസ്ത്രമേഖലകളില്‍ നടക്കുന്ന പര്യവേക്ഷണ ഗവേഷണങ്ങള്‍ക്ക് ധനസഹായവും നല്കുന്നുണ്ട്.

Image:geo 2.png

നാഷണല്‍ ജ്യോഗ്രാഫിക് സൊസൈറ്റിയുമായി സഹകരിച്ച് അനവധി മേഖലകളില്‍ പര്യവേക്ഷണങ്ങള്‍ നടന്നിട്ടുണ്ട്. പൂര്‍വ ആഫ്രിക്കയിലെ ആദിമമനുഷ്യരെക്കുറിച്ച് ലൂയി ലീക്കി നടത്തിയ പഠനം ഇതില്‍ ഏറെ ശ്രദ്ധേയമാണ്. സു. 2 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂമുഖത്തു നിവസിച്ചിരുന്നുവെന്ന് കരുതപ്പെടുന്ന 'ഹോമോ ഹാബിലിസ്' എന്ന മനുഷ്യപൂര്‍വ സ്പീഷിസിനെക്കുറിച്ചുള്ള തെളിവുകള്‍ ഈ സംരംഭത്തിലൂടെ ശേഖരിക്കുകയുണ്ടായി. സമുദ്രത്തിനടിയില്‍ മനുഷ്യവാസത്തിന്റെ സാധ്യതയെക്കുറിച്ച് ജാക്വസ് കൂസ്റ്റേ നടത്തിയ പഠനം, പെബ്ലോ ഇന്ത്യരുടെ അധിവാസകേന്ദ്രങ്ങളെക്കുറിച്ചുള്ള പഠനം, ധ്രുവപര്യവേക്ഷണം, എവറസ്റ്റ് പര്യവേക്ഷണം, ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ക്കായി നടത്തിയ തിരച്ചില്‍ തുടങ്ങി ഒട്ടനവധി ശ്രദ്ധേയമായ പഠനങ്ങള്‍ക്ക് നാഷണല്‍ ജ്യോഗ്രാഫിക് സൊസൈറ്റി നേതൃത്വം നല്കുകയോ ധനസഹായം നല്കുകയോ ചെയ്തിട്ടുണ്ട്.

നാഷണല്‍ ജ്യോഗ്രാഫിക് സൊസൈറ്റിയുടെ പ്രസിദ്ധീകരണങ്ങളില്‍ നാഷണല്‍ ജ്യോഗ്രാഫിക് മാസികയ്ക്കാണ് പ്രഥമസ്ഥാനം. കുട്ടികള്‍ക്കുവേണ്ടിയുള്ള നാഷണല്‍ ജ്യോഗ്രാഫിക് വേള്‍ഡ് മാസിക, ഗവേഷണമേഖലയെ ലക്ഷ്യമാക്കിയുള്ള റിസര്‍ച്ച് ആന്‍ഡ് എക്സ്പ്ളൊറേഷന്‍ എന്ന ശാസ്ത്രപ്രസിദ്ധീകരണം, നാഷണല്‍ ജ്യോഗ്രാഫിക് ട്രാവലര്‍ എന്ന യാത്രാമാസിക, മറ്റു പല ആധികാരികഗ്രന്ഥങ്ങള്‍, അറ്റ്ലസുകള്‍, ഭൂപടങ്ങള്‍ തുടങ്ങിയവയും സൊസൈറ്റി പ്രസിദ്ധീകരിക്കുന്നുണ്ട്.

Image:geo 3.png

ഇന്ന്, ലോകത്ത് ലഭ്യമായ ശാസ്ത്രമാസികകളില്‍ പ്രഥമസ്ഥാനത്ത് നില്ക്കുന്നവയില്‍ ഒന്നാണ് നാഷണല്‍ ജ്യോഗ്രാഫിക് മാസിക. സൊസൈറ്റിയുടെ സ്ഥാപനത്തിനു ശേഷം ഒന്‍പത് മാസങ്ങള്‍ കഴിഞ്ഞ് മാസികയുടെ ആദ്യലക്കം പ്രസിദ്ധീകൃതമായി. പ്രതിവര്‍ഷമുള്ള 12 ലക്കങ്ങള്‍കൂടാതെ ചില പ്രത്യേക പതിപ്പുകളും പുറത്തിറങ്ങാറുണ്ട്. വളരെ ആകര്‍ഷങ്ങളായ ചിത്രങ്ങളും ഭൂപടങ്ങളും മാസികയുടെ സവിശേഷതയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

1995 വരെ ഇംഗ്ലീഷ് ഭാഷയില്‍മാത്രം പ്രസിദ്ധീകരിച്ചുവന്ന നാഷണല്‍ ജ്യോഗ്രാഫിക് മാഗസിന്‍ ആ വര്‍ഷം മുതല്‍ ജാപ്പനീസ് ഭാഷയിലും പ്രസിദ്ധീകരണമാരംഭിച്ചു. ഇപ്പോള്‍ മുപ്പതോളം ലോകഭാഷകളില്‍ ഇത് പ്രസിദ്ധീകരിക്കുന്നുണ്ട്. 2005 ഏ.-ല്‍ മാസികയുടെ ഇന്തോനേഷ്യന്‍ എഡിഷനും, ന.-ല്‍ ബള്‍ഗേറിയന്‍ എഡിഷനും പുറത്തിറങ്ങി.

Image:geo 4.png

പര്യവേക്ഷണം, കണ്ടുപിടുത്തം, ഗവേഷണം എന്നീ രംഗങ്ങളില്‍ മികച്ച സേവനം നല്കുന്നവര്‍ക്കായി നാഷണല്‍ ജ്യോഗ്രാഫിക് സൊസൈറ്റി, സൊസൈറ്റിയുടെ ആദ്യപ്രസിഡന്റായിരുന്ന ഗാര്‍ഡിനെര്‍ ഗ്രീന്‍ ഹബാര്‍ഡിന്റെ (Gardiner Green Hubbard) പേരില്‍ ഒരു മെഡല്‍ (ഹബാര്‍ഡ് മെഡല്‍) ഏര്‍പ്പെടുത്തിയിട്ടുണ്ട്. ധ്രുവപര്യവേക്ഷണരംഗത്ത് നിരവധി അമൂല്യസംഭാവനകള്‍ നല്കിയ റോബര്‍ട്ട് പിയറി (1906), റോള്‍ഡ് അമുണ്‍സെന്‍ (1907), ക്യാപ്റ്റന്‍ റോബര്‍ട്ട് ബാര്‍ത്ലെറ്റ് (1909), സര്‍ ഏണസ്റ്റ് ഷാക്ക്ള്‍ടണ്‍ (1910), വൈമാനികരായ ചാള്‍സ് ലിന്‍ഡ്ബെര്‍ഗ് (1927), ആന്‍മോറോ ലിന്‍ഡ്ബെര്‍ഗ് (1934), നരവംശശാസ്ത്രജ്ഞരായ ലൂയി ലീക്കീ, മേരി ലീക്കി (1962), റിച്ചാര്‍ഡ് ലീക്കി (1994), ബഹിരാകാശ സഞ്ചാരികളായ നീല്‍ ആംസ്ട്രോങ്, എഡ്വിന്‍ ആല്‍ഡ്രിന്‍, മൈക്കിള്‍ കോളിന്‍സ് (1970), സമുദ്രാന്തര ഗവേഷണങ്ങളില്‍ അമൂല്യസംഭാവനകള്‍ നല്കിയ റോബര്‍ട്ട് ബല്ലാര്‍ഡ് (1996), ബലൂണ്‍ സഞ്ചാരികളായ ബെര്‍ട്രാന്‍ഡ് പികാര്‍ഡ് (1999) തുടങ്ങിയ ഒട്ടനവധി വിശ്വപ്രസിദ്ധ ശാസ്ത്രകാരന്മാര്‍ ഈ അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്.

നാഷണല്‍ ജ്യോഗ്രാഫിക് സൊസൈറ്റി നല്കുന്ന യാത്രാവിവരണങ്ങളും, സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാഭ്യാസ ശാസ്ത്രീയ ദൌത്യങ്ങളും എല്ലാ ജനങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സൊസൈറ്റിയും ടെലിവിഷന്‍ ചാനലും സൊസൈറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റും ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍