This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാദിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാദിയ

Nadia

പശ്ചിമബംഗാള്‍ സംസ്ഥാനത്തിലെ ഒരു ജില്ല. ബംഗാള്‍ ഡെല്‍റ്റയുടെ ഏതാണ്ട് മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ ജില്ലയ്ക്ക് 3927 ച.കി.മീ. വിസ്തീര്‍ണമുണ്ട്. ജനസംഖ്യ: 4,603,756 (2001), ജനസാന്ദ്രത: 1172/ച.കി.മീ. (2001); ആസ്ഥാനം കൃഷ്ണനഗര്‍, അതിരുകള്‍: വ.ഉം വ.പ.-ഉം മൂര്‍ഷിദാബാദ് ജില്ല, കി.- ബാംഗ്ലാദേശ്, തെ.- നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ല, പ.- വര്‍ധമാന്‍, ഹൂഗ്ലി ജില്ലകള്‍.

ഗംഗയുടെയും പോഷകനദികളുടെയും എക്കല്‍ സമതലത്തിലാണ് നാദിയ ജില്ല വ്യാപിച്ചിരിക്കുന്നത്. വനങ്ങള്‍ ജില്ലയില്‍ താരതമ്യേന കുറവാണ്. പദ്മയുടെയും ഗംഗയുടെയും പോഷകനദികള്‍ നാദിയ ജില്ലയെ ജലസിക്തമാക്കുന്നു. മുഖ്യവിളയായ നെല്ലിനു പുറമേ ചണം, കരിമ്പ്, പയറുവര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍ തുടങ്ങിയവയും ഇവിടെ കൃഷിചെയ്യുന്നുണ്ട്.

മാന്തോട്ടങ്ങള്‍ ജില്ലയില്‍ ധാരാളമായി കാണുന്നുണ്ട്. കന്നുകാലി വളര്‍ത്തലാണ് തദ്ദേശീയരുടെ മറ്റൊരു പ്രധാന ഉപജീവനമാര്‍ഗം. ഘനവ്യവസായങ്ങളൊന്നും ഇല്ലാത്ത ഈ ജില്ലയില്‍ യന്ത്രസാമഗ്രികള്‍, സൈക്കിള്‍ ഭാഗങ്ങള്‍, നൂല്‍, സ്റ്റീല്‍ ദണ്ഡുകള്‍, സ്റ്റീല്‍ ഫാബ്രിക്കേഷന്‍ സാമഗ്രികള്‍ തുടങ്ങിയവ ഉത്പാദിപ്പിക്കുന്ന ഏതാനും വന്‍കിട വ്യവസായശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയിലെ റാണാഘട്ട് ഒരു പ്രധാന കമ്പോളമാണ്. ജില്ലാ ആസ്ഥാനമായ കൃഷ്ണനഗര്‍ കളിമണ്‍പാവകള്‍ക്കും, ക്ഷീര-മധുരപലഹാരങ്ങള്‍ക്കും സനിത്പൂര്‍ കൈത്തറിസാരികളുടെ ഉത്പാദനത്തിനും പ്രശസ്തമാണ്.

ജില്ലയിലെ ഗതാഗതമേഖല വികസിതമാണ്. റോഡ്-റെയില്‍ ഗതാഗതമാര്‍ഗങ്ങള്‍ ഇവിടെ പുരോഗമിച്ചിട്ടുണ്ട്. ദേശീയപാത-34-ഉം കൊല്‍ക്കത്ത-ഡാര്‍ജിലിങ് റോഡും പല പ്രധാന റെയില്‍പ്പാതകളും ജില്ലയിലൂടെ കടന്നുപോകുന്നു. കൃഷ്ണനഗറും, റാണാഘട്ടുമാണ് ജില്ലയിലെ പ്രധാന ഗതാഗതകേന്ദ്രങ്ങള്‍.

നാദിയ ജില്ലയിലെ ജനങ്ങളിലധികവും ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍പ്പെട്ടവരാകുന്നു; ബംഗാളിയും ഹിന്ദിയും മുഖ്യവ്യവഹാരഭാഷകളും. അക്കാദമി ഒഫ് വിഷ്വല്‍ ആര്‍ട്ട് ആന്‍ഡ് ഡ്രാമ, ദിദാന്‍ ചന്ദ്ര കൃഷി മഹാ വിദ്യാലയം, വിദ്യാസാഗര്‍ കോളജ്, ശാന്തിപൂര്‍ കോളജ് തുടങ്ങിയവയാണു ജില്ലയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. വൈഷ്ണവ വിഭാഗങ്ങളുടെ പ്രധാന ആരാധനാകേന്ദ്രമായ നവദ്വീപും (Nabadwip) ഹൈന്ദവതീര്‍ഥാടനകേന്ദ്രമായ മായാപൂരും ജില്ലയിലെ പ്രമുഖതീര്‍ഥാടനകേന്ദ്രങ്ങള്‍ എന്ന നിലയില്‍ ശ്രദ്ധേയങ്ങളാണ്. കല്യാണി, ഹാറിങ്ഘേട്ട് (Haringhate) എന്നീ സ്ഥലങ്ങള്‍ക്ക് വിനോദസഞ്ചാരപ്രാധാന്യമുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%BE%E0%B4%A6%E0%B4%BF%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍