This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാമമാത്രവാദം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാമമാത്രവാദം

Nominalism

മധ്യകാല തത്ത്വചിന്തയിലെ രണ്ട് വിരുദ്ധ ചിന്താസരണികളില്‍ ഒന്ന്. മാനസിക സങ്കല്പങ്ങളുടെയും ആശയങ്ങളുടെയും സാര്‍വത്രികത ചോദ്യം ചെയ്യുന്ന പുരാതനവും ആധുനികവുമായ എല്ലാ ചിന്താസരണികളെയും നാമമാത്രവാദത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

മധ്യകാലഘട്ടത്തില്‍ യാഥാര്‍ഥ്യവാദവും നാമമാത്രവാദവും തമ്മിലാണ് തര്‍ക്കം നിലനിന്നിരുന്നത്. അമൂര്‍ത്തമായ ആശയങ്ങള്‍ക്ക് അവ പ്രതിനിധാനം ചെയ്യുന്ന വസ്തുക്കളില്‍ നിന്ന് വേറിട്ട് നില്‍ക്കുമ്പോഴും സാര്‍വത്രിക അസ്തിത്വമുണ്ടെന്ന് യാഥാര്‍ഥ്യവാദികള്‍ പറഞ്ഞു. എന്നാല്‍ നാമങ്ങള്‍ക്കൊഴികെ മറ്റൊന്നിനും സാര്‍വത്രികതയില്ലെന്ന് നാമമാത്രവാദികള്‍ അഭിപ്രായപ്പെട്ടു. പ്ളേറ്റോ, അരിസ്റ്റോട്ടില്‍, വി.തോമസ് അക്വിനാസ് എന്നിവരുടെ വീക്ഷണങ്ങള്‍ക്ക് വിരുദ്ധമായിരുന്നു ഇത്.

എ.ഡി. മൂന്നാം ശതകത്തിലെ ഗ്രീക്കു പണ്ഡിതനായിരുന്ന പോര്‍ഫിറി (Porphyry)യുടെ ഇസഗോഗ് (Isagoge) എന്ന കൃതിക്ക് ബോയെത്തിയസ് തയ്യാറാക്കിയ ലാറ്റിന്‍ പരിഭാഷയില്‍ നിന്നാണ് യാഥാര്‍ഥ്യവാദവും നാമമാത്രവാദവും തമ്മിലുള്ള വിവാദം പൊട്ടിപ്പുറപ്പെട്ടത്. സാര്‍വത്രികമായ ഗണങ്ങളുടെയും ഉപഗണങ്ങളുടെയും അസ്തിത്വത്തെച്ചൊല്ലിയായിരുന്നു വിവാദം. പതിനൊന്നാം ശതകത്തിന്റെ അവസാനഘട്ടത്തില്‍ ഫ്രാന്‍സിലെ ലോഷസ്(Loches)ല്‍ കാനണ്‍ ആയിരുന്ന റോസലിനസ്(Roscellinus) ആണ് നാമമാത്രവാദത്തിന്റെ പ്രഥമ വക്താവ്. ത്രിത്വത്തെക്കുറിച്ച് അസാമാന്യ വീക്ഷണങ്ങള്‍ പുലര്‍ത്തിയതിനാല്‍ പാഷണ്ഡനെന്നു മുദ്രകുത്തപ്പെട്ട ഇദ്ദേഹത്തെ 1092-ല്‍ ക്രൈസ്തവസഭ ശിക്ഷിച്ചു. കാന്റര്‍ബറിയിലെ ആര്‍ച്ച് ബിഷപ്പായിരുന്ന വി.ആന്‍സെലം ആയിരുന്നു ഇദ്ദേഹത്തിന്റെ മുഖ്യ എതിരാളി. റോസലിനസിന്റെ ശിഷ്യനായ പീറ്റര്‍ ഏബ്ലാര്‍ദ്, അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ പരിഷ്കരിച്ച്, 'സാമാന്യബോധ സ്വാതന്ത്യ്രവാദം' എന്ന പേരില്‍ പ്രചരിപ്പിക്കുകയുണ്ടായി.

അസ്തിത്വമുള്ള എല്ലാ വസ്തുക്കള്‍ക്കും വ്യതിരിക്ത സ്വഭാവങ്ങളാണുള്ളതെന്നും, 'സാര്‍വത്രികത' എന്നൊന്നില്ലായെന്നും നാമമാത്രവാദികള്‍ അഭിപ്രായപ്പെടുന്നു. നാമമാത്രവാദം എന്തെന്ന് കൃത്യമായി നിര്‍വചിക്കുക പ്രയാസമാണ്. ഒന്നില്‍ കൂടുതല്‍ വസ്തുക്കള്‍ക്ക് ഒരേ നാമം പങ്കുവയ്ക്കാമെങ്കില്‍ ഒരേ ഗുണങ്ങളും പങ്കുവയ്ക്കാവുന്നതാണ്. അതിനാല്‍, പങ്കുവയ്ക്കപ്പെടുന്ന ഗുണങ്ങളുടെ എണ്ണത്തിനല്ല, അവ ഏതു രീതിയിലാണ് പങ്കുവയ്ക്കപ്പെടുന്നത് എന്നതിനാണ് പ്രാധാന്യം നല്കേണ്ടത്. ഈ പ്രക്രിയയില്‍ ഭാഷയുടെ പങ്കിനും പ്രാധാന്യം കല്പിക്കുന്നു. എപിക്യുറസ്, ജോര്‍ജ് ബെര്‍ക്ലി, ഡേവിഡ് ഹ്യും, ജോണ്‍ സ്റ്റുവര്‍ട്ട് മില്‍, ഒക്ഹാം തുടങ്ങിയവരുടെ വീക്ഷണങ്ങള്‍ നാമമാത്രവാദത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഇവര്‍ വാക്കുകളുടെ മാത്രം സാര്‍വത്രികതയ്ക്കും വസ്തുക്കളുടെ വ്യതിരിക്തതയ്ക്കും പ്രാധാന്യം നല്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍