This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാരായണന്‍ നായര്‍, കവളപ്പാറ (1882 - 1948)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാരായണന്‍ നായര്‍, കവളപ്പാറ (1882 - 1948)

Image:Kavalapara narayanan Nair.png

കഥകളി നടന്‍. പ്രസിദ്ധകഥകളിനടനായിരുന്ന പുത്തന്‍വീട്ടില്‍ ശേഖരമേനോന്റെ മകനായി കവളപ്പാറ ചളമ്പറ്റ വീട്ടില്‍ 1882 (1057 ധനു)-ല്‍ ജനിച്ചു. അച്ഛന്‍ തന്നെയായിരുന്നു മുഖ്യ ഗുരു. ഇദ്ദേഹത്തിന്റെ 18-ാം വയസ്സില്‍ അച്ഛന്‍ മരിച്ചുവെങ്കിലും അതിനുമുമ്പു തന്നെ ഇദ്ദേഹം പല ആദ്യവസാനവേഷങ്ങള്‍ അവതരിപ്പിക്കുന്നതിനും പ്രാവീണ്യം നേടിയിരുന്നു. വൈകാതെ കാവുങ്ങല്‍ അച്യുതപ്പണിക്കരുടെയും മഞ്ചേരിയിലെയും നെടുമ്പള്ളി നമ്പൂതിരിയുടെയും കുളത്തൂര്‍ വാര്യത്തെയും മറ്റും കഥകളി യോഗങ്ങളില്‍ മുഖ്യനടനായി സേവനമനുഷ്ഠിച്ചു. കോട്ടയ്ക്കല്‍ പി.എസ്.വി. നാട്യസംഘം, കേരളകലാമണ്ഡലം എന്നിവിടങ്ങളില്‍ കുറേക്കാലം അധ്യാപകനായി ജോലി നോക്കിയിട്ടുണ്ട്. തിരുവനന്തപുരം വലിയകൊട്ടാരം കഥകളിയോഗത്തിലും ഇദ്ദേഹം ദീര്‍ഘകാലം ചമയമണിഞ്ഞിരുന്നു.

വെള്ളത്താടിവേഷങ്ങളില്‍ പ്രശംസനീയമായ വിജയംവരിച്ച നടനാണിദ്ദേഹം. അംബരീഷചരിതത്തിലെ യവനന്‍, കംസവധത്തിലെ ആനക്കാരന്‍, ലവണാസുര വധത്തിലെ മണ്ണാന്‍, പ്രഹ്ളാദചരിതത്തിലെ നരസിംഹം എന്നിവയൊക്കെ ഇദ്ദേഹത്തിന്റെ മുദ്രപതിഞ്ഞ വെള്ളത്താടി വേഷങ്ങളാണ്. കത്തി, പച്ച വേഷങ്ങള്‍ അവതരിപ്പിക്കുന്നതിലും ഇദ്ദേഹം നിപുണനായിരുന്നു. കത്തിവേഷങ്ങളില്‍ ഏറ്റവും പ്രധാനം രാജസൂയത്തിലെ ശിശുപാലനാണ്. വളരെപ്രധാനപ്പെട്ട മറ്റൊരു വേഷം ലവണാസുരവധത്തിലെ ഹനുമാനായിരുന്നു. ആ കഥാപാത്രത്തെ ഇദ്ദേഹം അവതരിപ്പിക്കുന്നത് കണ്ടിട്ടാണത്രേ ഇടശ്ശേരി 'ലവണാസുരവധത്തിലെ ഹനുമാന്‍' എന്ന കവിത എഴുതിയത്. ഇദ്ദേഹത്തിന്റെ അനുഗൃഹീത ശിഷ്യന്മാരില്‍ ചിലരാണ് കലാമണ്ഡലം രാമന്‍കുട്ടിനായര്‍, കുടമാളൂര്‍ കരുണാകരന്‍ നായര്‍, ഗുരുഗോപിനാഥ് തുടങ്ങിയ പ്രഗല്ഭര്‍.

കഥകളി രംഗത്തുനിന്ന് അനവധി പുരസ്കാരങ്ങള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. വെള്ളാട്ടര രാജാവില്‍ നിന്ന് ലഭിച്ച പട്ടും വളയും, പുന്നത്തൂര്‍ രാജാവില്‍നിന്ന് ലഭിച്ച മോതിരം, കോങ്ങാട്ടുമല്ലിശ്ശേരി നമ്പൂതിരിയില്‍ നിന്നു കിട്ടിയ വീരശൃംഖല, കവളപ്പാറ മൂപ്പില്‍നായര്‍ നല്കിയ രുദ്രാക്ഷം കെട്ടിച്ച അഞ്ചിഴ സ്വര്‍ണമാല എന്നിവ അക്കൂട്ടത്തില്‍ ചിലതാണ്.

1948-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍