This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാരായണറെഡ്ഢി, സി. ഡോ. (1931 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാരായണറെഡ്ഢി, സി. ഡോ. (1931 - )

തെലുഗു സാഹിത്യകാരനും കവിയും. 'സിനാരെ' എന്ന ചുരുക്കപ്പേരില്‍ പരക്കെ അറിയപ്പെടുന്ന നാരായണറെഡ്ഢി 1931-ല്‍ ആന്ധ്രയിലെ കരിംനഗറില്‍ ജനിച്ചു. പിതാവ് മല്ലറെഡ്ഢിയും മാതാവ് ബുച്ചമ്മയും. ഹനുമാന്‍ ജിപേട്ട്, സിരിസില്ല എന്നിവിടങ്ങളിലായി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഉസ്മാനിയാ സര്‍വകലാശാലയില്‍ നിന്ന് ഇന്റര്‍മീഡിയറ്റ്, ബിരുദം, ബിരുദാനന്തരബിരുദം എന്നിവ നേടി. 1955-ല്‍ ഉസ്മാനിയ സര്‍വകലാശാലയില്‍ തെലുഗു അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു.

Image:Narayana-reddy.png

'തെലുഗു കവിതയിലെ പാരമ്പര്യവും പരീക്ഷണങ്ങളും' എന്ന വിഷയത്തില്‍ ഉസ്മാനിയാ സര്‍വകലാശാലയില്‍ നിന്ന് ഗവേഷണബിരുദം (1962) നേടി. 1951-ലാണ് സാഹിത്യ രചനയിലാകൃഷ്ടനായത്. നാടോടി ഗാനങ്ങളും ഗസലുകളും റെഡ്ഢിയെ ചെറുപ്പത്തിലേ ഹഠാദാകര്‍ഷിച്ചിരുന്നു. പ്രകൃതിയും പ്രണയവുമായിരുന്നു ആദ്യകാല കാവ്യവിഷയങ്ങള്‍. സ്കൂള്‍വിദ്യാഭ്യാസകാലത്തുതന്നെ നിരവധി കവിതകള്‍ നാരായണറെഡ്ഢി രചിച്ചിരുന്നു. ഇദ്ദേഹത്തിന്റെ പ്രഥമ കാവ്യസമാഹാരമായ നവ്വനിപൂവ്വു (പൂവുകളുടെ ഗീതം-1951) ഇരുപതാമത്തെ വയസ്സിലാണ് പ്രകാശനം ചെയ്തത്. പണ്ഡിതന്മാരുടെയും കവികളുടെയും സംസര്‍ഗത്താല്‍ റെഡ്ഢി നിരന്തരം കാവ്യരചന നടത്തിവന്നു. കാവ്യരചന ഇദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു തപസ്സുതന്നെയായിരുന്നു. 1966 മുതല്‍ പ്രതിവര്‍ഷം ഓരോ രചന എന്ന ക്രമത്തില്‍ പ്രസിദ്ധീകരിച്ചുവന്നു. യൗവനകാലത്ത് രചിക്കപ്പെട്ട മിക്ക കൃതികളും റൊമാന്റിക് കവിതകളാണ്. ഈ കൂട്ടത്തില്‍ പ്രസിദ്ധമായ റൊമാന്റിക് കൃതിയാണ് കര്‍പ്പൂര വലന്ത റായലു (1956). മധ്യകാല റെഡ്ഢി രാജാവായിരുന്ന കുമാരഗിരിയുടെ കഥയാണ് ഇതിലെ പ്രതിപാദ്യം. കുമാരഗിരി സ്വയം ഒരു വലിയ കവിയും പണ്ഡിതനും കലാസ്നേഹിയുമായിരുന്നു. അഭൗമസൗന്ദര്യത്തിന്റെ പ്രതീകമായ രാജനര്‍ത്തകി ലുകുമയുമായുള്ള അദ്ദേഹത്തിന്റെ പ്രണയമാണ് പ്രസ്തുത കാവ്യത്തിലെ ഇതിവൃത്തം. 1960-ല്‍ രചിച്ച മണ്ഡലു മാനവുടു (തീയും മനുഷ്യനും) ഛിന്നഭിന്നമായിക്കൊണ്ടിരിക്കുന്ന മനുഷ്യന്റെ ദുസ്ഥിതിയെ പ്രതിപാദിക്കുന്നു. ഋതുചക്ര (1964) ഇദ്ദേഹത്തിന്റെ കാവ്യവികാസത്തിന്റെ മകുടോദാഹരണമാണ്. മുഖാമുഖി (1971) എന്ന കൃതിയില്‍ അന്നത്തെ അധികാരവര്‍ഗത്തിന്റെ ദുര്‍ഭരണംമൂലം അസ്വസ്ഥരാക്കപ്പെട്ട സാധാരണ മനുഷ്യന്റെ വിവശതകളാണ് പ്രതിബിംബിക്കുന്നത്. ഉദയം താഹൃദയം (ഉദയമെന്‍ ഹൃദയം), മഥനം എന്നീ കാവ്യങ്ങളില്‍ മനുഷ്യത്വം തന്നെയാണ് കവിയുടെ ഇതിവൃത്തമെന്ന് പ്രതീകാത്മകമായി കവി ഉറപ്പിച്ചുപറയുന്നു. ഭൂമിക (1977) ഇദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ഗീതികാവ്യമാണ്. മനുഷ്യരുടെ ആരംഭംമുതല്‍ ആധുനികകാലംവരെയുള്ള വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ ചിത്രീകരിക്കുന്ന കാവ്യമാണിത്. ഭൌതികതയും ആധ്യാത്മികതയും ബുദ്ധിയും ഭാവനയും തമ്മിലുള്ള ഒരു സമന്വയമാണ് ഈ കവിതയില്‍ നിറഞ്ഞുനില്ക്കുന്നത്. ഇദ്ദേഹത്തിന്റെ കാവ്യകൃതികളുടെ കൂട്ടത്തില്‍ ഏറ്റവും ശ്രേഷ്ഠവും ഇദ്ദേഹത്തിന് പരമോന്നത ബഹുമതിയായ ജ്ഞാനപീഠം നേടിക്കൊടുത്തതുമായ കാവ്യകൃതിയാണ് വിശ്വംഭര എന്ന മഹാകാവ്യം. അഞ്ചുസര്‍ഗങ്ങളുള്ള ഈ കാവ്യത്തില്‍ പ്രകൃതിയുമായി ആദിമമനുഷ്യനുള്ള ബന്ധം, പ്രകൃതിക്ഷോഭങ്ങളില്‍ നിന്നും മോചനം തേടാനുള്ള വെമ്പല്‍, ആവശ്യാനുസരണമുള്ള അവന്റെ കണ്ടുപിടുത്തങ്ങള്‍, കലയോടുള്ള മനുഷ്യന്റെ പ്രതിപത്തി, മനുഷ്യമനസ്സിന്റെ നിഗൂഢതകള്‍, ആധ്യാത്മികത തുടങ്ങി ശാസ്ത്രരംഗത്തെ മനുഷ്യന്റെ നേട്ടങ്ങള്‍ എന്നിവയെല്ലാം റെഡ്ഢി ചിത്രീകരിച്ചിരിക്കുന്നു. ഇത്തരത്തില്‍ നോക്കുമ്പോള്‍ വൈവിധ്യപൂര്‍ണമായ കാവ്യകൃതികളാണ് ഇദ്ദേഹം രചിച്ചിട്ടുള്ളതെന്ന് കാണാം. റൊമാന്റിസിസവും പുരോഗമന ചിന്താഗതിയും, വ്യക്തിപരമായ പ്രണയം, സ്നേഹം തുടങ്ങിയവയും ഇദ്ദേഹത്തിന്റെ കാവ്യവിഷയങ്ങളാണ്.

ഏതാണ്ട് നാല്പതിലേറെ കാവ്യകൃതികള്‍ രചിച്ചിട്ടുള്ള റെഡ്ഢിയുടെ പ്രസിദ്ധമായ ഇതരകൃതികള്‍ ജലപാതം, വിശ്വഗീതി, അജന്താസുന്ദരി, സ്വപ്നഭംഗം, നാഗാര്‍ജുന സാഗരം, വെന്നേല്‍ വാഡ്, തമപ്പാ, ദിവേല്‍ മുവ്വലു, വിശ്വനാഥ്നായിഡു, സമദര്‍ശനം, വ്യാസവാഹിനി, അക്ഷരാല്‍ ഗവാക്ഷാലു, ആധുനീകാന്ത് കവിത്വസമ്പ്രദായ മുലു, മരോ കരിവില്ലു, മണ്ടലുമാനവുടു, തര്‍തരാല്‍ തെലുഗുവെലുഗു, വഗലെ വേന്നേല്‍, തെലുഗു ഗെസലു. നടക് നാതല്ലി തുടങ്ങിയവയാണ്.

സാഹിത്യ അക്കാദമി, സോവിയറ്റ് ലാന്‍ഡ്, ഭാരതീയ പരിഷത്, കുമാരനാശാന്‍ അവാര്‍ഡുകള്‍, 1988-ലെ ജ്ഞാനപീഠം, പദ്മശ്രീ (1977) ബഹുമതി എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മാനവികതയുടെ ഉദയവികാസങ്ങള്‍ പ്രതീകാത്മകമായി ചിത്രീകരിക്കുന്ന റെഡ്ഢിയുടെ മാസ്റ്റര്‍പീസായ വിശ്വംഭരയ്ക്കാണ് ജ്ഞാനപീഠസമ്മാനം ലഭ്യമായത്. ഔദ്യോഗിക ഭാഷാ കമ്മീഷന്‍ അംഗം (1981) ആയി ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശ് സാഹിത്യഅക്കാദമി, കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഋതുചക്ര എന്ന കാവ്യത്തിന് ആയിരുന്നു ആന്ധ്രപ്രദേശ് സാഹിത്യഅക്കാദമി അവാര്‍ഡ്. 1978-ല്‍ ആഗ്ര സര്‍വകലാശാല ഡി.ലിറ്റ് ബിരുദം നല്കി ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി. തെലുഗു ഭാഷ ഭരണഭാഷയായി അംഗീകാരം ലഭ്യമാക്കുന്നതിന് ഇദ്ദേഹം ഒട്ടേറെ പ്രയത്നിച്ചു. ഓപ്പണ്‍ യൂണിവേഴ്സിറ്റി, തെലുഗു സര്‍വകലാശാല എന്നിവിടങ്ങളില്‍ ചെയര്‍മാന്‍ സ്ഥാനം വഹിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍