This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാടോടി വിശ്വാസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാടോടി വിശ്വാസം

ഒരു ജനസാമാന്യത്തിന്റെ അഥവാ കൂട്ടായ്മയുടെ ആചാരം, അനുഷ്ഠാനം, ഉത്സവാഘോഷം തുടങ്ങിയ ഭൗതികേതരവും ഭൗതികവുമായ എല്ലാ കര്‍മങ്ങള്‍ക്കും പ്രേരകശക്തിയായി വര്‍ത്തിക്കുന്ന വിശ്വാസസംഹിത.

പ്രത്യക്ഷമോ പരോക്ഷമോ ആയ അനുഭവങ്ങളിലൂടെ കാലങ്ങളായി ഒരു കൂട്ടായ്മ എത്തിച്ചേര്‍ന്നിട്ടുള്ള ധാരണകളാണ് വിശ്വാസങ്ങള്‍ എന്നു പറയാം. അത് പലപ്പോഴും യുക്തിപരമായി ശരിയായിരിക്കണമെന്നില്ല. അതുകൊണ്ടത് ആ ജനതയെ സംബന്ധിച്ചിടത്തോളം അസ്വീകാര്യമാകുന്നില്ല; കൂട്ടായ്മ അത് പങ്കുവയ്ക്കുന്നുണ്ടോ എന്നതിനാണ് പ്രാധാന്യം. അവരെ സംബന്ധിച്ചിടത്തോളം അത് ആത്മനിഷ്ഠമാണ്. നാടോടിവിശ്വാസങ്ങളെ വിശ്വാസം, അവിശ്വാസം, അന്ധവിശ്വാസം എന്ന് തരംതിരിക്കാനാവില്ല. അത്തരം തരംതിരിവ് പ്രസ്തുത കൂട്ടായ്മയില്‍നിന്നും അന്യനായ ഒരാള്‍ക്കു മാത്രമേ നടത്താനാവൂ.

ഒരു കൂട്ടായ്മ പങ്കുവയ്ക്കുന്ന അടിസ്ഥാന വിശ്വാസങ്ങളുടെ പല മട്ടിലുള്ള ആവിഷ്കാരങ്ങളാണ് അവന്റെ ഭൗതികവും ആത്മീയവുമായ ജീവിതം. അതില്‍ ആരാധന മുതല്‍ വസ്ത്രധാരണം വരെ ഉള്‍പ്പെടും. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഒരു കൂട്ടായ്മയുടെ ആവിഷ്കാര വൈവിധ്യങ്ങള്‍ക്കെല്ലാം കാരണം അവരുടെ വിശ്വാസമാണ്. ഉദാഹരണത്തിന് ഉറുക്ക് കെട്ടുക എന്നത് ഒരനുഷ്ഠാനമാണ്. അതിനു കാരണമാകുന്നത് ഭൂതപ്രേതപിശാചുക്കളിലുള്ള പ്രസ്തുത ജനസാമാന്യത്തിന്റെ വിശ്വാസമാണ്.

നാടോടി വിശ്വാസങ്ങളെ പ്രധാനമായും മതപരമായ വിശ്വാസങ്ങളെന്നും മതനിരപേക്ഷ വിശ്വാസങ്ങളെന്നും തരംതിരിക്കാം എന്നാലിത് പലപ്പോഴും ഒരു സമ്പൂര്‍ണ വര്‍ഗീകരണമാകുന്നില്ല. ഉദാ. നാടോടി വിശ്വാസങ്ങളിലെ മറ്റൊരു പ്രധാന വകഭേദമാണ് നിഷിദ്ധങ്ങള്‍. നിഷേധ രൂപത്തിലുള്ള വിശ്വാസമാണ് അതിനാധാരം. പുല, വാലായ്മ എന്നിങ്ങനെ നിരവധി ഉദാഹരണങ്ങള്‍ നിഷിദ്ധത്തിന് പറയാം.

മതവിശ്വാസങ്ങളാല്‍ പ്രാചീനമാണ് നാടോടി വിശ്വാസങ്ങള്‍. അതില്‍ പ്രകൃതിപ്രതിഭാസങ്ങളെക്കുറിച്ചുള്ള അലൗകിക വിശ്വാസങ്ങളുണ്ട്. പരേതാത്മാവിലുള്ള വിശ്വാസം, ഭൂത-പ്രേത-പിശാചുക്കളിലുള്ള വിശ്വാസം, മാന്ത്രികവിശ്വാസം, പരലോകവിശ്വാസം, ശകുനം, നിമിത്തം, വിലക്കുകള്‍ എന്നിവ മാത്രമല്ല, ആചാരോപചരങ്ങള്‍, ഭക്ഷണ സംസ്കാരം, സ്നാനം, വസ്ത്രധാരണം, യാത്ര, ചികിത്സ, ഭവന നിര്‍മിതി, ദീപം, ശയനം, സ്വപ്നം എന്നിവയുമായി ബന്ധപ്പെട്ടെല്ലാം വൈവിധ്യമാര്‍ന്ന നാടോടി വിശ്വാസങ്ങളുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍