This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാരായണഭട്ടതിരി, മേല്പുത്തൂര്‍ (1560-1646)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാരായണഭട്ടതിരി, മേല്പുത്തൂര്‍ (1560-1646)

സംസ്കൃതപണ്ഡിതന്‍, കവി. സുപ്രസിദ്ധസ്തോത്ര കാവ്യമായ നാരായണീയത്തിന്റെ കര്‍ത്താവ്. 1560 (കൊ.വ. 735)-ല്‍ മലപ്പുറം ജില്ലയില്‍പ്പെട്ട തിരുനാവായയ്ക്കടുത്ത് കുറുമ്പത്തൂരംശത്തിലെ മേല്പുത്തൂര്‍ ഇല്ലത്ത് ജനിച്ചു. മാതൃദത്തന്‍ എന്നാണ് പിതാവിന്റെ പേര്. ദാമോദരന്‍, മാതൃദത്തന്‍ എന്നിവരായിരുന്നു സഹോദരന്മാര്‍. യഥാകാലമുള്ള ഉപനയനത്തിനു ശേഷം മാധവനോതിക്കന്‍ എന്ന പണ്ഡിതനില്‍ നിന്ന് വേദപാഠങ്ങളും സംസ്കൃതവും ഗുരുകുലസമ്പ്രദായപ്രകാരം പഠിച്ചു. ജ്യേഷ്ഠനായ ദാമോദരനില്‍ നിന്ന് തര്‍ക്കശാസ്ത്രത്തില്‍ വ്യുത്പത്തി നേടി. പിതാവില്‍ നിന്ന് ഭട്ടമീമാംസയും പ്രഭാകരമീമാംസയും വേദാന്തവും സാംഖ്യയോഗാദിശാസ്ത്രങ്ങളും പഠിച്ചെടുത്തു. തൃക്കണ്ടിയൂര്‍ അച്യുതപ്പിഷാരോടിയുടെ മരുമകളെ വിവാഹം ചെയ്ത് ഗൃഹസ്ഥജീവിതത്തില്‍ മുഴുകിയ മേല്പുത്തൂര്‍, അച്യുതപ്പിഷാരടിയെ പരമഗുരുവായി സ്വീകരിക്കുകയും വ്യാകരണം അഭ്യസിക്കുകയും ചെയ്തു. ഗുരുവിന് കലശലായ വാതരോഗം ബാധിച്ചപ്പോള്‍ ഉഴിച്ചിലിലൂടെ മേല്പുത്തൂര്‍ അത് സ്വശരീരത്തില്‍ ഏറ്റുവാങ്ങിയതായാണ് വിശ്വാസം. ഗുരുവില്‍ നിന്ന് ശിഷ്യന്‍ ഏറ്റുവാങ്ങിയ വാതരോഗബാധ ഗുരുതരമായതോടെ, മേല്പുത്തൂര്‍ ഗുരുവായൂരിലെത്തി ഭജനം പാര്‍ത്തു. ഗുരുവായൂര്‍ ഭജനം വാതരോഗനിവാരണത്തിന് നല്ലതാണെന്ന വിശ്വാസം അക്കാലത്തുണ്ടായിരുന്നു. നിരവധി ചികിത്സകളും പ്രായശ്ചിത്തങ്ങളും അനുഷ്ഠിച്ചിട്ടും ഫലം കാണാതെയാണ് മേല്പുത്തൂര്‍ ഗുരുവായൂരിലെത്തിയത്. അങ്ങോട്ടു തിരിക്കുംമുമ്പ്, തുഞ്ചത്തെഴുത്തച്ഛനെ കണ്ട് ഇദ്ദേഹം അനുഗ്രഹം വാങ്ങിയതായും പറയപ്പെടുന്നു. ദശാവതാരങ്ങളെ ആസ്പദമാക്കി സ്തോത്രങ്ങള്‍ എഴുതണമെന്ന എഴുത്തച്ഛന്റെ നിര്‍ദേശം പാലിച്ച് പുതിയൊരു ഭാഗവതകീര്‍ത്തനമുണ്ടാക്കാനാണത്രെ മേല്പുത്തൂര്‍ നിശ്ചയിച്ചത്. ഒരു ദിവസം പത്തുശ്ളോകം വീതം നിര്‍മിച്ച് ഭഗവാനെ സ്തുതിക്കുക, നൂറുദിവസം കൊണ്ട് ഭാഗവതസാരസംഗ്രഹം എഴുതി പൂര്‍ത്തിയാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഭക്തകവി ഭജനം തുടങ്ങിയത്. അങ്ങനെ എഴുതിയതാണ് നാരായണീയം എന്നു പറയപ്പെടുന്നു.

നാരായണീയം മൂന്നാം ദശകം മുഴുവന്‍ തന്റെ രോഗപീഡയെക്കുറിച്ചാണ് കവി പറയുന്നത്. 'എന്റെ രോഗം മാറ്റിത്തരണേ, എന്നു പറഞ്ഞുകൊണ്ടാണ് നാലാം ദശകത്തിന്റെ തുടക്കം. പിന്നെ മിക്ക ദശകങ്ങളും അവസാനിപ്പിക്കുന്നത് 'എന്റെ രോഗങ്ങള്‍ മാറ്റിത്തരണേ' എന്ന പ്രാര്‍ഥനയോടെയാണ.് രചന ആരംഭിച്ചതിന്റെ നൂറാംദിവസം ഭഗവാന്‍, വേണുഗോപാലമൂര്‍ത്തിയുടെ രൂപത്തില്‍ കാവ്യകാരന് ദര്‍ശനം നല്കിയെന്നാണ് ഐതിഹ്യം. ആ തേജോദര്‍ശനത്തോടെ മേല്പുത്തൂരിന്റെ സകലരോഗങ്ങളും മാറിയത്രെ. കൊ. വ. 762 വൃശ്ചികമാസത്തിലാണ് 28 (ക്രി.വ. 1586) നാരായണഭട്ടതിരി നാരായണീയസ്ത്രോത്രം പൂര്‍ത്തിയാക്കി ഭജനം അവസാനിപ്പിച്ചത്. ഗുരുവായൂരില്‍ താമസിക്കുന്ന കാലത്ത് ചില ഒറ്റശ്ളോകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ശൈവാഗമങ്ങള്‍, മന്ത്രശാസ്ത്രം, ശങ്കരാചാര്യ ഭാഷ്യങ്ങള്‍, മാധവാചാര്യരുടെ പുരാണസംഗ്രഹാദി ഗ്രന്ഥങ്ങള്‍, ഭാഗവതം, രാമായണ മഹാഭാരതാദികള്‍ തുടങ്ങിയവയില്‍ ഭട്ടതിരി കൃതഹസ്തനായിരുന്നു.

വിവാഹശേഷം, വിഷയാസക്തമായ ജീവിതം നയിച്ചുവന്ന ഭട്ടതിരിയെ മാറ്റിയെടുത്തത് ഗുരുവായ അച്യുതപ്പിഷാരടിയുടെ വാക്കുകളാണെന്ന് പറയപ്പെടുന്നു. 'നല്ലൊരു ബ്രാഹ്മണജന്മം കിട്ടിയിട്ട് അതിങ്ങനെ പാഴാക്കിക്കളയുന്നുവല്ലോ' എന്ന ഗുരുവചനങ്ങളാണ് മേല്പുത്തൂരിന് ശാസ്ത്ര കാവ്യാ'പഠന'ത്തിനു നിമിത്തമായതത്രെ. ഈ സംഭവത്തെ സൂചിപ്പിക്കുന്ന ചില ശ്ളോകങ്ങള്‍ നാരായണീയത്തില്‍ത്തന്നെയുണ്ട് (93-10, 96-5).

ഗുരുവായൂര്‍ ഭജനം കഴിഞ്ഞതോടെ, മേല്പുത്തൂര്‍ ഗുരുവായൂരപ്പന്റെ വലിയ ഭക്തനായി മാറി. മറ്റൊരു കൃഷ്ണഭക്തനായ പൂന്താനത്തിന്റെ ജീവിതവും മേല്പുത്തൂരുമായി ബന്ധിപ്പിച്ച് ഒരു കഥയുണ്ട്. ഭക്തകവിയായ പൂന്താനം താനെഴുതിയ ജ്ഞാനപ്പാന എന്ന ഭാഷാകൃതിയുമായി സംസ്കൃതപണ്ഡിതനായ മേല്പുത്തൂരിനെ സമീപിച്ചെങ്കിലും 'ഭാഷാകൃതി വേറെയാരെയെങ്കിലും കാണിച്ചാല്‍ മതി'യെന്നായിരുന്നു പ്രതികരണം. അതുകേട്ട് പൂന്താനത്തിന് വേദന തോന്നിയെങ്കിലും മേല്പുത്തൂര്‍ തന്റെ ഗര്‍വില്‍ത്തന്നെ ഉറച്ചുനിന്നു. അന്നു രാത്രി മേല്പുത്തൂരിന് വാതരോഗം കലശലായി ബോധക്ഷയമുണ്ടായത്രെ. അപ്പോള്‍ ഒരു ബാലന്‍ അടുത്തെത്തി. 'മേല്പുത്തൂരിന്റെ വിഭക്തിയെക്കാള്‍ പൂന്താനത്തിന്റെ ഭക്തിയാണ് എനിക്കിഷ്ടം' എന്നു മൊഴിഞ്ഞുവെന്നാണ് ഐതിഹ്യം. പിറ്റേന്ന് രാവിലെതന്നെ മേല്പുത്തൂര്‍, പൂന്താനത്തെ തേടിച്ചെല്ലുകയും ജ്ഞാനപ്പാന വാങ്ങിവായിച്ച് ഏറെ അനുമോദിക്കുകയും ചെയ്തു.

നാരായണീയ രചനയോടെ മേല്പുത്തൂരിന്റെ ഖ്യാതി ഏറെ വര്‍ധിച്ചു. പല രാജാക്കന്മാരും ഇദ്ദേഹത്തെ അനുമോദിക്കുകയും അവരുടെ അതിഥിയായി കൂടെക്കൂട്ടുകയും ചെയ്തു. കൊച്ചി മഹാരാജാവിന്റെ ആശ്രിതനായി കുറേക്കാലം കഴിയുകയുണ്ടായി. കൊ.വ. 776 മുതല്‍ 790 വരെ കൊച്ചി ഭരിച്ചിരുന്ന വീരകേരളവര്‍മയെ വര്‍ണിച്ച് രണ്ട് പ്രശസ്തികാവ്യങ്ങള്‍ ഇദ്ദേഹം നിര്‍മിച്ചിട്ടുണ്ട്. കൊച്ചീനഗരത്തെ വര്‍ണിച്ചെഴുതിയ ഗോശ്രീനഗരവര്‍ണനവും പ്രശസ്തമാണ്. വൈക്കത്തഷ്ടമിയുടെ മഹത്ത്വം വെളിപ്പെടുത്തുന്ന അഷ്ടമിപ്രബന്ധവും പ്രധാനമാണ്. അമ്പത്തേഴാം വയസ്സിലാണ് പ്രക്രിയാസര്‍വസ്വം എഴുതിയത്. വെറും അറുപതുദിവസം കൊണ്ടാണത്രെ അത് പൂര്‍ത്തിയാക്കിയത് (പ്രക്രിയാസര്‍വസ്വം ഇതുവരെ പൂര്‍ണരൂപത്തില്‍ അച്ചടിച്ചിട്ടില്ല). ശൈലാബ്ധീശ്വരപ്രശസ്തി എന്ന പേരില്‍ കോഴിക്കോട് സാമൂതിരിയെക്കുറിച്ചും ഒരു ഗദ്യം ഭട്ടതിരി രചിച്ചതായി കാണുന്നുണ്ട്. വാര്‍ധക്യമായതോടെ മേല്പുത്തൂര്‍ മുക്കോലക്കാവില്‍ ചെന്ന് താമസമാക്കി. അവിടെവച്ചാണ് മുക്കോലഭഗവതിയെ സ്തുതിക്കുന്ന ശ്രീപാദസപ്തതീ സ്തോത്രം നിര്‍മിച്ചത്. പാദങ്ങളെ മാത്രം വര്‍ണിക്കുന്ന പ്രസ്തുത കൃതിയില്‍ എഴുപത് ശ്ളോകങ്ങള്‍ അടങ്ങിയിരിക്കുന്നു. കൊ.വ. 805-ല്‍ കവിക്ക് എഴുപത് വയസ് തികഞ്ഞ കാലയളവിലാണ് ഇതിന്റെ നിര്‍മാണമെന്ന് പണ്ഡിതന്മാര്‍ ഊഹിക്കുന്നു. നെടുമ്പയില്‍ കൊച്ചുകൃഷ്ണനാശാന്റെ ആറന്മുള വിലാസം എന്ന കൃതിയില്‍ മേല്പുത്തൂരിന്റെ ജീവിതകാലം 86 വയസ്സുവരെയായിരുന്നുവെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. അവസാനകാലത്ത് കൃഷ്ണഭജനവും വേദാന്തചിന്തയും ഒട്ടനേകം ശിഷ്യന്മാരുമായിട്ടാണ് ഇദ്ദേഹം ജീവിതം നയിച്ചത്. ഒരു ദിവസം, മേലേക്കാവില്‍ തൊഴാനെത്തിയ ഭട്ടതിരി കീഴെക്കാവിലേക്ക് നടക്കുമ്പോള്‍ പെട്ടെന്ന് ശരീരം തളര്‍ന്നുവീണ് ചരമഗതിയടയുകയും വിഷ്ണുസായൂജ്യം പ്രാപിക്കുകയും ചെയ്തുവെന്നാണ് ഐതിഹ്യം.

നാരായണഭട്ടതിരിയുടെ ചില സമകാലികരെക്കുറിച്ച് കേരളസാഹിത്യചരിത്രത്തില്‍ ഉള്ളൂര്‍ സൂചിപ്പിക്കുന്നുണ്ട്. കുട്ടഞ്ചേരി ഇരവിചാക്യാര്‍ എന്ന നടന്‍ ഭട്ടതിരിയുടെ അടുത്ത സുഹൃത്തായിരുന്നുവത്രെ. മഹാകവിയുടെ അനുജനായ മാതൃദത്ത ഭട്ടതിരിയും ഭക്തി സംവര്‍ധനശതകം എന്ന കൃതിയിലൂടെ പ്രസിദ്ധനായിത്തീര്‍ന്ന പണ്ഡിതകവിയായിരുന്നു. പൂരാടം തിരുനാള്‍ ചെമ്പകശ്ശേരി രാജാവും മേല്പുത്തൂരിന്റെ സമകാലികനായിരുന്നു. അദ്ദേഹം രചിച്ച വേദാന്തരത്നമാല എന്ന കൃതിയില്‍ പരാമൃഷ്ടനായ 'നാരായണന്‍' മേല്പുത്തൂരാണത്രെ. ശില്പരത്നം എന്ന മഹാഗ്രന്ഥം രചിച്ച ശ്രീകുമാരന്‍ നമ്പൂതിരിയും ഭട്ടതിരിയുടെ സമകാലികനാണെന്ന് പറയപ്പെടുന്നു. ഭാവാര്‍ഥദീപിക, ദിങ്മാത്രദര്‍ശിനി എന്നീ രണ്ട് വ്യാഖ്യാനഗ്രന്ഥങ്ങള്‍ രചിച്ച മഠത്തില്‍ നാരായണന്‍ നമ്പൂതിരി, മേല്പുത്തൂരിന്റെ പ്രഥമശിഷ്യനായിരുന്നുവെന്ന് ഉള്ളൂര്‍ രേഖപ്പെടുത്തുന്നുണ്ട്.

ശൃംഗാരം, വീരം, ഹാസ്യം ഈ രസങ്ങളെക്കൊണ്ടും ഭക്തിഭാവത്തെക്കൊണ്ടും രസികജനങ്ങളുടെ ഹൃദയങ്ങളെ തരളീകരിക്കുന്ന വിഷയത്തില്‍ ഭട്ടതിരി അദ്വിതീയനാണെന്ന് ഉള്ളൂര്‍ സൂചിപ്പിക്കുന്നത് ശ്രദ്ധേയമാണ്. ബഹുവിധ ശാസ്ത്രങ്ങളില്‍ തനിക്കുള്ള പാണ്ഡിത്യത്തെ കാവ്യരചനയില്‍ സമര്‍ഥമായി ഉപയോഗപ്പെടുത്താനുള്ള മേല്പുത്തൂരിന്റെ കഴിവ് അപാരമായിരുന്നു. അതിന് ഉത്തമനിദര്‍ശനം തന്നെയാണ് ഇദ്ദേഹത്തിന്റെ കൃതികള്‍.

മേല്പുത്തൂരിന്റെ പ്രധാനകൃതികളെ സ്തോത്രങ്ങള്‍, പ്രശസ്തികള്‍, ചമ്പുക്കളും മറ്റു കാവ്യങ്ങളും, മുക്തകങ്ങള്‍, ശാസ്ത്രഗ്രന്ഥങ്ങള്‍, പലവക എന്നിങ്ങനെ ആറ് വകുപ്പുകളിലായി വേര്‍തിക്കാവുന്നതാണ്. നാരായണീയം, ശ്രീപാദസ്തുതി, ഗുരുവായൂര്‍ പുരേശസ്തോത്രം, ഗോശ്രീനഗരവര്‍ണന, മാടമഹീശപ്രശസ്തി, ശൈലാബ്ധീശ്വരപ്രശസ്തി, സൂക്തശ്ളോകങ്ങള്‍, ആശ്വാലായനക്രിയാക്രമം, പ്രക്രിയാസര്‍വസ്വം, ധാതുകാവ്യം, അപാണിനീയ പ്രാമാണ്യസാധനം, തന്ത്രവാര്‍ത്തിക നിബന്ധനം, രാജസൂയം, ദൂതവാക്യം, ദക്ഷയജ്ഞം, അഷ്ടമിചമ്പു, സ്വാഹാസുധാകരം, കോടിവിരഹം തുടങ്ങിയവയാണ് മേല്പുത്തൂരിന്റെ പ്രധാനകൃതികളായി പരിഗണിച്ചുപോരുന്നത്.

(സുരേഷ് എം.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍