This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാന്‍സെന്‍ ബോട്ടില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാന്‍സെന്‍ ബോട്ടില്‍

Nansen Bottle

മാതൃകാപരിശോധനയ്ക്കുവേണ്ടി സമുദ്രപര്യവേക്ഷകന്‍ സമുദ്രജലം ശേഖരിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം. നോര്‍വീജിയന്‍ സമുദ്രപര്യവേക്ഷകനായ നാന്‍സെന്‍ ഫ്രിജോഫിന്റെ (1861-1930) സ്മരണാര്‍ഥമാണ് പ്രസ്തുത ഉപകരണത്തിന് നാന്‍സെന്‍ ബോട്ടില്‍ എന്നു നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്. 100 ലി. മുതല്‍ 1000 ലി. വരെ ജലസംഭരണ ശേഷിയുള്ള നാന്‍സെന്‍ ബോട്ടിലുകള്‍ പ്രചാരത്തിലുണ്ട്. അഗ്രങ്ങളില്‍ ജലപ്രവാഹത്തിന്റെ സമ്മര്‍ദത്താല്‍ തുറക്കാന്‍ കഴിയും വിധം ഘടിപ്പിച്ചിട്ടുള്ള അടപ്പോടുകൂടിയ ലോഹനിര്‍മിതമായ ഒരു കുഴലാണ് നാന്‍സെന്‍ ബോട്ടിലിന്റെ പ്രധാന ഭാഗം. ദൈര്‍ഘ്യമേറിയ ഒരു ഹൈഡ്രോഗ്രാഫിക് കേബിളില്‍ നിരവധി ബോട്ടിലുകള്‍ ശ്രേണിയായി ഘടിപ്പിച്ചശേഷം സാവധാനം സമുദ്രത്തിലേക്കു താഴ്ത്തിയാണ് പരീക്ഷണ-നിരീക്ഷണങ്ങള്‍ക്കാവശ്യമായ ജലം ശേഖരിക്കുന്നത്. ഹൈഡ്രോഗ്രാഫിക് കേബിളിന്റെ സഹായത്താല്‍ നാന്‍സെന്‍ ബോട്ടിലുകള്‍ ലംബമായി ജലത്തിലേക്കു താഴ്ത്തുമ്പോള്‍ നിറഞ്ഞു പ്രവഹിക്കത്തക്ക മാതൃകയിലാണ് ഈ ഉപകരണം രൂപകല്പന ചെയ്തിട്ടുള്ളത്. ഹൈഡ്രോഗ്രാഫിക് കേബിളിന്റെ സഹായത്താല്‍ ബോട്ടിലുകള്‍ നിശ്ചിത ആഴത്തില്‍ താഴ്ത്തിയ ശേഷം ഒരു ലോഹദണ്ഡ് (മെസെഞ്ചര്‍) കേബിള്‍ വഴി താഴേക്ക് അയയ്ക്കുന്നു. മെസെഞ്ചര്‍ നാന്‍സെന്‍ ബോട്ടിലിലെ 'ട്രിപ്പിങ് ഡിവൈസില്‍' ആഘാതമുണ്ടാക്കുന്നതോടെ ബോട്ടില്‍ കീഴ്മേല്‍ മറിയുകയും അടപ്പുകള്‍ അടയുകയും ചെയ്യുന്നു. സാധാരണയായി ഓരോ നാന്‍സെന്‍ ബോട്ടിലിനൊപ്പം ഓരോ ജോഡി റിവേഴ്സിങ് തെര്‍മോമീറ്ററുകളും ഘടിപ്പിച്ചിട്ടുണ്ടാകും. തെര്‍മോമീറ്ററുകളും ബോട്ടിലുകളും കൃത്യമായി അളവുകള്‍ പ്രദാനം ചെയ്യുമെങ്കിലും കൂടിയ സമയദൈര്‍ഘ്യം ഈ രീതിയുടെ ഒരു പ്രധാന ന്യൂനതയായി കണക്കാക്കുന്നു.

Image:nansen 2.png

ലോഹനിര്‍മിത നാന്‍സെന്‍ ബോട്ടിലുകളുടെ മറ്റൊരു പ്രധാന ന്യൂനത അവയുടെ മലിനീകരണമാണ്. ഈ ന്യൂനത പരിഹരിക്കുന്ന വിധം പ്ലാസ്റ്റിക്കില്‍ രൂപകല്പന ചെയ്ത വാന്‍ഡോണ്‍ ബോട്ടിലുകള്‍ ഇപ്പോള്‍ ഉപയോഗത്തിലുണ്ട്. ഇവയുടെ അഗ്രങ്ങളിലെ റബ്ബര്‍ സ്റ്റോപ്പറുകള്‍ റബ്ബര്‍ ബാന്‍ഡുകള്‍ മുഖേന അടയ്ക്കാന്‍ കഴിയുംവിധമാണ് രൂപകല്പന ചെയ്തിട്ടുള്ളത്. ഇവ കൂടാതെ 10 ലി. വരെ ജല സംഭരണ ശേഷിയുള്ളതും പ്രവര്‍ത്തനക്ഷമത കൂടിയതുമായ കുഴല്‍ രൂപത്തിലുള്ള ജലശേഖരണികളും പ്രചാരത്തിലുണ്ട്.

സമുദ്രജലത്തിന്റെ പരീക്ഷണ-നിരീക്ഷണങ്ങളുടെയും ആവശ്യമായ ജലത്തിന്റെ അളവിന്റെയും തോതനുസരിച്ച് വ്യത്യസ്ത വലുപ്പത്തിലുള്ള നാന്‍സെന്‍ ബോട്ടിലുകള്‍ തിരഞ്ഞെടുക്കണം. കാര്‍ബണ്‍-14 പോലുള്ള അതിസൂക്ഷ്മ ഘടകങ്ങളെ നിര്‍ണയിക്കേണ്ടി വരുമ്പോള്‍ 200 മുതല്‍ 400 വരെ ലി. ജലസംഭരണശേഷിയുള്ള നാന്‍സെന്‍ ബോട്ടിലുകളാണ് ഉപയോഗിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍