This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാളികേര വികസന ബോര്‍ഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാളികേര വികസന ബോര്‍ഡ്

കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഒരു വ്യവസ്ഥാപിത സമിതി. നാളികേര ഉത്പാദനത്തിനും വ്യാവസായിക വളര്‍ച്ചയ്ക്കും ഉത്പാദനവൈവിധ്യത്തിനുമായി കൃഷി മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ് നാളികേര വികസന ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. 1981 ജനു. 12-ന് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിച്ച സമിതിക്ക് ബാംഗ്ളൂര്‍, ചെന്നൈ, പാറ്റ്ന എന്നിവിടങ്ങളില്‍ പ്രാദേശിക കേന്ദ്രങ്ങളും ഭുവനേശ്വര്‍, കൊല്‍ക്കത്ത, ഗുവാഹത്തി, അഗര്‍ത്തല, ഹൈദരാബാദ്, പോര്‍ട്ട് ബ്ളയര്‍ എന്നിവിടങ്ങളില്‍ സംസ്ഥാന കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ എട്ട് ഫാമുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

നാളികേര വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കായുള്ള സത്വരനടപിടകള്‍ക്ക് സാങ്കേതിക ഉപദേശം നല്കുക, നാളികേരത്തിന്റെയും അനുബന്ധ ഉത്പന്നങ്ങളുടെയും വികസനത്തിനായി നൂതന സാങ്കേതിക വിദ്യകള്‍ സംയോജിപ്പിക്കുന്നതിനായുള്ള നടപടികള്‍ കൈക്കൊള്ളുക, നാളികേര കൃഷിയുടെ വളര്‍ച്ചയ്ക്കായി സാമ്പത്തിക സഹായം നല്കുക, ആനുകൂല്യങ്ങള്‍ ലഭ്യമാകുവാന്‍ നടപടികള്‍ കൈക്കൊള്ളുക, കേര ഉത്പന്നങ്ങളുടെ വിപണിയുടെ വളര്‍ച്ചയ്ക്കായി നിര്‍ദേശങ്ങള്‍ നല്കുക, നാളികേര ഉത്പന്നങ്ങളുടെ കയറ്റുമതി-ഇറക്കുമതി നിയന്ത്രണ നടപടികള്‍ക്കാവശ്യമായ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുക, നാളികേര ഉത്പന്നങ്ങള്‍ക്ക് ശാസ്ത്രീയമായ വിലനിലവാരനിര്‍ണയം നടത്തുക, നാളികേര ഉത്പാദനത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും ഗുണമേന്മയേറിയ ഉത്പന്നത്തിനും സ്വീകാര്യമായ പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കുക, നാളികേരത്തിന്റെയും അനുബന്ധ ഉത്പന്നങ്ങളുടെയും വളര്‍ച്ചയെ ലാക്കാക്കിയുള്ള പഠന-ഗവേഷണങ്ങള്‍ പ്രോത്സാഹനം നല്കുക, നാളികേര ഉത്പാദനത്തെ സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കുക, അവ പ്രസിദ്ധീകരിക്കുക എന്നിവയാണ് സമിതിയുടെ പ്രധാന ചുമതലകള്‍.

ഗുണമേന്മയേറിയ തെങ്ങിന്‍ തൈകളുടെ ഉത്പാദനം, നാളികേര കൃഷിക്കായി കൂടുതല്‍ കൃഷിയിടങ്ങള്‍ കണ്ടെത്തല്‍, കീടങ്ങളെയും രോഗങ്ങളെയും നേരിടുന്നതില്‍ സംയോജിത നടപടികള്‍ സ്വീകരിക്കുല്‍, വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ക്ക് പ്രോത്സാഹനം നല്കല്‍ തുടങ്ങിയവയും സമിതിയുടെ പ്രവര്‍ത്തന മേഖലകളാണ്.

സാധ്യതാപഠനങ്ങള്‍ നടത്തുക, അവയുടെ വിശദാംശങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുക, നാളികേര ക്രീം, തേങ്ങാപ്പാല്‍, ഖരരൂപത്തിലുള്ള നാളികേര പൊടി എന്നിവയുടെ ഉത്പാദനം, തേങ്ങാവെള്ളത്തിന്റെ ശേഖരണവും സംഭരണവും, ചിരട്ട ഉത്പന്നങ്ങള്‍, തേങ്ങാവെള്ളം ഉപയോഗിച്ചുള്ള സുര്‍ക്ക മുതലായവയുടെ ഉത്പാദനം, ദീര്‍ഘകാലം കേടുവരാതെ ഉപയോഗിക്കാവുന്ന സുഗന്ധ വെളിച്ചെണ്ണ നിര്‍മാര്‍ജനം എന്നിവയ്ക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങളും നിര്‍ദേശങ്ങളും നല്കല്‍ എന്നിവയും നാളികേര വികസന ബോര്‍ഡിന്റെ ചുമതലയാണ്. കൊപ്ര, തേങ്ങാവെള്ളം ഉപയോഗിച്ചുള്ള സുര്‍ക്ക എന്നിവയുടെ രാസപരിശോധനയ്ക്കായി ആലുവയിലെ വാഴക്കുളത്ത് ഒരു സാങ്കേതിക വികസന കേന്ദ്രവും ഇതിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍