This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍

National Informatics Centre (NIC)

ശാസ്ത്ര-സാങ്കേതിക വിദ്യകളെ ഫലപ്രദമായി ഉപയോഗപ്പെടുത്തി രാജ്യത്തെ വിവിധ ഭരണകേന്ദ്രങ്ങളെ കൂടുതല്‍ സുതാര്യമാക്കുന്നതിനും അവയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനും വേണ്ടി കേന്ദ്രവിവരസാങ്കേതിക മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം. 1976-ല്‍ സ്ഥാപിതമായ എന്‍.ഐ.സി.യുടെ ആസ്ഥാനം ന്യൂഡല്‍ഹിയിലാണ്.

രാജ്യത്തെ വിവരസ്രോതസ്സുകളെ (Information resources) ഭരണകാര്യങ്ങളില്‍ ഉപയോഗിക്കുക, അതുവഴി ഭരണകൂടങ്ങളുടെയും ഭരണകൂടസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം കാര്യക്ഷമമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയാണ് നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ രൂപീകരിച്ചത്. 1976-ല്‍ത്തന്നെ പ്രവര്‍ത്തനമാരംഭിച്ചുവെങ്കിലും, 1980-കള്‍ക്കൊടുവില്‍ ഇന്റര്‍നെറ്റ് സംവിധാനം ഇന്ത്യയില്‍ വ്യാപകമായതോടെയാണ് എന്‍.ഐ.സി.യുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായത്.

വിവര സംവേദന സാങ്കേതിക വിദ്യയെ (Information Communication Technology) പരമാവധി പ്രയോജനപ്പെടുത്തി രാജ്യത്ത് വിപുലമായ ഇ-ഭരണസംവിധാനം (e-Government) ഏര്‍പ്പെടുത്തുക എന്നതാണ് നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ പരമമായ ലക്ഷ്യം. ഇതിനായി ഇന്ത്യയിലെ വിവിധ ഭരണകൂടങ്ങളെ (കേന്ദ്രഭരണകൂടം മുതല്‍ ജില്ലാ ഭരണകൂടം വരെ) തമ്മില്‍ ബന്ധിപ്പിക്കുന്ന വിവിധ കംപ്യൂട്ടര്‍ ശൃംഖലകള്‍ എന്‍.ഐ.സി. സ്ഥാപിച്ചിട്ടുണ്ട്. ഇതുകൂടാതെ സര്‍ക്കാരുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ ഇന്റര്‍നെറ്റ് പോര്‍ട്ടലുകള്‍ നിര്‍മിച്ചു കൊടുക്കുന്നു. ഇതര സാങ്കേതിക സഹായങ്ങളും ഉപദേശങ്ങളും നല്കുന്നതും എന്‍.ഐ.സി.യാണ്. ഇതിനകം 5000-ത്തിലധികം ഇന്റര്‍നെറ്റ് പോര്‍ട്ടലുകള്‍ ഇത്തരത്തില്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്.

ഡിജിറ്റല്‍ ആര്‍ക്കൈവിങ്, ഡിജിറ്റല്‍ ലൈബ്രറി സംവിധാനം, ജ്യോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ബിസിനസ് ഡേറ്റാ പ്രോസസ്സിങ് തുടങ്ങിയവയാണ് എന്‍.ഐ.സി.യുടെ ഇതര സേവനമേഖലകള്‍.

ന്യൂഡല്‍ഹിയിലെ മുഖ്യ ആസ്ഥാനത്തിനു പുറമേ, എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എന്‍.ഐ.സിക്ക് പ്രാദേശിക കേന്ദ്രങ്ങളുണ്ട്. കേരളത്തിലെ പ്രാദേശിക കേന്ദ്രം പ്രവര്‍ത്തിക്കുന്നത് തിരുവനന്തപുരത്താണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍