This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നാണ്യം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
നാണ്യം
നാണ്യം അഥവാ പണം ഒരു വിനിമയോപാധിയും മൂല്യഗണനാമാത്രയുമാണ്. ആധുനിക സമ്പദ്വ്യവസ്ഥയില്‍ അതിപ്രധാനമായ ഒരു പങ്കാണ് പണം വഹിക്കുന്നത്. സാധനങ്ങളുടെയും സേവനങ്ങളുടെയും ക്രയവിക്രയം എളുപ്പമാക്കുകയെന്നതാണ് പണത്തിന്റെ മൗലികധര്‍മം. അതിപ്രാചീനകാലത്ത് മനുഷ്യര്‍ തമ്മില്‍ വ്യാപാരം നടത്തിയിരുന്നത് സാധനങ്ങള്‍ നേരിട്ടു കൈമാറ്റം ചെയ്തുകൊണ്ടാണ്. ഈ രീതിയുടെ പ്രധാന ന്യൂനതകള്‍ സാധനങ്ങളുടെയും സേവനങ്ങളുടെയും മൂല്യം അളക്കാനും താരതമ്യം ചെയ്യാനും ഒരു പൊതുമാത്ര ഇല്ലെന്നുള്ളതാണ്. അതിനാല്‍, കമ്പോളത്തില്‍ വില്പനയ്ക്കു വരുന്ന ഒരു സാധനത്തിന്റെ മൂല്യം കമ്പോളത്തിന്‍ വരുന്ന മറ്റെല്ലാ സാധനങ്ങളോടും നേരിട്ടു ബന്ധപ്പെടുത്തി പ്രസ്താവിക്കേണ്ടിവരും. മറ്റൊരു ന്യൂനത കച്ചവടത്തിലേര്‍പ്പെടുന്ന രണ്ടുപേരുടെ ആവശ്യങ്ങള്‍ തമ്മില്‍ പൊരുത്തമുണ്ടാവുകയില്ല എന്നതാണ്.
സാധനങ്ങളുടെയും സേവനങ്ങളുടെയും ക്രയവിക്രയത്തെ ആധാരമാക്കിയുള്ള ഒരു സമ്പദ്വ്യവസ്ഥയില്‍ ഭാവിയിലുണ്ടാകാനിരിക്കുന്ന പണമെടുക്കലുകള്‍ നിര്‍ണയിക്കുന്ന കരാറുകള്‍ ഒരു പ്രധാനപങ്കുവഹിക്കുന്നു. വേതനം, പലിശനിരക്ക്, വാടക, പാട്ടം എന്നിവയെ സംബന്ധിച്ചും മറ്റു പല പണമിടപാടുകളെ സംബന്ധിച്ചും ഇങ്ങനെ ദീര്‍ഘകാല കരാറുകള്‍ ഉണ്ടാക്കേണ്ടിവരുന്നു. അതിനാല്‍ ഇത്തരം ഏര്‍പ്പാടുകള്‍ക്ക് നേരിട്ടുള്ള കൈമാറ്റരീതി അപ്രായോഗികമാണ്. സാമാന്യവത്കൃത ക്രയശക്തി ശേഖരിച്ചു വയ്ക്കാന്‍ കഴിയുന്ന ഒരു ഏകകം എന്ന നിലയ്ക്കാണ് പണം പ്രസക്തമാകുന്നത്. പണത്തിന് അടിസ്ഥാനപരമായി രണ്ടു ധര്‍മങ്ങളാണുള്ളത്.
1. ഒരു മൂല്യഗണനാമാത്ര എന്ന നിലയ്ക്ക്. മറ്റെല്ലാ സാധനങ്ങളുടെയും സേവനങ്ങളുടെയും വിനിമയമൂല്യങ്ങള്‍ പണത്തില്‍ പ്രസ്താവിക്കാം. ഒരു സമൂഹത്തില്‍ ഏതെങ്കിലും തരത്തിലുള്ള പണം ഉണ്ടായിക്കഴിഞ്ഞാല്‍, ഓരോ സാധനത്തിന്റെയും സേവനത്തിന്റെയും മൂല്യം ഒരു 'വില'യായി പ്രസ്താവിക്കാം. ആ സാധനത്തിന് നല്കേണ്ടിവരുന്ന പണമാത്രയുടെ സംഖ്യയാണ് വില. ഉദാഹരണത്തിന്, ഒരു മേശയുടെ മൂല്യം 500 രൂപയും ഒരു പുസ്തകത്തിന്റെ മൂല്യം 25 രൂപയുമാകാം.
എല്ലാ സാധനങ്ങളുടേയും സേവനങ്ങളുടെയും മൂല്യം പണത്തിന്റെ മാത്രകളില്‍ പ്രസ്താവിക്കുന്നതുകൊണ്ട് കമ്പോളത്തില്‍ വരുന്ന സാമഗ്രികളുടെ വിനിമയമൂല്യം ഗണിക്കുന്ന പ്രക്രിയ വളരെ ലളിതവും അനായാസകരവുമാകുന്നു.
2. ഒരു വിനിമയോപാധി എന്ന നിലയ്ക്ക്. സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും പകരമായി ഒരു സമൂഹത്തിലെ വ്യക്തികള്‍ പൊതുവേ സ്വീകരിക്കുന്ന ഏതു സാമഗ്രിയും പണത്തിന്റെ ഈ ധര്‍മം നിര്‍വഹിക്കാന്‍ പര്യാപ്തമാണ്. അന്ത്യവിശകലനത്തില്‍ എല്ലാ വ്യാപാരവും കൈമാറ്റമാണ്. ഒരു സാധനമോ സേവനമോ മറ്റുള്ളവര്‍ക്കായി കൈമാറ്റം ചെയ്യപ്പെടുന്നു. ഈ പ്രക്രിയയില്‍ പണം ഒരു മാധ്യമത്തിന്റെ പങ്കാണ് വഹിക്കുന്നത്. ഈ പങ്കുവഹിച്ചുകൊണ്ട് പണം വ്യാപാരത്തെ കൂടുതല്‍ എളുപ്പമാക്കുന്നു.
പണം പലപ്പോഴും 'സാമാന്യവത്കൃത ക്രയശക്തി' ആണെന്ന് വിശേഷിപ്പിക്കാറുണ്ട്. പണത്തിന്റെ ഉപയോഗം വഴി ലഭിക്കുന്ന ക്രയവിക്രയ സ്വാതന്ത്ര്യത്തെ ഇതു വ്യക്തമാക്കുന്നു. ഇത്തരം അടിസ്ഥാന ധര്‍മങ്ങള്‍ക്കുപുറമേ പണത്തിന് രണ്ടു പ്രേരിത ധര്‍മങ്ങളുമുണ്ട്.
1. പണം അവധിവച്ചുള്ള ഇടപാടുകള്‍ക്കും അടവുകള്‍ക്കും ഒരു മാനദണ്ഡമാണ്. കടബാധ്യതയുടെ പലിശയും മുതലും വാടക, പാട്ടം, ശമ്പളം തുടങ്ങിയ പലപണമെടുക്കലുകളും ഭാവിയില്‍ നിശ്ചിതകാലയളവില്‍ കൊടുക്കേണ്ടവയാണ്. ഇവ സാധനങ്ങളായി നല്കുന്നതിനുള്ള വിഷമതകള്‍ നാം കണ്ടുകഴിഞ്ഞു. പണം ഒരു മൂല്യഗണനാമാത്രയും വിനിമയോപാധിയുമായി സാമാന്യ ഉപയോഗത്തില്‍ വന്നു കഴിഞ്ഞാലുടനെ തന്നെ, ഭാവിയിലെ ഇത്തരം ആവശ്യങ്ങള്‍ക്കുള്ള ഉപാധിയായിത്തീരുന്നു.
2. പണം ഒരു മൂല്യസംഭരണോപാധി ആകുന്നു. പണം കൈയിലുള്ള ആള്‍ സാമാന്യവത്കൃതക്രയശക്തിയുടെ അധിപനാണ്. എപ്പോള്‍ വേണമെങ്കിലും ഏതു സാമഗ്രിവേണമെങ്കിലും വാങ്ങാന്‍ അയാള്‍ക്കുകഴിയുന്നു. ഏതു സാധനത്തിനും സേവനത്തിനും പകരമായി അതെപ്പോഴും സ്വീകരിക്കപ്പെടുമെന്ന് അയാള്‍ക്കറിയാം. അതുകൊണ്ട് ആകസ്മികപ്രതിസന്ധികള്‍ തരണം ചെയ്യാനും പണമായി നല്‍കേണ്ട ബാധ്യതകള്‍ തീര്‍ക്കാനും ഉതകുന്ന ഒരു ഉത്തമമൂല്യസഞ്ചയവസ്തുവാണ് പണം. എന്നാല്‍ പണം എല്ലായ്പോഴും സ്ഥിരമൂല്യമുള്ളതും തികച്ചും തൃപ്തികരവുമായ ഒരു മൂല്യസംഭരണവസ്തുവായിരുന്നിട്ടില്ല. അങ്ങനെയാവണമെങ്കില്‍ അതിന്റെ ക്രയശക്തി എപ്പോഴും സ്ഥിരമായിരിക്കണം. പക്ഷേ, യഥാര്‍ഥത്തില്‍ അതിന്റെ ക്രയശക്തിക്ക് എപ്പോഴും ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നു. സാധനവിലകള്‍ വര്‍ധിക്കുമ്പോള്‍ പണത്തിന്റെ ക്രയശക്തി കുറയുകയും വില താഴുമ്പോള്‍ ക്രയശക്തി വര്‍ധിക്കുകയും ചെയ്യുന്നു. പണം മാത്രമല്ല മൂല്യസംഭരണ വസ്തുവായി നമുക്കുള്ളത്. മനുഷ്യര്‍ വിലമതിക്കുന്ന ഏതുസാധനത്തിനും ഈ ധര്‍മം നിര്‍വഹിക്കാവുന്നതാണ്. പ്രോനോട്ടുകള്‍, ഗവണ്‍മെന്റ് കടപ്പത്രങ്ങള്‍, കമ്പനി ഓഹരികള്‍, ഭൂമി, വീടുകള്‍, വീട്ടുസാമഗ്രികള്‍ തുടങ്ങിയ മൂല്യസംഭരണവസ്തുക്കളും ഉപയോഗിക്കാം. പക്ഷേ, പണത്തിന് സാമാന്യവത്കൃതക്രയശക്തി എന്ന ഗുണമുള്ളതുകൊണ്ട്, ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നതും ഏറ്റവും പ്രയോജനകരവുമായ മൂല്യസംഭരണവസ്തു പണമാണ്.