This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാന്‍ജിങ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാന്‍ജിങ്

Nanjing

ചൈനയുടെ മുന്‍ തലസ്ഥാനനഗരം. ഇപ്പോള്‍ ചൈനയിലെ ജിയാങ്സു (Jiangsu) പ്രവിശ്യയുടെ തലസ്ഥാനവും രാജ്യത്തെ ഒരു പ്രധാന സാമ്പത്തിക-സാംസ്കാരിക കേന്ദ്രവുമാണ് നാന്‍ജിങ്. യാങ്ട്സി നദിക്കരയില്‍, ഷാങ്ഘായില്‍ നിന്ന് 270 കി.മീ. ദൂരെയായി സ്ഥിതിചെയ്യുന്ന നാന്‍ജിങ്ങിലെ ജനസംഖ്യ 7,713,100 (2009) ആണ്.

പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമാണ് നാന്‍ജിങ് നഗരം. സാമ്പത്തിക പ്രാധാന്യമുള്ള ഖനികളില്‍ ഇരുമ്പും ഗന്ധകവുമാണ് മുന്നില്‍. യാങ്ട്സി നദിയാണ് നഗരത്തിലെ പ്രധാന ജലസ്രോതസ്സ്. മിതോഷ്ണ കാലാവസ്ഥയാണ് നാന്‍ജിങ്ങിലേത്. ചൂടേറിയ വേനലും വര്‍ഷം മുഴുവനും ലഭിക്കുന്ന മഴയും ഈ കാലാവസ്ഥയുടെ സവിശേഷതകളാണ്. സുവാങ്വു (Xuznwu), മോചോ (Mochou) എന്നീ നൈസര്‍ഗിക ജലാശയങ്ങളും ഇവിടെ സ്ഥിതിചെയ്യുന്നു. ജിയാങ്നിങ് (Jiangning), പൂകോ (Puko) എന്നിവിടങ്ങളില്‍ ഉഷ്ണനീരുറവകളുടെ സാന്നിധ്യമുണ്ട്. ഭൂപ്രകൃതിയുടെ മറ്റൊരു സവിശേഷതയായ പര്‍പ്പിള്‍ കുന്നുകളില്‍ നിത്യഹരിത വൃക്ഷങ്ങളും ഓക്മരങ്ങളും സമൃദ്ധമായി വളരുന്നു.

വളരെ പണ്ടു മുതല്‍ കളിമണ്‍-സില്‍ക്ക് ഉത്പന്നങ്ങള്‍ക്കും കൈത്തറി പരുത്തി വസ്ത്ര(Nankeen)ങ്ങളുടെ ഉത്പാദനത്തിനും പേരുകേട്ട നാന്‍ജിങ്ങില്‍ 1930-കള്‍ വരെ ആധുനിക വ്യവസായങ്ങളൊന്നും സ്ഥാപിതമായിരുന്നില്ല. 1937-49 കളിലെ യുദ്ധങ്ങള്‍ക്കുശേഷമുണ്ടായ വ്യാവസായിക വികസനം നഗരത്തിന്റെ സമ്പദ്ഘടനയെ മാറ്റി മറിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു. മുമ്പുണ്ടായിരുന്ന ചെറുകിട വ്യവസായങ്ങള്‍ക്ക് പുറമേ ഇരുമ്പുരുക്ക്, എണ്ണ ശുദ്ധീകരണം, വാഹനനിര്‍മാണം, ഇലക്ട്രോണിക് ഉപകരണങ്ങള്‍, രാസവ്യവസായം, കാര്‍ഷികോപകരണങ്ങള്‍ തുടങ്ങിയവയുടെ ഉത്പാദനം എന്നിവ വന്‍തോതില്‍ വികസിച്ചു.

Image:Nanjing city.png

ചൈനയിലെ തിരക്കേറിയ ഗതാഗതകേന്ദ്രങ്ങളിലൊന്നു കൂടിയാണ് നാന്‍ജിങ്. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന റെയില്‍-റോഡ് ഗതാഗതശൃംഖല ഈ നഗരത്തിന്റെ പ്രത്യേകതയാണ്. ചൈനയിലെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ലൂകോ (Lukou) അന്താരാഷ്ട്രവിമാനത്താവളം നാന്‍ജിങ്ങിലാണ്. യാങ്ട്സി നദിക്കരയിലെ ഏറ്റവും വലിയ കണ്ടെയ്നര്‍ തുറമുഖം കൂടിയായ നാന്‍ജിങ് തുറമുഖം രാജ്യത്തെ ഉള്‍നാടന്‍ തുറമുഖങ്ങളില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്നു.

ചൈനയിലെ പ്രധാന ഉന്നതവിദ്യാഭ്യാസ കേന്ദ്രം എന്ന നിലയിലും ഇവിടം ശ്രദ്ധേയമാണ്. നാന്‍ജിങ് സര്‍വകലാശാല, നാന്‍ജിങ് എഞ്ചിനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, നാന്‍ജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് എയറോനോട്ടിക്സ് തുടങ്ങിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. നിരവധി മ്യൂസിയങ്ങളും നാന്‍ജിങ്ങിലുണ്ട്. നാന്‍ജിങ് മ്യൂസിയം, ചൈനയുടെ ആധുനിക ചരിത്രമ്യൂസിയം, നാന്‍ജിങ് കൂട്ടക്കുരുതി സ്മാരകം, നാന്‍ജിങ് നഗര മ്യൂസിയം, തായ്പിങ് ചരിത്ര മ്യൂസിയം, നാന്‍ജിങ് കസ്റ്റംസ് മ്യൂസിയം, നാന്‍ജിങ് സാംസ്കാരിക മ്യൂസിയം എന്നിവ ശ്രദ്ധേയമാണ്. ചരിത്ര- സാംസ്കാരിക പ്രാധാന്യമുള്ള അനവധി സ്മാരകങ്ങള്‍ ഈ നഗരത്തിലുണ്ട്. മിങ് വംശത്തിലെ പ്രഥമ ചക്രവര്‍ത്തിയായ മിങ് തയ് സു (Ming Tai Tsu), ആധുനിക ചൈനയുടെ സ്ഥാപകനായ സണ്‍ യാത് സെന്‍ എന്നിവരുടെ ശവകുടീരങ്ങള്‍, നക്ഷത്രബംഗ്ളാവ്, വാലി ഒഫ് സ്പിരിറ്റ്സ് വിഹാരത്തിന്റെ അവശിഷ്ടങ്ങള്‍, 1382-ല്‍ മിങ് തയ് സു പണികഴിപ്പിച്ച ഡ്രം ടവര്‍ (Drum Tower), നഗരത്തിന്റെ കി. ഭാഗത്തുള്ള കിയാങ്സു (Kiangsu) മ്യൂസിയം, മിങ് കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍, പല നിറത്തിലുള്ള ഉരുളന്‍ കല്ലുകളാല്‍ മനോഹരമായ ടെറസ് ഒഫ് ദ റെയിന്‍ ഒഫ് ഫ്ളവേഴ്സ് (Terrace of the rain of flower) തുടങ്ങിയവ നഗരത്തിലെ പ്രധാന ആകര്‍ഷണങ്ങളാകുന്നു. ചരിത്ര-സാംസ്കാരിക അവശിഷ്ടങ്ങളും നഗരത്തെ ഒരു കോട്ടപോലെ വലയം ചെയ്തു നില്‍ക്കുന്ന കുന്നുകള്‍, തടാകങ്ങള്‍, നദികള്‍ എന്നിവ ഉള്‍പ്പെടുന്ന മനോഹരമായ ഭൂപ്രകൃതിയും നാന്‍ജിങ്ങിന്റെ വിനോദസഞ്ചാര പ്രാധാന്യത്തെ വര്‍ധിപ്പിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നു.

image:nanjing Sun_yat_sen temple.png

വര്‍ണപ്പകിട്ടാര്‍ന്ന നിരവധി ഉത്സവങ്ങളുടെ നാടു കൂടിയാണ് നാന്‍ജിങ്. പ്ലംഹില്ലില്‍ (Plum hill) അരങ്ങേറുന്ന അന്താരാഷ്ട്ര പ്ലം ബ്ലോസം ഉത്സവം (International Plum Blossom), പട്ടം പറപ്പിക്കല്‍ മേള, ജിയാങ്ക്സിന്‍ ഴോവ്വ്ലെ പഴമേള (Jiangxin zhou), ലിങ്ഗു ക്ഷേത്രോത്സവം എന്നിവയാണ് പ്രധാന ഉത്സവങ്ങള്‍.

ചരിത്രം. നാന്‍ജിങ് എന്ന പേരില്‍ അറിയപ്പെടുന്നതിനു മുന്‍പ് പല നാമങ്ങളില്‍ അറിയപ്പെട്ടിരുന്ന ഈ പട്ടണത്തിന് ചൈനീസ് ചരിത്രത്തില്‍ സുപ്രധാന സ്ഥാനമാണുള്ളത്. ബി.സി. 4-ാം ശതകത്തിലാണ് പട്ടണം സ്ഥാപിക്കപ്പെട്ടതെന്ന് അനുമാനിക്കപ്പെടുന്നു. പ്രാദേശിക ഭരണകേന്ദ്രമായിരുന്ന നാന്‍ജിങ്, മിങ് ഭരണകാലത്ത് (1368-1644) ചൈനയുടെ തലസ്ഥാനമായി മാറി. (അന്ന് പട്ടണം യിങ്റ്റീന്‍ എന്ന പേരിലാണ് അറിയപ്പെട്ടത്). പട്ടണത്തിനു ചുറ്റും വന്മതില്‍ കെട്ടിയ മിങ് ചക്രവര്‍ത്തി അവിടെ 20,000 കുടുംബങ്ങളെ പാര്‍പ്പിച്ചതോടെ യിങ്റ്റീന്‍ ക്രമേണ വികസിക്കാന്‍ തുടങ്ങി. മൂന്നാമത്തെ മിങ് ചക്രവര്‍ത്തി തലസ്ഥാനം പീക്കിങ്ങിലേക്കു മാറ്റിയതോടെ ഉപതലസ്ഥാനമായിത്തീര്‍ന്ന യിങ്റ്റീന്‍ നാന്‍ജിങ് (ദക്ഷിണതലസ്ഥാനം) എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടത് 15-ാം ശതകത്തിലാണ്. മിങ്ങുകള്‍ക്കു ശേഷം ചൈനയില്‍ അധികാരത്തിലിരുന്ന മഞ്ചു ഭരണകാലത്തും (1644-1912) നാന്‍ജിങ് രാജ്യത്തെ പ്രധാനപ്പെട്ട ഭരണകേന്ദ്രമായി തുടര്‍ന്നു. 1842-ല്‍ ചൈനയും ബ്രിട്ടനും തമ്മിലുണ്ടായ വാണിജ്യക്കരാറിന് വേദിയായത് ഈ പട്ടണമായിരുന്നു. 1853-ല്‍ പട്ടണം പിടിച്ചെടുത്ത തായ്പിങ് കലാപകാരികള്‍ അതിനെ തങ്ങളുടെ തലസ്ഥാനമാക്കിയെങ്കിലും 1864-ല്‍ മഞ്ചുകള്‍ പട്ടണം വീണ്ടെടുത്തു.

Image:Nanjing Kong_confuseos.png

Image:Nanjing ancient city wall.png

മഞ്ചുകളുടെ പതനത്തിനുശേഷം നിലവില്‍ വന്ന ആദ്യത്തെ ചൈനീസ് റിപ്പബ്ലിക്കിന്റെ (1912) തലസ്ഥാനം നാന്‍ജിങ്ങായിരുന്നു. റിപ്പബ്ളിക്കായെങ്കിലും 1916 മുതല്‍ 1920 വരെ യുദ്ധപ്രഭുക്കന്മാരുടെ നിയന്ത്രണത്തിലായിരുന്ന ചൈനയിലെ അധികാര വടംവലി നിയന്ത്രണവിധേയമാക്കിയ ജി അങ് റ്റീഷെക് ചൈനയെ ഏകീകരിക്കുകയും നാന്‍ജിങ്ങില്‍ ചൈനീസ് ദേശീയ ഗവണ്‍മെന്റ് (കുമിന്താങ്) ഗവണ്‍മെന്റ് സ്ഥാപിക്കുകയും ചെയ്തു. 1937-ല്‍ ജപ്പാന്‍ ചൈനയെ ആക്രമിക്കുന്നതുവരെ നാന്‍ജിങ്ങായിരുന്നു കുമിന്താങ് ആസ്ഥാനം. 1937-ല്‍ ചൈന ആക്രമിച്ച ജപ്പാന്‍, നാന്‍ജിങ്. പീക്കിങ്, കാന്റണ്‍, ഷങ്ഹൈ എന്നീ പ്രദേശങ്ങള്‍ പിടിച്ചെടുത്തു. നാന്‍ജിങ്ങില്‍ ജപ്പാന്‍കാര്‍ നടത്തിയ കൊള്ളയും മറ്റ് അതിക്രമങ്ങളുമാണ് 'റേപ്പ് ഒഫ് നാന്‍ജിങ്' എന്ന പേരില്‍ കുപ്രസിദ്ധി നേടിയത്. രണ്ടാം ലോകയുദ്ധത്തില്‍ ജപ്പാനുണ്ടായ പരാജയത്തെത്തുടര്‍ന്ന് നാന്‍ജിങ് വീണ്ടും കുമിന്താങ് ഗവണ്‍മെന്റ് സ്ഥാപിതമായി. എന്നാല്‍ കുമിന്താങ്ങുമായുള്ള മത്സരത്തില്‍ താത്ത്വികമായും സൈനികമായും വിജയിച്ച കമ്യൂണിസ്റ്റുകാര്‍ പീക്കിങ് (ബീജിങ്) ആസ്ഥാനമാക്കി ചൈനീസ് പീപ്പിള്‍സ് റിപ്പബ്ലിക്കിന് രൂപം നല്‍കിയതോടെ നാന്‍ജിങ്ങിന് തലസ്ഥാനപദവി നഷ്ടമായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍