This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഷണല്‍ കൗണ്‍സില്‍ ഒഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാഷണല്‍ കൗണ്‍സില്‍ ഒഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ

National Council of Churches in India

ഇന്ത്യയിലെ റോമന്‍ കത്തോലിക്കാ ഇതരക്രൈസ്തവ സഭകളുടെ ദേശീയ കൂട്ടായ്മ. ഓര്‍ത്തഡോക്സ്-പ്രൊട്ടസ്റ്റന്റ് സഭകളാണ് ഇതിലെ അംഗങ്ങള്‍. അഖിലലോക സഭാകൗണ്‍സിലിന്റെ (World Council of Churches) ഭാഗമാണിത്. ഇന്ത്യയിലെ ക്രൈസ്തവ സഭകളെ ഏകോപിപ്പിക്കുക, സാമൂഹിക-വികസന-ക്ഷേമപ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തിക്കുകയും പ്രതികരിക്കുകയും ചെയ്യുക എന്നിവയാണ് നാഷണല്‍ കൗണ്‍സില്‍ ഒഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യയുടെ മുഖ്യ പ്രവര്‍ത്തനങ്ങള്‍. ഇവ കൂടാതെ മറ്റനേകം വിഭാഗങ്ങളും ഇതിനുണ്ട്.

ഇന്ത്യയിലെ പ്രൊട്ടസ്റ്റന്റ് സഭകളുടെ കൂട്ടായ്മയായി 1912-ല്‍ സ്ഥാപിച്ച നാഷണല്‍ മിഷനറി കൗണ്‍സില്‍ ഇന്‍ ഇന്ത്യ 1921-ല്‍ നാഷണല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യ, ബര്‍മ & സിലോണ്‍ ആയി വികസിച്ചു. ഇന്ത്യയിലെ ആദ്യ തദ്ദേശീയ ആംഗ്ലിക്കന്‍ മേല്‍പ്പട്ടക്കാരനായ ബിഷപ്പ് അസീറിയയാണ് ഇതിനു മുന്‍കൈ എടുത്തത്. നാഗ്പൂരില്‍ അദ്ദേഹം നല്കിയ സ്ഥലത്താണ് ഇന്നും നാഷണല്‍ കൗണ്‍സില്‍ ഒഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യയുടെ ആസ്ഥാനം. 1979-ല്‍ നാഷണല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യ, ബര്‍മ & സിലോണ്‍ നാഷണല്‍ കൗണ്‍സില്‍ ഒഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യയായി പുനഃസംഘടിപ്പിച്ചു. ഇതിനെത്തുടര്‍ന്നാണ് ഓര്‍ത്തഡോക്സ് സഭകള്‍ ഇതില്‍ അംഗത്വം എടുക്കുന്നത്.

ഇന്ന് ചെറുതും വലുതുമായ 29 സഭകള്‍ നാഷണല്‍ കൗണ്‍സില്‍ ഒഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യയില്‍ അംഗങ്ങളാണ്. കേരള കൗണ്‍സില്‍ ഒഫ് ചര്‍ച്ചസ് പോലെയുള്ള സഭകളുടെ പതിനാറു പ്രാദേശിക കൂട്ടായ്മകളും ഇതിന്റെ ഭാഗമാണ്. കൂടാതെ ബൈബിള്‍ സൊസൈറ്റി ഒഫ് ഇന്ത്യ, ലെപ്രസി മിഷന്‍ മുതലായവയും നാഷണല്‍ കൗണ്‍സില്‍ ഒഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യയോട് ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു.

(ഡോ. എം. കുര്യന്‍ തോമസ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍