This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാട്ടറിവുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാട്ടറിവുകള്‍

ഒരു കൂട്ടായ്മയുടെ പാരമ്പര്യനിഷ്ഠമായ വിജ്ഞാനസാകല്യം. അത് പ്രസ്തുത കൂട്ടായ്മയുടെ വാങ്മയ ആഖ്യാനങ്ങളിലും ദൃശ്യകലകളിലും ആചാരാനുഷ്ഠാനങ്ങളിലും ഭൌതികസംസ്കാരത്തിലാകമാനവുമായി വ്യാപിച്ചുകിടക്കുന്നു. നാട്ടുപാട്ടിലും നാടോടിവാദ്യനിര്‍മിതിയിലും കഥയിലും പുരാവൃത്തത്തിലും പഴഞ്ചൊല്ലിലും കടങ്കഥയിലും നാടോടിവാസ്തുവിദ്യയിലും കരകൗശലത്തിലും നാട്ടുവൈദ്യത്തിലും പരമ്പരാഗത തൊഴിലറിവുകളിലും നാടോടിസാങ്കേതികവിദ്യയിലും തുടങ്ങി ആഭരണവസ്ത്രസങ്കല്പത്തിലും നാടോടി വിശ്വാസത്തിലുമെല്ലാം അതിന്റെ പൊടിപ്പുകള്‍ കാണാം. നാടോടിയായ സകലപ്രതിനിധാനങ്ങളുടെയും ഈ അകപ്പൊരുള്‍ തേടിയുള്ള പഠനമാണ് സമകാലിക ഫോക്ലോര്‍ പഠനശാഖ ആത്യന്തികമായി ലക്ഷ്യം വയ്ക്കുന്നത്. ഒരു ജനസമൂഹത്തിന്റെ പ്രതിനിധാനങ്ങളില്‍ പ്രത്യക്ഷമായോ പരോക്ഷമായോ പ്രതിഫലിച്ചുകാണുന്ന ജ്ഞാനതലമാണ് നാട്ടറിവെന്നര്‍ഥം. അത് തന്റെ മണ്ണിനോടും ചുറ്റുപാടിനോടുമിണങ്ങി ജീവിച്ച മനുഷ്യര്‍ അനുഭവജ്ഞാനത്തിലൂടെ നേടിയെടുത്ത ഹരിതാഭമായ ജ്ഞാനശകലങ്ങളുടെ ആകെത്തുകയാണ്. അവയുടെ പ്രത്യക്ഷപ്രതിനിധാനങ്ങളിലെ കേലവകലാത്മകതയോ അയുക്തികതയോ മാത്രം കണ്ടറിഞ്ഞ പുതുതലമുറ ഗഹനമായ അപഗ്രഥനത്തിലൂടെ അവയുടെ അകംപൊരുള്‍ കാണാന്‍ ശ്രമിക്കാഞ്ഞതുകൊണ്ട് തമസ്കരിക്കപ്പെട്ടുപോയ അരികുസത്യങ്ങളാണവ. ഇന്ന് ആധുനിക യുക്തിയുടെയും ശാസ്ത്രസാങ്കേതികജ്ഞാനത്തിന്റെയും വാഴ്ത്തപ്പെട്ട മാതൃകകള്‍ക്ക് ഇളക്കം സംഭവിക്കുമ്പോഴാണ് നാം നാട്ടറിവുകളിലെ നേരറിവുകളെ ഗൌരവമായി തിരഞ്ഞുതുടങ്ങിയിട്ടുള്ളത്. അതിന്റെ ഫലമായി സന്തുലിതമായ ഒരു വികസന സങ്കല്പത്തിന്റെ നീര്‍ച്ചാലുകളാകാന്‍ നാട്ടറിവുകള്‍ക്കാവും എന്ന് തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ജനകീയമായ ഒരു വികസനമുന്നേറ്റത്തില്‍ നാട്ടറിവിനുള്ള പങ്ക് ചെറുതല്ലെന്നും നാം മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു.

കൃഷിരീതികള്‍, വിഭവവിനിയോഗം, ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമായ ഭൗതികസൗകര്യങ്ങളൊരുക്കല്‍ എന്നിവയിലെല്ലാം സമാന്തരമായ ഒരു ദര്‍ശനം തന്നെ മുന്നോട്ടുവയ്ക്കാന്‍ നാട്ടറിവുകള്‍ക്ക് കഴിയും. ആധുനികവിജ്ഞാനം എഴുതപ്പെട്ട രേഖകളിലൂടെ നിലനില്ക്കുകയും പഠിച്ചെടുക്കപ്പെടുന്നതിലൂടെ പടരുകയും ചെയ്യുമ്പോള്‍ നാട്ടറിവ് പരിസ്ഥിതിയില്‍ നിന്ന് ആര്‍ജിക്കുകയും വാമൊഴിയായി നിലനില്ക്കുകയും ചെയ്യുന്നു. ആദ്യത്തേത് മനുഷ്യകേന്ദ്രീകൃതവും രണ്ടാമത്തേത് പ്രകൃതികേന്ദ്രീകൃതവുമാണ്. ഒന്ന് ഭാഗികവും മറ്റേത് സമഗ്രവുമായിരിക്കുന്നു. ഒന്ന് അറിവിന്റെ കുത്തകയും മറ്റേത് കൂട്ടായ്മയുടെ തിരിച്ചറിവുമാണ്.

കാലത്തിന്റെ ബഹുതലങ്ങളില്‍ പരന്നുകിടക്കുന്ന നാട്ടറിവ് കണ്ടും കേട്ടും ചെയ്തും കൈമാറിപ്പോരുന്ന ഒന്നാണ്. ഇന്ന് അത് കണ്ടെത്താനും ശേഖരിച്ചുസംരക്ഷിക്കാനുമുള്ള ശ്രമങ്ങള്‍ വ്യാപകമാണ്. അത് പാരമ്പര്യജ്ഞാനത്തെ സമാഹരിച്ചെടുക്കുന്നതിനു മാത്രമല്ല, അന്യവത്കരിക്കപ്പെട്ട സമകാലീന കൂട്ടായ്മകളുടെ പാരസ്പര്യവും ചരിത്രബോധവും വീണ്ടെടുക്കുന്നതിനും ഗ്രാമങ്ങളുടെ സ്വാശ്രയത്വം നിലനിര്‍ത്തുന്നതിനും കാരണമാകും. മണ്ണിനെപ്പറ്റിയുള്ള നാട്ടറിവ്, സസ്യങ്ങളെപ്പറ്റിയുള്ള നാട്ടറിവ്, പരിസ്ഥിതി സംരക്ഷണത്തിനായുള്ള നാട്ടുരീതി, ജലവിനിയോഗത്തിന്റെ നാട്ടറിവ്, പാരമ്പര്യ ജന്തുവിജ്ഞാനം, നാടന്‍ തത്ത്വചിന്ത, നാടന്‍ വിദ്യാഭ്യാസരീതി, നാടന്‍ കളികള്‍, നാട്ടുവൈദ്യം, കൃഷിയറിവുകള്‍, മഴയറിവുകള്‍, കടലറിവുകള്‍, പെണ്ണറിവുകള്‍, കാടറിവുകള്‍, പുഴയറിവുകള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന രീതികളില്‍ ഇന്ന് സമാഹരിക്കപ്പെടുന്നത് അവയുടെ മുമ്പത്തെ സാധ്യതകള്‍ കണ്ടെത്താനായതുകൊണ്ടും ആഗോളീകരണകാലത്തില്‍ അത്തരമറിവുകള്‍ക്ക് കൈവന്നിട്ടുള്ള പ്രതിരോധശക്തി തിരിച്ചറിഞ്ഞു തുടങ്ങിയതുകൊണ്ടുമാണ്. നോ: ഫോക്ലോര്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍