This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നായര്‍ സര്‍വീസ് സൊസൈറ്റി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
നായര്‍ സര്‍വീസ് സൊസൈറ്റി
കേരളത്തിലെ ഒരു സമുദായസംഘടന. 'കേരളീയ നായര്‍ സമാജം', 'നായര്‍ ഭൃത്യജനസംഘം' എന്നീ സംഘടനകളുടെ നായര്‍ സമുദായ പരിഷ്കരണ സംരംഭങ്ങളാണ് 1914-ല്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ രൂപീകരണത്തിലേക്കു നയിച്ചത്. ബ്രിട്ടീഷ് ഭരണത്തിന്റെ ഫലമായി തിരുവിതാംകൂറിലും കേരളത്തിന്റെ ഇതരഭാഗങ്ങളിലും സാമൂഹ്യ-സാമ്പത്തിക രംഗത്തുണ്ടായ പരിവര്‍ത്തനങ്ങള്‍, നായര്‍ ജാതി-ഉപജാതി വിഭാഗങ്ങള്‍ക്കിടയില്‍ വലിയ പ്രതിസന്ധി സംജാതമാക്കി. പരമ്പരാഗതമായ ജാതി ശ്രേണിയില്‍ 'ശുദ്ര' പദവിയായിരുന്നെങ്കിലും, കേരളത്തിലെ നായര്‍ വിഭാഗങ്ങള്‍ ഗണ്യമായ രാഷ്ട്രീയ-സാമ്പത്തിക വിഭവങ്ങള്‍ക്കുടമകളായിരുന്നു. ജാതിവ്യവസ്ഥയുടെയും സവര്‍ണാധികാരത്തിന്റെയും നിര്‍വഹണാധികാരികളെന്നു സ്വയം കരുതിപ്പോന്ന പരമ്പരാഗത നായര്‍ വിഭാഗങ്ങളെ അതുകൊണ്ടുതന്നെ ബ്രിട്ടീഷ് നയങ്ങള്‍ പ്രതികൂലമായി ബാധിക്കുകയുണ്ടായി. 19-ാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ ആധുനിക വിദ്യാഭ്യാസം ലഭിച്ച നായര്‍ യുവാക്കള്‍ സി.വി. രാമന്‍പിള്ള, സി. കൃഷ്ണപിള്ള എന്നിവരുടെ നേതൃത്വത്തില്‍ നായര്‍ സമുദായത്തിന്റെ ആന്തരിക നവീകരണത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഈ വിഭാഗത്തിന്റെ പ്രതിഷേധത്തിന്റെയും അതൃപ്തിയുടെയും പ്രകാശനമായിരുന്നു, തിരുവിതാംകൂര്‍ സര്‍ക്കാര്‍ സര്‍വീസിലെ പരദേശി ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്ത മലയാളി മെമ്മോറിയല്‍ പരമ്പരാഗതമായ 'നമ്പൂതിരി സംബന്ധ'വും കൂട്ടുകുടുംബവ്യവസ്ഥയും മാതൃദായക്രമവും പുതിയ നായര്‍ യുവാക്കളുടെ കടുത്ത വിമര്‍ശനത്തിനുപാത്രമായി. അനവധി ഉപജാതികളായുള്ള നായര്‍ സമുദായത്തിന്റെ ശിഥിലാവസ്ഥയും പരിഷ്കരണവാദികളുടെ ശ്രദ്ധയ്ക്കു വിഷയമായി. പുതിയ കാലത്തിനനുസൃതമായ ഒരു ജനവിഭാഗമായി മാറണമെങ്കില്‍, ആന്തരികമായ ഉത്ഗ്രഥനവും ദായക്രമപരിഷ്കരണവും അടിയന്തിരമാണെന്നു ചിന്തിച്ച 'നായര്‍ ഭൃത്യജനസംഘം', 'കേരളീയ നായര്‍ സമാജം' തുടങ്ങിയവ നവീകരണസംരംഭങ്ങള്‍ക്കു തുടക്കം കുറിച്ചു. മാത്രവുമല്ല, 1903-ല്‍ രൂപംകൊണ്ട 'ശ്രീനാരായണധര്‍മ പരിപാലനയോഗം', ഈഴവ ജാതി-ഉപജാതികളെ സുസംഘടിതമായ 'ഈഴവ സമുദായ'മായി പരിവര്‍ത്തിപ്പിക്കുകയും മറ്റു ജാതി-മതവിഭാഗങ്ങളില്‍ അതിന്റെ സ്വാധീനം സൃഷ്ടിക്കുകയും ചെയ്തു. കേരളത്തിലെ സവര്‍ണ/അവര്‍ണ ജാതി വിഭാഗങ്ങള്‍ മാത്രമല്ല, ക്രിസ്ത്യന്‍-മുസ്ലിം വിഭാഗങ്ങളും എസ്.എന്‍.ഡി.പി.യെ മാതൃകയാക്കിക്കൊണ്ട് ആന്തരിക പരിഷ്കരണ സംരംഭങ്ങള്‍ക്കു സ്വയം സജ്ജമായി. ഈ ചരിത്ര പശ്ചാത്തലമാണ് കൂടുതല്‍ സംഘടിതവും ഉദ്ഗ്രഥിതവുമായ 'നായര്‍ സര്‍വീസ് സൊസൈറ്റി'യുടെ രൂപീകരണം സാധ്യമാക്കിയത്. പരസ്പരം അയിത്തം ആചരിക്കുകയും ഭിന്നജാതികളെപ്പോലെ ജീവിച്ച് വരികയും ചെയ്ത നായര്‍ ഉപജാതികള്‍, അഖില കേരളാടിസ്ഥാനത്തില്‍ സംഘടിക്കുകയും പരസ്പരം ഉദ്ഗ്രഥിക്കുകയും ചെയ്ത് 'ഒരു ഏക നായര്‍ സമുദായ'മായി പരിവര്‍ത്തനപ്പെട്ടതിന്റെ സംഘടനാപ്രകാശനം എന്ന് എന്‍.എസ്.എസ്സിനെ നിര്‍വചിക്കാവുന്നതാണ്.
കരയോഗ പ്രവര്‍ത്തനങ്ങളുടെ പ്രാരംഭഘട്ടം. നായര്‍ സമുദായാംഗങ്ങള്‍ ചേര്‍ന്ന് ഒരു കരയോഗം രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചത് 1901-ലാണ്. പന്തളത്ത് 'മാരണത്ത് കാവ്' എന്നറിയപ്പെട്ടിരുന്ന പഴയ ഭദ്രകാളീക്ഷേത്രം സ്ഥിതി ചെയ്തിരുന്നതിന്റെ മുന്‍വശത്താണ് കരയോഗമന്ദിരത്തിന്റെ ശിലാസ്ഥാപനകര്‍മം നിര്‍വഹിച്ചത്. ക്ഷേത്രപ്രവേശന വിളംബരത്തിനും ഏറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് താഴ്ന്ന ജാതിക്കാര്‍ക്ക് പ്രവേശനമനുവദിച്ച രണ്ടാമത്തെ കരയോഗമന്ദിരം പെരുന്നയിലേതാണ്. ദിവാന്‍ ബഹദൂര്‍ ഗോവിന്ദപ്പിള്ളയാണ് മന്ദിരോദ്ഘാടനം നിര്‍വഹിച്ചത്. സി. കൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു.
തെക്കന്‍ കേരളത്തിലാകെ പടര്‍ന്നു പന്തലിച്ച നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആധാരശിലകള്‍ കരയോഗങ്ങളാണ്. ഓരോ കരയോഗവും സ്വയംപര്യാപ്തതയുള്ള സ്വയംഭരണ സ്ഥാപനങ്ങളാണ്. എന്‍.എസ്.എസ്. ഒരു രജിസ്റ്റ്രേഡ് സൊസൈറ്റിയായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ, അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കിയത് മന്നത്ത് പദ്മനാഭനാണ്.
അനാചാരങ്ങള്‍ക്കെതിരെയുള്ള പേരാട്ടം. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ദായക്രമം പരിഷ്കരിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ഗാഢമായി ചിന്തിച്ച മന്നം ആദ്യമായി പരിശ്രമിച്ചത് സമുദായത്തിലടിഞ്ഞുകൂടിയിരുന്ന അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ദൂരീകരിക്കുന്നതിനാണ്. നായര്‍ സമുദായത്തില്‍ അനേകം ഉപജാതികള്‍ അക്കാലത്ത് നിലവിലുണ്ടായിരുന്നു. അവയെയെല്ലാം യോജിപ്പിച്ച് ഒരു കൊടിക്കീഴില്‍ അണിനിരത്തുക, എല്ലാ ജാതി-മതവിഭാഗത്തില്‍പ്പെട്ടവരുടെയും സാംസ്കാരിക പുരോഗതിക്കുപകരിക്കുന്ന വിദ്യാലയനിര്‍മാണം നടത്തുക തുടങ്ങി, ബഹുമുഖമായ കര്‍മ പരിപാടികള്‍ അന്ന് മന്നത്തിന്റെ പ്രവര്‍ത്തന പരിധിയില്‍പ്പെട്ടിരുന്നു.
ഇല്ലക്കാരനും സ്വരൂപക്കാരനും ഇടശ്ശേരിയും ചക്കാലനും എല്ലാം നായന്മാരായിരുന്നെങ്കിലും 'ഇല്ല'ത്തില്‍പ്പെട്ടവരുടെ പെണ്ണിനെ സ്വരൂപക്കാരന് വിവാഹം കഴിച്ചുകൊടുക്കുന്നതിനെപ്പറ്റി ചിന്തിക്കുകപോലും അക്കാലത്ത് അസാധ്യമായിരുന്നു. വിവാഹസദ്യയ്ക്കും മറ്റും നായര്‍ സ്ത്രീകള്‍ ഒരു പന്തിയില്‍ ഇരുന്ന് ആഹാരം കഴിക്കുമായിരുന്നില്ല. വിവാഹാടിയന്തിരങ്ങള്‍ക്ക് ഓരോ വിഭാഗക്കാര്‍ക്കും പ്രത്യേകം പ്രത്യേകം ഇലവയ്ക്കാറുണ്ടായിരുന്നു. ഇത്തരം അനാചാരങ്ങള്‍ക്ക് അറുതി വരുത്തുന്നതിനും ആദ്യകാലങ്ങളില്‍ മന്നം സാഹസികമായി യത്നിച്ചിരുന്നു. ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ക്ക് പെണ്ണു കൊടുക്കുന്നത് അന്തസ്സായി കരുതിയിരുന്ന അക്കാലത്ത് പ്രമുഖ നായര്‍ തറവാടുകളിലെല്ലാം ബ്രാഹ്മണ സംബന്ധമാണ് നിലവിലിരുന്നത്. അപഹാസ്യമായ ഇത്തരം അനാചാരങ്ങള്‍ പരിഷ്കരിക്കുന്നതിന് മറ്റാരെക്കാളും മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചതു മന്നമായിരുന്നു.
നായര്‍ പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയായതിനുശേഷം മാത്രമേ വിവാഹം കഴിക്കാവൂ എന്നും, താലികെട്ടു കല്യാണത്തിലെ ആര്‍ഭാടത്തിന് അറുതി വരുത്തണമെന്നും രാജ്യമെമ്പാടും പോയി മന്നം പ്രസംഗിച്ചു. ഉറ്റമിത്രങ്ങളില്‍ അദ്ദേഹത്തിന്റെ പ്രസംഗം കുറെയൊക്കെ സ്വാധീനം ചെലുത്തുകയും ചെയ്തു. താലികെട്ടു കല്യാണം തറവാടിന്റെ അഭിമാനമായി കരുതിയിരുന്ന ഒരു വലിയ വിഭാഗത്തിന്റെ എതിര്‍പ്പിനെ അദ്ദേഹത്തിന് നേരിടേണ്ടിവന്നു. തറവാടിന്റെ മാഹാത്മ്യം വിളംബരം ചെയ്യുന്ന അപൂര്‍വ അവസരമായിരുന്നു, അക്കാലത്ത് ആര്‍ഭാട പൂര്‍വം കെട്ടുകല്യാണം നടത്തുകയെന്നത്. പണ്ടത്തെ താലികെട്ടുകല്യാണത്തിന്റെയും സംബന്ധത്തിന്റെയും ചടങ്ങുകള്‍മാത്രം ഒന്നിച്ചുചേര്‍ത്തു നടപ്പാക്കിയ രീതിയാണ് പിന്നീട് പുലര്‍ത്തിപ്പോന്നത്. നായരുടെ ഇടയില്‍ നിലനിന്നിരുന്ന 'തിരണ്ടുകുളി' നിര്‍ത്തലാക്കുന്ന കാര്യത്തിലും സ്വസമുദായത്തിന്റെ രൂക്ഷമായ എതിര്‍പ്പിനെ നേരിടേണ്ടിവന്നു.
1924-ല്‍ ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള നിയമസഭയില്‍ അവതരിപ്പിക്കുവാന്‍ തയ്യാറാക്കിയ 'നായര്‍ ബില്‍' വലിയ ഒച്ചപ്പാടുകള്‍ക്ക് കളമൊരുക്കി. ബ്രാഹ്മണ, ക്ഷത്രിയ സമുദായങ്ങളില്‍ നിന്നും നായര്‍ സമുദായത്തില്‍ വിവാഹബന്ധമുണ്ടായിരുന്ന നിരവധിപേര്‍ക്ക് ബില്ലിന്‍പ്രകാരം സ്വന്തം സന്താനങ്ങള്‍ക്ക് പിതൃസ്വത്തവകാശവ്യവസ്ഥ ബാധകമാകുമെന്ന് വന്നപ്പോള്‍ എതിര്‍പ്പ് രൂക്ഷമായി.
1925-ല്‍ നായര്‍ റെഗുലേഷന്‍ ആക്റ്റ് നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ അതിശക്തമായ എതിര്‍പ്പിനെ നേരിടേണ്ടിവന്നു. ബ്രാഹ്മണരും ക്ഷത്രിയരും അക്കാലത്ത് നായര്‍ സ്ത്രീകളെ വിവാഹം കഴിക്കുന്ന രീതി നിലവിലുണ്ടായിരുന്നു. പക്ഷേ, നായര്‍ വിവാഹത്തിലെ സ്വസന്താനങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളൊന്നും തന്നെ നല്‍കുവാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. നായര്‍ സ്ത്രീകളെ വിവാഹം കഴിക്കുന്നവര്‍ അതേ സമുദായത്തില്‍പ്പെട്ടവരല്ലെങ്കില്‍ മരണാനന്തരം ശേഷിക്കുന്ന സ്വത്തിന്റെ നേര്‍പകുതി സ്വജാതിയിലുള്ള ഭാര്യയ്ക്കും ശേഷിക്കുന്ന മൂന്നു പകുതി നായര്‍ ഭാര്യയ്ക്കും മക്കള്‍ക്കും ലഭിക്കണമെന്നായിരുന്നു വ്യവസ്ഥ. നായര്‍ സ്ത്രീ മാത്രമേ ഭാര്യയായുള്ളുവെങ്കില്‍ മുഴുവന്‍ സ്വത്തിനും അവകാശി ഭാര്യയും മക്കളുമായിരിക്കും എന്നുകൂടി ബില്ലില്‍ വ്യവസ്ഥ ചെയ്തിരുന്നു.
പ്രാരംഭഘട്ടം മുതല്‍ക്കേ മലബാര്‍ ഭാഗത്തേക്കുകൂടി സംഘടനാപ്രവര്‍ത്തനം വ്യാപിപ്പിക്കുവാന്‍ മന്നം അതീവ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 1950-ല്‍ കൊച്ചി നായര്‍ സമാജം സര്‍വീസ് സൊസൈറ്റിയില്‍ ലയിച്ചു. മലബാര്‍ ഭാഗത്ത് മന്ദഗതിയിലായിരുന്ന സൊസൈറ്റിയുടെ പ്രവര്‍ത്തനം പിന്നീട് കൂടുതല്‍ സജീവമാകുകയും ചെയ്തു. എഴുപതുകളില്‍ പ്രവര്‍ത്തനം കൂടുതല്‍ ശക്തിയാര്‍ജിച്ചു.