This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി (NIV)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

=നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി (NIV)='

ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെയും (ICMR) അമേരിക്കയിലെ റോക്ക്ഫെല്ലര്‍ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ പൂണെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ശാസ്ത്രസ്ഥാപനം. 1952-ല്‍ വൈറസ് റിസര്‍ച്ച് സെന്റര്‍ (VRC) എന്ന പേരിലാണ് ഈ സ്ഥാപനം സ്ഥാപിതമായത്. 1967 മുതല്‍ ഐ.സി.എം.ആര്‍.-ന്റെ കീഴില്‍ ഒരു സ്വതന്ത്രസ്ഥാപനമായി പ്രവര്‍ത്തനം തുടര്‍ന്നു. ആര്‍ത്രോപോഡ് വിഭാഗത്തില്‍പ്പെടുന്ന പ്രാണികള്‍ പരത്തുന്ന വൈറസ് രോഗപഠനങ്ങള്‍ നടത്തുക എന്ന ആഗോളസംരംഭത്തിന്റെ ഒരു ഭാഗമാണ് പ്രസ്തുത സ്ഥാപനം. 1978-ല്‍ വൈറസ് റിസര്‍ച്ച് സെന്റര്‍ എന്നത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. ആര്‍ബോവൈറസ്, ഹീമറേജിക് ഫീവര്‍ സ്ഥിരീകരണ പഠനങ്ങള്‍ക്കായുള്ള ലോകാരോഗ്യസംഘടനയുടെ സഹകരണസ്ഥാപനമായി എന്‍.ഐ.വി പ്രവര്‍ത്തിക്കുന്നു. കൂടാതെ, ഇന്‍ഫ്ളുവന്‍സ, ജാപ്പനീസ് എന്‍സെഫാലിറ്റിസ്, മീസില്‍സ്, ഹെപ്പറ്റൈറ്റിസ് എന്നീ അസുഖങ്ങളുടെ കേന്ദ്രനിരീക്ഷണ സ്ഥാപനം കൂടിയാണിത്. എന്‍.ഐ.വിയില്‍ പൂണെ സര്‍വകലാശാല അംഗീകരിച്ച ബിരുദാനന്തരബിരുദ വൈറോളജി കോഴ്സുകള്‍ നടന്നുവരുന്നുമുണ്ട്.

മനുഷ്യനെ ബാധിക്കുന്ന വൈറസ് രോഗങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍, പകര്‍ച്ചവ്യാധികളുടെ നിയന്ത്രണം, വൈറസ് രോഗങ്ങള്‍ക്കെതിരെ പുതിയ ചികിത്സാവിധികള്‍ നിര്‍ണയിക്കല്‍, രോഗകാരി വൈറസുകളുടെ ജീവചക്രം, നിലനില്പ്, വ്യാപനം എന്നിവയുടെ പഠനം, വൈറല്‍ പകര്‍ച്ചവ്യാധികള്‍ കണ്ടുപിടിച്ച് പ്രവചിക്കല്‍, വിവിധ വൈറസുകളുടെ ജനിതക, പ്രതിരോധക ഘടകങ്ങളെക്കുറിച്ചുള്ള പഠനം, പകര്‍ച്ചവ്യാധികളുടെ നിര്‍വ്യാപനം ലക്ഷ്യമാക്കുന്ന പദ്ധതികളുടെ രൂപീകരണം, വാക്സിനുകളുടെയും പ്രതിരോധ ഔഷധങ്ങളുടെയും നിര്‍മാണവും നിര്‍ണയനവും, വൈറസ് രോഗബാധയെക്കുറിച്ചുള്ള ബോധവത്കരണം എന്നിവയെല്ലാമാണ് എന്‍.ഐ.വി.യുടെ ലക്ഷ്യങ്ങള്‍. പ്രധാന വൈറസ് രോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ, ഇന്‍ഫ്ളുവന്‍സ എന്നിവയുടെ നിര്‍വ്യാപനത്തില്‍ എന്‍.ഐ.വി പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നു. പരീക്ഷണാര്‍ഥം വളര്‍ത്തുന്ന എലികള്‍, ഗിനിപ്പന്നികള്‍, കുരങ്ങുകള്‍ എന്നിവയ്ക്കു വേണ്ടി പ്രത്യേകം സജ്ജമാക്കിയിട്ടുള്ള ഒരു 'അനിമല്‍ ഹൗസ്' ഇവിടെ ഉണ്ട്. വൈറസ് ശരീരാന്തര ഘടന പഠനവിധേയമാക്കുവാന്‍ സഹായിക്കുന്ന ട്രാന്‍സ്മിഷന്‍ ഇലക്ട്രോണ്‍ മൈക്രോസ്കോപ്പ്, അത്യന്താധുനിക ഡിജിറ്റല്‍ ക്രയോ-ട്രാന്‍സ്മിഷന്‍ ഇലക്ട്രോണ്‍ മൈക്രോസ്കോപ്പ്, ദ്രുതഗതിയില്‍ വൈറസ് നിര്‍ണയനത്തിന് സഹായിക്കുന്ന ഇമ്യൂണോ ഇലക്ട്രോണ്‍ മൈക്രോസ്കോപ്പ് തുടങ്ങിയ അത്യാധുനിക ഉപകരണ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് എന്‍.ഐ.വി.യില്‍ പഠനഗവേഷണങ്ങള്‍ നടത്തുന്നത്.

ടിഷ്യൂകള്‍ച്ചര്‍, സാംക്രമികരോഗശാസ്ത്രം, ജൈവരസതന്ത്രം, ഇമ്യൂണോളജി, മെഡിക്കല്‍ സുവോളജി എന്നീ വിഭാഗങ്ങള്‍ അടങ്ങിയ ഇന്ത്യയിലെ ആദ്യ പരീക്ഷണശാലയാണ് എന്‍.ഐ.വി. കര്‍ണാടകയിലെ ക്യാസനൂര്‍ വനമേഖലയില്‍ പടര്‍ന്നുപിടിച്ച ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസ് (KFD) എന്ന പേരിലറിയപ്പെടുന്ന ഒരു പുതിയ ഇനം വൈറല്‍ രോഗം തിരിച്ചറിഞ്ഞത് എന്‍.ഐ.വി.യിലെ ശാസ്ത്രജ്ഞരാണ്. കെ.എഫ്.ഡി.ക്കെതിരെ വാക്സിന്‍ നിര്‍മിക്കുവാനും കര്‍ണാടക സര്‍ക്കാരിന് പ്രസ്തുത സാങ്കേതികവിദ്യ കൈമാറുവാനും എന്‍.ഐ.വി.ക്കു സാധിച്ചു. പ്രധാനപ്പെട്ട ആര്‍ബോവൈറസ് പകര്‍ച്ചവ്യാധികളായ ജാപ്പനീസ് എന്‍സെഫാലിറ്റിസ്, ചിക്കുന്‍ഗുനിയ, ചാണ്ടിപുര എന്‍സെഫാലിറ്റിസ് എന്നീ അസുഖങ്ങളുടെ ഇന്ത്യയിലെ സാന്നിധ്യം ആദ്യമായി സ്ഥിരീകരിച്ചത് എന്‍.ഐ.വി.യാണ്. സീറോളജിക്കല്‍ സര്‍വേകള്‍ വഴി എന്‍.ഐ.വി. ഇന്ത്യയിലെ വൈറസ് രോഗങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ രേഖപ്പെടുത്തി വരുന്നുണ്ട്. ഇരുപത്തൊന്ന് പുതിയ ഇനം വൈറസുകള്‍ വേര്‍തിരിച്ചെടുക്കുവാനും ആര്‍ത്രോപോഡ് വിഭാഗത്തിലുള്ള ചില പ്രാണികളെ ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തുവാനും എന്‍.ഐ.വി.ക്ക് കഴിഞ്ഞിട്ടുണ്ട്. കൊതുകുകളുടെ കോശനിര (Cell line) ആദ്യമായി വികസിപ്പിച്ചെടുത്തത് എന്‍.ഐ.വിയിലെ ശാസ്ത്രജ്ഞരാണ്. ജാപ്പനീസ് എന്‍സെഫാലിറ്റിസ്, ചിക്കുന്‍ഗുനിയ, ഡെങ്കി, ഹെപ്പറ്റൈറ്റിസ് ബി, മീസില്‍സ് എന്നീ വൈറസ് രോഗങ്ങളുടെ നിര്‍ണയനത്തിന് സ്വന്തമായി ഏലീസാ ടെസ്റ്റ് (ELlSA) വികസിപ്പിച്ചെടുക്കുവാന്‍ എന്‍.ഐ.വി.ക്ക് കഴിഞ്ഞിട്ടുണ്ട്. റീകോമ്പിനന്റ് പ്രോട്ടീനുകള്‍ ഉപയോഗിച്ച് ഹെപ്പറ്റൈറ്റിസ് വൈറസുകള്‍ക്കെതിരെ വാക്സിന്‍ നിര്‍മിക്കുന്നതിലും ചികിത്സാരീതികള്‍ വികസിപ്പിക്കുന്നതിലും എന്‍.ഐ.വി. വിജയം കൈവരിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍