This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നായര്‍, സി.എസ്. വിദ്വാന്‍ (1894 - 1942)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നായര്‍, സി.എസ്. വിദ്വാന്‍ (1894 - 1942)

മലയാളസാഹിത്യ വിമര്‍ശകന്‍. പത്രപ്രവര്‍ത്തകന്‍, അധ്യാപകന്‍ എന്നീ നിലകളിലും ശ്രദ്ധേയന്‍.

1894 മേയ് 7-ന് പട്ടാമ്പിയിലെ പെരുമുടിയൂരില്‍ ജനിച്ചു. പിതാവ് പുതുമനം പറമ്പത്തു ശങ്കരന്‍ നായര്‍. മാതാവ് പാര്‍വതിയമ്മ. വിദ്വാന്‍ പരീക്ഷ പാസായ ഇദ്ദേഹം ദീര്‍ഘകാലം അധ്യാപകനായിരുന്നു. പട്ടാമ്പി സംസ്കൃതകോളജ് അധ്യാപകനും മദിരാശി സംസ്കൃത കോളജിന്റെ വൈസ് പ്രിന്‍സിപ്പലും ആയിരുന്നു. സ്വരാട്, അരുണോദയം എന്നിവയുടെ പത്രാധിപരായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Image:cs nair vidhwan.png

മലയാളസാഹിത്യ വിമര്‍ശന ചരിത്രത്തെ ക്രിയാത്മകമാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നിരൂപകനാണിദ്ദേഹം. 'പുരോഗാമിയായ സാഹിത്യവിമര്‍ശകനാ'യാണ് ഇദ്ദേഹം ശ്രദ്ധ നേടിത്തുടങ്ങിയത്. പൗരസ്ത്യകാവ്യശാസ്ത്രത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് സാഹിത്യവിമര്‍ശനം നടത്തിയ ഇദ്ദേഹം പാശ്ചാത്യകാവ്യ സിദ്ധാന്തങ്ങളിലും അവഗാഹം നേടിയ ആളായിരുന്നു. ബംഗാര്‍ട്ടിനെയും കാന്റിനെയും പോലുള്ള പാശ്ചാത്യസൗന്ദര്യശാസ്ത്രകാരന്മാരുടെ ആശയങ്ങളെ പുരസ്കരിച്ചെഴുതിയ ലേഖനം അന്നത്തെ നിലയ്ക്ക് വളരെ പ്രസക്തമായിരുന്നു. സാഹിത്യത്തിലെ സൗന്ദര്യപക്ഷപാതിയായിരുന്ന അദ്ദേഹം മലയാളകവിതയില്‍ അക്കാലത്ത് രൂപംകൊണ്ടു തുടങ്ങിയ പുതുലാവണ്യബോധത്തെ തിരിച്ചറിയുകയും പ്രചോദിപ്പിക്കുകയും ചെയ്തിരുന്നു. കാവ്യരൂപങ്ങള്‍, രസം എന്നിവയെക്കുറിച്ചുള്ള സൈദ്ധാന്തിക ലേഖനങ്ങളും അക്കാലത്തിറങ്ങിയ കാവ്യഗ്രന്ഥങ്ങളെക്കുറിച്ചുള്ള നിരൂപണങ്ങളും ചില അവതാരികകളുമാണ് അദ്ദേഹത്തിന്റെ സംഭാവനകള്‍. സുവര്‍ണപഞ്ജരം, ചമ്പൂസാഹിത്യം എന്നിവയാണ് പ്രസിദ്ധീകൃത കൃതികള്‍. ഇദ്ദേഹത്തിന്റെ കാലശേഷം 1964-ല്‍ ലഭ്യമായ രചനകളെക്കൂടി ഉള്‍പ്പെടുത്തി സി.എസ്. നായരുടെ ഉപന്യാസങ്ങള്‍ (2 ഭാഗം) എന്ന സമാഹൃത കൃതി പ്രസിദ്ധീകരിക്കുകയുണ്ടായി.

1942 മേയ് 8-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍