This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാണ്യവ്യവസ്ഥ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാണ്യവ്യവസ്ഥ

Monetary system

ഒരു മൂല്യമാനദണ്ഡമെന്നനിലയില്‍ വ്യവസ്ഥാപിതമായ പണമുണ്ടെന്നും അതിനെ അടിസ്ഥാനമാക്കിയാണ് മറ്റെല്ലാ സാധനങ്ങളുടെയും സേവനങ്ങളുടെയും മൂല്യം നിര്‍ണയിക്കപ്പെടുന്നതെന്നുമുള്ള അവസ്ഥ. വിനിമയോപാധിക്കായി ഉപയോഗിക്കുന്ന പണമേതായാലും മൂല്യനിര്‍ണയത്തിനുള്ള മാനദണ്ഡം വ്യവസ്ഥാപിത പണമായിരിക്കും. വിനിമയോപാധിയായ പണം ഏതു സമയത്തും വ്യവസ്ഥാപിതമായി മാറ്റാവുന്നതാണ്. വിവിധ രാജ്യങ്ങളില്‍ വ്യത്യസ്തകാലഘട്ടങ്ങളില്‍ പലതരത്തിലുള്ള നാണയ വ്യവസ്ഥകള്‍ ഉണ്ടായിട്ടുണ്ട്. ദ്വിലോഹനാണയ വ്യവസ്ഥ, കടലാസുപണവ്യവസ്ഥ എന്നിവയാണ് മുഖ്യനാണയ വ്യവസ്ഥകള്‍.

ഏതുകാലത്തും ഏതെങ്കിലുമൊരു സംഗതിയെ ആസ്പദമാക്കിയുള്ളതായിരുന്നു നാണയവ്യവസ്ഥകള്‍. മിക്കപ്പോഴും സ്വര്‍ണമോ വെള്ളിയോ ആയിരിക്കും ആ സാമഗ്രി. നിശ്ചിത ഗുണങ്ങളുള്ള സ്വര്‍ണത്തിന്റെയോ വെള്ളിയുടെയോ ഒരു നിശ്ചിത അളവായിരിക്കും മൂല്യഗണനോപാധിയെന്നു സര്‍ക്കാര്‍ നിയമത്തിലൂടെ അനുശാസിക്കുന്നു. ഇങ്ങനെയുള്ള മൂല്യനിര്‍ണയങ്ങളുടെ ഫലമായി ഒരു സ്വര്‍ണമാനദണ്ഡമോ, വെള്ളിമാനദണ്ഡമോ, ദ്വിലോഹമാനദണ്ഡമോ നമുക്കു സിദ്ധിക്കുന്നു. ഇന്ത്യയില്‍, കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ നിലവിലുണ്ടായിരുന്ന നാണയവ്യവസ്ഥകളുടെ ചരിത്രം പരിശോധിച്ചാല്‍ ഇതു വ്യക്തമാവും. 1835 വരെ സ്വര്‍ണനാണയങ്ങളും വെള്ളിനാണയങ്ങളും ഇന്ത്യയില്‍ പരക്കെ ഉപയോഗിക്കപ്പെട്ടിരുന്നു. 1835-ലെ കറന്‍സി നിയമപ്രകാരം സ്വര്‍ണ ഉറുപ്പികകളും വെള്ളി ഉറുപ്പികകളും ഒപ്പം പ്രചരിക്കുന്ന ഒരു ദ്വിലോഹ നാണയവ്യവസ്ഥ നിലവില്‍വന്നു. രണ്ടുനാണയങ്ങളും തമ്മിലുള്ള വിനിമയനിരക്ക് 1:15 എന്നായിരുന്നു. പക്ഷേ, ഇന്ത്യയൊട്ടാകെയുള്ള മാനദണ്ഡനാണയം വെള്ളി ഉറുപ്പികയായിരുന്നു. ദ്വിലോഹ നാണയവ്യവസ്ഥ ഫലത്തില്‍ ഒരു രജതമാനവ്യവസ്ഥയായിരുന്നു. 1900-നടുത്ത് ഈ വ്യവസ്ഥ ഉപേക്ഷിക്കുകയും സ്വര്‍ണവിനിമയ വ്യവസ്ഥ നടപ്പാക്കുകയും ചെയ്തു. ഇന്ത്യയിലെ വിനിമയോപാധി വെള്ളി ഉറുപ്പികകളും കടലാസ്സുനോട്ടുകളും അടങ്ങിയതായിരുന്നു. വിദേശവിനിമയ നിരക്കിന്റെ നിര്‍ണയത്തിനായി ഈ ആഭ്യന്തര പണം ഇംഗ്ലണ്ടിലെ പവന്‍ സ്റ്റെര്‍ലിങ്ങിനോട് ബന്ധപ്പെടുത്തിയിരുന്നു. പക്ഷേ, ഉറുപ്പിക സ്വര്‍ണമായി മാറ്റാന്‍ നിയമത്തില്‍ വ്യവസ്ഥയൊന്നുമുണ്ടായിരുന്നില്ല. 1927-ല്‍ ഈ വ്യവസ്ഥയും ഉപേക്ഷിക്കപ്പെട്ടു. അതിനുപകരം, സ്വര്‍ണക്കട്ടി വ്യവസ്ഥയാണ് നിലവില്‍ വന്നത്. ഇതനുസരിച്ച് രാജ്യത്തിനുള്ളിലെ വിനിമയോപാധി വെള്ളി ഉറുപ്പിക നാണയങ്ങളും നോട്ടുകളുമായിരുന്നു. ഇവ സ്വര്‍ണമായി മാറ്റാമായിരുന്നു. 1931-ല്‍ സ്വര്‍ണക്കട്ടി വ്യവസ്ഥയും ഉപേക്ഷിക്കപ്പെട്ടു. അന്നു മുതല്‍ ഇന്ത്യന്‍ ഉറുപ്പിക പ്രധാനമായും ഒരു കടലാസ്സു നാണയമാണ്. ഉറുപ്പിക നാണയങ്ങള്‍ ഉള്ളതുതന്നെ വെള്ളി നാണയങ്ങളല്ല.

ദ്വിലോഹനാണയ വ്യവസ്ഥ. ഈ വ്യവസ്ഥയില്‍ രണ്ടു ലോഹങ്ങള്‍ - സ്വര്‍ണവും വെള്ളിയും - വ്യവസ്ഥാപിത പണമായി ഉപയോഗിക്കുന്നു. ദ്വിലോഹമാനദണ്ഡത്തിന്റെ പ്രമാണങ്ങള്‍ താഴെപ്പറയുന്നവയാണ്.

1. മൂല്യഗണന മാത്രയുടെ മൂല്യം, സ്വര്‍ണത്തിലും വെള്ളിയിലും നിര്‍വചിക്കുന്നു.

2. അന്യോന്യം മാറാനുള്ള സ്വാതന്ത്ര്യം നിയമപ്രകാരം പരിരക്ഷിക്കപ്പെടുന്നു. സ്വര്‍ണ നാണയങ്ങളും വെള്ളി നാണയങ്ങളും പരസ്പരം കൈമാറാന്‍ ആളുകള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. വിനിമയോപാധി കടലാസു പണമോ മുഖവില മാത്രമുള്ള നാണയങ്ങളോ ആണെങ്കില്‍ അവ സ്വര്‍ണനാണയങ്ങളോ വെള്ളി നാണയങ്ങളോ ആയി മാറ്റാനും അവകാശമുണ്ട്.

3. സ്വര്‍ണവും വെള്ളിയും അടിസ്ഥാന പണ ധാതുക്കളാണെങ്കിലും അവയില്‍ സ്വകാര്യ ഉടമാവകാശം നിയന്ത്രിക്കപ്പെടുന്നില്ല. ഈ ധാതുക്കള്‍ ഇഷ്ടംപോലെ കൈമാറാനും ഇറക്കുമതി ചെയ്യാനും കയറ്റിയയയ്ക്കാനും എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്.

ദ്വിലോഹ നാണയവ്യവസ്ഥ ആദ്യം നടപ്പില്‍ വരുത്തിയത് അമേരിക്കയിലാണ്. 1792-ലെ കമ്മട്ട നിയമമനുസരിച്ചാണ് അമേരിക്കയില്‍ ഈ സമ്പ്രദായം നിലവില്‍ വന്നത്. 1803-ല്‍ ഫ്രാന്‍സും ഈ വ്യവസ്ഥ സ്വീകരിച്ചു. തുടര്‍ന്ന് ബല്‍ജിയം, ഇറ്റലി, സ്വിറ്റ്സര്‍ലണ്ട്, ഗ്രീസ്, സെര്‍ബിയ, റുമേനിയ എന്നീ യുറോപ്യന്‍ രാജ്യങ്ങളും ചില ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളും ദ്വിലോഹമാനദണ്ഡം നടപ്പിലാക്കി. 1835-ലാണ് ഇന്ത്യയില്‍ ഈ സമ്പ്രദായം നടപ്പിലാക്കിയത്. ഒരു രാജ്യത്തിനും ഒറ്റയ്ക്ക് ദ്വിലോഹനാണയ വ്യവസ്ഥ നിലനിര്‍ത്തിക്കൊണ്ടുപോകാനാവില്ലെന്നും സാര്‍വലൌകികമായ ഒരു നാണയവ്യവസ്ഥ ആയാല്‍ മാത്രമേ അത് നിലനില്‍ക്കുകയുള്ളുവെന്നും പലരും വാദിച്ചു. 1850-നുശേഷം യൂറോപ്പിലും ഈ അഭിപ്രായം ഉയര്‍ന്നുവന്നു. ആധുനിക ലോകത്തില്‍, കടലാസുപണത്തിന്റെയും ബാങ്കിങ്ങിന്റെയും കടപ്പത്രങ്ങളുടെയും അഭൂതപൂര്‍വമായ വികാസം ദ്വിലോഹ നാണയ വ്യവസ്ഥയില്ലാതെ തന്നെ പണത്തിന്റെ പ്രദാനത്തെ വര്‍ധിപ്പിക്കുന്നുണ്ട്.

ഏകലോഹ നാണയ വ്യവസ്ഥ. ഒരു ലോഹം - വെള്ളിയോ സ്വര്‍ണമോ മാത്രം പണമടിച്ചിറക്കുന്നതിനുപയോഗിക്കുകയും, ആ ലോഹത്തില്‍ മുദ്രണം ചെയ്യുന്ന വ്യവസ്ഥയുമാണ് ഏകലോഹനാണയവ്യവസ്ഥ. ചെറിയ അടവുകള്‍ക്കായി മറ്റു ലോഹങ്ങളില്‍ ചില്ലറ നാണയങ്ങള്‍ മുദ്രണം ചെയ്യപ്പെടും. എങ്കിലും മുഖ്യനാണയം അംഗീകൃത ലോഹത്തില്‍ മാത്രമേ മുദ്രണം ചെയ്യുകയുള്ളു. ബ്രിട്ടനില്‍ ഏറെക്കാലം അംഗീകൃത നാണയം സ്വര്‍ണപ്പവനായിരുന്നു. നിയാമകപ്പണവും അതായിരുന്നു. പക്ഷേ, ചില്ലറ വ്യാപാരങ്ങളില്‍ പവനെക്കാള്‍ മൂല്യം കുറഞ്ഞ നാണയങ്ങള്‍ ആവശ്യമായതിനാല്‍ വെള്ളിയിലും ചെമ്പിലും മുദ്രണം ചെയ്യപ്പെട്ട നാണയങ്ങളും ഉണ്ടായിരുന്നു. ഇന്ത്യയില്‍ വെള്ളി ഉറുപ്പിക നിയാമകപ്പണമായിരുന്ന കാലത്ത്, ചെമ്പിലും നിക്കലിലും മറ്റും മുദ്രണം ചെയ്യപ്പെട്ട നാണയങ്ങളുമുണ്ടായിരുന്നു.

രജതമാന വ്യവസ്ഥ. ഒരു നിശ്ചിതഗുണവും തൂക്കവുമുള്ള വെള്ളിനാണയങ്ങള്‍ അടിച്ചിറക്കുകയോ വെള്ളിയുമായി ഒരു നിശ്ചിത വിനിമയബന്ധമുള്ളതും വെള്ളി നാണയങ്ങളായി നിരുപാധികം മാറ്റാവുന്നതുമായ കടലാസുനോട്ടുകള്‍ അച്ചടിക്കുകയോ ചെയ്യുന്ന രീതിയാണ് രജതമാനവ്യവസ്ഥ (Silver standard). 1870-നുശേഷം അന്താരാഷ്ട്ര കമ്പോളത്തില്‍ വെള്ളിയുടെ വിലകുറഞ്ഞതിനാല്‍ ഉറുപ്പികയുടെ വിനിമയമൂല്യം കുറഞ്ഞുകൊണ്ടിരുന്നു. 1871 മുതല്‍ വെള്ളിപ്പണത്തിന്റെ ഉപയോഗം വേണ്ടെന്നുവെയ്ക്കുകയും ചെയ്തു. 1893 മുതല്‍ വെള്ളി നാണയങ്ങളുടെ നിരുപാധികമായ മുദ്രണം അവസാനിപ്പിക്കുകയും ചെയ്തു. വെള്ളി നാണയങ്ങള്‍ നിയാമകപ്പണമായി തുടര്‍ന്നുവെങ്കിലും, അവസ്വതന്ത്രമായി മുദ്രണം ചെയ്യുക, അല്ലെങ്കില്‍ ആവശ്യപ്പെടുന്നവര്‍ക്കെല്ലാം മുദ്രണം ചെയ്തു കൊടുക്കുക എന്ന സമ്പ്രദായം ഉപേക്ഷിക്കപ്പെട്ടു.

സ്വര്‍ണമാന വ്യവസ്ഥ. പണത്തിന്റെ ചരിത്രപരമായ വികാസത്തിന്റെ പരിണതഫലമായാണ് സ്വര്‍ണമാന വ്യവസ്ഥ (Gold Standard) നിലവില്‍ വന്നത്. പണമായുപയോഗിക്കാന്‍ എല്ലാംകൊണ്ടും ഉത്തമമായ സാമഗ്രി, ഏതെങ്കിലും ലോഹമാണെന്നും ലോഹങ്ങളില്‍ സ്വര്‍ണവും വെള്ളിയുമാണ് അതിനു പറ്റിയതെന്നും നേരത്തെ മനസ്സിലാക്കിയിരുന്നു. അമേരിക്ക, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ സ്വര്‍ണവും വെള്ളിയും ഒരുമിച്ചുപയോഗിക്കുന്ന ദ്വിലോഹനാണയ വ്യവസ്ഥയും ഇന്ത്യ, രജതമാന വ്യവസ്ഥയും സ്വീകരിച്ചപ്പോള്‍, ബ്രിട്ടന്‍, 1815-നുശേഷം സ്വര്‍ണമാന വ്യവസ്ഥ നടപ്പില്‍ വരുത്തി. 1815-നുശേഷം ബ്രിട്ടന്‍ സ്വര്‍ണമാന വ്യവസ്ഥ സ്വീകരിച്ചത് ആക്സമികമായിട്ടായിരുന്നു. 19-ാം ശ.-ത്തില്‍ ലോകത്തിലെ ഏറ്റവും പ്രധാനവും പ്രമുഖവുമായ രാഷ്ട്രം ബ്രിട്ടനായതിനാല്‍ മറ്റു രാജ്യങ്ങളും സ്വര്‍ണമാനവ്യവസ്ഥ സ്വകീരിച്ചു. 1914 വരെയുള്ള അരശതകമായിരുന്നു സ്വര്‍ണമാനവ്യവസ്ഥയുടെ സുവര്‍ണദശ. ആ കാലഘട്ടത്തില്‍ ലോകത്തിലെ പ്രധാന രാഷ്ട്രങ്ങളെല്ലാം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള സ്വര്‍ണമാന വ്യവസ്ഥ അംഗീകരിച്ചു.

സ്വര്‍ണമാന വ്യവസ്ഥയുടെ വികാസചരിത്രത്തില്‍ മൂന്ന് വ്യത്യസ്ത ഘട്ടങ്ങളുണ്ട്. സ്വര്‍ണനാണയങ്ങള്‍ പണമായുപയോഗിക്കുന്ന ഒരു പണവ്യവസ്ഥയാണ് ആദ്യമുണ്ടായിരുന്നത്. ഇതിനെ 'സമ്പൂര്‍ണ സ്വര്‍ണമാന വ്യവസ്ഥ' (Full Gold Standard) എന്നു പറയുന്നു. സ്വര്‍ണനാണയങ്ങള്‍ പ്രചാരത്തിലില്ലെങ്കിലും കടലാസുപണത്തിനുപകരം സ്വര്‍ണം നിശ്ചിത വിലയ്ക്കും അനിയന്ത്രിതമായും വാങ്ങുവാനും വില്‍ക്കുവാനുമുള്ള നിയാമകബാധ്യത ഗവണ്‍മെന്റിനും കേന്ദ്രബാങ്കിനും ഉണ്ടാവുന്നതാണ് രണ്ടാമത്തെ ഘട്ടം. ഇതില്‍ കടലാസു നോട്ടുകളാണ് പ്രചാരത്തിലുള്ളത്. കടലാസുപണം സ്വര്‍ണമായി മാറ്റാന്‍ പൂര്‍ണസ്വാതന്ത്ര്യമുണ്ട്. ഇതിനെ സ്വര്‍ണക്കട്ടി വ്യവസ്ഥ (Gold Bullion Standard) എന്നു വിളിക്കുന്നു. പണത്തെ സ്വര്‍ണമായല്ലാതെ സ്വര്‍ണത്തിലേക്കു മാറ്റാവുന്ന മറ്റേതെങ്കിലും പണമായി മാറ്റാവുന്ന വ്യവസ്ഥയാണ് മൂന്നാം ഘട്ടം. സ്വര്‍ണം വേണ്ടത്ര ലഭിക്കാത്തതുകൊണ്ട് ഒരു സ്വര്‍ണമാന വ്യവസ്ഥ നടപ്പില്‍ വരുത്താന്‍ വയ്യാത്ത രാജ്യങ്ങള്‍ അന്താരാഷ്ട്ര വിനിമയത്തിനായി തങ്ങളുടെ പണവ്യവസ്ഥയെ ഏതെങ്കിലും സ്വര്‍ണമാന വ്യവസ്ഥയിലുള്ള ഒരു പണ വ്യവസ്ഥയുമായി ഘടിപ്പിക്കുന്നു. ഇതിന് 'സ്വര്‍ണ വിനിയമ വ്യവസ്ഥ' (Gold Exchange standard) എന്നു പറയുന്നു.

കടലാസുപണ വ്യവസ്ഥ. മൂന്നു നൂറ്റാണ്ടുകളായി ചരിത്രത്തിന്റെ പല നിര്‍ണായക ഘട്ടങ്ങളിലും പല രാജ്യങ്ങളിലും ഗവണ്‍മെന്റ് കടലാസുപണം ഇറക്കിയിട്ടുണ്ട്. സാമ്പത്തിക ക്കുഴപ്പം നേരിട്ട കാലങ്ങളിലാണ് ഗവണ്‍മെന്റുകള്‍ ഇതു ചെയ്തത്. ഫ്രാന്‍സില്‍ വിപ്ലവകാലത്തും അമേരിക്കയില്‍ സ്വാതന്ത്ര്യസമരകാലത്തും 1861-65-ലെ ആഭ്യന്തരയുദ്ധകാലത്തും കടലാസുപണം വിപുലമായ തോതില്‍ ഇറക്കിയിരുന്നു. ഗവണ്‍മെന്റിന്റെ ചെലവുകള്‍ വര്‍ധിക്കുകയും അതിനനുസൃതമായി നികുതികളിലൂടെയോ വായ്പകളിലൂടെയോ വിഭവങ്ങള്‍ കിട്ടാതിരിക്കുകയും ചെയ്ത ഘട്ടങ്ങളിലാണ്, ഈ രാജ്യങ്ങളെല്ലാം കടലാസുപണം പ്രചരിപ്പിച്ചത്. സ്വാഭാവികമായി, ജനങ്ങള്‍ക്ക് ഈ കടലാസുപണത്തില്‍ വിശ്വാസമില്ലാതാവുകയും തന്മൂലം പണത്തിന്റെ മൂല്യം കുറയുകയും സാധനവിലകള്‍ ഉയരുകയും ചെയ്തു. രണ്ടു ലോകയുദ്ധങ്ങള്‍ക്കുശേഷം ജര്‍മനിയിലും ചൈനയിലും ഹങ്കറിയിലും കടലാസുപണം അമിതമായി അടിച്ചിറക്കിയത് വമ്പിച്ച വിലവര്‍ധനയ്ക്കും സാമ്പത്തികത്തകര്‍ച്ചയ്ക്കും കാരണമായി. അങ്ങനെ സാമ്പത്തിക കുഴപ്പത്തിനു കാരണം കടലാസുപണ വ്യവസ്ഥയാണെന്ന ധാരണ പ്രചരിച്ചു. എന്നാല്‍, കടലാസുപണ വ്യവസ്ഥ സാമ്പത്തികത്തകര്‍ച്ചയിലേക്കു നയിക്കുമെന്നതിന് യാതൊരു തെളിവുമില്ല. യുദ്ധം കൊണ്ടോ മറ്റു കാരണങ്ങളാലോ ലോഹപ്പണ വ്യവസ്ഥ തകരുകയും ഗവണ്‍മെന്റിന്റെ വമ്പിച്ച ചെലവുകള്‍ക്കാവശ്യമായ പണം ലഭിക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് കടലാസുപണം ഉപയോഗിച്ചിരുന്നത്. ഇങ്ങനെയുള്ള വിഷമഘട്ടങ്ങളില്‍ കടലാസുപണ വ്യവസ്ഥ വിജയിക്കാത്തതില്‍ അദ്ഭുതമില്ല.

കടലാസുപണം മൂന്നുതരത്തില്‍പ്പെട്ടതാണ്.

(Representative Paper Money). ഇതിന് പണത്തിന്റെ മൗലികസ്വഭാവമില്ല. ലോഹപ്പണമായിരിക്കും അംഗീകൃതമായ പണം. പക്ഷേ, വിനിമയ സൌകര്യത്തെ മുന്‍നിര്‍ത്തി ലോഹപ്പണത്തിനു പകരം നാണയ കാര്യാധികൃതര്‍ കടലാസുനോട്ടുകള്‍ പുറപ്പെടുവിക്കുകയും ജനങ്ങള്‍, ക്രയവിക്രയങ്ങളില്‍ അതുപയോഗിക്കുകയും ചെയ്യുന്നു. ഇന്ന് മിക്ക രാജ്യങ്ങളിലും പല ഇടപാടുകള്‍ക്കും ചെക്കുകള്‍ ഉപയോഗിക്കുന്നതുപോലെ മാത്രമാണ് ഇത്തരം കടലാസുപണം ഉപയോഗിച്ചിരുന്നത്. കടലാസുപണത്തിന്റെ ആദ്യകാലത്ത് ബാങ്കുകള്‍ പുറപ്പെടുവിച്ച നോട്ടുകളെല്ലാം ഇത്തരത്തില്‍പ്പെട്ടവയായിരുന്നു. നാണയകാര്യാധികൃതരുടെ പക്കലുള്ള സ്വര്‍ണനാണയങ്ങള്‍ക്കോ വെള്ളിനാണയങ്ങള്‍ക്കോ പകരമായും അവയെ പ്രതിനിധീകരിച്ചുമാണ് നോട്ടുകളിറക്കിയത്.

2. വിശ്വാസപ്പണം (Fiduiciary Money). ഇത്തരം കടലാസുപണ വ്യവസ്ഥയില്‍ കടലാസുനോട്ടുകള്‍ നിരുപാധികമായി നാണയമായി മാറ്റികൊടുക്കാമെന്ന ഒരു പ്രതിജ്ഞ നാണയകാര്യാധികൃതര്‍ നല്കുന്നു. നാണയാധികൃതരുടെ പ്രതിജ്ഞ ജനങ്ങള്‍ വിശ്വസിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതുകൊണ്ട് കടലാസിനു പണത്തിന്റെ സ്വഭാവം കിട്ടുന്നു. ഏതാണ്ട് നാല്പതുവര്‍ഷങ്ങള്‍ക്കുമുമ്പുവരെ മിക്ക രാജ്യങ്ങളിലെയും കടലാസുപണം ഇങ്ങനെയുള്ളതായിരുന്നു.

3. കല്പനപ്പണം (Fiat Money). നാണയാധികൃതര്‍ പുറപ്പെടുവിക്കുന്ന കടലാസുനോട്ടുകള്‍ മറ്റൊന്നിനു പകരമല്ലെന്നും മറ്റൊന്നിനെയും പ്രതിനിധീകരിക്കുന്നതല്ലെന്നും ഉള്ള വസ്തുതയാണ് ഈ വ്യവസ്ഥയുടെ സവിശേഷത. നോട്ടുകള്‍ തന്നെയാണ് പണമെന്ന് അനുശാസിക്കുന്ന സര്‍ക്കാരിന്റെ ഈ കല്പന പ്രകാരം അവയെ പണമായി ജനങ്ങള്‍ സ്വീകരിക്കുന്നു. കടലാസുപണം നിയാമകപ്പണമായതുകൊണ്ട് (legal fonder money) അതു ലോഹനാണയമായി മാറ്റിക്കൊടുക്കാന്‍ നാണയാധികൃതര്‍ക്ക് ബാധ്യതയുമില്ല.

കടലാസുപണം പുറപ്പെടുവിപ്പിക്കുന്നതിന്റെ അടിസ്ഥാനതത്ത്വങ്ങള്‍. പാശ്ചാത്യരാജ്യങ്ങളിലെ ആധുനിക ബാങ്കുകളാണ് കടലാസുപണത്തിന്റെ ഉപജ്ഞാതാക്കാള്‍. ആദ്യകാലത്ത് ഓരോ ബാങ്കിനും സ്വന്തം കടലാസുപണം ഇറക്കാമായിരുന്നു. ജനങ്ങള്‍ക്കും ബാങ്കുകള്‍ക്കും ഒരുപോലെ സൗകര്യപ്രദമായ ഒരു സമ്പ്രദായമായിരുന്നു അത്. ജനങ്ങളെ സംബന്ധിച്ചിടത്തോളം സ്വര്‍ണം, വെള്ളിനാണയങ്ങള്‍ കൈവശം വയ്ക്കാതെ ബാങ്കുകളില്‍ സൂക്ഷിക്കുകയും കടലാസുനോട്ടുകള്‍കൊണ്ട്

ക്രയവിക്രയം നടത്തുകയും ചെയ്യാമെന്നതാണ് ഇതിന്റെ മെച്ചം. ആവശ്യമുള്ളപ്പോള്‍ നോട്ടുകള്‍ ബാങ്കില്‍ കൊടുത്താല്‍ നാണയങ്ങള്‍ ലഭിക്കുകയും ചെയ്യും. പക്ഷേ, ഓരോ ബാങ്കും കടലാസുപണമിറക്കിയിരുന്ന ഈ സമ്പ്രദായത്തിന്റെ ഫലമായി പണപ്പെരുപ്പവും മറ്റു സാമ്പത്തികക്കുഴപ്പങ്ങളുമുണ്ടായി. ഈദൂഷ്യങ്ങള്‍ ഇല്ലാതാക്കാന്‍ കടലാസുപണം പുറപ്പെടുവിക്കുന്നതില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവന്നു. ക്രമേണ എല്ലാ ബാങ്കുകളും സ്വന്തം നോട്ടുകള്‍ ഇറക്കുന്ന സമ്പ്രദായം നിര്‍ത്തലാക്കുകയും അത് കേന്ദ്രബാങ്കിന്റെ കുത്തകയാവുകയും ചെയ്തു.

കടലാസുപണം പുറപ്പെടുവിക്കുന്നതില്‍ രണ്ടുഘടകങ്ങളെ സമരസപ്പെടുത്തേണ്ടതുണ്ട്. അവ പണത്തിന്റെ സങ്കോചവികാസക്ഷമതയും സുരക്ഷിതത്വവുമാണ്. സാമ്പത്തിക ക്രയവിക്രയങ്ങളുടെ തോതനുസരിച്ച് വികസിക്കുകയും ചുരുങ്ങുകയും ചെയ്യാനുള്ള സങ്കോചവികാസക്ഷമത കറന്‍സിക്കുണ്ടാവേണ്ടതാവശ്യമാണ്. കൃഷിയും വ്യവസായവും വികസിക്കുകയും വ്യാപാരം വര്‍ധിക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ കറന്‍സി വികസിക്കണം. അവ മന്ദീഭവിക്കുകയും വ്യാപാരം കുറയുകയും ചെയ്യുന്ന കാലങ്ങളില്‍ കറന്‍സി ചുരുങ്ങുകയും വേണം. എങ്കിലേ പണത്തിന്റെ മൂല്യവും സാധനത്തിന്റെ വിലയും വലിയ മാറ്റമില്ലാതെ പ്രായേണ സ്ഥിരമായിരിക്കുകയുള്ളു. ആദ്യകാലങ്ങളില്‍ വിശ്വാസവും സുരക്ഷിതത്വവുമുറപ്പിച്ചിരുന്നത് കറന്‍സികള്‍ നാണയങ്ങളായിമാറ്റാന്‍ അനിയന്ത്രിതമായ സ്വാതന്ത്ര്യം ജനങ്ങള്‍ക്കു നല്‍കിയിട്ടാണ്.

വ്യവസായത്തിന്റെയും വ്യാപാരത്തിന്റെയും ആവശ്യങ്ങള്‍ക്കനുസൃതമായി, പണസംഭരണം വികസിക്കുമെന്നുറപ്പുവരുത്തുകയാണ് പണത്തിന്റെ മൂല്യം സ്ഥിരമായി നിലനിര്‍ത്തുവാനുള്ള എളുപ്പവഴിയെന്നു വിശ്വസിക്കുന്നവര്‍, പണം പുറപ്പെടുവിക്കുവാന്‍ സ്വര്‍ണക്കരുതല്‍ ഉണ്ടായിരിക്കണമെന്ന നിര്‍ബന്ധത്തെ എതിര്‍ക്കുന്നു. കടലാസുപണത്തിന് സ്വര്‍ണത്തിന്റെ പിന്‍ബലം വേണമെന്ന് നിഷ്കര്‍ഷിച്ചാല്‍, വ്യാപാര-സാമ്പത്തികവികാസമുണ്ടായാലും കൂടുതല്‍ സ്വര്‍ണം കിട്ടാതെ പണം പുറപ്പെടുവിക്കുവാന്‍ നാണയാധികൃതര്‍ക്ക് നിവൃത്തിയില്ലാതാവുന്നു. പണത്തിന്റെ വര്‍ധന സമ്പദ്വ്യവസ്ഥയുടെ ആവശ്യങ്ങളെയല്ല, സ്വര്‍ണഖനികളുടെ ഉത്പാദനത്തെയാണ് ആശ്രയിച്ചുനില്ക്കുന്നത്. സമ്പദ്വ്യവസ്ഥയുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് അനുഗുണമല്ല ഈ സമ്പ്രദായം. ലോഹപിന്തുണയുടെ നിബന്ധനയില്ലാതെ തന്നെ പണം പുറപ്പെടുവിക്കുന്നത് ബാങ്കുകളുടെ വിവേചനത്തിന് വിട്ടുകൊടുക്കുകയാണ് വേണ്ടതെന്ന് വാദിക്കുന്നവരുണ്ട്. ഈ ചിന്താഗതിക്ക് ബാങ്കിങ് തത്ത്വമെന്നു പറയുന്നു.

കറന്‍സിതത്ത്വവും ബാങ്കിങ് തത്ത്വവും രണ്ടു വ്യത്യസ്ത വീക്ഷണങ്ങളെ പ്രതിനിധീകരിക്കുന്നു. പ്രായോഗിക സാമ്പത്തിക ശാസ്ത്രത്തില്‍, ഇവ രണ്ടിനെയും സംയോജിപ്പിച്ച് കടലാസുപണം പുറപ്പെടുവിക്കുന്ന പദ്ധതിയാണ് നടപ്പിലുള്ളത്. അവയില്‍ പ്രധാനപ്പെട്ടത് നിശ്ചിത വിശ്വാസപ്പണരീതി (Fixed Fiduciary), ആനുപാതിക കരുതല്‍ ധനരീതി (Proportional Reserve), അല്പ കരുതല്‍ ധനരീതി (Minimum Reserve System) എന്നിവയാണ്. നിശ്ചിതവിശ്വാസപ്പണരീതിയാണ് ബ്രിട്ടനില്‍ 1844 മുതല്‍ നിലവിലുണ്ടായിരുന്നത്. കേന്ദ്രബാങ്കിന് വിശ്വാസപരിധിയില്‍ കൂടുതലായി ഒരു ബ്രിട്ടീഷ് പവന്റെ നോട്ടിറക്കണമെങ്കില്‍ ഒരു പവന്റെ സ്വര്‍ണം കരുതല്‍ ധനത്തിലേക്ക് മുതല്‍ക്കൂട്ടണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു. 1844-ലെ നിയമത്തില്‍ നിഷ്കര്‍ഷിച്ചിരുന്ന ഉത്തമവിശ്വാസപരിധി ഉയര്‍ത്തുമ്പോഴും നിയമം ഭേദഗതി ചെയ്യുകയും അങ്ങനെ പാര്‍ലമെന്റിന്റെ അംഗീകാരം നേടുകയും വേണമെന്നചട്ടം വിഷമങ്ങള്‍ സൃഷ്ടിച്ചതിനാല്‍ ആവശ്യം വരുമ്പോള്‍ പരിധി ഉയര്‍ത്താനുള്ള അധികാരം ഗവണ്‍മെന്റിനു നല്കി.

ആനുപാതിക കരുതല്‍ രീതിയനുസരിച്ച് കടലാസുപണത്തിന്റെ ഒരു നിശ്ചിത അനുപാതത്തിനു മാത്രം ലോഹപിന്തുണയുണ്ടായാല്‍ മതി. ബാക്കിയുള്ളതിന് സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ പിന്തുണ ഉണ്ടായാല്‍ മതിയാകും. യുറോപ്പില്‍ ഈ രീതി ആദ്യം നടപ്പില്‍ വരുത്തിയ രാജ്യങ്ങള്‍ ഫ്രാന്‍സും ജര്‍മനിയുമാണ്. അല്പക്കരുതല്‍ ധനരീതിയനുസരിച്ച്, രാജ്യത്തിലെ കടലാസുപണത്തിന് ഏറ്റവും കുറഞ്ഞ ലോഹകരുതല്‍ എത്രയായിരിക്കണമെന്ന് നിശ്ചയിക്കുന്നു. ഈ പരിധി നിശ്ചയിച്ചുകഴിഞ്ഞാല്‍ അതില്‍ കൂടുതലായി പുറപ്പെടുവിക്കുന്ന കടലാസുപണത്തിന് പിന്‍തുണയായി സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ ഉണ്ടായാല്‍മതി. ഇന്ത്യയില്‍ ഈ രീതിയനുസരിച്ചാണ് കടലാസുപണം പുറപ്പെടുവിക്കുന്നത്.

നാണ്യവ്യവസ്ഥയില്‍ അടുത്തകാലത്തുണ്ടായ ഒരു പ്രധാന മുന്നേറ്റമാണ് 'യൂറോ' എന്ന പേരില്‍ അറിയപ്പെടുന്ന നാണയം. ഓസ്ട്രിയ, ബെല്‍ജിയം, സൈപ്രസ്, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, അയര്‍ലണ്ട്, ഇറ്റലി, ലക്സംബര്‍ഗ്, മാള്‍ട്ട, നെതര്‍ലന്‍ഡ്, പോര്‍ട്ടുഗല്‍, സ്ളോവാക്യ, സ്ളോവേനിയ, സ്പെയിന്‍ എന്നീ 16 യൂറോപ്യന്‍ രാജ്യങ്ങള്‍ ചേര്‍ന്നുണ്ടാക്കിയ യൂറോപ്യന്‍ യൂണിയന്‍ എന്നറിയപ്പെടുന്ന സാമ്പത്തിക-നാണ്യസഖ്യത്തിന്റെ ഔദ്യോഗികനാണയമാണ് യൂറോ. കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഈ സഖ്യത്തില്‍ ചേരാനിരിക്കുകയാണ്. സഖ്യത്തില്‍ ചേരുന്നതിന് കര്‍ശനമായ ചില നിബന്ധനകള്‍ യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ടുവച്ചിട്ടുണ്ട്. അവ പൂര്‍ത്തീകരിക്കുന്ന രാജ്യങ്ങള്‍ക്കേ യൂറോപ്യന്‍ യൂണിയനില്‍ ചേരാനാവൂ. യൂറോപ്യന്‍ യൂണിയനില്‍ ഔദ്യോഗികമായി ചേരാത്ത രാജ്യങ്ങളും നാണയമെന്നനിലയില്‍ യൂറോയെ അംഗീകരിച്ചിട്ടുണ്ട്. ഇങ്ങനെ യൂറോ എന്ന നാണയത്തെ അംഗീകരിക്കുന്ന രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന മേഖല യൂറോമേഖല (Euro-zone) എന്നറിയപ്പെടുന്നു.

യൂറോയുടെ പ്രചാരത്തെ തുടര്‍ന്ന് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ ചേര്‍ന്ന് സ്വന്തമായ ഒരു നാണയം പുറത്തിറക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. അതിന്റെ ഭാഗമായി തെക്കേ അമേരിക്കന്‍ രാജ്യങ്ങളുടെ ഒരു സഖ്യം രൂപീകൃതമായിട്ടുണ്ട്. ഭാവിയില്‍ ഓരോ ഭൂഖണ്ഡങ്ങളിലെയും രാജ്യങ്ങള്‍ ചേര്‍ന്ന് ഇത്തത്തിലുള്ള നാണയങ്ങള്‍ പുറത്തിറക്കാനുള്ള സാധ്യതയിലേയ്ക്കാണ് ഇത് വരില്‍ ചൂണ്ടുന്നത്. ഇന്റര്‍നെറ്റിന്റെയും ഇ-കോമേഴ്സിന്റെയും മറ്റും പ്രചാരത്തിന്റെ ഫലമായി, ദ്രവ്യരൂപത്തിലുള്ള നാണയത്തിന്റെ പ്രസക്തി ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മാത്രവുമല്ല, ഓഹരിവിപണികളില്‍ വിനിമയം ചെയ്യപ്പെടുന്ന പുതിയ നാണയ ഉപാധികളും പരമ്പരാഗതമായ നാണയരൂപങ്ങളുടെ ആവശ്യകത ഇല്ലാതാക്കിയിട്ടുണ്ട്.

(ഡോ. ജോ സെബാസ്റ്റ്യന്‍, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍