This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാര്‍ക്കോ അനാലിസിസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാര്‍ക്കോ അനാലിസിസ്

Narco Analysis

ഒരു ശാസ്ത്രീയ കുറ്റാന്വേഷണ മുറ. ബ്രയിന്‍ മാപ്പിങ്, പോളിഗ്രാഫ് ടെസ്റ്റ് തുടങ്ങിയ ആധുനിക ശാസ്ത്രീയ കുറ്റാന്വേഷണ രീതികളെപ്പോലെതന്നെ പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു ചോദ്യം ചെയ്യല്‍ രീതിയാണിത്. ചോദ്യം ചെയ്യപ്പെടുന്ന വ്യക്തിക്ക് (subject)-അയാള്‍ പ്രതിയോ കുറ്റവാളിയോ സാക്ഷിയോ ആരുമാകാം-ചില ലഹരി മരുന്നുകള്‍ (Narco drugs) നല്കി അര്‍ധബോധാവസ്ഥയിലാക്കി ചോദ്യം ചെയ്യുന്ന രീതിയാണിതെന്ന് സാമാന്യമായി പറയാം. മറ്റൊരര്‍ഥത്തില്‍, അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കാന്‍ കൂട്ടാക്കാത്ത വ്യക്തികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള ശാസ്ത്രീയോപാധിയാണ് എന്നും പറയാം. ശാസ്ത്രീയ കുറ്റാന്വേഷണത്തിനു പുറമേ, മനഃശാസ്ത്ര ചികിത്സാരംഗത്തും നാര്‍ക്കോ അനാലിസിസ് പരീക്ഷണങ്ങള്‍ നടത്തിവരുന്നുണ്ട്.

'ബോധംകെടുത്തുക' എന്നര്‍ഥം വരുന്ന 'നാര്‍ക്ക്' (Narkk) എന്ന ഗ്രീക്കുപദത്തില്‍നിന്നാണ് 'നാര്‍ക്കോ' എന്ന ആംഗലേയ പദത്തിന്റെ നിഷ്പത്തി. യുദ്ധത്തടവുകാരെയും കുറ്റവാളികളെയും ചില സന്ദര്‍ഭങ്ങളില്‍ മനോരോഗികളെയും ബാര്‍ബിറ്റ്യുറേറ്റുകള്‍ (Barbiturates) പോലുള്ള ലഹരിമരുന്നുകള്‍ കുത്തിവച്ച് ചോദ്യം ചെയ്യുകയോ കൗണ്‍സിലിങ്ങിന് വിധേയമാക്കുകയോ ചെയ്യുന്ന രീതിയെ സൂചിപ്പിക്കാനാണ് ആദ്യകാലങ്ങളില്‍ ഈ പദം ഉപയോഗിച്ചിരുന്നത്. 1922-ല്‍ ഹോര്‍സ്ലി എന്ന അമേരിക്കന്‍ മനഃശാസ്ത്രജ്ഞനാണ് ഈ പദം ആദ്യമായി ഉപയോഗിച്ചത്.

1922-ല്‍ ടെക്സാസിലെ റോബര്‍ട്ട് ഹqസ് എന്ന ഒരു ഡോക്ടറാണ് നാര്‍ക്കോ അനാലിസിസ് രീതി ആദ്യമായി പരീക്ഷിച്ചത്. സ്കോപോലാമെയ്ന്‍ എന്ന നാര്‍ക്കോട്ടിക് മരുന്ന് ഉപയോഗിച്ചായിരുന്നു പ്രസ്തുത പരീക്ഷണം. രണ്ട് തടവുകാരില്‍ ഇദ്ദേഹം ഇത് വിജയകരമായി പരീക്ഷിച്ചതോടെയാണ് നാര്‍ക്കോ അനാലിസിസ് ഒരു ശാസ്ത്രീയ കുറ്റാന്വേഷണ രീതിയായി വികാസം പ്രാപിച്ചത്. മിഷിഗണ്‍ ക്രൈം ഡിറ്റക്ഷന്‍ ലബോറട്ടറിയിലെ തലവനായിരുന്ന ക്ലാരന്‍സ് ഡബ്ല്യു മെല്‍ബണ്‍ 1935-ല്‍ ബാര്‍ബിറ്റ്യൂറേറ്റുകള്‍ നാര്‍ക്കോട്ടിക് മരുന്നായി ഉപയോഗിക്കാമെന്ന് പരീക്ഷണത്തിലൂടെ തെളിയിക്കുകയുണ്ടായി. ഇത്, രണ്ടാം ലോകയുദ്ധകാലത്ത് നാര്‍ക്കോ അനാലിസിസ് പരീക്ഷണങ്ങള്‍ വ്യാപകമായി നടത്താന്‍ ഇടയാക്കി. 1950-കള്‍ക്ക് ശേഷമാണ് അമൈത്താലുകള്‍ (Amythal) നാര്‍ക്കോട്ടിക് മരുന്നായി ഉപയോഗിച്ചു തുടങ്ങിയത്.

സോഡിയം പെന്റോതാള്‍ (C12H19N2NaO2S), സോഡിയം അമൈതാല്‍ (C11H18N2O3) എന്നീ നാര്‍ക്കോട്ടിക് മരുന്നുകളാണ് ഇന്ന് പ്രധാനമായും നാര്‍ക്കോ അനാലിസിസ് പരീക്ഷണത്തിനായി ഉപയോഗിക്കുന്നത്. ഇവയിലേതെങ്കിലും ഒന്ന്, മൂന്ന് ഗ്രാം മൂന്ന് ലിറ്റര്‍ ശുദ്ധജലത്തില്‍ ലയിപ്പിച്ചാണ് പരീക്ഷണത്തിനുപയോഗിക്കുന്നത്. ചോദ്യം ചെയ്യപ്പെടുന്ന വ്യക്തിയുടെ കേന്ദ്രനാഡീവ്യൂഹത്തിലാണ് ലായനി കുത്തിവയ്ക്കുക. ഇതോടെ അയാള്‍ അര്‍ധബോധാവസ്ഥയിലേക്ക് നീങ്ങുന്നു. നാഡീവ്യൂഹത്തില്‍ ലായനി പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നതോടെ അയാളുടെ ബാഹ്യവും ആന്തരികവുമായ സംവേദനക്ഷമതയെയാണ് ഇത് ബാധിക്കുക. അയാളുടെ ഹൃദയമിടിപ്പിലും രക്തസമ്മര്‍ദത്തിലുമുണ്ടാകുന്ന മാറ്റത്തില്‍ നിന്നും ഇത് നിരീക്ഷിക്കാനാവും. ഇത്തരമൊരു സാഹചര്യത്തില്‍ അയാളുടെ ഭാവനാശക്തിയെ കുറച്ചുനേരത്തേക്കെങ്കിലും നഷ്ടപ്പെടുത്താനാകുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെ വരുമ്പോള്‍, അയാള്‍ക്ക് സത്യം മറച്ചുവച്ചുകൊണ്ട് കള്ളം പറയാനാവില്ല. ഇത് അന്വേഷണത്തെ കൂടുതല്‍ എളുപ്പമാക്കുന്നു. അതുകൊണ്ടുതന്നെ, നാര്‍ക്കോ മരുന്നുകള്‍ ട്രൂത്ത് ഡ്രഗ്ഗുകള്‍ (Truth Drugs) എന്നും അറിയപ്പെടുന്നു.

ചോദ്യം ചെയ്യപ്പെടുന്ന വ്യക്തിക്ക് നല്കുന്ന ട്രൂത്ത് ഡ്രഗ്ഗിന്റെ അളവ് അയാളുടെ വയസ്സ്, ലിംഗം, ആരോഗ്യം എന്നിവയ്ക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. അളവിന് എന്തെങ്കിലും മാറ്റം സംഭവിച്ചാല്‍ സ്ഥിരമായ അബോധാവസ്ഥയിലേക്കോ ഒരു പക്ഷേ, മരണത്തിലേക്കോ വഴുതിവീഴാന്‍ സാധ്യതയുണ്ട്.

സാങ്കേതിക വിദഗ്ധരാല്‍ നിയന്ത്രിക്കപ്പെടുന്ന പ്രത്യേക ലബോറട്ടറിയില്‍ ഒരു കൂട്ടം ഡോക്ടര്‍മാരുടെ സാന്നിധ്യത്തിലാണ് നാര്‍ക്കോ അനാലിസിസ് പരീക്ഷണം നടത്തുക. ചോദ്യം ചെയ്യപ്പെടുന്നയാളിന്റെ നാഡിമിഡിപ്പ്, രക്തസമ്മര്‍ദം തുടങ്ങിയവ നിരന്തരം നിരീക്ഷണവിധേയമാക്കിക്കൊണ്ടിരിക്കും. ചോദ്യം ചെയ്യലിന്റെ വീഡിയോ റെക്കോഡിങ്ങും നടക്കും. റെക്കോഡ് ചെയ്യപ്പെട്ട ക്ളിപ്പിങ്ങുകള്‍ പരിശോധിച്ചാണ് പിന്നീട് അന്വേഷണ ഉദ്യോഗസ്ഥര്‍ പരീക്ഷണഫലം വിലയിരുത്തുന്നത്.

രണ്ടാം ലോകയുദ്ധകാലത്ത് പല കേസുകള്‍ക്കും നിര്‍ണായക തെളിവുകള്‍ ലഭ്യമാക്കാന്‍ അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് നാര്‍ക്കോ അനാലിസിസ് പരീക്ഷണങ്ങള്‍ സഹായകമായി. എന്നാല്‍, ഈ കാലത്തു തന്നെ അത് വിമര്‍ശനവിധേയമായിട്ടുമുണ്ട്. ജെ.എം. മക്ഡൊണാള്‍ഡിനെപ്പോലുള്ള മനഃശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ നാര്‍ക്കോ അനാലിസിസ് അത്ര 'ശാസ്ത്രീയമല്ല'. 'ട്രൂത്ത് ഡ്രഗ്ഗുകള്‍'ക്ക് സത്യം പറയിപ്പിക്കാന്‍ കേവലസാധ്യത മാത്രമാണുള്ളതെന്ന് അദ്ദേഹം പരീക്ഷണത്തിലൂടെ തെളിയിക്കുകയുണ്ടായി. ഒരു മനോരോഗിക്ക് ട്രൂത്ത് ഡ്രഗ്ഗ് നല്കിയും അല്ലാതെയും അദ്ദേഹം കൌണ്‍സിലിങ് നടത്തിയപ്പോള്‍ കിട്ടിയ ഫലത്തില്‍ കാര്യമായ വ്യത്യാസമൊന്നും അനുഭവപ്പെട്ടില്ലത്രെ. യു.എസ്സിലെ പ്രശസ്ത മനഃശാസ്ത്രജ്ഞനായ ഫ്രീദ്മാനും മക്ഡൊണാള്‍ഡിന്റെ അഭിപ്രായത്തെ ശരിവയ്ക്കുന്നു. സോഡിയം അമൈതാല്‍ കുറ്റാന്വേഷണത്തെക്കാള്‍ മനഃശാസ്ത്ര ചികിത്സയിലാണ് കൂടുതല്‍ പ്രയോജനപ്രദമെന്നും ഫ്രീദ്മാന്‍ നിരീക്ഷിച്ചിട്ടുണ്ട്. രണ്ടാം ലോകയുദ്ധകാലത്ത് യു.എസ്. കുറ്റാന്വേഷണ സംഘത്തിലുണ്ടായിരുന്ന റോയ് ആര്‍. ഗ്രിങ്കറിന്റെയും ജോണ്‍ സി. സ്പീഗലിന്റെയുമെല്ലാം അനുഭവസാക്ഷ്യവും മക്ഡൊണാള്‍ഡിന്റെയും ഫ്രീദ്മാന്റെയും വാദത്തെ ശരിവയ്ക്കുന്നു. നാര്‍ക്കോട്ടിക് മരുന്നുകള്‍ കുത്തിവയ്ക്കുന്നതിലൂടെ ഒരാളുടെ ഭാവനാശക്തിയെ താത്കാലികമായി ഇല്ലാതാക്കാന്‍ കഴിയുമെന്ന നാര്‍ക്കോ അനാലിസിസിനെ സംബന്ധിച്ച സാമാന്യനിഗമനം പല പരീക്ഷണങ്ങളിലും തെറ്റിയിട്ടുണ്ട്. ചോദ്യം ചെയ്യപ്പെടുന്ന ആള്‍ നാര്‍ക്കോട്ടിക് മരുന്നുകളെ അതിജീവിച്ച് കരുതിക്കൂട്ടി അസത്യമൊഴികള്‍ നല്കിയതായി പിന്നീട് തെളിയിക്കപ്പെട്ടിട്ടുണ്ട്. ചോദ്യം ചെയ്യപ്പെടുന്ന വ്യക്തി നല്കുന്ന മൊഴി അയാളുടെ 'ഓര്‍മ'യുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ഒരാളുടെ ഓര്‍മശക്തിയെ ഉദ്ദീപിപ്പിക്കുന്നതിന് 'ട്രൂത്ത് ഡ്രഗ്ഗുകള്‍' പര്യാപ്തമല്ല. അഥവാ ഓര്‍മപ്പിശക് കാരണവും ഒരാളുടെ മൊഴികള്‍ അസത്യമായി വരാം. ഇത് തിരിച്ചറിയാന്‍ നാര്‍ക്കോ അനാലിസിസില്‍ യാതൊരു മാര്‍ഗവുമില്ലെന്നതും അതിന്റെ ന്യൂനതയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

നാര്‍ക്കോ അനാലിസിസിനെതിരായ വിമര്‍ശനങ്ങള്‍ കേവലം അതിന്റെ ശാസ്ത്രീയതയെച്ചൊല്ലി മാത്രമുള്ളതല്ല. 1950-കളില്‍ത്തന്നെ അത് വലിയ മനുഷ്യാവകാശപ്രശ്നമായും ഉയര്‍ത്തിക്കാട്ടപ്പെട്ടിട്ടുണ്ട്. മുമ്പ് നാര്‍ക്കോ പരീക്ഷണങ്ങള്‍ക്ക് വിധേയമായവരില്‍ കണ്ട വിവിധ ആരോഗ്യപ്രശ്നങ്ങളാണ് ഇത്തരമൊരു വിമര്‍ശനത്തിന് വഴിയൊരുക്കിയത്. ടെസ്റ്റിന് വിധേയരായ യുദ്ധത്തടവുകാര്‍ക്കും മറ്റും അധിക അളവില്‍ നാര്‍ക്കോട്ടിക് മരുന്നുകള്‍ കുത്തിവച്ചിരുന്നുവത്രെ. ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ പിന്നീട് പലതരത്തിലുള്ള അസുഖങ്ങളായി പ്രത്യക്ഷപ്പെടുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തു. ഇത്തരം പ്രശ്നങ്ങള്‍ വിവിധ മനുഷ്യാവകാശ സംഘടനകള്‍ ഉയര്‍ത്തിക്കൊണ്ടുവന്നതോടെ നാര്‍ക്കോ അനാലിസിസ് ഒരു മൂന്നാം മുറയായും (Third Degree) മാനസിക പീഡനമായും ചിത്രീകരിക്കപ്പെടുകയുണ്ടായി. ജൂട്ട് മെര്‍ലോയുടെ ദ് റെയ്പ് ഒഫ് ദ മൈന്‍ഡ് നാര്‍ക്കോ അനാലിസിസിന്റെ അശാസ്ത്രീയതയും അതു സൃഷ്ടിച്ച മനുഷ്യാവകാശ പ്രശ്നങ്ങളും വിശദമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണ്.

1989-ലാണ് നാര്‍ക്കോ അനാലിസിസിനെതിരായി ആദ്യമായി ഒരു കോടതി ഇടപെടല്‍ ഉണ്ടാകുന്നത്. ന്യൂ ജഴ്സിയിലെ ഹൈക്കോടതി ഒരു കേസില്‍ സോഡിയം അമൈതാല്‍ ട്രൂത്ത് ഡ്രഗ്ഗായി ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ടുള്ളവിധി പുറപ്പെടുവിച്ചതായിരുന്നു പ്രസ്തുത ഇടപെടല്‍.

നാര്‍ക്കോ അനാലിസിസ് ഒരു ശാസ്ത്രീയ കുറ്റാന്വേഷണ മുറയായി സ്വീകരിച്ച രാജ്യമാണ് ഇന്ത്യ. കുപ്രസിദ്ധമായ മുദ്രക്കടലാസ് കുംഭകോണം, അഭയാ കേസ്, നിതാരി കൊലക്കേസ് തുടങ്ങി ഒട്ടേറെ കേസുകള്‍ക്ക് തെളിവുകള്‍ ശേഖരിക്കാന്‍ നാര്‍ക്കോ അനാലിസിസ് രീതി അവലംബിച്ചിട്ടുണ്ട്. ബാംഗ്ലൂരിലെ വിക്ടോറിയ ഹോസ്പിറ്റലും ഗാന്ധിനഗറിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുമാണ് രാജ്യത്തെ പ്രധാന നാര്‍ക്കോ അനാലിസിസ് കേന്ദ്രങ്ങള്‍. എന്നാല്‍ മറ്റു പല രാജ്യങ്ങളിലെയും പോലെ ഇന്ത്യയിലും നാര്‍ക്കോ അനാലിസിസിന്റെ ശാസ്ത്രീയതയും അതുയര്‍ത്തുന്ന വെല്ലുവിളികളും ചര്‍ച്ചയായിട്ടുണ്ട്. 1872-ലെ ഇന്ത്യന്‍ തെളിവുനിയമം (Indian Evidence Act 1872) നാര്‍ക്കോ അനാലിസിസിനെ എത്രത്തോളം സാധൂകരിക്കുന്നു എന്നതാണ് ചര്‍ച്ചകളുടെ മര്‍മം. ഇന്ത്യന്‍ ഭരണഘടനയിലെ രണ്ടു വകുപ്പുകള്‍-ആര്‍ട്ടിക്കിള്‍ 20 (3) ഉം ആര്‍ട്ടിക്കിള്‍ 21-ഉം - പ്രകാരം നാര്‍ക്കോ അനാലിസിസ് നിയമവിരുദ്ധമാണ് എന്നതാണ് വിമര്‍ശകരുടെ പ്രധാനവാദം. ആര്‍ട്ടിക്കിള്‍ 20 (3) പ്രകാരം, ഒരാള്‍ക്ക് സ്വയം കുറ്റം ഏറ്റു പറയുകയോ സ്വന്തം ഇഷ്ടപ്രകാരമല്ലാതെ നിര്‍ബന്ധത്തിനു വഴങ്ങി സാക്ഷിപറയുകയോ (self incrimination) ചെയ്യേണ്ടതില്ല. അതുപോലെ ആര്‍ട്ടിക്കിള്‍ 21 ജീവിക്കാനുള്ള അവകാശത്തെ വകവയ്ക്കുകയും മാനസിക പീഡനത്തെ (mental torturing) തടയുകയും ചെയ്യുന്നു. ഈ രണ്ട് വകുപ്പുകള്‍പ്രകാരം നാര്‍ക്കോ അനാലിസിസ് പരീക്ഷണങ്ങള്‍ മൂന്നാം മുറയായി പരിഗണിച്ച് അത് നിരോധിക്കണമെന്നാണ് ഇന്ത്യയിലെ പ്രമുഖ മനഃശാസ്ത്ര വിദഗ്ധരായ ഡോ. പി. ചന്ദ്രശേഖര്‍, ഡോ. ബി.എം. മോഹന്‍ എന്നിവരുടെ അഭിപ്രായം. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങളെ മറികടന്നുകൊണ്ട് ഇന്ത്യയിലെ ചില ഹൈക്കോടതികള്‍ നാര്‍ക്കോ അനാലിസിസിന് അനുമതി നല്കിയിട്ടുണ്ട്. 2004-ല്‍ ബോംബെ ഹൈക്കോടതി മുദ്രക്കടലാസ് കുംഭകോണക്കേസില്‍ നാര്‍ക്കോ അനാലിസിസിന് അനുമതി നല്കിക്കൊണ്ടുള്ള വിധി പുറപ്പെടുവിക്കുകയുണ്ടായി. സാങ്കേതിക സാഹചര്യങ്ങളൊരുക്കിയുള്ള തെളിവെടുപ്പ് യാതൊരു തരത്തിലും 20 (3) ന് ചട്ടവിരുദ്ധമാകില്ലെന്ന് പ്രസ്തുത വിധിപ്രസ്താവത്തില്‍ പറയുന്നു. 2006-ല്‍ ദിനേശ് ദാല്‍മിയ - തമിഴ്നാട് സര്‍ക്കാര്‍ കേസിലും തമിഴ്നാട് ഹൈക്കോടതി സമാന വിധിയാണ് പുറപ്പെടുവിച്ചത്. എന്നാല്‍ അതേവര്‍ഷത്തില്‍ത്തന്നെ, ക്രൂപ്പി കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് കേസില്‍, കെ. വെങ്കിടേശ്വരന്‍ എന്നയാളെ നാര്‍ക്കോ അനാലിസിസ് നടത്താന്‍ അനുമതി നല്കിക്കൊണ്ടുള്ള മെട്രോപൊളിറ്റന്‍ ജഡ്ജിയുടെ വിധി സുപ്രീംകോടതി തടഞ്ഞു. തന്നെ നാര്‍ക്കോ അനാലിസിസിന് വിധേയനാക്കാനുള്ള നീക്കത്തിനെതിരെ ഇയാള്‍ നല്കിയ അപ്പീലിന്റെ പുറത്താണ് സുപ്രീംകോടതി ഈ ഇടക്കാല വിധി (Interim verdict) പുറപ്പെടുവിച്ചത്. ഈ വിഷയത്തില്‍ രാജ്യത്തെ ഉന്നത നീതിപീഠത്തിന്റെ ആദ്യ വിധി പ്രസ്താവനയായിരുന്നു ഇത്.

2010 മേയ് 5-ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബഞ്ച് ഇതു സംബന്ധിച്ച അന്തിമവിധി പുറപ്പെടുവിക്കുകയുണ്ടായി. ഒരാളെ നിര്‍ബന്ധപൂര്‍വം ഇത്തരം പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണന്നാണ് ഈ വിധിയുടെ രത്നച്ചുരുക്കം. ഇത്തരം പരീക്ഷണങ്ങള്‍ ഒരാളുടെ സ്വകാര്യതയെ ഹനിക്കലാണെന്നും ഈ പരീക്ഷണഫലങ്ങള്‍ നേരിട്ട് സ്വീകരിക്കാവുന്നതല്ലെന്നും 251 പേജ് വരുന്ന വിധി പ്രസ്താവത്തില്‍ പറയുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍