This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാനുക് ഒഫ് ദ് നോര്‍ത്ത്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാനുക് ഒഫ് ദ് നോര്‍ത്ത്

Nanook of the North

വിഖ്യാത ഡോക്യുമെന്ററി. ഡോക്യുമെന്ററിയുടെ പിതാവ് എന്നറിയപ്പെടുന്ന റോബര്‍ട്ട് ഫ്ളാഹര്‍ട്ടി സംവിധാനം ചെയ്ത ഇത്, ലോകത്തെ എക്കാലത്തെയും മികച്ച ഡോക്യുമെന്ററികളിലൊന്നായി കരുതപ്പെട്ടുവരുന്നു. 1922-ലാണ് ഇത് പുറത്തിറങ്ങിയത്. വന്‍ പ്രദര്‍ശനവിജയം നേടാനായി എന്നതും ഇതിന്റെ പ്രത്യേകതയാണ്.

Image:nanook.png

ഉത്തരധ്രുവത്തിലെ എസ്കിമോകളുടെ ദൈനംദിന ജീവിതമാണ് ഇതില്‍ പ്രതിപാദിക്കുന്നത്. അതികഠിനമായ കാലാവസ്ഥയോട് ഇണങ്ങിച്ചേരാനുള്ള എസ്കിമോകളുടെ പാടവം വളരെ വിശദമായി ഈ ചിത്രം കാണിച്ചുതരുന്നു. ഒരു കുടുംബത്തിന്റെ നിത്യജീവിതത്തെ പിന്തുടര്‍ന്നുകൊണ്ടാണ് ചിത്രം സാക്ഷാത്കരിച്ചിരിക്കുന്നത്. പ്രകൃതിശക്തികള്‍ക്കെതിരെയുള്ള മനുഷ്യന്റെ ജീവിതസമരം എന്ന സാര്‍വജനീനമായ വിഷയമാണ് യഥാര്‍ഥത്തില്‍ ഫ്ളാഹെര്‍ട്ടി പറയാന്‍ ശ്രമിച്ചിട്ടുള്ളത്. കാല്പനികവും മാനുഷികവും ആവേശകരവുമായ ആവിഷ്കാരശൈലിയിലൂടെ അതൊരു വിശ്വോത്തര ദൃശ്യാനുഭവമായിത്തീരുകയും ചെയ്തിരിക്കുന്നു.

ഇതിന്റെ നിര്‍മാണത്തിനു പിന്നില്‍ സാഹസികമായ നിരവധി സംഭവങ്ങളുണ്ട്. ഉത്തര കാനഡയിലെ എസ്കിമോകളുടെ ജീവിതത്തെ ആധാരമാക്കി ഫ്ലാഹര്‍ട്ടി രണ്ടുകൊല്ലംകൊണ്ട് ഒരു ചിത്രം പൂര്‍ത്തിയാക്കിയിരുന്നു. അത് ആകസ്മികമായി കത്തിനശിച്ചു. എന്നാല്‍ ഇതുകൊണ്ടൊന്നും നിരാശനാവാതെ, അദ്ദേഹം ചിത്രം വീണ്ടും നിര്‍മിക്കുന്നതിനുള്ള ശ്രമം തുടങ്ങി. അങ്ങനെ പത്തുകൊല്ലത്തോളം നീണ്ട ആത്മാര്‍പ്പണത്തിന്റെ ഫലമായി 'നാനുക് ഒഫ് ദ് നോര്‍ത്ത്' പിറന്നു. എസ്കിമോകളുടെ പരമ്പരാഗത ജീവിതശൈലി പാശ്ചാത്യാധിനിവേശത്താല്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടു തുടങ്ങിയ കാലത്താണ് ഫ്ളാഹര്‍ട്ടി ഈ ചിത്രം നിര്‍മിക്കുന്നത്. അതുകൊണ്ട് തനതായ വേഷങ്ങളും ആചാരങ്ങളും ഒരു ഫീച്ചര്‍ ചിത്രത്തിലെന്നപോലെ പുനഃസൃഷ്ടിക്കേണ്ടിവന്നു. ഇത് 'നാനുക്കി'ന് ഒരു കാല്പനിക തലംകൂടി നല്കിയിട്ടുണ്ട്.

ഡോക്യുമെന്ററിയുടെ നിര്‍വചനത്തെ ഒരളവുവരെ നിരാകരിച്ച ഈ ശൈലി അവഹേളിക്കപ്പെടുകയല്ല, ആദരിക്കപ്പെടുകയാണ് ചെയ്തത്. ചിത്രീകൃതപ്രഭാഷണ ((Illustrated)മായിരുന്നു അന്ന് ഡോക്യുമെന്ററി.

ഫ്ളാഹര്‍ട്ടി മാനവികതയുടെ കരുണാര്‍ദ്രമായ തലത്തിലൂന്നിക്കൊണ്ട് അതിനെ സര്‍ഗാത്മകമാക്കുകയാണ് ചെയ്തത്. നിര്‍മാണവേളയിലെ മറ്റൊരു കൗതുകം, ചിത്രീകരണത്തിലെ കൂട്ടായ്മയുടെ സജീവമായ പങ്കാളിത്തമാണ്. ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ട എസ്കിമോകള്‍ തന്നെയാണ് ക്യാമറ ഉറപ്പിക്കുന്നതിനും റെക്കോര്‍ഡ് പ്ലേയര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും ഫിലിം ഡെവലപ് ചെയ്യുന്നതിനും ഫ്ളാഹര്‍ട്ടിക്കു കൂട്ടായത്.

ആധുനിക നരവംശശാസ്ത്രത്തിലെന്നപോലെ ഭൂതകാലത്തിന്റെ നിര്‍മിതികള്‍ക്ക് ഊന്നല്‍ നല്കി എന്നതും നാനുക്കിന്റെ മറ്റൊരു സവിശേഷതയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍