This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാടുകടത്തല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാടുകടത്തല്‍

മുന്‍കാലങ്ങളില്‍ നിലനിന്നിരുന്ന ഒരു ശിക്ഷാരീതി. ഒരു വ്യക്തിയെ വിവിധ കാരണങ്ങള്‍ കൊണ്ട് അയാള്‍ വസിക്കുന്ന പ്രദേശത്തുനിന്നോ രാജ്യത്തുനിന്നുതന്നെയോ നിര്‍ബന്ധമായി പുറത്താക്കുന്ന സമ്പ്രദായമാണ് നാടുകടത്തല്‍. മുന്‍കാലങ്ങളില്‍ കുറ്റവാളികളോടും രാജ്യതാത്പര്യങ്ങള്‍ക്ക് അനഭിമതരാകുന്നവരോടുമാണ് ഭരണകൂടമോ ഭരണത്തലവനോ ഇത്തരം ശിക്ഷ വിധിച്ചിരുന്നത്.

ഗോത്രവര്‍ഗങ്ങള്‍ക്കിടയില്‍ നിന്നും ഉടലെടുത്ത ഒരു ശിക്ഷാരീതിയായിട്ടാണ് ചരിത്രകാരന്മാര്‍ നാടുകടത്തലിനെ വിലയിരുത്തുന്നത്. പണ്ടുകാലങ്ങളില്‍ ഗോത്രാചാരങ്ങളോ നിയമങ്ങളോ ലംഘിക്കുന്നവര്‍ക്കു നേരെ ഗോത്രത്തലവന്‍ കല്പിക്കുന്ന ശിക്ഷാവിധിയായിരുന്നു നാടുകടത്തല്‍. പ്രാചീനകാലങ്ങളില്‍ രാഷ്ട്രീയമോ മതപരമോ ആയ കാരണങ്ങളാണ് നാടുകടത്തലിന് കാരണമാകാറുണ്ടായിരുന്നത്. രാജ്യങ്ങളില്‍ ഇത് പതിവായി നിലനിന്നിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ നാടുകടത്തപ്പെടുന്നവരെ അടിമകളാക്കി വില്ക്കുമായിരുന്നു. റോമന്‍ കാലഘട്ടത്തില്‍ സമാധാനത്തിനു ഭംഗം വരുത്തുന്നവര്‍ എന്ന കാരണം കാട്ടി ജൂതന്മാരെ കൂട്ടത്തോടെ നാടുകടത്തിയിരുന്നു.

ഗ്രീസിലും പഴയകാലറോമിലും വധശിക്ഷയില്‍ നിന്നുള്ള ഇളവായിട്ടാണ് നാടുകടത്തല്‍ കണക്കാക്കപ്പെട്ടിരുന്നത്; കുറ്റവാളികളില്‍ നിന്ന് പൌരത്വം പിന്‍വലിക്കുകയും അവരെ ഏറെ അകലെയുള്ള ഒറ്റപ്പെട്ട ദ്വീപുകളിലേക്ക് തള്ളുകയും ചെയ്തിരുന്നതോടൊപ്പം സ്വത്ത് പൊതുഖജനാവിലേക്ക് കണ്ടുകെട്ടുകയും ചെയ്തിരുന്നു. പില്ക്കാല യൂറോപ്യന്‍ രാജ്യങ്ങളില്‍ നാടുകടത്തപ്പെടുന്നവരേറെയും രാഷ്ട്രീയ കുറ്റവാളികളായിരുന്നു. ശിക്ഷിക്കപ്പെട്ടിരുന്നവരെ സാമ്രാജ്യത്വഭരണകൂടങ്ങള്‍ക്കു കീഴിലുള്ള വിവിധ കോളിനികളിലേക്കാണ് നാടുകടത്തിയിരുന്നത്.

ചൈനയില്‍ ചേരിപ്രദേശമായ കിഴക്കു പടിഞ്ഞാറന്‍ പ്രവിശ്യകളിലേക്കും ജപ്പാനില്‍ ഹോക്കാജിയോ ദ്വീപുകളിലേക്കും ആണ് നാടുകടത്തിയിരുന്നത്. ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണകൂടം രാഷ്ട്രീയതടവുകാരെ ആന്‍ഡമാന്‍ ദ്വീപുകളിലെ ജയിലുകളിലേക്ക് നാടുകടത്തിയിരുന്നതായി കാണാം.

ഇംഗ്ലണ്ടിലെ എലിസബത്തീയന്‍ കാലഘട്ടത്തില്‍ വധശിക്ഷ ജീവപര്യന്തമായി ഇളവുചെയ്തു ലഭിക്കുന്നവരെയാണ് നാടുകടത്തലിന് വിധേയരാക്കിയിരുന്നത്. അനഭിമതരായ വ്യക്തികളെ വെസ്റ്റിന്‍ഡീസിലേക്കും വടക്കേ അമേരിക്കന്‍ രാഷ്ട്രങ്ങളിലേക്കും നാടുകടത്തി. അമേരിക്കന്‍ ഐക്യനാടിന്റെ സ്വാതന്ത്യ്രത്തോടെ ബ്രിട്ടണ്‍ തങ്ങളുടെ കുറ്റവാളികളെ ആസ്ട്രേലിയ, നോര്‍ഫോക്ക് ദ്വീപ്, താന്‍സാനിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലേക്കായി നാടുകടത്തല്‍. 19-ാം നൂറ്റാണ്ടിലെ ആദ്യ പകുതിയില്‍ ഒന്നരലക്ഷത്തോളം തടവുകാരെയാണ് ഇത്തരത്തില്‍ നാടുകടത്തിയത്. എന്നാല്‍ 1853-ലെയും 1857-ലെയും നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ ബ്രിട്ടണില്‍ നാടുകടത്തലിന് അന്ത്യം കുറിക്കപ്പെട്ടു.

15-ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗല്‍, കുറ്റവാളികളെ തങ്ങളുടെ കോളനികളിലേക്കും സ്പെയിന്‍ ഭരണകൂടം അമേരിക്കയിലുള്ള തങ്ങളുടെ ഡൊമൈനുകളിലേക്കും നാടുകടത്തിയിരുന്നു. പിന്നീട് അത് മൊറോക്കോയിലേക്കും വടക്കേ അമേരിക്കന്‍ തീരപ്രദേശങ്ങളിലേക്കുമായി വ്യാപിപ്പിച്ചു.

ഫ്രാന്‍സില്‍ 17-ാം നൂറ്റാണ്ടിന്റെ അന്ത്യനാളുകളില്‍ ഏതാനും രാഷ്ട്രീയത്തടവുകാരെ ഫ്രഞ്ച് ഗയാനയിലേക്ക് നാടുകടത്തിയിട്ടുണ്ട.് വലിയതോതിലുള്ള വിമര്‍ശനങ്ങള്‍ക്ക് അത് ഇടവരുത്തി. 19-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഈ സമ്പ്രദായം നിര്‍ത്തലാക്കുകയും ചെയ്തു. ഫ്രഞ്ച് ഗയാനയിലെ കടുത്ത കാലാവസ്ഥ നാടുകടത്തപ്പെടുന്നവരുടെ ജീവന്‍ അപഹരിക്കും വിധമായിരുന്നു. ഫ്രാന്‍സിലെ ഭീകരകുറ്റവാളിയായ കാപ്റ്റന്‍ ആല്‍ഫ്രഡ് ഡ്രേഫസ് വര്‍ഷങ്ങളോളം 'ഡെവിള്‍സ് ഐലന്റ്' എന്നറിയപ്പെട്ടിരുന്ന ദ്വീപിലായിരുന്നു. 1938-ല്‍ ഫ്രാന്‍സില്‍ നാടുകടത്തല്‍ നിര്‍ത്തലാക്കി.

19-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍, ഇറ്റലിയുടെ ഏകീകരണം സാധ്യമാകുംമുമ്പ് വിവിധ കാരണങ്ങളാല്‍ ശിക്ഷിക്കപ്പെടുന്ന കുറ്റവാളികളെ നാടുകടത്തലിന് വിധേയരാക്കിയിരുന്നു. ഫാസിസ്റ്റ് കാലഘട്ടമായ 1930-കളില്‍ രാഷ്ട്രീയത്തടവുകാരെ കിഴക്കന്‍ ഇറ്റലിയിലെ ദ്വീപുകളിലേക്ക് നാടുകടത്തുകയും കടുത്ത ശിക്ഷയ്ക്ക് വിധേയരാക്കുകയും ചെയ്തു.

റഷ്യയില്‍ 18-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സര്‍ ചക്രവര്‍ത്തി പീറ്റര്‍ 'ദ് ഗ്രേറ്റ്' രാഷ്ട്രീയത്തടവുകാരെയും കുറ്റവാളികളെയും സെര്‍ബിയയിലേക്ക് നാടുകടത്തി. ഇത്തരം ആളുകളുടെ എണ്ണം സെര്‍ബിയയില്‍ കൂടിവന്നതിനെത്തുടര്‍ന്ന് തര്‍ക്കെസ്താനിലേക്കും ഏഷ്യയിലേക്കും സക്കാലിന്‍ ദ്വീപുകളിലേക്കുമായി നാടുകടത്തല്‍.

സ്റ്റാലിന്റെ ഭരണകാലത്ത് റഷ്യയില്‍ ലക്ഷക്കണക്കിന് വ്യക്തികളെ സെര്‍ബിയയിലേക്കു നാടുകടത്തിയിരുന്നു. ഇവരിലേറെപ്പേരും രാഷ്ട്രീയകാരണങ്ങളാല്‍ മാത്രം കുറ്റാരോപിതരായവരാണ്. സ്റ്റാലിന്റെ മരണത്തിനു ശേഷംപോലും ഇവര്‍ക്ക് സ്വന്തം മണ്ണിലേക്ക് തിരികെപോകാനായില്ല.

പുതിയ കാലഘട്ടത്തില്‍ സ്വന്തം രാജ്യം ഉപേക്ഷിച്ച് അന്യരാജ്യങ്ങളില്‍ പ്രവാസജീവിതം തിരഞ്ഞെടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നുണ്ട്. ഇങ്ങനെ പ്രവാസജീവിതം സ്വയം സ്വീകരിച്ച് വന്നെത്തുവര്‍ പ്രസ്തുത രാജ്യത്തിന്റെ ഐക്യത്തിനോ സമാധാന അന്തരീക്ഷത്തിനോ വിഘാതം സൃഷ്ടിക്കുകയോ ഇതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുകയാണെങ്കില്‍ അവരെ ശിക്ഷിക്കുകയും ജന്മദേശത്തേക്കു നിയമപരമായി തിരികെ അയയ്ക്കുകയും ചെയ്യുന്ന രീതിയും നാടുകടത്തലിന്റെ ഒരു രൂപഭേദമാണെന്നു കാണാം.

ചരിത്രത്തില്‍ പ്രവാസജീവിതം തിരഞ്ഞെടുത്ത ഒട്ടേറെ മഹാന്മാരും ഭരണാധികാരികളുമുണ്ട്. ഡാന്റേ, മാക്യവല്ലി, നെപ്പോളിയന്‍, കാറല്‍മാര്‍ക്സ്, തോമസ് മന്‍സ, പാബ്ളോ കസല്‍സ്, ട്രോട്സ്കി തുടങ്ങിയവര്‍.

തന്റെ പ്രവര്‍ത്തനങ്ങള്‍ അഥവാ സര്‍ഗപ്രക്രിയ സ്വന്തം രാജ്യത്തെ ഭരണകൂടത്തിനും ഭരണസംവിധാനത്തിനും സ്വീകാര്യമല്ലാതെ വരികയും ഭരണകൂടത്തില്‍ നിന്നുതന്നെ ഭീഷണി നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ മറ്റൊരു രാജ്യം അഭയകേന്ദ്രമായി സ്വീകരിക്കുവാന്‍ രാഷ്ട്രീയപ്രവര്‍ത്തകരും എഴുത്തുകാരും നിര്‍ബന്ധിതരാകാറുണ്ട്.

എഴുത്തിന്റെ മേഖലയില്‍ സ്വന്തം രാജ്യത്തിന് അനഭിമതയായ തസ്ലിമാ നസ്റിനും, രാഷ്ട്രീയകാരണത്താല്‍ തിബത്തിലെ ദലൈലാമയ്ക്കും ഇന്ത്യ അഭയം നല്‍കിയിരുന്നു.

നാടുകടത്തല്‍ സംബന്ധിച്ച അമേരിക്കയിലെ ആദ്യത്തെ നിയമം 1798-ല്‍ നിലവില്‍ വന്നു. ഒരു വ്യക്തി തങ്ങളുടെ രാജ്യത്തിന് അപകടകരാരിയാണെങ്കില്‍ അയാളെ തിരികെ പറഞ്ഞയയ്ക്കാന്‍ പ്രസിഡന്റിന് അധികാരം നല്‍കുന്ന ഈ നിയമം പരക്കെ പ്രതിഷേധത്തിന് വഴിവച്ചു. തുടര്‍ന്ന് 1881, 1891 വര്‍ഷങ്ങളിലെ നിയമങ്ങളില്‍ അത് അന്യായമായി അഥവാ നിയമം ലംഘിച്ച് അമേരിക്കയില്‍ പ്രവേശിക്കുന്നവരെ പുറത്താക്കാന്‍ പ്രസിഡന്റിന് അധികാരം നല്‍കുന്നു എന്ന നിലയിലേക്ക് പരിഷ്കരിക്കപ്പെട്ടു.

20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വിദേശപൌരന്മാരെ സംബന്ധിക്കുന്ന പുതിയ രണ്ട് നിയമങ്ങള്‍കൂടി അമേരിക്കയില്‍ നിലവില്‍ വന്നു. 1917-ലെ ഇമിഗ്രേഷന്‍ ആക്ടും 1918-ലെ അനാര്‍ക്കിസ്റ്റ് ആക്ടും. 1940-ലെ എലീന്‍ രജിസ്ട്രേഷന്‍ ആക്ട് പ്രകാരം ഭരണകൂടത്തെയും രാഷ്ട്രീയ സംവിധാനങ്ങളെയും അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സംഘടനകളുമായിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരെ 'നാടുകടത്തലിന്' വിധേയരാക്കുവാന്‍ അനുമതി നല്‍കുന്നു. 1950-ലെ ആഭ്യന്തര സുരക്ഷാ ആക്ട്, കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിലനില്‍ക്കുന്നവരെയും, മുന്‍കാലങ്ങളില്‍ അതില്‍ അംഗത്വമുണ്ടായിരുന്ന വിദേശപൌരന്മാരെയും അമേരിക്കയില്‍ നിന്നു പറഞ്ഞുവിടണമെന്ന് സ്പഷ്ടമായി പ്രതിപാദിക്കുന്നു.

സാധാരണഗതിയില്‍ കുറ്റവാളികളെ അവരുടെ ജന്മദേശത്തേക്കു തന്നെ മടക്കി അയയ്ക്കുകയാണ് പതിവ്. അതേസമയം ആ വ്യക്തി മറ്റൊരു രാജ്യം തിരഞ്ഞെടുക്കുകയും പ്രസ്തുത രാജ്യം അയാളെ സ്വീകരിക്കുവാന്‍ തയ്യാറാവുകയുമാണെങ്കില്‍ അതും അമേരിക്കന്‍ നിയമം അംഗീകരിക്കുന്നുണ്ട്. നാടുകടത്തലിന്റെ പല നടുക്കുന്ന ഉദാഹരണങ്ങളും കേരളത്തിലും കാണാവുന്നതാണ്. അതിലൊന്നാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാടു കടത്തല്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍