This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാടോടി നാടകങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാടോടി നാടകങ്ങള്‍

ഒരു കൂട്ടായ്മ നാടോടി വഴക്കമനുസരിച്ച് പരമ്പരാഗതമായി നിലനിര്‍ത്തുന്ന നാടകരൂപം.

കലകളെ പ്രാകൃതകലകളെന്നും പരിഷ്കൃതകലകളെന്നും (സംസ്കൃതകലകള്‍) ഗോത്രകാലം മുതല്‍ ഭാരതത്തില്‍ വിവക്ഷിച്ചുവരുന്നു. അതുതന്നെയാണ് ലോകധര്‍മി എന്നും നാട്യധര്‍മി എന്നും രണ്ടായി ക്രമപ്പെടുത്തി നാട്യശാസ്ത്രത്തില്‍ സിദ്ധാന്തവത്കരിച്ചിരിക്കുന്നത്.

'ലോകധര്‍മീ നാട്യധര്‍മീ

ധര്‍മീതി ദ്വിവിധം ശ്രുതഃ'

ഇതില്‍ ലോകധര്‍മി ദേശിയും നാട്യധര്‍മി മാര്‍ഗിയുമാണെന്നും വ്യഖ്യാനിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ ലോകധര്‍മി നാടന്‍കലകളും (നാടോടിക്കലകള്‍) നാട്യധര്‍മി സംസ്കൃതകലകളും (classical art) ആണെന്ന് ആദ്യമായി പറഞ്ഞത് ഭരതനാണ്. തുടര്‍ന്ന്, നാടോടി നാടകങ്ങളെ ഉപരൂപകങ്ങളെന്നും സംസ്കൃതനാടകങ്ങളെ ദശരൂപകങ്ങളെന്നും ആചാര്യന്‍മാര്‍ വര്‍ഗീകരിച്ചു. തുടക്കത്തിലേതന്നെ പ്രാകൃതനാടകങ്ങളും സംസ്കൃതനാടകങ്ങളും തോളോടുതോള്‍ ചേര്‍ന്ന് വളര്‍ന്നുവന്നു എന്ന് അനുമാനിക്കാനുള്ള തെളിവുകളും നാട്യശാസ്ത്രത്തിലുണ്ട്. ശാരദാതനയന്റെ ഭാവപ്രകാശത്തില്‍ ഇരുപത് ഉപരൂപകങ്ങളെപ്പറ്റി പ്രസ്താവിക്കുന്നുണ്ട്. അഗ്നിപുരാണത്തില്‍ പതിനൊന്നെന്നും പറയുന്നു. എന്നാല്‍ സാഹിത്യദര്‍പ്പണകാരന്‍ പതിനെട്ട് ഉപരൂപകങ്ങള്‍ക്കും പേരു കല്പിച്ച് ലക്ഷണനിര്‍ണയവും നടത്തുകയുണ്ടായി. പിന്നീടുവന്ന ആചാര്യന്‍മാരും സാഹിത്യദര്‍പ്പണകാരനോട് യോജിച്ചിട്ടേയുള്ളൂ.

സംസ്കൃതനാടകങ്ങള്‍ക്കൊപ്പംതന്നെ നാടോടിനാടകങ്ങളും (എല്ലാ നാടന്‍കലകളും) ഗ്രാമവേദികളില്‍ അരങ്ങുതകര്‍ത്താടി നടന്നു. രണ്ടിനെപ്പറ്റിയും പ്രാചീനാചാര്യന്‍മാര്‍ തുല്യപ്രാധാന്യം കൊടുത്ത് പഠനം നടത്തുകയും ചെയ്തിട്ടുണ്ട്. പ്രാചീന നാടോടിനാടകങ്ങളുടെ ഭാഷ പ്രാകൃതമാണ്. അപൂര്‍വമായി മാത്രമേ അവയ്ക്കു ലിഖിതരേഖകളുള്ളൂ. സാധാരണക്കാരെ കൂടുതലാകര്‍ഷിച്ചത് ജനകീയനാടകങ്ങളായ ഉപരൂപകങ്ങളാണ്. പതിനെട്ട് ഉപരൂപകങ്ങളുണ്ട്. (നോ : ഉപരൂപകങ്ങള്‍)

ഭാരതീയരായ പ്രാചീനാചാര്യന്‍മാരുടെ വര്‍ഗീകരണങ്ങളും വ്യാഖ്യാനങ്ങളും പതിനെട്ട് ഉപരൂപകങ്ങളായാണെങ്കിലും മറ്റു ചില അഭിപ്രായങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. 'ഭാരതത്തിലെ വിവിധ പ്രദേശങ്ങളില്‍ നാടോടിനാടകങ്ങള്‍ വളര്‍ന്നുപന്തലിച്ചത് 15-16 ശ.-ങ്ങളിലാണ്. അതുകൊണ്ട് പണ്ഡിതന്‍മാര്‍ സങ്കല്പിക്കുന്നതുപോലെ സംസ്കൃതനാടകങ്ങളോടൊപ്പം നാടോടി നാടകങ്ങളും വളര്‍ന്നു പന്തലിച്ചു നിന്നുവെന്ന് പറയാന്‍ സാധ്യമല്ല' എന്നതാണ് ഒരു പ്രബലചിന്താഗതി. എന്നാല്‍ സംസ്കൃതനാടകങ്ങള്‍ക്ക് ലക്ഷണം പറഞ്ഞ് പഠനം നടത്തിയകാലത്ത് നാടോടി നാടകങ്ങളും അതുപോലെ സമൃദ്ധമായി വളര്‍ന്നുനിന്നിരുന്നുവെന്നാണ് നാട്യശാസ്ത്രം സൂചിപ്പിക്കുന്നത്. മറ്റൊരഭിപ്രായമുള്ളത്, നാടോടിനാടകങ്ങളാണ് സംസ്കൃതനാടകങ്ങളുടെ പ്രാഗ്രൂപങ്ങള്‍ എന്നാണ്. നാട്ടരങ്ങില്‍ നിന്നാണ് സംസ്കൃതനാടകങ്ങളുണ്ടായതെന്നുള്ള ചിന്താഗതി വളരെ നേരത്തേതന്നെയുള്ളതാണ്. സംസ്കൃതനാടകങ്ങളിലെ 'പ്രാകൃതവും' 'അപഭ്രംശവും' സൂചിപ്പിക്കുന്നത് നാട്ടരങ്ങിന്റെ സ്വാധീനമാണ്. അല്ലാതെ നാട്ടരങ്ങില്‍ നിന്നാണ് സംസ്കൃതനാടകോല്പത്തി എന്നല്ല എന്ന അഭിപ്രായവുമുണ്ട്. കാളിദാസന്റെ വിക്രമോര്‍വശീയത്തിന്റെ ഒരു കൈയെഴുത്തുപ്രതിയില്‍ പതിനാറോളം അപഭ്രംശഗീതകങ്ങളാണുള്ളത്. സംസ്കൃതബഹുലമായ കൂടിയാട്ടത്തില്‍ വിദൂഷകന്റെ സംഭാഷണം പ്രദേശികഭാഷയിലാണ്. ഈ ഉദാഹരണങ്ങളും മറ്റു തെളിവുകളും, സംസ്കൃതനാടകങ്ങളില്‍ നാട്ടരങ്ങിന്റെ സ്വാധീനമുണ്ടെന്നുതന്നെയാണ് തറപ്പിച്ചുപറയുന്നത്. ഇവിടെയെല്ലാം പ്രാദേശികഭാഷാഭേദങ്ങളോ നാടന്‍കഥാപാത്രങ്ങളോ കടന്നുകൂടിയിട്ടുണ്ടെന്നല്ലാതെ സംസ്കൃതനാടകങ്ങള്‍ ജനിച്ചത് നാട്ടരങ്ങില്‍ നിന്നാണെന്ന് സ്ഥാപിക്കുവാന്‍ കഴിയുന്നില്ല.

വൈദികകാലം മുതല്‍ നാടകാഭിനയം ഭാരതത്തിലാരംഭിച്ചു എന്നതിന് തെളിവുണ്ട്. യാഗങ്ങളില്‍ത്തന്നെ ആംഗികാഭിനയങ്ങളോടും മന്ത്രോച്ചാരണങ്ങളോടുംകൂടിയ ചടങ്ങുകളുണ്ടായിരുന്നു. ഇതില്‍ നിന്നായിരിക്കണം നാടകാഭിനയത്തിന്റെ ആവിര്‍ഭാവം. ഇതുപോലെയുള്ള ചടങ്ങുകള്‍ എല്ലാവര്‍ഗക്കാര്‍ക്കും കാണുമെന്നുള്ളതുകൊണ്ട് അവരുടെ അഭിനയകലകളും അനുഷ്ഠാനങ്ങളില്‍ നിന്നാണ് ഉടലെടുത്തതെന്നനുമാനിക്കണം.

രാമായണകാലത്ത് (ശ്രീരാമന്റെ അഭിഷേകത്തിനും വസന്തോത്സവത്തിനും മറ്റും) ഗോത്രവര്‍ഗങ്ങളുടെ നാട്യസംഘങ്ങളും ഗായകസംഘങ്ങളും അയോധ്യയില്‍വന്ന് രാജവീഥികളിലൂടെ നൃത്തംചെയ്തുപോയിരുന്നതായി വാല്മീകി രാമായണത്തില്‍ പരാമര്‍ശമുണ്ട്. ഇതില്‍നിന്നെല്ലാം മനസിലാക്കേണ്ടത് നാഗരികകലകളും നാടന്‍കലകളും തൊട്ടുരുമ്മിത്തന്നെയാണ് ജീവിച്ചത് എന്നുതന്നെയാണ്. പ്രാകൃതനാടകങ്ങള്‍ക്കും പലവിധ വേഷസംവിധാനങ്ങളുണ്ടായിരുന്നു. വേട്ടയാടുന്നതിനെ ചിത്രീകരിക്കുമ്പോള്‍ മൃഗങ്ങളുടെ തുകലും, രൌദ്രഭാവങ്ങള്‍ക്ക് പൊയ്മുഖങ്ങളും ഉപയോഗിക്കുമായിരുന്നു. കടുംചായങ്ങള്‍കൊണ്ട് ചുട്ടികുത്തുകയും ചെയ്തുവന്നു. ഇന്ന് പരിചയമുള്ള കടുവാക്കളിയിലും കുമ്മാട്ടിക്കളിയിലും ചൈനയിലും ജപ്പാനിലും നിലവിലുള്ള സിംഹനൃത്തത്തിലും പ്രാചീന നാടന്‍നാടകങ്ങളുടെ അവശിഷ്ടങ്ങളാണ് കാണുന്നത്.

നാടകപാരമ്പര്യമേറെയുള്ള ഗ്രീസിലും ഈജിപ്തിലും നാടോടിനാടകങ്ങള്‍ യക്ഷിക്കഥകള്‍ നിറഞ്ഞവയാണ്. അവരുടെ ക്ളാസ്സിക്കല്‍ നാടകങ്ങളിലും പ്രാകൃതവേഷങ്ങളും യക്ഷിക്കഥകളും കടന്നുകൂടിയിട്ടുണ്ട്. ഷെയ്ക്സ്പിയറുടെ പ്രസിദ്ധമായ മാക്ബത്ത് തുടങ്ങുന്നതുതന്നെ മൂന്നു പിശാചുക്കളുടെ നൃത്തത്തോടെയാണ്. നൃത്തമാകുമ്പോള്‍ സംഗീതവും താളവും അംഗോപാംഗചലനങ്ങളും ലോകത്തിന്റെ ഏതുഭാഗത്തായാലും ഉണ്ടാകും. നാനാഭാഗത്തുമുള്ള സംഗീതത്തിന്റെ സാങ്കേതികശൈലികള്‍ തമ്മില്‍ വ്യത്യാസങ്ങള്‍ കാണാമെങ്കിലും എവിടെയുമുള്ള നാടന്‍മട്ടുകള്‍ക്കും തമ്മില്‍ അത്യധികം സാജാത്യം കാണുന്നുണ്ട്. നൃത്തനൃത്യങ്ങള്‍ക്കുമുണ്ട് ആ സാദൃശ്യം. ഇവയ്ക്കെല്ലാം താളത്തിനുവേണ്ടിയുപയോഗിക്കുന്ന വാദ്യങ്ങള്‍ക്ക് വളരെയേറെ സാദൃശ്യങ്ങളുണ്ട്. നാടോടിനാടകങ്ങളെല്ലാംതന്നെ നൃത്ത-നൃത്യ-നാട്യപ്രധാനമാണ്. അതുകൊണ്ടുതന്നെ താളപ്രധാനവുമാണ്. കൂടാതെ കടുംനിറത്തിലുള്ള ചമയങ്ങള്‍ ഭാരതത്തിന്റെ പാരമ്പര്യമാണ്. ആടയാഭരണങ്ങള്‍ക്കും നല്ല നിറപ്പകിട്ടുണ്ട്. ഇവയെല്ലാം അണിയിച്ച് കഥാപാത്രങ്ങളെ നിശ്ചയിക്കുന്നതിനും നാട്യാംശവും നൃത്ത്യാംശവും സംഭാഷണങ്ങളും മറ്റും സംയോജിപ്പിച്ച് ചിട്ടപ്പടി ഇതിവൃത്തത്തെ ക്രമപ്പെടുത്തുന്നതിനും പാരമ്പര്യമായി നിലനിന്ന നാട്യധര്‍മി നല്ലതുപോലെ പഠിച്ച നാട്ടാശാന്‍മാര്‍ ഭാരതത്തിലുണ്ടായിരുന്നു. അവരെ നാടന്‍കലാകാരന്‍മാരുടെ ആശാന്‍മാര്‍ എന്നുവിളിക്കാം. കേരളത്തില്‍ നാട്ടാശാന്‍മാരും നാടന്‍കലാസംഘങ്ങളും ഐശ്വര്യസമൃദ്ധമായുണ്ടായിരുന്നത് നാടുവാഴികള്‍ ഭരിച്ചിരുന്നപ്പോഴാണ്. കൊച്ചുകൊച്ചു നാടുവാഴികളും അവരുടെ നാട്ടുക്കൂട്ടങ്ങളും വാണിരുന്ന 14-ാം ശ.- മുതല്‍ കണക്കിലെടുക്കാം. അന്ന് പല ഗ്രാമങ്ങളിലും നാടന്‍ നാട്യസംഘങ്ങളുണ്ടായിരുന്നു. ഒരു ഗ്രാമത്തില്‍ നാടോടിനാടകം നടന്നുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ അടുത്ത ഗ്രാമത്തിലേക്കുള്ള കരാര്‍ വന്നുകഴിയും. അങ്ങനെ ഉത്സവക്കാലങ്ങളിലും മറ്റും നാടന്‍കലകള്‍ ഒരു ഗ്രാമത്തില്‍നിന്ന് മറ്റു പലഗ്രാമങ്ങളിലേക്കും സഞ്ചരിച്ചുകൊണ്ടിരിക്കും. നാടന്‍കലാകാരന്‍മാര്‍ക്കുവേണ്ട എല്ലാ പ്രോത്സാഹനങ്ങളും കൊടുക്കുന്ന നാട്ടുപ്രമാണികളുമുണ്ടായിരുന്നു.

ഭാരതീയകലകളെപ്പറ്റി പഠിക്കുന്നവര്‍ ഉത്തരേന്ത്യന്‍ കലകളെന്നും ദക്ഷിണേന്ത്യന്‍ കലകളെന്നും വിഭജിക്കുന്നതിന് അടിസ്ഥാനപരമായ കാരണങ്ങളുണ്ട്. ആര്യസംസ്കാരത്തെയും ദ്രാവിഡസംസ്കാരത്തെയും കണക്കിലെടുത്താണ് അങ്ങനെ വിഭജിച്ചത്. ആര്യന്‍മാരെപ്പോലെതന്നെ ശക്തരും പരിഷ്കൃതരുമായിരുന്നു ദ്രാവിഡന്‍മാര്‍. ദക്ഷിണാപഥത്തെപ്പറ്റി നാട്യശാസ്ത്രത്തില്‍ വിവരിക്കുന്നതിപ്രകാരമാണ്:

'തത്ര ദാക്ഷിണാത്യാസ്താവദ് ബഹു

നൃത്തഗീതവാദ്യാഃ കൈശികീ

പ്രായാശ്ചതുര മധുരലളിതാങ്ഗാഭിനയാഃ

തദ്യഥാ-

മഹേന്ദ്രോ മലയഃ സഹ്യോ

മേകലഃ പാലമഞ്ജരഃ

ഏതേഷുസംശ്രിതാദേശാ-

സ്തേ ജ്ഞേയാ, ദക്ഷിണാപഥഃ'

ദാക്ഷിണാത്യന്‍മാര്‍ക്ക് (തെക്കുള്ളവര്‍ക്ക്) നൃത്തം, ഗീതം, വാദ്യം തുടങ്ങിയവ അധികമുണ്ടായിരിക്കും. മിക്കവാറും വൃത്തികൈശികിയായിരിക്കും; ആംഗികാഭിനയം ലളിതവും മധുരവുമാണ്. മാഹേന്ദ്രം, മലയം, സഹ്യം, മേകലം, പാലമഞ്ജരം എന്നീ പര്‍വതങ്ങള്‍ അവലംബിക്കുന്ന ദേശങ്ങള്‍ക്ക് പൊതുവില്‍ ദക്ഷിണാപഥം എന്നുപറയുന്നു. മനുഷ്യരും, രാക്ഷസരെന്നു സങ്കല്പിച്ചിട്ടുള്ള വനവാസികളും മഹര്‍ഷിമാരും അവരുടെ ആശ്രിതന്‍മാരും രാജാക്കന്‍മാരും പ്രജകളും (ഉത്തരേന്ത്യയെപ്പോലെ) മറ്റു ദക്ഷിണേന്ത്യയിലും ഉണ്ടായിരുന്നത്. അവര്‍ക്ക് ദ്രാവിഡസംസ്കാരവും ദ്രാവിഡകലകളുമുണ്ടായിരുന്നു. ആ കലകള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും തികഞ്ഞ വ്യക്തിത്വത്തോടെ തെളിഞ്ഞുകാണുന്നു. ഓരോ ഭാഷയിലും അതതിന്റെ നിറപ്പകിട്ടോടെ അരങ്ങുകളില്‍ ആടിത്തെളിഞ്ഞുനില്‍ക്കുന്നു. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വൈവിധ്യങ്ങളേറെ കാണാവുന്ന ഒരു സംസ്കാരമാണ് ദ്രാവിഡര്‍ക്കുള്ളത്. ആചാരപരമായുള്ള വൈവിധ്യങ്ങള്‍ക്കൊപ്പംതന്നെ പല നാടന്‍കലകള്‍ക്കും സാദൃശ്യങ്ങളുണ്ട്. മുടിയേറ്റ്, യക്ഷഗാനം, തെരുക്കൂത്ത് എന്നിവ ഉദാഹരണമായി പഠിക്കാവുന്നതാണ്. അടുത്തടുത്തു കിടക്കുന്ന കര്‍ണാടകവും തമിഴ്നാടും കേരളീയമായ നാടന്‍കലകളോട് സാദൃശ്യങ്ങളേറെ പ്രകടമാക്കുന്നുണ്ട്.

നാടന്‍-നാടോടിനാടകങ്ങള്‍ക്ക് നൃത്ത-നൃത്ത്യങ്ങള്‍ പ്രധാനമാണ്. കേവലം നാടോടിനാടകമാകുമ്പോള്‍ അവയൊട്ടും അനുഷ്ഠാനപരമല്ല (ഉദാ: കാക്കാരിശ്ശിനാടകം, പൊറാട്ടുനാടകം, കുറത്തിയാട്ടം തുടങ്ങിയവ). എന്നാല്‍ മുടിയേറ്റ്, കളംപാട്ട്, തീയാട്ട്, സര്‍പ്പംതുള്ളല്‍ തുടങ്ങിയവ അനുഷ്ഠാനപരവും ആരാധനാകേന്ദ്രങ്ങളില്‍ നടത്തിവരുന്നവയുമാണ്. നാടോടിനൃത്തങ്ങള്‍ക്കുള്ള പാട്ടുമട്ടും അനുഷ്ഠാന നൃത്തനാടകങ്ങള്‍ക്കുള്ള പാട്ടുമട്ടും തമ്മില്‍ വളരെ വ്യത്യാസമുണ്ട്. ഒന്ന് വിനോദപ്രദവും മറ്റേത് ഭക്തിപ്രധാനവുമാണ്.

അനുഷ്ഠാനപരമായ നാടന്‍ നൃത്തനാടകങ്ങള്‍. അധീശശക്തിയായ ഏതോ ദേവതയോട് സര്‍വാത്മനാ ലയിച്ചുള്ള ഗ്രാമജീവിതത്തിന്റെ ഭാഗമാണ് അനുഷ്ഠാനകലകള്‍. കേരളത്തിന്റെ ദേവത കാവിലമ്മയായിരുന്നു (ഭദ്രകാളി). ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ അമ്മയ്ക്കു ചാര്‍ത്തേണ്ട വേഷം, വഴിപാടുകള്‍ക്കുള്ള ചടങ്ങുകള്‍, വാര്‍ഷികോത്സവത്തിന്റെ സജ്ജീകരണങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാം പ്രത്യേകം വ്യവസ്ഥകളുണ്ടാക്കുന്നതിന് ഊരാളന്‍മാര്‍ (ക്ഷേത്രത്തിന്റെ ഭരണസമിതി) ശ്രദ്ധിച്ചുവന്നു. പണ്ഡിതന്‍മാരും ഭാവനാസമ്പന്നന്മാരുമായിരുന്ന ഊരാളന്‍മാര്‍ ജനങ്ങളുടെ ആവശ്യത്തിനും അഭിരുചിയ്ക്കുമനുസരിച്ച് കാവിലെ ആരാധനാക്രമങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും പരിഷ്കാരങ്ങള്‍ വരുത്തുമായിരുന്നു. അങ്ങനെയാണ് കേവലമായ അനുഷ്ഠാനക്രിയകള്‍ക്ക് കലകളുടെ പരിവേഷമുള്ള കോലങ്ങള്‍, കളങ്ങള്‍, കളംപാട്ട്, തോറ്റങ്ങള്‍ തുടങ്ങിയവയുണ്ടായത്. കെട്ടുകാഴ്ച, ഘോഷയാത്രകള്‍ തുടങ്ങിയവയെല്ലാം ഊരാളന്‍മാര്‍ നടപ്പിലാക്കിയ പരിഷ്കാരങ്ങളാണ്. കാവിലെ ആവശ്യങ്ങള്‍ക്ക് എല്ലാ വര്‍ഗക്കാരും (അന്ന് ജാതിചിന്തകളൊട്ടുമേയില്ലായിരുന്നു) പങ്കാളികളായിരുന്നു. തെങ്ങുകയറ്റക്കാര്‍ കുരുത്തോലയും ഇളനീരും കൊണ്ടുവന്ന് ദേവിക്കുകൊടുക്കും. ഉടയാടകളും കൊടിയുംമറ്റും തുന്നുന്നത് പാണനാണ്. കണിയാന്‍മാര്‍ കളമെഴുതും; കോലംകെട്ടുന്നതിന് സഹായിക്കും. പറയന്‍മാര്‍ മേളത്തിന് പറകൊട്ടും. ആശാരിയും കൊല്ലനും പന്തലിടുന്നതിനും മറ്റു പരമ്പരാഗതതൊഴിലുകള്‍ ചെയ്യുന്നതിനും എപ്പോഴും കാണും. കൃഷിക്കാര്‍ നെല്ലും മറ്റുവിളകളും ദേവിക്ക് കൊണ്ടുവന്നുകൊടുക്കും. ഇവയെല്ലാം കൃത്യമായി ശേഖരിച്ച് യുക്തിപൂര്‍വം ഉപയോഗിക്കുക എന്നുള്ളതാണ് ഊരാളന്‍മാരുടെ ചുമതല.

ഭഗവതിക്കാവിലെ പാട്ടുകാരായ കുറുപ്പന്മാരാണ് 'കളമെഴുത്തു'മായി ബന്ധമുള്ള എല്ലാ കലകളുടെയും ആചാര്യന്‍മാര്‍. തിരുമാന്ധാംകുന്നിലും, തിരുവളയാര്‍കാവിലും, ചെര്‍പ്പുളശ്ശേരിയിലും പാലക്കാട്ടുജില്ലയിലെ അനേകം മനകളിലും കാവുകളിലും കുറുപ്പന്മാര്‍ക്കുള്ള അവകാശം ഇന്നും നിലനില്‍ക്കുന്നു.

മധ്യതിരുവിതാംകൂറിലെ തീയാട്ടുണ്ണിമാരുടെ കളങ്ങള്‍ക്കും അവരുടെ പാട്ടുകള്‍ക്കും ചടങ്ങുകള്‍ക്കും ദേവീക്ഷേത്രങ്ങളില്‍ വളരെ പ്രാധാന്യമുണ്ട്. ഇതുപോലെ തികച്ചും അനുഷ്ഠാനപരമായ പശ്ചാത്തലത്തിലാണ് 'മുടിയേറ്റ്' എന്ന നൃത്തസംഗീതനാടകവും തുടങ്ങുന്നത്. ഭദ്രകാളീപ്രീതിക്കുവേണ്ടി നടത്തുന്ന വഴിപാടാണ് മുടിയേറ്റ്. മാരാന്മാരും കുറുപ്പന്മാരും മുടിയേറ്റ് നടത്തും. ഭാരതത്തില്‍ എല്ലാപ്രദേശങ്ങളിലും കാളീസേവയുണ്ട്. എന്നാലും കേരളത്തിലെ അത്രതന്നെ വൈവിധ്യമാര്‍ന്ന അനുഷ്ഠാനകലകളും അനുബന്ധകലകളും മറ്റെങ്ങുമില്ല. ബംഗാളിലും രാജസ്ഥാനിലും മറ്റുമുള്ള കാളീഘട്ടങ്ങള്‍ പ്രസിദ്ധമാണെങ്കിലും കേരളത്തിലെപ്പോലെ വര്‍ണാഭമായ കളങ്ങളും നാടകീയമുഹൂര്‍ത്തങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന നൃത്തങ്ങളും (കഥകളിയെ അനുസ്മരിപ്പിക്കുന്ന നാട്യവും പാട്ടും) കടുംനിറത്തിലുള്ള ചമയങ്ങളും ഇത്രത്തോളമില്ല. കേരളത്തിലെ അനുഷ്ഠാനനൃത്തനാടകങ്ങളുടെകൂട്ടത്തില്‍ ഏറ്റവും പ്രധാനം മുടിയേറ്റാണ്. അതിന്റെ ആചാര്യന്‍ പാഴൂര്‍ ദാമോദരമാരാരായിരുന്നു. അദ്ദേഹത്തിന്റെ പിന്‍മുറക്കാര്‍ പ്രശസ്തമായ നിലയില്‍ 'മുടിയേറ്റ്' നടത്തിവരുന്നു.

കാര്‍ഷികവര്‍ഷത്തിന്റെ തുടക്കംകുറിക്കുന്ന മേടവിഷുവിന്റെ പ്രഭാതത്തില്‍ മങ്കൊമ്പുദേവീക്ഷേത്രത്തില്‍ നടക്കുന്ന കോലന്തുള്ളലും, പതിമൂന്ന് കരക്കാര്‍ ചേര്‍ന്ന് ചെട്ടികുളങ്ങര നടത്തുന്ന 'കുത്തിയോട്ടവും' കോഴിക്കോട്ടെ 'തെറ'യും കാളീസേവ തന്നെയാണ്. കണ്ണൂര്‍ജില്ലയില്‍ മാടായിക്കാവിലെ പൂരോത്സവവും അനേകം കലകള്‍ക്ക് ഉറവിടമാണ്. അവിടെ പണ്ട് നരബലി നടത്തുമായിരുന്നു എന്നാണ് ഐതിഹ്യം. പിന്നീടത് 'കോഴിബലി'യായി ചുരുങ്ങിയത്രെ. കണ്ണൂര്‍ജില്ലയില്‍ത്തന്നെയുള്ള 'നിണബലി' മുടിയേറ്റുകാരുടെ ചിട്ടപ്പെടുത്തിയെടുത്ത അനുഷ്ഠാനനൃത്തനാടകമാണ്. രണ്ടിന്റെയും പാട്ടിന് പഴയ സോപാനശൈലിതന്നെയാണ് അവലംബിച്ചിരിക്കുന്നത്. ആദ്യന്തം മുടിയേറ്റ് പരിശോധിച്ചാല്‍ കഥകളിക്ക് മുടിയേറ്റിനോടുള്ള നാഭീനാളബന്ധം വ്യക്തമാകും. വര്‍ണപ്പകിട്ടാര്‍ന്ന ചമയങ്ങള്‍ മാത്രമല്ല, സോപാനരീതിയിലുള്ള പാട്ടും രംഗസജ്ജീകരണങ്ങളും മുടിയേറ്റില്‍ നിന്ന് കഥകളി സ്വീകരിച്ചിട്ടുള്ളതാണ്.

മുടിയേറ്റിലെ കഥാപാത്രങ്ങള്‍ പരമശിവന്‍, നാരദര്‍, ഭദ്രകാളി, കൂളി, ദാരികന്‍, കോയിമ്പിടാരന്‍, ഘണ്ടാകര്‍ണന്‍ എന്നിവരാണ്. അതിന്റെ ഇതിവൃത്തത്തെ നാട്ടാശാന്‍ എട്ടുഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. ശിവനാരദസംവാദം, ദാരികന്റെ പുറപ്പാട്, ഭദ്രകാളീപ്രവേശം, കോയിമ്പിടാരുടെ വരവ്, കാളിയുടെ പുറപ്പാട്, കാളിയും ദാരികനും തമ്മിലുള്ള വെല്ലുവിളിയും യുദ്ധവും, ദാരികവധം (മുടിയെടുക്കല്‍), മുടിയുഴിഞ്ഞ് ഭൂതഗണങ്ങള്‍ക്ക് ബലികൊടുക്കല്‍ എന്നിങ്ങനെ. ഇപ്രകാരം ക്രമാനുഗതമായി ഇതിവൃത്തപുരോഗതിക്ക് സഹായകമാംവിധം രംഗങ്ങളായി തിരിച്ചിരിക്കുന്നത് നാടകീയമുഹൂര്‍ത്തങ്ങളെ പുഷ്ടിപ്പെടുത്തുവാനാണ്. നൃത്തനൃത്യങ്ങളും നാട്യവും താളമേളങ്ങളുടെ അകമ്പടിയോടെ (കഥകളി പോലെ) കാണുമ്പോള്‍ അത്യാകര്‍ഷകമാണ്. ഇതില്‍ കൂളി മാത്രമേ സംസാരിക്കുകയുള്ളൂ. ശബ്ദമടക്കി കൃത്രിമരീതിയിലാണ് കൂളിയുടെ സംഭാഷണം.

കഥാപാത്രങ്ങള്‍ തന്നെ പന്തം പിടിക്കുകയും തിരശ്ശീലയ്ക്കുപിന്നിലും വേദിക്കു മുന്നിലും, മറ്റുചിലപ്പോള്‍ രംഗവാസികളുടെയിടയിലും അവര്‍ ഓടിനടന്നഭിനയിക്കുകയും ചെയ്യുന്നു.

ചുരുക്കത്തില്‍ മുടിയേറ്റ് നടക്കുകയും കാണികള്‍ കണ്ടിരിക്കുകയും ചെയ്യുന്ന പ്രദേശം മുഴുവന്‍ അരങ്ങായിമാറുന്നു. ഇതും സദസ്യരെ ആകര്‍ഷിക്കാനുള്ള നാടന്‍വിദ്യയാണ്. അലൌകികാന്തരീഷ സൃഷ്ടിക്കായി 'തെള്ളിപ്പൊടി'യെറിഞ്ഞ് കത്തിക്കുക, ആര്‍പ്പുവിളിക്കുക, പുഷ്പങ്ങള്‍ വാരിയെറിയുക തുടങ്ങിയ കര്‍മങ്ങളുമുണ്ട്. സാധാരണ കഥകളിയിലെപ്പോലെ ചിലപ്പോഴെല്ലാം ദേവി പീഠത്തില്‍ ഇരിക്കുകയും ചെയ്യും. ആട്ടവിളക്കും തിരശ്ശീലയും നാരദപ്രവേശവും ഒത്തുകാണുമ്പോള്‍ കഥകളി തന്നെയാണെന്നുതോന്നും. ഇവിടെയുമുണ്ട് കളി തുടങ്ങുന്നതിനുമുമ്പ് കേളികൊട്ട് (കൊട്ടിയറീക്കല്‍), തിരനോട്ടം തുടങ്ങിയവ. പാട്ടുകള്‍ സോപാനശൈലിയില്‍ (താളമേളങ്ങളോടെ) തന്നെയാണ് പാടുന്നത്. ദാരികന്‍ കത്തിവേഷമാണ്. ഭദ്രകാളിക്ക് കിരീടമുണ്ട്. അതില്‍ നാഗപത്തി രൂപങ്ങള്‍ മുദ്രണം ചെയ്തിരിക്കും. ഇരുകൈയിലും പന്തങ്ങളെടുക്കും. അവ മുഖത്തിനുനേരെ പിടിക്കും. എല്ലാ അര്‍ഥത്തിലും ഭദ്രകാളിയുടെ പ്രാഗ്രൂപങ്ങള്‍ മുടിയേറ്റിലുണ്ട്.

സാധാരണ പറയാറുള്ള ഇരുന്നാട്ടം, പതിഞ്ഞാട്ടം, ഇളകിയാട്ടം എന്നിങ്ങനെ മൂന്നുതരം ആട്ടം മുടിയേറ്റിലുണ്ട്. പീഠത്തിലോ മറ്റോ ഇരുന്ന് പദാര്‍ഥമഭിനയിക്കുന്നതിനും തന്മയത്വമാടുന്നതിനുമാണ് ഇരുന്നാട്ടം എന്നുപറയുക. സമപാദത്തില്‍ നിന്നുകൊണ്ടുള്ള ആട്ടമാണ് പതിഞ്ഞാട്ടം. ഇളകിയാട്ടത്തിലാകട്ടെ, എല്ലാവിധ ചലനങ്ങളും ചിട്ടപ്പടി കാണിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ട്. അദ്ഭുതം, ഭയം, രൌദ്രം തുടങ്ങിയ രസാഭിനയത്തിന് ഇളകിയാട്ടമാണ്.

കാളിയും ദാരികനുമായുള്ള യുദ്ധരംഗം അദ്ഭുതകരമായ ഇളകിയാട്ടംകൊണ്ട് കാണികളെ അമ്പരപ്പിക്കും. കളരിപ്പയറ്റിന്റെ സ്വാധീനം മുടിയേറ്റിന്റെ അഭിനയക്രമങ്ങളിലെല്ലാം തെളിഞ്ഞുകാണാം. ഇളകിയാട്ടം നൃത്തശാസ്ത്രപ്രകാരം താണ്ഡവമാണ്. മിക്കവാറും എല്ലാ നാടന്‍കലകളും അങ്ങനെ നോക്കുമ്പോള്‍ താണ്ഡവപ്രധാനമാണ്.

ചെണ്ട, പറ (വീക്കുചെണ്ട), ഇലത്താളം തുടങ്ങിയ വാദ്യങ്ങളുടെ തുളച്ചുകയറുന്ന ശബ്ദം, കടുംനിറങ്ങളില്‍ വെട്ടിത്തിളങ്ങുന്ന കളങ്ങള്‍, അലറിവിളിച്ചും ഇളകിയാടിയുമുള്ള യുദ്ധതന്ത്രങ്ങള്‍, ശത്രുവിനെ നിഗ്രഹിച്ച് തലവെട്ടിയെടുത്തുകൊണ്ടുള്ള വരവ്- ഇങ്ങനെയെല്ലാമുള്ള പ്രാചീന നാടന്‍നൃത്തനാട്യക്രമങ്ങളുടെ രൂപരേഖകള്‍ മുടിയേറ്റില്‍ കണ്ടെത്താന്‍ കഴിയും.

മധ്യതിരുവിതാംകൂറില്‍ ഒന്നുരണ്ട് ജില്ലകളില്‍മാത്രം വേരോടിനില്‍ക്കുന്ന പടേനി പ്രധാനപ്പെട്ടതും പ്രാചീനവുമായ അനുഷ്ഠാനനൃത്തമാണ്. ഒരു ഗ്രാമത്തിലെ എല്ലാ ജനവിഭാഗങ്ങളും പങ്കെടുക്കുന്ന വാര്‍ഷികാനുഷ്ഠാനനൃത്തമാണിത്. ആ പ്രദേശത്തെ ഐശ്വര്യസമൃദ്ധമായി കാത്തുസൂക്ഷിക്കുന്നതിന് ദേവിയോട് പ്രാര്‍ഥിക്കുകയാണ് കോലങ്ങള്‍ ചെയ്യുന്നത്. കൂടാതെ, പ്രകൃതികോപം, മഹാവ്യാധികള്‍, ദുര്‍മരണം, പ്രേതബാധകള്‍ തുടങ്ങിയവയൊന്നുംതന്നെ ആ ഗ്രാമത്തെ ബാധിക്കാതിരിക്കുവാന്‍ പ്രത്യേകം കെട്ടിയാടി പ്രാര്‍ഥിക്കുന്നു. ഇതിവൃത്തപരമായി പറയാറുള്ളത്, മുടിയേറ്റിന്റെ തുടര്‍ച്ചയാണ് പടേനി എന്നാണ്. ദാരികനെ വധിച്ചതിനുശേഷം കോപിഷ്ഠയായ ഭദ്രകാളി അലറിവിളിച്ച് ശിവസന്നിധിയിലേക്കോടുന്നു. അങ്ങനെയാണ് മുടിയേറ്റ് അവസാനിക്കുന്നത്. അതിനുശേഷം കോപാഗ്നിയിലാടിനില്‍ക്കുന്ന ഭദ്രകാളിയെ ശാന്തമാക്കുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല. നാട്ടുകാര്‍ ഭയന്നു. മൂന്നുലോകവും അവിടെ വെന്തുചാമ്പലാകുമെന്ന് ഏവരും വിചാരിച്ചു. തീജ്വാല വമിക്കുന്ന വായും രക്തനിറമുള്ള കറങ്ങുന്ന കണ്ണുകളും ഇടിവെട്ടുന്നതുപോലെയുള്ള ഗര്‍ജനങ്ങളുമായി രാജവീഥികളിലൂടെ ദേവി ഓടി. ആ പോക്ക് തടയുവാനാര്‍ക്കും കഴിയില്ലെന്നുകണ്ട് സുബ്രഹ്മണ്യന്‍ പരമശിവനോട് ഒരു വിദ്യ പറഞ്ഞു. ഭദ്രകാളിയുടെ ആ ഭീകരരൂപം പോലെ ചില കോലങ്ങളുണ്ടാക്കി കാണിച്ചാല്‍ കോപം ശമിക്കും. അതനുസരിച്ച് ചില പരിവാരങ്ങളെക്കൊണ്ട് കോലങ്ങള്‍ വരച്ച് കെട്ടിദേവിയുടെ നേരെയയച്ചു. ആ ദൃശ്യം കണ്ട് ഭദ്രകാളി പൊട്ടിച്ചിരിച്ചു. ഏവര്‍ക്കും ആശ്വാസമായി. ഇങ്ങനെയാണ് വിവിധ പടേനിക്കോലങ്ങളുണ്ടായത്. ഇപ്പോള്‍ ആടിവരുന്ന കോലങ്ങളില്‍ ഭൈരവിക്കോലം, മറുതാക്കോലം, കാലാരിക്കോലം, യക്ഷിക്കോലം, പക്ഷിക്കോലം, കുതിരക്കോലം തുടങ്ങിയവയാണ് പ്രധാന കോലങ്ങള്‍.

കരുനീലിയാട്ടം. ഭാരതപ്പുഴയുടെ തീരങ്ങളില്‍ നിവസിച്ചിരുന്ന പറയര്‍ ആടിയും പാടിയും നടന്നതാണ് കരുനീലിയാട്ടം. അടുത്തകാലം വരെ, ഇരിങ്ങൂറിനടുത്തുള്ള ഐലക്കാട് എന്ന 'പറയഗ്രാമ'ത്തില്‍ കരുനീലിയാട്ടമുണ്ടായിരുന്നു. കരുനീലി ജനിച്ചത് വിരിഞ്ഞ പുഷ്പത്തിനകത്താണെന്നുള്ള ഭാവന നീലിയെ ദിവ്യമായ അവതാരമായി സങ്കല്പിക്കുവാന്‍ പ്രേരിപ്പിക്കുന്നു. സാധാരണ അനുഷ്ഠാനകലകള്‍ക്ക് തുടക്കത്തില്‍ കാളീസ്തുതിയോ ഗണപതിസ്തുതിയോ ആണെങ്കില്‍ ഇവിടെ ദിക്കുകളെയും ആകാശത്തെയും ഭൂമിയെയും വണങ്ങുന്നു. നീലിയുടെ പുരാതനകുടുംബം കല്ലടിക്കോടന്‍ മലയിലാണ്. ഒരു ദിവസം യുവസുന്ദരിയായ നീലി കരിങ്കയത്തിന്റെ കടവില്‍ നീരാടിക്കൊണ്ടുനില്‍ക്കുമ്പോള്‍ ഓലോലമൂക്കന്‍ കാണുകയും (വേറെയും പേരുകളുണ്ട്-കണ്ണപ്പന്‍, പാമ്പാടന്‍, ഇരുവടിമാണികള്‍) അവള്‍ക്ക്,

'അകം തരിച്ചു പുറം കുളിര്‍ത്തു

അണിവയറ്റില്‍ ഗര്‍ഭം തോന്നി'പ്പോവുകയും ചെയ്തു. നീലിയുടെ അച്ഛന്‍ സത്യമറിഞ്ഞു. പത്തുമാസം തികയുന്നതുവരെ കാത്തിരുന്നു. നീലിയെ തറവാട്ടില്‍ നിന്നിറക്കിവിടുവാന്‍ തീരുമാനിച്ചു. അവള്‍ക്ക് നടക്കുവാന്‍ ശക്തിയില്ലെന്നുപറഞ്ഞു. അവരുടെ കാരുണ്യത്തിനുവേണ്ടി കേണു. പക്ഷേ, ഏവരും നീലിയെ ഉപേക്ഷിച്ചു. ഗത്യന്തരമില്ലെന്നുവന്നപ്പോള്‍ വീടുവിട്ടിറങ്ങി. പക്ഷേ അവള്‍ക്കു കിട്ടാനുള്ള അവകാശങ്ങള്‍ ചോദിച്ചു. 'അമ്മൂമ്മയുടെ വക അരിവാളും മഞ്ഞക്കുറുവടിയും' അവള്‍ വാങ്ങിക്കൊണ്ട് വീടുവിട്ടിറങ്ങി. അവള്‍ വീണ്ടും പ്രസവിച്ചു. അവളെ പറയര്‍ ദേവതയായിട്ട് ആരാധിക്കാന്‍ തുടങ്ങി. പറയരുടെ ഉര്‍വരദേവത (കരു= ബീജം. ഗര്‍ഭം ധരിച്ചുപോയ നീലി=കരുനീലി). പണ്ട് തെക്കേ മലബാറിലെ പറയര്‍ അവരുടെ കുടിലുകളുടെ മുറ്റത്ത് മകരം, കുംഭം മാസങ്ങളില്‍ ചെറിയ തറയുണ്ടാക്കി കുങ്കുമം വച്ച് കരുനീലിയെ കുടിയിരുത്തി ആരാധിക്കുമായിരുന്നു. പിന്നീടത് പറയസമൂഹത്തിന്റെ ആട്ടമായിമാറി. അങ്ങനെ അയലക്കാട് ഗ്രാമത്തിലുള്ള 'നീലി'ത്തറയില്‍ വച്ച് കോഴിക്കുരുതിയോടുകൂടി 'കരുനീലിയാട്ടം' നടത്തിവന്നു. നീലിക്ക് വഴിപാട് നേര്‍ന്നുകൊണ്ടാണ് പണ്ടെല്ലാം വേട്ടയാടാന്‍ പോയിരുന്നത്. നല്ല മൃഗങ്ങളെ കിട്ടുമ്പോള്‍ അതിന്റെ കരളെടുത്ത് ഉണക്കിസൂക്ഷിക്കും. നീലിത്തറയിലെ ആട്ടത്തിന് അവിടെ അത് സമര്‍പ്പിക്കുമായിരുന്നു. അന്നെല്ലാം അവര്‍ നീലിത്തറയില്‍ കൂടി പാടുകയും ചില ആചാരങ്ങള്‍ നടത്തുകയും മാത്രമേ ചെയ്തിരുന്നുള്ളൂ. പിന്നീട് നീലിഊട്ടിലെ കഥാപാത്രങ്ങള്‍ ചമയങ്ങളോടെ അഭിനയിക്കാന്‍ തുടങ്ങി. ഏതോ കാട്ടുവള്ളികളെടുത്ത് ചതച്ച് നാരുകളെടുത്ത് കൂട്ടിവച്ച് കറുപ്പിച്ച് കെട്ടിയുണ്ടാക്കിയതാണ് നീലിയുടെ മുടി. കരി, മഞ്ഞള്‍, അരിപ്പൊടി, പച്ചിലക്കൂട്ട് തുടങ്ങിയവ കൊണ്ടായിരുന്നു മുഖമെഴുത്ത്. നീലിക്ക് വലിയ അരിവാളും മുറവും കൈയിലുണ്ടാകും. ചിലപ്പോള്‍ നാവുനീട്ടിയലറും. കരുനീലിയാട്ടത്തിലെ മാണിക്ക് മുടിയേറ്റിലെ കൂളിയുടെ സ്വഭാവമാണ്. പാട്ടിലെ ഓലോലമൂക്കനും പ്രാകൃതവേഷം തന്നെ. കരുനീലിയാട്ടത്തിലെ നീലിയും പറയരുടെ ഉര്‍വര ദേവതയാണ്. മറ്റുചിലര്‍ നീലിയെ യുദ്ധദേവതയായി കരുതുന്നു. നിറപ്പകിട്ടാര്‍ന്ന ആട്ടവും കളിയുമെല്ലാം നീലിത്തറയില്‍ നടക്കുന്ന കോഴിക്കുരുതിയോടെ അവസാനിക്കും.

ഇതുകൂടാതെ പറയര്‍ക്ക് 'പൂതനും തെറയും' എന്നൊരു അനുഷ്ഠാനനൃത്തനാടകം തൃശൂര്‍ ജില്ലയുടെ കിഴക്കന്‍ഭാഗത്തുണ്ട്. ഇതും ഉര്‍വരാരാധനയുമായി ബന്ധപ്പെട്ടതാണ്.

പാലക്കാട് ജില്ലയിലെ മറ്റൊരനുഷ്ഠാനനൃത്തനാടകമാണ് കന്ന്യാര്‍കളി. ഭഗവതിക്കാവുകളിലും ദേവീക്ഷേത്രങ്ങളിലും മേടമാസത്തില്‍ നടത്തിവരുന്നു. ഇതിന് ദേശത്തുകളി എന്നും പേരുണ്ട്. ക്ഷേത്രമുറ്റത്ത് കെട്ടിയലങ്കരിച്ച കളിപ്പന്തലിലാണ് കന്ന്യാര്‍കളി നടത്തുന്നത്. അവിടെ പീഠവും വാളും കുത്തുവിളക്കും വയ്ക്കുന്നു. അപ്പോള്‍ ദേവീസാന്നിധ്യമുണ്ടാകുമെന്നാണ് സങ്കല്പം. കാവില്‍നിന്ന് വെളിച്ചപ്പാട് വന്ന് അനുഗ്രഹം കൊടുത്തശേഷം കളിതുടങ്ങും. മേളത്തിന് ചെണ്ട, ചേങ്ങില, ഇലത്താളം, മദ്ദളം എന്നിവയുപയോഗിക്കുന്നു. മൂന്നുദിവസമാണ് കളി. ആണ്ടിക്കൂത്ത്, വള്ളോന്‍കൂത്ത്, മലയക്കൂത്ത് ഇത്രയുമാണ് മൂന്നുദിവസത്തെ കളി. കന്ന്യാര്‍കളിയെ കൂടുതല്‍ നാടകീയമാക്കാന്‍ പ്രവേശിക്കുന്ന പൊറാട്ടുകള്‍ക്ക് പല പ്രത്യേകതകളുമുണ്ട്. അവര്‍ കൂടുതലും ഉന്നതകുലജാതരുടെ വേഷങ്ങളാണ് കെട്ടുന്നത്. ഈ കൂട്ടപ്പൊറാട്ടുകള്‍ അവരുടെ വട്ടക്കളിയും നടത്തും. വൈഷ്ണവര്‍, കുംഭപൂശാരിമാര്‍, കൂട്ടച്ചക്കിലിയന്‍, കൂട്ടച്ചെറുമക്കള്‍, വെട്ടുവക്കണക്കര്‍ എന്നീ പൊറാട്ടുകള്‍ ഭംഗിയായി നൃത്തംചെയ്യുന്നു. പതിഞ്ഞമട്ടില്‍ തിരുവാതിരയുടെ ചുവടുവച്ച് നടത്തുന്ന കളിക്ക് ചില പ്രത്യേകതകളുമുണ്ട്. സദസ്യര്‍ അവരോട് ചില ചോദ്യങ്ങള്‍ ചോദിക്കും. അപ്പോള്‍ ഒട്ടും മടിക്കാതെ സത്യസന്ധമായി മറുപടി പറയും.

അനുഷ്ഠാനേതര നാടോടിനാടകങ്ങള്‍ (Secular folk dramas). ഇവയ്ക്ക് അനുഷ്ഠാനങ്ങളോടോ ആചാരങ്ങളോടോ പറയത്തക്ക ബന്ധമൊന്നുമില്ല. സാമൂഹികജീവിതത്തോട് പൊതുവെയും ഗ്രാമീണകഥകളോടും സംഭവങ്ങളോടും പ്രത്യേകിച്ചും ബന്ധമുള്ള നാടോടിനാടകങ്ങളില്‍ ഫലിതപരിഹാസങ്ങള്‍ക്കാണ് പ്രാധാന്യം. പാട്ടും നൃത്തവും വായ്ത്താരിയും തന്മയത്വപൂര്‍ണമായ അഭിനയവും കുറിയ്ക്കുകൊള്ളുന്ന സംഭാഷണങ്ങളുമായി സദസ്യരെ എപ്പോഴും ആകര്‍ഷിച്ചുനിര്‍ത്തുന്നു. ഈ നാടോടിനാടകങ്ങളില്‍ ചോദ്യക്കാരനും പാട്ടുകാരനും പ്രധാനകഥാപാത്രങ്ങളാണ്. കേരളത്തില്‍ തെക്കന്‍ജില്ലകളില്‍ പ്രചാരത്തിലുണ്ടായിരുന്ന കാക്കാരിശ്ശിനാടകം, പാലക്കാട്ടുജില്ലയിലെ പൊറാട്ടുനാടകം, കണ്ണൂര്‍ജില്ലയിലെ കുറത്തിയാട്ടം എന്നിവയാണ് പ്രധാന നാടോടിനാടകങ്ങള്‍. ഇവയില്‍ കേരളീയതയുടെ സൗന്ദര്യവും പച്ചമലയാളത്തിന്റെ ലാളിത്യവും ഗ്രാമീണനാട്യക്രമങ്ങളുടെ ചാരുതയും നിറഞ്ഞുനില്‍ക്കുന്നു. ഇവയ്ക്കെല്ലാം മുമ്പേ ഗ്രാമീണനാടകീയത ഏറെയുള്ള സംഘക്കളി (പാനേങ്കളി), ഏഴാമത്തുകളി എന്നീ നാടന്‍ നാടകങ്ങളുമുണ്ടായിരുന്നു. സംഘക്കളിയുടെ കളിയോഗത്തിന് സംഘമെന്നും അത് നടത്തുന്ന സ്ഥലത്തിന് സത്രമെന്നും പറയുന്നു. ഈ കളി നടത്തിവന്ന പതിനെട്ടുസംഘങ്ങള്‍ കേരളത്തിലുണ്ടായിരുന്നു എന്നാണ് മഹാകവി ഉള്ളൂര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ചാത്തിരങ്ങ് എന്ന വിഭാഗത്തില്‍പ്പെടുന്ന നമ്പൂതിരിമാരാണ് യാത്രകളിയില്‍ പങ്കെടുത്തുവന്നത്. ഗ്രാമസംരക്ഷണം നടത്തിവന്നവരും പാചകത്തിലേര്‍പ്പെട്ടുജീവിച്ചുവന്നവരുമായ നമ്പൂതിരിമാരാണ് കലാകാരന്‍മാര്‍. അവര്‍തന്നെ ആയോധനക്കളരിയില്‍ ആഹാരം പാചകംചെയ്തു കഴിയവേ വിനോദത്തിനുവേണ്ടി ഏതോ നമ്പൂതിരി കണ്ടുപിടിച്ച് പഠിപ്പിച്ച് പ്രചരിപ്പിച്ചതാണ് പാനേങ്കളി. ഇവയെ സംരക്ഷിക്കാന്‍ ഗ്രാമസംഘടനകളുണ്ടായിരുന്ന ഒരു കാലഘട്ടത്തെയാണ് നാമോര്‍ക്കേണ്ടത്. യാത്രകളിക്ക് പന്ത്രണ്ട് ചടങ്ങുകളുണ്ട്: കൊട്ടിച്ചകംപൂകല്‍, കാഴ്ചക്കൊട്ട്, പാത്രം കൊട്ടിയാര്‍ക്കല്‍, നാലുപാദം, കറിശ്ളോകം, തോണിപ്പാട്ട്, പാന (ക......ന്റെ പ്രവേശം), ആയുധമെടുക്കല്‍, പൂക്കുലമാല, വട്ടമിരിപ്പ്, മരത്തേങ്കോടന്‍, ധനാശി എന്നിങ്ങനെ. ഇതില്‍ കണ്ടലകൈമളുടെ സംഭാഷണരീതിയും ഫലിതവും പിന്നീടുവന്ന ചില നാടോടിനാടകങ്ങള്‍ അനുകരിച്ചിട്ടുണ്ടോ എന്ന് സംശയിക്കാം.

ഏഴാമത്തുകളി എന്നോ നശിച്ചുപോയ ഒരു വിനോദസമ്പ്രദായമാണ്. തിരുവിതാംകൂര്‍ പ്രദേശത്ത് യാത്രകളിയുടെകാലത്തോ അതിനു മുമ്പോ ഏഴാമത്തുകളിയുണ്ടായിരുന്നു. പ്രഭുകുടുംബങ്ങളുടെ അങ്കണങ്ങളായിരുന്നു ഇതിനും വേദി. മുപ്പതോളംപേര്‍ വരുന്ന സംഘമാണ് ഇത് നടത്തിവന്നത്. ആദ്യം പന്തലിടും. പിന്നെ വിളക്കു കൊളുത്തി ചെണ്ട, മദ്ദളം, ചേങ്ങില എന്നിവയുടെ താളമേളങ്ങളായി. കളിയോഗക്കാര്‍ വിളക്കിന് ചുറ്റുമിരുന്ന് ഗണപതിയെ സ്തുതിച്ചതിനുശേഷം ചോദ്യോത്തരങ്ങളാരംഭിക്കുന്നു. താന്‍ കുളിക്കുന്ന കുളമേതെന്ന് പറഞ്ഞശേഷം മറ്റെയാള്‍ കുളിക്കുന്ന കുളമേതെന്നാണ് ചോദ്യം. ഫലിതമയമായ വായ്ത്താരികള്‍ ഉച്ചത്തില്‍ പാടിരസിക്കുകയും ചെയ്യും. കൂടാതെ ചോദ്യോത്തരങ്ങള്‍ തുടരും. അന്ന്, ഓരോ ഗ്രാമത്തിലുമുണ്ടായിരുന്ന എല്ലാ ജാതിക്കാരുടെയും പ്രതിനിധികള്‍ ഏഴാമത്തുകളിയില്‍ പങ്കെടുക്കുകയും ഓരോ കഥപറഞ്ഞ് രസിക്കുകയുംചെയ്യും. കല്യാണം, അന്നപ്രാശം തുടങ്ങിയ അടിയന്തിരങ്ങളോടനുബന്ധിച്ചാണ് ഏഴാമത്തുകളി നടത്തിവന്നത്. വഞ്ചിപ്പാട്ടും തുള്ളല്‍പ്പാട്ടും കുറത്തിപ്പാട്ടും മറ്റും എഴുതിയുണ്ടാക്കി പാടാന്‍ കഴിവുള്ള ആശാന്‍മാരും സംഘത്തിലുണ്ടാകും. അവരുടെ തമാശകളും പാട്ടുകളും മറ്റും ആസ്വദിക്കുന്നതിന് കുബേരഗൃഹങ്ങളാണ് വേദികളൊരുക്കിക്കൊടുത്തുവന്നത്.

കോതാമൂരിയാട്ടം. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പാണന്‍മാര്‍ (മലയന്‍മാര്‍) അരങ്ങേറിവരുന്ന ഗ്രാമീണനൃത്തനാടകമാണ് കോതാമൂരി. കര്‍ഷകജീവിതവുമായി ബന്ധപ്പെട്ട കലയായതുകൊണ്ട് വളരെയേറെ പ്രാധാന്യത്തോടുകൂടിയാണ് ഗ്രാമീണര്‍ കോതാമൂരി സംഘത്തെ സ്വീകരിക്കുന്നത്. ഉത്തരകേരളത്തിലെ ചില പ്രാക്തനഗ്രാമീണസങ്കല്പങ്ങളുടെ ചുവടുപിടിച്ചാണ് കോതാമൂരിക്ക് രൂപംകൊടുത്തിട്ടുള്ളത്. കാര്‍ഷികപ്രധാനമായ ഗ്രാമത്തിന് ഗോസമ്പത്തും അതിപ്രധാനമാണല്ലോ. പശുവിനെപ്പറ്റിയും കൃഷിയെപ്പറ്റിയുമുള്ള പാട്ടുകള്‍ പാടി, ആടിക്കളിച്ച് ഗ്രാമങ്ങളിലുള്ള വീടുകള്‍തോറും അവര്‍ കയറിയിറങ്ങുന്നത് തികച്ചും രസപ്രദമാണ്. ഒരു ഗ്രാമത്തെ മൊത്തത്തില്‍ അരങ്ങായി പരിഗണിച്ചുകൊണ്ട്, ചലിക്കുന്ന നാടകസംഘത്തെപ്പോലെ അവര്‍ ആടിയും പാടിയും ചോദ്യങ്ങള്‍ ചോദിച്ചും മറുപടി പറഞ്ഞും കാണികളെ നേരിടും. ഗോദാവരിപ്പശു, രണ്ടു പനിയന്‍മാര്‍, ഒരു വാദ്യക്കാരന്‍, ഒരു ഗുരുക്കള്‍-ഇത്രയുമാണ് കഥാപാത്രങ്ങള്‍. കൊച്ചുകുട്ടികളാണ് ഗോദാവരിപ്പശുവിന്റെ വേഷം കെട്ടുന്നത്. പശുവിന്റെ മുഖവും പിന്‍ഭാഗവും വച്ചുകെട്ടും. മുഖത്ത് ചുവപ്പുകൊണ്ടെഴുതും. വിളവെടുപ്പുകഴിഞ്ഞതിനുശേഷം, കര്‍ഷകര്‍ സന്തോഷപൂര്‍വം കഴിയുന്നകാലത്താണ് കോതാമൂരി സംഘങ്ങള്‍ ഗ്രാമഗ്രാമാന്തരം വീടുകള്‍തോറും പോകുന്നത്. സംഘം വീട്ടുമുറ്റത്തെത്തുമ്പോള്‍ ഗൃഹനാഥനോട് കളിക്കുവാനുള്ള അനുവാദം ചോദിക്കുന്നു. വിനയത്തോടും ആലോചിച്ചുമാണ് സംഭാഷണം. ഫലിതങ്ങളും ദ്വയാര്‍ഥപ്രയോഗങ്ങളും തമ്പ്രാന്റെ മുമ്പില്‍ മലയന്‍ മൊഴിയും. ശ്രീകൃഷ്ണന്റെ ജനനം മുതലുള്ള കഥകള്‍ അവര്‍ പാടും.

ഇടയ്ക്കിടെ ചോദ്യങ്ങളുമുണ്ട്. പിന്നീട് ഗോദാവരിയുടെ പിന്നിലുള്ള ഐതിഹ്യങ്ങളെപ്പറ്റി പാടും. അതുകഴിയുമ്പോള്‍ ചെറുകുന്നിലെ അന്നപൂര്‍ണേശ്വരിയെപ്പറ്റി വളരെ വിശദമായി പാടും. ഇതെല്ലാം കേട്ടുസന്തോഷിച്ച് ഗൃഹനാഥന്‍ തോളില്‍നിന്ന് കസവുനേര്യത് എടുത്തുകൊടുക്കും. വേറെയും സമ്മാനങ്ങള്‍ കൊടുക്കും. സദസ്യര്‍ക്ക് രസിക്കുന്ന പല സംഭാഷണങ്ങളും ഇതിലുണ്ട്. ഒരു ഹാസ്യനാടകത്തിന്റെ നിലവാരത്തോളമെത്തുന്ന സന്ദര്‍ഭങ്ങളുമേറെയുണ്ട്. ഇടയ്ക്കിടെ പനിയന്‍മാര്‍ വിളമ്പുന്ന മണ്ടത്തരങ്ങള്‍ യഥാര്‍ഥ ഗ്രാമീണവേദിയാണ് അവിടെയൊരുക്കുന്നത്. അവസാനം പശുവിനെക്കുറിച്ച് പാടുന്നു.

മലയരുടെ പാരമ്പര്യകലയായ കോതാമൂരിയാട്ടം വടക്കേ മലബാറില്‍ ഇപ്പോഴും അവര്‍ നടത്തിവരുന്നു. ചന്ദ്രഗിരിപ്പുഴയ്ക്ക് തെക്ക് വളര്‍പട്ടണത്തിന് വടക്കാണ് ഇതിന്റെ തട്ടകം. ഈ പ്രദേശം പണ്ട് 'ഏഴിമല'രാജ്യമായിരുന്നു. മൂഷികരാജാക്കന്‍മാര്‍ ഭരിച്ചിരുന്നകാലത്ത് മഹാകവികളുടെയും കൊട്ടാരം നര്‍ത്തകരുടെയും തിരുമുമ്പില്‍ നിന്നിരുന്ന പാണന്‍മാരുടെ പിന്‍മുറക്കാര്‍ ഇപ്പോഴും അവരുടെ കുലത്തൊഴില്‍ കൊണ്ടുനടക്കുന്നുവെന്നു പറയാം.

കാക്കാരിശ്ശിനാടകം. 17-ാം ശ.-മുതല്‍ തിരുവിതാംകൂര്‍ പ്രദേശത്ത് കാക്കാരിശ്ശിനാടകത്തിന്റെ കളിസംഘങ്ങളുണ്ടായിരുന്നു. ഗ്രാമങ്ങള്‍തോറും ശക്തമായി വ്യാപിച്ച ഒരു നാടോടിനാടകമായിരുന്നു ഇത്. അന്നത്തെ നാടുവാഴികളും നാട്ടുപ്രമാണികളും വീരമാര്‍ത്താണ്ഡവര്‍മയ്ക്കു മുമ്പുതന്നെ നാടന്‍കലകളെയും നാടോടിക്കലകളെയും അകമഴിഞ്ഞു പ്രോത്സാഹിപ്പിച്ചിരുന്നു. ഇതുകൂടാതെ കാര്യശേഷിയുള്ള ഒട്ടേറെ നാട്ടാശാന്‍മാര്‍ നാടന്‍കലാസംഘങ്ങളെ നയിക്കുവാനും ഉണ്ടായിരുന്നു. ഓണക്കാലവും ഉത്സവകാലങ്ങളുമടുത്താല്‍ അവര്‍ മുന്‍കൂട്ടി യാത്രചെയ്ത് നാടകം കളിക്കാനുള്ള അരങ്ങുകള്‍ ഒരുക്കുമായിരുന്നു.

കാക്കാലന്‍മാര്‍ അന്ന് വീടുംകൂടുമില്ലാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്നവരായിരുന്നു. സഞ്ചാരിവര്‍ഗത്തില്‍പ്പെട്ടവരെപ്പോലെ അവര്‍ കുരങ്ങിനെ കളിപ്പിച്ചും ചുട്ടികുത്തിയും ഞാണിന്മേല്‍ കളികാണിച്ചും ജീവിച്ചു. വീടുകള്‍തോറും കയറിയിറങ്ങി കൈരേഖകള്‍ നോക്കി ഫലം പറഞ്ഞും, കൂടുതല്‍ കൂടുതല്‍ സാധനങ്ങള്‍ ചോദിച്ചുവാങ്ങിയും കാക്കാത്തിമാരും ജീവിച്ചുവന്നു. വിവാഹസദ്യയും മറ്റുമുള്ള വീടുകളില്‍ കാക്കാലസംഘങ്ങള്‍ പോയി ചോറും മറ്റും വാങ്ങിക്കൊണ്ടുപോകും. പ്രധാനജീവിതധാരയുടെ വെളിപ്പറമ്പുകളില്‍ അലഞ്ഞുതിരിഞ്ഞുനടന്ന അവരെ അവതരിപ്പിച്ചുകൊണ്ട് പ്രഗല്ഭമതികളായ നാട്ടാശാന്‍മാര്‍ (നാടന്‍കവികള്‍) എഴുതിയുണ്ടാക്കി പഠിപ്പിച്ച് വളര്‍ത്തിയെടുത്തതാണ് കാക്കാരിശ്ശിനാടകം.

മധ്യതിരുവിതാംകൂറിലുള്ള വള്ളിക്കുന്നത്തു നിന്നും ശേഖരിച്ച ഒരു കാക്കരിശ്ശിനാടകത്തിന്റെ തുടക്കത്തില്‍ കൊല്ലക കേശവപിള്ളയാശാന്‍ പറഞ്ഞിരിക്കുന്നതിങ്ങനെയാണ്: 'മാവേലിക്കരയ്ക്ക് വടക്കുള്ള ഒരു ദിക്കില്‍ താമസിക്കുന്നവനും പദ്മനാഭന്‍ എന്നുപേരുള്ളവനുമായ ഒരുത്തനില്‍നിന്ന് താമരക്കുളത്തുള്ള കൊല്ലക തറവാട്ടില്‍ താമസം കേശവന്‍ പഠിച്ച വിദ്യ സജ്ജനങ്ങള്‍ കേള്‍ക്കേണമേ'. മാവേലിക്കരയ്ക്കു വടക്കുള്ള മാന്നാത്തുകാരന്‍ പദ്മനാഭപിള്ള പറഞ്ഞുകൊടുത്ത കാക്കാരിശ്ശിനാടകം മധ്യതിരുവിതാംകൂറില്‍ പ്രചരിപ്പിച്ചത് കൊല്ലക കേശവപിള്ളയാശാനും സംഘവുമായിരുന്നു. ഇവിടങ്ങളില്‍ പ്രചരിച്ചിരുന്ന പല കാക്കാരിശ്ശിനാടകങ്ങളിലും കുട്ടംപേരൂര്‍, കറ്റാണം, മാവേലിക്കര തുടങ്ങിയ സ്ഥലപ്പേരുകള്‍ പലപ്രാവശ്യം പറയുന്നുണ്ട്. ഓട്ടന്‍തുള്ളലും ചില കഥകളിപ്പദങ്ങളും കാക്കാരിശ്ശിനാടകങ്ങളില്‍ കാണാം; നല്ല മണിപ്രവാളശ്ളോകങ്ങളുമുണ്ട്. സ്ഥലപ്പേരുകള്‍ ചേര്‍ത്തുള്ള പാട്ടുകള്‍ പ്രാസമൊപ്പിച്ച് സുന്ദരന്‍കാക്കാന്‍ പാടുന്നുണ്ട്. വായ്ത്താരിത്താളത്തിനൊത്തുള്ള പാട്ടുകള്‍ കാക്കാരിശ്ശിയില്‍ വളരെ പ്രധാനമാണ്. സദസ്യരെ വളരെയധികം രസിപ്പിക്കുന്ന ഒരിനമാണ് വായ്ത്താരി.

കാക്കാരിശ്ശിനാടകത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ ശക്തമായ ഒരു നാടന്‍ ഇതിവൃത്തമുണ്ട്. അത് തുടങ്ങി, വികസിച്ച്, അവസാനിക്കുന്നത് ചോദ്യക്കാരന്‍ തമ്പ്രാന്റെ ചോദ്യങ്ങളിലൂടെയാണ്. സുന്ദരന്‍കാക്കാനും കാക്കാത്തിമാരും (അയാള്‍ക്ക് രണ്ടുഭാര്യമാരുണ്ട്) തമ്മിലുള്ള സംഭാഷണം, കാക്കാത്തിമാരുടെ തിരുവാതിര, അവരുടെ വനയാത്ര, സുന്ദരന്‍ കാക്കാത്തിമാരെ പിരിയുന്നത്, വേടന്‍ പ്രവേശിച്ച് കാക്കാത്തിമാരെ വശീകരിക്കാനൊരുമ്പെടുന്നത്, അല്പം കഴിഞ്ഞ് കാക്കാനെ കണ്ടുകിട്ടുമ്പോള്‍ അയാളെ പാമ്പുകടിക്കുന്നത്, കാക്കാത്തിമാര്‍ പച്ചിലകള്‍ പറിച്ച് മരുന്നുണ്ടാക്കി വിഷബാധയില്‍ നിന്ന് രക്ഷിക്കുന്നത് - ഇവിടെ നാടകം അവസാനിക്കുന്നു.

കാക്കാരിശ്ശിനാടകത്തിലെ സുന്ദരന്‍കാക്കാന്‍ സകലകലാവല്ലഭനാണ്. പേര് സുന്ദരന്‍ എന്നാണെങ്കിലും ഒട്ടുമേ സുന്ദരനല്ല. പണ്ടുപണ്ട് നാട്ടാശാന്‍ സുന്ദരന്‍കാക്കാന് രൂപകല്പന നല്‍കിയതിനെപ്പറ്റിപ്പോലും നാടോടിപ്പാട്ടുണ്ട്: "ചുണ്ടെലിമുഖനെ, സുന്ദരകാക്കാനേ എന്നാണ് പാടിവരുന്നത്.

വില്ലുപോലെ വളഞ്ഞവനും തീരെ വണ്ണമില്ലാത്തവനും നല്ല നീളമുള്ളവനുമായിരുന്നു ആദ്യകാല സുന്ദരന്‍കാക്കാന്‍. ഗ്രാമപ്രദേശങ്ങളിലുള്ള ഇടവഴികളിലൂടെ നടന്നുപോകുമ്പോള്‍ ഇരുവശത്തുമുള്ള വീടുകള്‍ കാണുന്നതിനും അവിടത്തെ അവസ്ഥകള്‍ നിരീക്ഷിക്കുന്നതിനുമാണ് ഒത്തനീളം. നൃത്തം വയ്ക്കാനും ഓടിച്ചാടി അഭിനയിക്കാനും ജാലവിദ്യകള്‍ കാണിക്കാനും വണ്ണക്കുറവ് സഹായകമാണെന്ന് നാടന്‍ സങ്കല്പമുണ്ട്. ഈ കഥാപാത്രത്തിന് അല്പസ്വല്പം മോഷണവുമുണ്ടെന്ന് സൂചനയുണ്ട്. വായ്ത്താരി പാടാനും കൈത്താളം പിടിക്കാനും ഇടയ്ക്കിടെ 'പദാര്‍ഥാഭിനയം നടത്തി' രസിപ്പിക്കാനുമുള്ള സുന്ദരന്‍കാക്കാന്റെ കഴിവാണ് അയാളെ സര്‍വസമ്മതനായ നാടന്‍കലാകാരനാക്കി മാറ്റുന്നത്. ഒരു സമ്പൂര്‍ണനാടോടിനാടകമെന്ന് വിശേഷിപ്പിക്കാവുന്ന കാക്കാരിശ്ശി, എല്ലാ നാടന്‍ കലകളും നാടോടിപ്പാട്ടുകളും നാടന്‍താളങ്ങളും നൃത്തരീതികളും ചടുലമായ നാടന്‍സംഭാഷണങ്ങളും കോര്‍ത്തിണക്കി നാടന്‍ നാട്യക്രമങ്ങളുടെ പാരമ്പര്യത്തില്‍ പ്രചരിച്ചതാണ്. തുളച്ചുകയറുന്ന നാടന്‍ സംഭാഷണം, വായ്ത്താരി, നാടന്‍നൃത്തം, നാടന്‍ചമയങ്ങള്‍ എന്നിവ കാക്കാരിശ്ശിനാടകത്തിന്റെ നാടന്‍ചൈതന്യമാണ്.

പൊറാട്ടുനാടകം. പാലക്കാട്ട് ജില്ലയില്‍ മാത്രം വേരോടി വളര്‍ന്നുപന്തലിച്ച ചില നാടന്‍ നാടോടിദൃശ്യകലകളുണ്ട്; പൊറാട്ടുനാടകം, കന്ന്യാര്‍കളി, പാങ്കളി, മലയക്കളി, മീനാക്ഷീനാടകം, ആര്യമാലാനാടകം തുടങ്ങിയവ. ഇതില്‍ പൊറാട്ടുനാടകം അരങ്ങേറുന്നത് പാണന്‍മാരാണ്. മഹാപണ്ഡിതന്‍മാരും കവികളും അഭിനയവിദ്വാന്‍മാരുമായിരുന്ന നാട്ടാശാന്‍മാരായ പാണന്‍മാര്‍ കെട്ടിയുണ്ടാക്കിയ പാട്ടുകളും ചിട്ടപ്പെടുത്തിയ അഭിനയക്രമങ്ങളുമാണ് പൊറാട്ടുനാടകത്തിനുള്ളത്. ഇതിന് പൊറാട്ടുകളിയെന്നും പേരുണ്ട്. നൂറ്റാണ്ടുകളോളം പഴക്കമുണ്ടെന്നു സംശയിക്കുന്ന ഈ നാടോടിനാടകത്തെ പരിഷ്കരിച്ച് ഇന്നത്തെപ്പോലെയുള്ള രംഗാവതരണശൈലിയില്‍ വളര്‍ത്തിയെടുത്തത് പൊല്‍പ്പള്ളിമായന്‍ എന്ന കളിയാശാനാണെന്ന് വന്ദ്യവയോധികന്മാരായ നാട്ടാശാന്‍മാര്‍ പറയുന്നു. അതുപോലെതന്നെ പ്രസിദ്ധനായ മറ്റൊരാചാര്യനാണ് പാലക്കാട്ടു താലൂക്കുകാരനായ ചാമുക്കുട്ടിയാശാന്‍. അദ്ദേഹത്തെ സ്തുതിച്ചുകൊണ്ട് മിക്ക കളിയോഗക്കാരും തുടക്കത്തില്‍ പാടാറുണ്ട്. കൂടാതെ എത്തആര്‍മായന്‍, ആയക്കാട് ചെല്ലന്‍, തെങ്കുറുശ്ശി മുരുകച്ചന്‍ എന്നീ ആശാന്‍മാരും പൊറാട്ടുനാടകത്തിന് പരിഷ്കാരങ്ങള്‍ വരുത്തുന്നതിനും പ്രചരിപ്പിക്കുന്നതിനുംവേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ളവരാണ്. ഇന്നും പാലക്കാട്ട് ജില്ലയില്‍ കഴിവുറ്റ ആശാന്‍മാരും കളിസംഘങ്ങളുമുണ്ട്.

കഥകളി, മുടിയേറ്റ് തുടങ്ങിയവയ്ക്കുള്ളതുപോലെ 'കേളികൊട്ട്' പൊറാട്ടുനാടകത്തിനുമുണ്ട്. കളിയുള്ള സ്ഥലത്ത് രാത്രി എട്ടുമണിയോടുകൂടി ചെണ്ടയും ഇലത്താളവുമുപയോഗിച്ച് കേളികൊട്ടുന്നു. കൊയ്തൊഴിഞ്ഞ നെല്‍പ്പാടത്തോ അമ്പലപ്പറമ്പിലോ ആണ് വേദിയൊരുക്കുന്നത്. ചതുരത്തിലുള്ള ഒരു പന്തലും അതിനോടുചേര്‍ന്ന് പിന്നില്‍ അണിയറയും തയ്യാറാക്കും.

കാക്കാരിശ്ശിനാടകത്തിലെപ്പോലെ പൊറാട്ടുനാടകത്തിലും ചോദ്യകര്‍ത്താവാണ് പ്രധാനകഥാപാത്രം. എല്ലാ പൊറാട്ടുകളുമായി ചോദ്യക്കാരന്‍ സംഭാഷണം നടത്തും. ഒരു വിദൂഷകനെപ്പോലെ രസിപ്പിച്ച് കഥ മുന്നോട്ടുകൊണ്ടുപോകുന്ന അയാള്‍ക്ക് നീളംകൂടിയ തൊപ്പിയും പലനിറങ്ങളുള്ള ഉടുപ്പും അയഞ്ഞുകിടക്കുന്ന പൈജാമയുമാണ് വേഷം. ചോദ്യക്കാരനോടൊപ്പം ദാസി, വണ്ണാത്തി, വണ്ണാന്‍, പൂക്കാരി, കുറത്തി, കുറവന്‍, തൊട്ടിച്ചി, തൊട്ടിയന്‍, നാണു, ചെറുമി തുടങ്ങിയ കഥാപാത്രങ്ങളും ക്രമപ്രകാരം രംഗത്തുവരും. സ്വദേശികളായ പൊറാട്ടുകളെക്കൂടാതെ തമിഴ്നാട്ടില്‍നിന്നും വന്ന കഥാപാത്രങ്ങളുമുണ്ടെന്നു തോന്നും. തിരുച്ചെന്തൂര്‍, തഞ്ചാവൂര്‍ തുടങ്ങിയ സ്ഥലങ്ങളെപ്പറ്റി ചോദ്യത്തിനനുസരിച്ച് അവര്‍ പാടുന്നതും പറയുന്നതും രസകരമാണ്. തിരുവിതാംകൂറിന്റെ തെക്കുഭാഗത്തുനിന്നും വരുന്ന കുറത്തിയും ഇതിലുണ്ട്. ചുരുക്കത്തില്‍ വിവിധ പ്രദേശങ്ങളില്‍നിന്നും വരുന്ന വിവിധ പൊറാട്ടുകളുടെ സംഗമസ്ഥാനമാണ് വേദി. ഓരോ പൊറാട്ടും സ്വയം പൂര്‍ണവും മറ്റു കഥാപാത്രങ്ങളോട് ബന്ധമില്ലാത്തതുമാണ്. അവരവര്‍ക്കുള്ള ഭാഗം കളിച്ചുകഴിഞ്ഞാല്‍ വേറെ പൊറാട്ട് പ്രവേശിക്കുന്നു. സ്ത്രീ പൊറാട്ടും പുരുഷ പൊറാട്ടും തമ്മിലുള്ള സംഭാഷണത്തില്‍ പ്രണയകലഹങ്ങളും അവിഹിതബന്ധങ്ങളും പരാമര്‍ശവിഷയങ്ങളാകും.

പൊറാട്ടുനാടകത്തില്‍ കാലോചിതമായ പരിഷ്കാരങ്ങള്‍ വരുത്തുന്നതിന് ആശാന്‍മാര്‍ ശ്രമിക്കാറുണ്ട്. അതിനൊരുദാഹരണമാണ് ബാപ്പുജിയുടെ സ്വാതന്ത്യ്രസമരകഥ പൊറാട്ടുനാടകത്തില്‍ കടന്നുകൂടിയത്. മലയാളത്തിലെ നാടോടിനാടകങ്ങളുടെ കൂട്ടത്തില്‍ ഗാന്ധിജിയുടെ സ്വാതന്ത്യ്രസമരകഥയുള്ളത് പൊറാട്ടുനാടകവും ഉത്തരകേരളത്തിലെ 'കുറത്തിയാട്ട'വും മാത്രമേയുള്ളൂ. നെന്മാറക്കാരന്‍ സി.ശങ്കരന്‍ കളിച്ചുവന്ന പൊറാട്ടുനാടകത്തില്‍ ഗാന്ധിസ്തുതിയുണ്ട്.

കുറത്തിയാട്ടം. മലബാര്‍ പ്രദേശത്തുള്ള കാക്കാലന്‍മാരെ പണ്ടുപണ്ടേ കാക്കാലക്കുറവര്‍ എന്നാണ് വിളിച്ചുവന്നത്. കാലക്രമേണ കുറവന്‍, കുറത്തി എന്നിങ്ങനെ ആ പേര് ചുരുങ്ങി (തമിഴ്നാട്ടിലും ചില സ്ഥലങ്ങളില്‍ കുറവരെന്ന് കാക്കാലരെ വിളിക്കാറുണ്ട്). കുറത്തിയാട്ടത്തിലെ പ്രധാന നായികയായ കുറത്തി യഥാര്‍ഥത്തില്‍ കാക്കാത്തി തന്നെയാണ്. കുറവന്‍, വൃദ്ധന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍. കുറത്തിക്ക് നല്ലതുപോലെ നൃത്തമറിയാം. മികച്ച പാട്ടുകാരിയുമാണ്.

കണ്ണൂര്‍ജില്ലയില്‍ പയ്യന്നൂരും സമീപപ്രദേശങ്ങളിലുമാണ് കുറത്തിയാട്ടം പ്രചാരത്തിലുണ്ടായിരുന്നത്. അത്രയേറെ പഴക്കമൊന്നും കുറത്തിയാട്ടത്തിനില്ല. മഹാപണ്ഡിതന്‍മാരായ പൊതുവാളന്മാരും പണിക്കന്മാരും എഴുത്തച്ഛന്‍മാരും കുറത്തിയാട്ടമെഴുതിയിട്ടുണ്ടെന്ന് അന്നാട്ടുകാര്‍ പറയുന്നു. സംസ്കൃതപണ്ഡിതനും നാടന്‍കലാചിന്തകനുമായിരുന്ന എ.കെ.കൃഷ്ണപ്പൊതുവാള്‍ രണ്ട് കുറത്തിയാട്ടമെഴുതിയിട്ടുണ്ട്.

'എട്ടുമാസമായി കെട്ടിയോന്‍ വിട്ടുപോയ' കുറത്തി ആടിപ്പാടി പ്രവേശിക്കുന്നതോടെയാണ് ഈ ഗ്രാമീണനാടകം തുടങ്ങുന്നത്. നാനാദേശങ്ങള്‍ തെണ്ടിനടന്നിട്ടാണ് അവിടെ വന്നിട്ടുള്ളത്. പലതരത്തിലുള്ള പച്ചകള്‍ കുത്തിയാണ് കഴിയുന്നത്. തൃശൂര്‍പൂരത്തിനു പോയപ്പോഴാണ് കുറവനെ പിരിഞ്ഞത്. രണ്ടാം രംഗത്തില്‍ കുറത്തിയെ അന്വേഷിച്ച് കുറവന്‍ വരുന്നു. തന്റെ കുറത്തിയെ എവിടെയെങ്കിലും കണ്ടവരുണ്ടോ എന്നവന്‍ ചോദിക്കുന്നു. തൃശൂര്‍പൂരത്തിന്റെ ബഹളങ്ങള്‍ വര്‍ണിച്ച് പാടുകയും അവിടെവച്ച് കുറത്തിയെ പിരിഞ്ഞ കഥ അയാളും പറയുകയും ചെയ്യുന്നു. ഏറെക്കാലം കുറത്തിയെ കാണാതിരുന്നതുകൊണ്ട് അവള്‍ 'മോശക്കാരി'യാണെന്നു പറഞ്ഞ് ചില കുറ്റങ്ങളെല്ലാമാരോപിക്കുന്നു. അടുത്ത രംഗത്തില്‍ വൃദ്ധന്‍ പ്രവേശിക്കും. അപ്പോള്‍ കുറത്തി ബാപ്പുജിയുടെ ശാന്തിമന്ത്രത്തെപ്പറ്റിയും ചര്‍ക്കയെപ്പറ്റിയും പാടുന്നു. അവള്‍ക്ക് ഗാന്ധിയെപ്പറ്റി എല്ലാമറിയാമെന്ന് വൃദ്ധനെ ബോധ്യപ്പെടുത്തുന്നു.

വൃദ്ധനും കുറത്തിയുമായുള്ള സംഭാഷണം അങ്ങനെ നീണ്ടുപോകുമ്പോള്‍ കുറവന്‍ പ്രവേശിക്കുന്നു. അവളുടെ കൈകളില്‍ കണ്ട മാണിക്യരത്നമോതിരം എങ്ങനെ കിട്ടി, ചുണ്ടുകളുടെ നിറം ചെന്തൊണ്ടിപ്പഴം പോലെയായതെങ്ങനെ തുടങ്ങിയ സംശയാസ്പദങ്ങളായ ചോദ്യങ്ങളുന്നയിക്കുന്നു (കാക്കാരിശ്ശിനാടകത്തിലും പൊറാട്ടുനാടകത്തിലും ഇതുപോലുള്ള ചോദ്യോത്തരങ്ങളുണ്ട്. 'ചീകിത്തിരുമ്മിയ പീലിത്തലമുടി എങ്ങനളിഞ്ചിതെടീ കുറത്തീ...' തുടങ്ങിയ പാട്ടുകള്‍ നോക്കുക.). ഒടുവില്‍ ഇരുവരും സമവായത്തിലെത്തുകയും 'കൈയ്നോക്കിയും' 'പാമ്പിനെ കളിപ്പിച്ചും' ജീവിക്കുകയും ചെയ്യുന്നു.

മറ്റു ചില നാടോടിനാടകങ്ങളില്‍ കാണുന്നതുപോലെ കുറത്തിയാട്ടത്തിലും കുറത്തി, കുറവനെ അന്വേഷിച്ചിറങ്ങുന്നതായിട്ടാണ് നാടകം തുടങ്ങുന്നത്. കുറവനെ കണ്ടുമുട്ടുന്നതുവരെ തമ്പ്രാനുമായുള്ള സംഭാഷണത്തില്‍ ഗാന്ധിജിയെയും മദ്യവിരുദ്ധപ്രവര്‍ത്തനങ്ങളെയും ദേശീയസമരത്തെയും വിഷയമാക്കുന്നു എന്നുള്ളത് കുറത്തിയാട്ടത്തിന്റെ സവിശേഷതയാണ്. പൊറാട്ടുനാടകത്തില്‍ കേവലം സ്തുതിപ്പാട്ടായി മാത്രമേ ഗാന്ധിചരിത്രം പരാമര്‍ശിച്ചിട്ടുള്ളൂ. എന്നാല്‍ കുറത്തിയാട്ടത്തിലാകട്ടെ, മഹാത്മാവിനെയും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളെയും ദീര്‍ഘനേരം ചര്‍ച്ച ചെയ്യുകയുണ്ടായി. ഇത് സോദ്ദേശ്യം കവി ചെയ്തതാണ്. നാടോടി നാടകത്തെയും നാട്ടരങ്ങിനെയും ദേശീയസമരത്തിന്റെ ഭാഗമാക്കിയ കുറത്തിയാട്ടത്തിന്റെ രചയിതാവും സംവിധായകനും പ്രശംസയര്‍ഹിക്കുന്നു.

നടീനടന്മാരുടെ ചമയങ്ങളും പുതിയ മട്ടിലാണ്. പാട്ടിന് ഹാര്‍മോണിയം, മൃദംഗം, ഫ്ളൂട്ട് തുടങ്ങിയവയാണ് വാദ്യങ്ങള്‍.

നാടന്‍കലകളെല്ലാംതന്നെ (വിശേഷിച്ച് അനുഷ്ഠാനേതര നാടോടിനാടകങ്ങള്‍-Secular folk dramas) മുന്‍ഗാമികളില്‍ നിന്ന് കണ്ടും കേട്ടും മനഃപാഠമാക്കി ആടിയും പാടിയും അരങ്ങുകളില്‍നിന്ന് അരങ്ങുകളിലേക്കും, ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്കും ചലിച്ചുകൊണ്ടിരിക്കുന്നവയാണ്. വ്യക്തിഗതമായ സര്‍ഗശക്തിയില്‍ അധിഷ്ഠിതമാണ് നാടന്‍കലകള്‍ എന്ന പൊതുതത്ത്വം നാടോടിനാടകങ്ങള്‍ക്ക് ഏറെ ചേരും. ഏതുരാജ്യത്തും അവ വികാരനിര്‍ഭരമാണ്. ശാലീനവും ലളിതവുമാണ്. ഗ്രാമീണകലാകാരന്റെ സ്വന്തം അനുഭവങ്ങളില്‍ നിന്നും അനുഭൂതികളില്‍നിന്നും വാര്‍ന്നൊഴുകുന്ന നാടന്‍കലകള്‍ കാലക്രമേണ ചുറ്റുപാടുമുള്ള ചെറിയ സമൂഹത്തിലേക്ക് സംക്രമിക്കുന്നു. നാടോടിനാടകങ്ങളുടെ വ്യാപനവും അങ്ങനെയാണ് സംഭവിച്ചത്. ഓരോ ഗ്രാമത്തിലും നടക്കുന്ന ഈ സംക്രമണം എല്ലാ ഗ്രാമങ്ങളിലുമുള്ള ഭാവനാസമ്പന്നരായ നാടന്‍കലാകാരന്‍മാരുടെ മനോധര്‍മത്തിനനുസരിച്ച് പരിഷ്കാരങ്ങളുടെ പടവുകളേറെ കടന്നെന്നുവരും. എന്നാല്‍ ഈ നാടന്‍ കലാബീജങ്ങള്‍ ഒരേവിത്തില്‍ നിന്നും പൊട്ടിത്തെറിച്ചുണ്ടായവയായതുകൊണ്ട് തമ്മിലുള്ള സാധര്‍മ്യങ്ങളായിരിക്കും വൈധര്‍മ്യങ്ങളെക്കാള്‍ ശ്രദ്ധേയം. നേരത്തെ സൂചിപ്പിച്ച പതിനെട്ടു രൂപകങ്ങളും കാലമേറെ കഴിഞ്ഞപ്പോള്‍, അവ്യവസ്ഥിതമായ അരങ്ങേറ്റങ്ങളിലൂടെ എത്രയെത്ര മാറ്റങ്ങള്‍ക്ക് വിധേയമായി എന്നത് പഠനാര്‍ഹമാണ്.

(ജി. ഭാര്‍ഗവന്‍പിള്ള; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍