This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാടാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

നാടാര്‍

ഒരു ദക്ഷിണേന്ത്യന്‍ സമുദായം. നാടാന്‍, സാന്റോര്‍ അഥവാ ചാന്നാ(ന്റോ)ര്‍, ഗ്രാമണി എന്നീ പേരുകളിലും ഇവര്‍ അറിയപ്പെട്ടിരുന്നു. നാടാര്‍ എന്ന പദത്തിന് തമിഴില്‍ 'ഭരിക്കുന്നവന്‍' എന്നാണര്‍ഥം. ചാന്റോര്‍ എന്ന പദത്തില്‍നിന്ന് ചാന്റവര്‍ എന്നും ചാന്നാര്‍ എന്നും പേര് വന്നുവെന്നാണ് കരുതപ്പെടുന്നത്. ചാന്റോര്‍ എന്ന പദത്തിന് ക്ഷത്രിയര്‍ എന്നാണര്‍ഥം. ഈ പദത്തിന്റെ പൌരാണികതയ്ക്ക് തൊല്ക്കാപ്പിയവും പെരിപ്ളസ് മാരീഡ് എരിത്രേയുമൊക്കെ സാക്ഷ്യമാണ്. ചാന്റോര്‍ എന്നൊരു വംശം നിലനിന്നിരുന്നുവെന്നും അതാണ് പാണ്ഡ്യവംശം ആയതെന്നും അഭിപ്രായങ്ങളുണ്ട്. 1921 മുതലാണ് നാടാര്‍ എന്ന് ഔദ്യോഗികമായി പ്രയോഗിച്ചു കാണുന്നത്. നാടാര്‍ എന്നത് നാടാഴ്വാര്‍ എന്നും - ചിലേടത്ത് നാടവി (നാടിന് അധിപതി) എന്നും പറയപ്പെടുന്നു. ദക്ഷിണ തിരുവിതാംകൂര്‍, തിരുനെല്‍വേലി ജില്ല, രാമനാഥപുരം, മധുര, തഞ്ചാവൂര്‍, ചെന്നൈ, ചെങ്കല്‍പ്പേട്ട എന്നിവിടങ്ങളിലെ ജനസംഖ്യയില്‍ ഒരു നിര്‍ണായകവിഭാഗം ഈ സമുദായക്കാരാണ്. മുമ്പ് ഇവരെ ബഹുമാനപൂര്‍വം വിളിക്കാനുപയോഗിച്ചിരുന്ന വാക്കാണ് അണ്ണാച്ചി (ജ്യേഷ്ഠന്‍).

ചരിത്രം

പ്രാചീനയോദ്ധാക്കളുടെ ഒരു തലമുറയാണ് ഇവരെന്നും ആദ്യകാല പാണ്ഡ്യദേശത്തിന്റെ ഭരണാധിപന്മാരായിരുന്നുവെന്നും കരുതപ്പെടുന്നു. ഇവര്‍ ദ്രാവിഡക്ഷത്രിയര്‍ ആയിരുന്നു എന്ന് പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ആര്യന്മാരെ അവഗണിച്ചുകൊണ്ട് ദക്ഷിണേന്ത്യയില്‍ രാജ്യകാര്യം, പുരോഹിതവൃത്തി മുതലായവ നടത്തിവന്ന സ്വതന്ത്ര ജാതിയായിരുന്നു ഇവരെന്നും കരുതപ്പെടുന്നു. ദക്ഷിണ തമിഴകത്തെ ഈ പ്രബലസമുദായം നായ്ക്കന്മാരുടെ അധിനിവേശത്തോടെയാണ് ദുര്‍ബലമായിത്തുടങ്ങിയത്.

തിരുമല നായ്ക്കരുടെ കാലത്ത് ഇവരെ ക്രൂരമായി അടിച്ചമര്‍ത്താന്‍ തുടങ്ങിയെന്നും പില്ക്കാലത്ത് നാടാര്‍ ജനത അവരുടെ സഹ്യപര്‍വതസാനുക്കളിലെ വാസസ്ഥാനങ്ങളില്‍ നിന്നും ആട്ടിയകറ്റപ്പെടാന്‍ തുടങ്ങിയെന്നും പരാമര്‍ശങ്ങളുണ്ട്. അതുവരെ അവര്‍ കൈവശം വച്ചിരുന്ന ക്ഷേത്രങ്ങളില്‍നിന്നും അകറ്റപ്പെട്ടു. കലികാത്തപെരുമാള്‍ നാടാര്‍, നവാബ് കുമാര വീരമാര്‍ത്താണ്ഡ നാടാര്‍ തുടങ്ങിയവര്‍ തങ്ങളുടെ ആ നഷ്ടസാമ്രാജ്യം തിരിച്ചുപിടിക്കാന്‍ മുന്നേറ്റങ്ങള്‍ നടത്തിയവരാണ്. നാടാര്‍ ജനതയുടെ ഐക്യം അസാധ്യമാക്കുന്നതിനും അവരെ കീഴടക്കി നിര്‍ത്താനുമായി അക്കാലത്ത് ഏതാണ്ട് നൂറിലേറെ തരം നികുതികളും നടപ്പിലാക്കിയിരുന്നുവത്രെ. തിരുമലനായ്ക്കന്റെ ആധിപത്യത്തിനെതിരെ ഈ സമുദായാംഗങ്ങള്‍ മുഴുവന്‍ നവാബ് കുമാരവീരമാര്‍ത്താണ്ഡന്‍ നാടാരുടെ നേതൃത്വത്തില്‍ ശ്രമിച്ചതായി പറയപ്പെടുന്നു. എ.ഡി. 1574-ല്‍ മധുര ഭരിച്ചുതുടങ്ങിയ പെരിയ വീരപ്പനായ്ക്കരുടെ കാലത്ത് നാടാര്‍ സമുദായത്തിന്റെ അധഃപതനമാരംഭിച്ചതായി കരുതുന്നു. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് സകലഗ്രാമങ്ങളിലും താമസക്കാരായിരുന്ന പല ജാതികളെയും ക്ഷണിച്ചുവരുത്തി പാണ്ഡ്യവംശക്കാരോടുകൂടി പന്തിഭോജനം ചെയ്യരുതെന്നും അവരുടെ സുഖാസുഖങ്ങളില്‍ പങ്കുകൊള്ളരുതെന്നും ആജ്ഞ നല്കി. ഒരു സ്ഥലത്തുതന്നെ നാടാര്‍ സമുദായക്കാര്‍ താമസിച്ചാല്‍ കച്ചവടം മുതലായ മാര്‍ഗങ്ങളില്‍ക്കൂടി അവര്‍ പ്രബലന്മാരാവുകയും സംഘബലം വര്‍ധിക്കുകയും ചെയ്യുമെന്ന ഭയത്താല്‍ ഓരോരുത്തരുടെയും നില അനുസരിച്ച് ഇത്രകാലംവരെ ഒരു സ്ഥലത്ത് താമസിച്ചശേഷം അവിടം ഉപേക്ഷിച്ച് മറ്റൊരു സ്ഥലത്തേക്ക് പോകണമെന്ന് വ്യവസ്ഥ ഉണ്ടായി. തന്നിമിത്തം ഇവര്‍ അനവധി കഷ്ടനഷ്ടങ്ങള്‍ അനുഭവിക്കേണ്ടതായി വന്നു. ഇക്കാലത്ത് 'കന്നി വാടിചിന്നക്കതിര്‍ നായ്ക്ക'നെന്ന സേനാനായകനാല്‍ തല ഛേദിക്കപ്പെട്ട ചെറിയ രാജാക്കന്മാരില്‍ ഒരാളായ 'ആള്‍വാറ്റ'(നാടാള്‍വാര്‍)യുടെ ബന്ധുക്കള്‍ വന്നുചേര്‍ന്നതായി ചാന്റോര്‍മനു എന്ന പുസ്തകത്തില്‍ കാണുന്നു. ഇപ്രകാരമുള്ള അനവധി ക്രൂരകൃത്യങ്ങള്‍ക്ക് പെരിയനായിക്കമുതലിയാരുടെ കാലത്ത് നാടാര്‍ സമുദായക്കാര്‍ വിധേയരാകേണ്ടിവന്നിട്ടുണ്ട്. ഭരണാധികാരികളില്‍ നിന്നും അടിക്കടി ഉപദ്രവം നേരിട്ടുകൊണ്ടിരുന്നതിനുപുറമേ ഇതര സമുദായക്കാരും ഇവരെ അധഃപതിപ്പിക്കുവാന്‍ ഉറ്റുശ്രമിച്ചു തുടങ്ങി.

അക്കാലങ്ങളില്‍ മറവര്‍ അഥവാ തേവര്‍മാരില്‍നിന്നും അനവധി ദുരിതങ്ങള്‍ ഏല്‍ക്കേണ്ടിവന്നു. തന്നിമിത്തം മധുരയിലുണ്ടായിരുന്ന നാടാര്‍ കുടുംബങ്ങളില്‍ പലരും അന്യനാടുകളില്‍ അഭയം പ്രാപിച്ചു. തിരുവിരപുരം, കോയമ്പത്തൂര്‍, സേലം മുതലായ സ്ഥലങ്ങളില്‍പോയി താമസിച്ചവര്‍ നാടാര്‍ എന്ന പേരില്‍ അറിയപ്പെടുന്നത് ഭയന്ന്, പേരുമാറ്റി ചെട്ടി, മുതലി, ഗ്രാമണി മുതലായ നാമങ്ങള്‍ സ്വീകരിച്ചു.

ബ്രിട്ടീഷ് അധിനിവേശത്തോടെ ദക്ഷിണ തമിഴകത്തുണ്ടായ നൂതന വ്യാപാര വാണിജ്യസാധ്യതകളും ക്രൈസ്തവ മതത്തിന്റെ പ്രചാരവുമാണ് നഷ്ടപ്രതാപം തിരിച്ചെടുക്കാനുള്ള നാടാര്‍ സമുദായത്തിന്റെ ആസൂത്രിത ശ്രമങ്ങള്‍ക്ക് വിത്തുപാകിയത്. മറവന്മാരില്‍നിന്നും രക്ഷനേടാന്‍, കച്ചവടാര്‍ഥം യാത്ര ചെയ്തിരുന്ന ഇവര്‍, നാടാര്‍ ഗ്രാമങ്ങളില്‍ അഭയം തേടിയിരുന്നു. അത്തരം സുരക്ഷിതസ്ഥലങ്ങള്‍ 'പേട്ടൈ' എന്നറിയപ്പെട്ടു. അവ സ്വസമുദായാംഗങ്ങളുടെ കേവലമായ അഭയസ്ഥാനങ്ങള്‍ എന്നതിലുപരി സംഘടിച്ചു മുന്നേറാനും അവകാശങ്ങള്‍ നേടിയെടുക്കാനുമുള്ള വേദികളായി പില്ക്കാലത്ത് മാറി. അങ്ങനെയുണ്ടായ നാടാര്‍ മഹാജനസംഘങ്ങള്‍ അവര്‍ക്ക് സ്വയം തിരിച്ചറിയാനും അവകാശപ്പോരാട്ടങ്ങള്‍ നടത്താനും കരുത്തുപകരുകയുണ്ടായി. 1899-ലെ ശിവകാശി കലാപം അത്തരത്തിലൊന്നാണ്. സമുദായത്തെ ചവിട്ടിത്താഴ്ത്താനെന്നവണ്ണം ഉപയോഗിച്ച് പോന്നിരുന്ന പേരായ ചാന്നാര്‍ എന്നത് മാറ്റി നാടാര്‍ എന്ന പേരിനെ ഔദ്യോഗികമായി അംഗീകരിപ്പിക്കാനായത് ആ കലാപത്തിന്റെ മുഖ്യ നേട്ടങ്ങളിലൊന്നാണ്. 1921 മുതലാണ് ഔദ്യോഗിക രേഖകളിലെല്ലാംതന്നെ നാടാര്‍ എന്ന പേര് സാമുദായ നാമമായി ഉപയോഗിക്കപ്പെട്ടു തുടങ്ങിയത്. 1924-ഓടെ അത് വ്യാപകമായി.

19-ാം ശതകത്തിന്റെ ആദ്യപാദങ്ങളില്‍ ഉച്ചനീചത്വങ്ങളുടെയും അവശതകളുടെയും ദുരിതം പേറിയാണ് ഇവര്‍ക്ക് ജീവിക്കേണ്ടിവന്നത്. അമ്പലങ്ങളിലും മറ്റും ഇവരെ പ്രവേശിപ്പിച്ചിരുന്നില്ല. റോഡ്, കോടതി, വിദ്യാലങ്ങള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളിലും ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. കുട ചൂടാനവകാശമില്ലാത്ത, തോള്‍മുണ്ടിടാന്‍ പാടില്ലാത്ത, എന്തിന് സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍പോലും അവകാശമില്ലാത്ത ഒരു സമൂഹമായി തരംതാഴ്ത്തപ്പെട്ടിരുന്നു ഇവര്‍. അതിനെതിരായ നിരവധി സമര ചരിത്രങ്ങളിഴചേര്‍ന്നതാണ് നാടാര്‍ ചരിത്രം. ക്ഷേത്രപ്രവേശന സമരങ്ങള്‍, കല്ലുമാലാ സമരം, കുപ്പിച്ചില്ലുമാലാ സമരം, മേല്‍മുണ്ട് സമരം (ചാന്നാര്‍ ലഹള) എന്നിവ അതിനുദാഹരണങ്ങളാണ്. അത്തരം അവകാശസമരങ്ങളില്‍ വെള്ളയന്‍ നാടാര്‍, മൂക്കനാടാര്‍, സൌന്ദര്യപാണ്ഡ്യ നാടാര്‍, അയ്യാമുടിചൂടും പെരുമാള്‍ (വൈകുണ്ഠ സ്വാമികള്‍), മാര്‍ഷല്‍ നേശമണി എന്നിവരൊക്കെ മുന്‍നിരയില്‍ ഉണ്ടായിരുന്നവരാണ്.

ബാങ്കുകള്‍ സ്ഥാപിച്ചതാണ് സാമ്പത്തികരംഗത്തെ മറ്റൊരു നേട്ടം. നാടാര്‍ സമുദായത്തിന്റെ പ്രഥമ ബാങ്കായ തമിഴ്നാട് മര്‍ക്കന്റൈല്‍ ബാങ്ക് ഒരുദാഹരണം. ക്രൈസ്തവമതത്തിലേക്കുള്ള പരിവര്‍ത്തനം വാണിജ്യ-വ്യാപാര സൗകര്യങ്ങളിലൂടെ അവരുടെ സാമ്പത്തികസ്ഥിതി ഉയര്‍ത്താനും വിദ്യാഭ്യാസത്തിലൂടെ സാംസ്കാരികാവസ്ഥ മെച്ചപ്പെടുത്താനും സഹായിച്ചു. നാടാര്‍ ജനതയ്ക്കുവേണ്ടിയുള്ള പ്രഥമ സ്കൂള്‍ 1806-ല്‍ മൈലാടിയില്‍ ആരംഭിച്ചത് ലണ്ടന്‍ മിഷന്‍ സൊസൈറ്റിയായിരുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കു പുറമേ അക്കാലത്ത് സമുദായങ്ങള്‍ക്കുമേല്‍ ചുമത്തപ്പെട്ടിരുന്ന പലവിധ അന്യായമായ നികുതികളില്‍നിന്നും അവരെ മോചിതരാക്കാനുള്ള ശ്രമങ്ങളും ക്രൈസ്തവമത പ്രചാരകരുടെ ഭാഗത്തുനിന്നുണ്ടായി.

ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവര്‍ കാപ്പിത്തോട്ടങ്ങളിലും മറ്റും നിയമിക്കപ്പെട്ടതും ബ്രിട്ടീഷുകാര്‍ വാണിജ്യാടിസ്ഥാനത്തിലുള്ള എസ്റ്റേറ്റുകള്‍ തുടങ്ങിയതും പുതിയ തൊഴില്‍ സാധ്യതകള്‍ തുറന്നു. അക്കാലത്ത് ശ്രീലങ്ക, ബര്‍മ, മലയ എന്നിവിടങ്ങളിലേക്കുള്ള കുടിയേറ്റവും വ്യാപകമായി. തുടര്‍ന്ന് സംഘടിതശക്തിയാര്‍ജിച്ചു വളര്‍ന്ന നാടാര്‍ സമുദായം ഭാരതത്തിന്റെ സമസ്തമേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച് തുടങ്ങി. കാമരാജിനെപ്പോലുള്ള രാഷ്ട്രീയനേതാക്കള്‍ അവരില്‍നിന്ന് ഉയര്‍ന്നുവന്നു. ഇപ്പോള്‍ കേരളത്തില്‍ അവരെ സംഘടിപ്പിക്കുന്നതിലും അവകാശ സമരങ്ങള്‍ നയിക്കുന്നതിലും കേരള നാടാര്‍ മഹാജനസംഘവും വൈകുണ്ഠസ്വാമി ധര്‍മ പ്രചാരസഭ(VSDP)യും നിര്‍ണായക പങ്ക് വഹിച്ചു വരുന്നു.

തൊഴില്‍

കരിമ്പനകയറ്റവും കള്ളുചെത്തും ആയിരുന്നു പരമ്പരാഗത തൊഴില്‍. പനയില്‍നിന്ന് ചെത്തിയെടുക്കുന്ന അക്കാനി കാച്ചിയെടുത്ത് കരുപ്പട്ടി ഉണ്ടാക്കുന്നതായിരുന്നു മുഖ്യ ഉപജീവനമാര്‍ഗം. പനങ്കള്ള് ശേഖരിച്ച് വില്ക്കുന്നതും മറ്റൊരു ഉപജീവനമാര്‍ഗമായിരുന്നു. പനയോല ഉപയോഗിച്ചുള്ള കുട്ട നെയ്ത്ത്, പായയുണ്ടാക്കല്‍ തുടങ്ങിയവും തൊഴിലുകളായിരുന്നു, 'ചെത്ത്' തൊഴിലാക്കിയതുകാരണം, സമൂഹത്തിലെ താഴേക്കിടയിലായിരുന്നു ഇവരുടെ സ്ഥാനം. തൊഴില്‍നാമം പരിഹാസപ്പേരായിപ്പോലും പലപ്പോഴും ഉപയോഗിക്കപ്പെട്ടിരുന്നു. നോ: പന

മര്‍മചികിത്സ, വൈദ്യം, ജ്യോതിഷം എന്നിവയും തൊഴിലുകളായിരുന്നു. കന്യാകുമാരി ജില്ലയിലെ നാടാര്‍ സമുദായക്കാര്‍ മര്‍മ-കളരി ചികിത്സയില്‍ ഇന്നും അഗ്രഗണ്യരാണ്. പ്രശസ്തിയാര്‍ജിച്ച അനവധി മര്‍മശാസ്ത്രഗ്രന്ഥങ്ങള്‍ ഇന്നും നാടാര്‍ സമുദായത്തിന്റെ ഒരു പ്രത്യേക സ്വത്തായി നിലവിലിരിക്കുന്നു. കണ്ണാടി, തുറങ്കോല്‍, മുറിവുചാരി, മര്‍മകണ്ടി, ഗുണ്ടുമണി, പ്രാണാഭക്തം, ഞരമ്പറ, ശരസൂത്രം, നിദാനം മുതലായവ അത്തരം മര്‍മശാസ്ത്രഗ്രന്ഥങ്ങളില്‍ ചിലതാണ്. കുടുംബാധിപന്റെ അന്ത്യകാലത്ത് ഏറ്റവും വിശ്വാസമുള്ള മക്കള്‍ക്കോ ശിഷ്യന്മാര്‍ക്കോ ഇതിന്റെ രഹസ്യഭാഗം പറഞ്ഞുകൊടുക്കുന്നതൊഴികെ ഇതരര്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കുന്ന പതിവുണ്ടായിരുന്നില്ല.

ഉപവിഭാഗങ്ങള്‍

ചരിത്രം, ഭൂമിശാസ്ത്രം മുതലായവയെ അടിസ്ഥാനമാക്കി സമുദായ ചരിത്രകാരന്മാര്‍ നാടാര്‍ സമുദായത്തെ പല വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. സമുദായമധ്യത്തില്‍ സാമ്പത്തികമായി ഉന്നതനിലയില്‍ നിന്നവര്‍ക്ക് ചില പ്രത്യേക സ്ഥാനമാനങ്ങള്‍ മറ്റുള്ളവര്‍ അനുവദിച്ചുകൊടുത്തിരുന്നതായും കാണുന്നുണ്ട്. എന്നാല്‍ അവയെല്ലാം ജന്മി-കുടിയാന്‍ സമ്പ്രദായത്തിന്റെ പ്രത്യേകതമൂലം ഉദ്ഭവിച്ചിട്ടുള്ളതാണെന്ന് അനുമാനിക്കാം.

സമുദായത്തില്‍ പ്രധാനികളായവര്‍ എട്ടുവീട്ടു നാടാന്മാര്‍ ആയിരുന്നു. എട്ടു പ്രധാനകുടുംബക്കാരാണവര്‍. തൃപ്പാപ്പൂര്‍ നാടാര്‍, ഉദയമാര്‍ത്താണ്ഡ നാടാര്‍ തുടങ്ങിയ ചില പദവികള്‍ ചിലര്‍ക്കുണ്ടായിരുന്നു. വലംകൈ ഉയര്‍പ്പുകൊണ്ടോര്‍ എന്നും ചിലര്‍ അറിയപ്പെട്ടു. ഗോത്ര ജീവിതകാലത്ത് അവരില്‍ തലവന്‍, പെരിയനാടാന്‍, തുരത്തുനാടാന്‍, പറ്റു നാടാന്‍, കരങ്കര നാടാന്‍ എന്നെല്ലാം അറിയപ്പെട്ടിരുന്നു. തൊഴിലാളികളുടെ തലവന് മുക്കാണ്ടന്‍ എന്ന സ്ഥാനമാണുണ്ടായിരുന്നത്.

സമുദായത്തിലെ സാമാന്യജനങ്ങള്‍ക്ക് വിദ്യാഭ്യാസപരവും സാംസ്കാരികവുമായ വളര്‍ച്ച ഉണ്ടായതോടുകൂടി മേല്പറഞ്ഞ വ്യത്യാസങ്ങള്‍ നാമാവശേഷമായിട്ടുണ്ട്.

മാറനാടാര്‍.മാര്‍നാട്ടാര്‍, മാനാട്ടാര്‍, മാരനാട്ടാര്‍ എന്നീ പ്രകാരം ഓരോരോ സ്ഥലങ്ങളില്‍ പറഞ്ഞുവരുന്ന ഇവര്‍ മൊത്തത്തില്‍ പാണ്ഡ്യരാജാക്കന്മാരാണ്. മാറന്‍ (മാരന്‍) എന്നത് പാണ്ഡ്യ രാജാക്കന്മാരുടെ സ്ഥാനപ്പേരുകളിലൊന്നാണ്. അതിപുരാതനകാലം മുതല്‍ ഈ രാജ്യത്ത് സ്ഥിരതാമസക്കാരായിട്ടുള്ളവരാണ് ഇവര്‍. ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ ഈ വിഭാഗക്കാരാണ്.

മാറനാട്ടാരെ ഉത്തരമാറനാട്ടാരെന്നും ദക്ഷിണമാറനാട്ടാരെന്നും രണ്ടായി വിഭജിച്ചിരുന്നു. നൂറ്റാണ്ടുകള്‍ക്കുമുമ്പ് തന്നെ ഇവര്‍ പ്രത്യേക സംഘം സ്ഥാപിച്ച് സമുദായ പുരോഗതിക്കായി പ്രവര്‍ത്തനം നടത്തിപ്പോന്നു. അങ്ങനെ ഇരുവിഭാഗക്കാരായിത്തീര്‍ന്നിട്ടുണ്ടെങ്കിലും പരസ്പര വിവാഹം, പന്തിഭോജനം, ക്രയവിക്രയം മുതലായവയില്‍ യാതൊരു വ്യത്യാസവുമില്ല. പാണ്ഡ്യരാജ്യത്തിനു മധ്യേയുള്ള കിഴിവിമുളം, വടകര, വെമ്പന്‍കോട്, ചാത്തൂര്‍, കീഴ്നാട്ടുക്കുറിഞ്ചി, പ്ളാണിമുളം, വൈയ്പാദ് മുതലായ സ്ഥലങ്ങള്‍ക്കരികില്‍ക്കൂടി പോകുന്ന വൈയ്പാദ് എന്ന നദിക്ക് വടക്കുഭാഗത്തുള്ളവരെ ഉത്തരമാറനാട്ടുകാര്‍ എന്നും അതിന് തെക്കുള്ള തമിഴ്-മലയാളം ദേശങ്ങളില്‍ താമസിക്കുന്നവരെ ദക്ഷിണമാറനാട്ടുകാരെന്നും പറഞ്ഞുവരുന്നു.

കന്ദര്‍. മാറനാട്ടാരുടെ വിഭാഗത്തില്‍ ഉന്നതസ്ഥാനം അര്‍ഹിക്കുന്നവരെ 'കന്ദന്‍' എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. ഇതിന് പ്രഭു എന്നാണ് അര്‍ഥം. അതുതന്നെ ഉഗ്രവര്‍മ പാണ്ഡ്യന്റെ പേരായും പറഞ്ഞുവരുന്നു. ജനങ്ങളുടെ ഇടയിലുണ്ടാകുന്ന വഴക്കുകള്‍ പരിഹരിക്കുകയാണ് ഇവരുടെ ജോലി.

നാട്ടാത്തിയര്‍. പാണ്ഡിവംശവും ചോളവംശവും ഏകവര്‍ഗക്കാരാണെങ്കിലും ഭരണം നടത്തിവന്ന കാലങ്ങളില്‍ ഇരുകൂട്ടര്‍ക്കിടയിലും യുദ്ധങ്ങളും മറ്റും ഉണ്ടായിട്ടുണ്ട്. അത്തരം യുദ്ധങ്ങള്‍ പരസ്പരം വിവാഹബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ തടസമായിരുന്നില്ല. താമ്രശാസനങ്ങളും ശിലാലേഖനങ്ങളും പ്രാചീന ചരിത്രങ്ങളും ഈ വസ്തുത വെളിപ്പെടുത്തിത്തരുന്നു.

ചോഴിഇല്ലം, കോഴിക്കാലര്‍. കൊടുക്കല്‍ വാങ്ങല്‍ സംബന്ധിച്ച് നാട്ടാത്തിയര്‍ക്ക് 63 ഗോത്രവിഭാഗങ്ങളുണ്ട്. അതിലുള്‍പ്പെട്ടതാണ് ചോഴിഇല്ലം, കോഴിക്കാലര്‍ മുതലായവ. തത്സംബന്ധമായി ചാന്റോര്‍ മെമ്മോറിയലില്‍ 'കോഴി' എന്നത് ചോഴ രാജാക്കന്മാരുടെ ആദ്യത്തെ രാജധാനിയാണ്. തൃശ്ശിനാപ്പള്ളിക്ക് അടുത്തിരിക്കുന്ന ഒരു പ്രധാനനഗരമാണ് 'കോഴി ഉറയൂര്‍'. ചോഴരാജാവിന് കോഴിവേന്തന്‍ എന്ന സ്ഥാനപ്പേരുണ്ടായിരുന്നതായും പറഞ്ഞിരിക്കുന്നു.

തിരുവഴുതിവളനാടാര്‍. ചില നൂറ്റാണ്ടുകള്‍ക്കുമുമ്പ് മാനവീരവളനാട്ടില്‍ ജമീന്ദാരായി ഭരണം നടത്തിയ 'ഐന്തുകരൈനാട്ടാക്കള്‍' ഈ വിഭാഗത്തില്‍പ്പെട്ടവരാണ്. ഇവരില്‍ ഒരു ഭാഗക്കാര്‍ വസ്തു ഉടമസ്ഥന്മാരും ബാക്കിയുള്ളവര്‍ കൈത്തൊഴില്‍, കച്ചവടം മുതലായവ ചെയ്യുന്നവരുമാണ്. തിരുനെല്‍വേലി ജില്ലയിലും അല്പാല്പമായി നാഞ്ചിനാട്, നെയ്യാറ്റിന്‍കര, രാമനാഥപുരം, മധുര, കോയമ്പത്തൂര്‍ മുതലായ സ്ഥലങ്ങളിലും ഇവര്‍ താമസിച്ചുവരുന്നു.

മേല്‍നാട്ടാര്‍. കോചേരനായ കുട്ടനാടാരുടെ രാജവംശം അന്യാധീനപ്പെട്ടപ്പോള്‍ ആ വംശജര്‍ ചേരനാട്ടില്‍ നിന്നും തിരിച്ച് പൂര്‍വ ബന്ധുക്കളായ മാറനാട്ടാരുടെ കൂടെവന്നു ചേര്‍ന്നവരാണ് മേല്‍നാട്ടാര്‍. ഇവര്‍ ചേരവംശജരാണെന്നുള്ളത് പ്രത്യക്ഷത്തില്‍ വ്യക്തമാകുന്നു. ഇവരില്‍ അനവധി ജനങ്ങള്‍ ഭൂസ്വത്തുടമസ്ഥന്മാരും ബാക്കിയുള്ളവര്‍ കച്ചവടക്കാരും വ്യവസായികളും ആയിരുന്നു.

കുരുക്കള്‍. മന്ത്രവും യാഗവും കുലത്തൊഴിലായി ചെയ്തുവരുന്നവര്‍ നാടാര്‍ സമുദായത്തിലുണ്ട്. അയ്യര്‍ എന്നാണ് ഇവരുടെ സ്ഥാനപ്പേര്. ജൈനബുദ്ധമതങ്ങള്‍ ദക്ഷിണേന്ത്യയില്‍ വ്യാപിച്ച കാലംമുതല്‍ ഇവര്‍ ബ്രാഹ്മണരെപ്പോലെ മത്സ്യമാംസാദികള്‍ ഉപേക്ഷിച്ചിരുന്നു. പരിമേലഴകന്‍ തുടങ്ങി അനവധി വിദ്വാന്മാര്‍ ഈ വിഭാഗത്തില്‍ ഉണ്ടായിരുന്നു. ദ്രാവിഡരിലെ ക്ഷത്രിയവര്‍ഗത്തില്‍ ദേവന്മാരാക്കപ്പെട്ട ക്ഷത്രിയര്‍, ഋഷികളായ ക്ഷത്രിയര്‍, യുദ്ധസന്നദ്ധരായ ക്ഷത്രിയര്‍ എന്ന മൂന്ന് വിഭാഗങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ ഋഷികളായ ക്ഷത്രിയരാണിവര്‍.

കാവേരിപുരത്താര്‍. കാവേരിപുരത്താര്‍ എന്നത് കാവേരി ദിക്കില്‍നിന്നും തിരിച്ചു ഇവിടെ വന്നുചേര്‍ന്നവരാണ്. ഈ സമുദായങ്ങളില്‍ ഒരു പ്രധാനഭാഗം 'നാട്ടുക്കോട്ടച്ചെട്ടികള്‍' എന്ന നാമധേയത്തോടുകൂടി പ്രത്യേക വിഭാഗമായി പിരിഞ്ഞതായിക്കാണാം. കാവേരിപുരത്താര്‍ക്ക് മാറനാട്ടാരുടെ സൈന്യം എഴുന്നള്ളിക്കുമ്പോള്‍ മുന്‍ഭാഗത്ത് രാജചിഹ്നമായ കൊടിപിടിക്കുന്ന ജോലി ഉണ്ടായിരുന്നു. തന്നിമിത്തം കൊടിക്കാരര്‍ എന്ന ഒരപരനാമധേയവും ഇവര്‍ക്കുണ്ട്. തിരുനെല്‍വേലി ജില്ലയുടെ ദക്ഷിണഭാഗത്തും മേല്‍ഭാഗത്തും ഇവരെ കാണാവുന്നതാണ്.

മധുപര്‍. ചരിത്രമെഴുതിയ പല യൂറോപ്യന്മാരും മുന്‍ ചോഴനാട്ടില്‍ നിന്നും വന്ന് പന, തെങ്ങ് മുതലായവയില്‍ക്കയറി കള്ള് എടുക്കുന്ന 'മധുപരെ' പൊതുവില്‍ നാടാര്‍ജാതിക്കാരെന്നാണ് നിരീക്ഷിക്കുന്നത്. മധുനിര്‍മാണം ഒരു ജാതിക്കായി മാത്രമുള്ള തൊഴിലല്ല എന്ന് 1871-ലെ മദ്രാസ് സെന്‍സസ് റിപ്പോര്‍ട്ടില്‍ പ്രത്യേകം എടുത്തുപറയുന്നുണ്ട്. 'ഈ തൊഴില്‍ ഒരു പ്രത്യേക സമുദായക്കാര്‍മാത്രം അട്ടിപ്പേര്‍ അവകാശമായി ചെയ്യുന്ന ഒന്നല്ല. തമിഴ്നാട്ടില്‍ കള്ളര്‍, പണിക്കര്‍, ഇടയര്‍, കവരകള്‍, കവുണ്ടര്‍, കടയര്‍, മുഹമ്മദീയര്‍ മുതലായവരും മുതലി, പിള്ളൈ, നായ്ക്കര്‍ എന്നീ സ്ഥാനപ്പേരുള്ളവരും മലയാളക്കരയില്‍ ഈഴവര്‍, തണ്ടാന്മാര്‍ മുതലായവരും ഈ വൃത്തിയില്‍ ഏര്‍പ്പെട്ടുജീവിക്കുന്നു.

ചാന്നാര്‍ ജനതയില്‍ ഒരു വിഭാഗമാണത്രെ തെക്കന്‍ കേരളത്തിലെ ചില പ്രദേശങ്ങളില്‍ പില്ക്കാലത്ത് ഈഴവരായി അറിയപ്പെട്ടത്. നോ: ഈഴവര്‍

നാട്ടാടി ചാന്നാര്‍, വീരാളി ചാന്നാര്‍ എന്നീ ഉപവിഭാഗങ്ങളും മുമ്പ് നിലനിന്നിരുന്നു. ഇവര്‍ തമ്മില്‍ വിവാഹമില്ല. വീരാളിച്ചാന്നാന്മാര്‍ക്കിടയില്‍ ഇടനാടില്ലം, കര, കവര, കിരിയം തുടങ്ങിയ വിഭജനവും നലനിന്നിരുന്നു.

ആചാരങ്ങള്‍

ജനനവും ബാല്യവും. ഭാര്യ ഗര്‍ഭിണിയാകുമ്പോള്‍ മുതല്‍ ഭര്‍ത്താവ് ക്ഷൗരം ഉപേക്ഷിക്കുന്ന ഒരു പതിവ് പണ്ടുണ്ടായിരുന്നു. പ്രസവത്തെത്തുടര്‍ന്നുള്ള പതിനാറ് ദിവസം വീടിന്റെ ഇറമ്പത്ത് വേപ്പിലതൂക്കിയിടുകയും രാത്രി മുഴുവന്‍ ഒരു വിളക്ക് കത്തിച്ചുവയ്ക്കുകയും ചെയ്യുന്ന പതിവും ഉണ്ടായിരുന്നു. പതിനാറാം ദിവസം ബന്ധുക്കള്‍ക്ക് സദ്യ നല്കുക, ഭര്‍ത്താവ് ക്ഷൗരം വീണ്ടും ചെയ്യുക എന്നിത്യാദി ചടങ്ങുകള്‍ നടക്കുമായിരുന്നത്രെ. കുട്ടിയുടെ തലമുടി ആദ്യമെടുക്കുന്ന ക്ഷുരകന് ഒരു പനയുടെ ആയുഷ്കാല അവകാശം നല്കുന്ന പതിവുമുണ്ടായിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളെപ്പോലെ കാത് തുളച്ചിരുന്നു.

വിവാഹം. പണ്ടുമുതല്‍ നാടാര്‍ സമുദായത്തില്‍ പുരുഷന്മാര്‍ സഹോദരിയുടെ മകളെ മകന്റെ ഭാര്യയായി - മുറപ്പെണ്ണായി - സ്വീകരിച്ചുവരുന്ന രീതി നിലനിന്നിരുന്നു. സഹോദരിയുടെ മകനെ തന്റെ മകളുടെ ഭര്‍ത്താവായും കണക്കാക്കുന്നു. ഇത് ഒരു നിര്‍ബന്ധ ഏര്‍പ്പാടല്ല. ബഹുഭാര്യാത്വം പുരാതനകാലംമുതല്‍ക്കുതന്നെ തിരസ്കരിക്കപ്പെട്ടിരുന്നതാണ്. ആദ്യഭാര്യജീവിച്ചിരിക്കെ വിവാഹമോചനം കൂടാതെ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയാണെങ്കില്‍ സമുദായത്തില്‍നിന്ന് ഇരുവരെയും ബഹിഷ്കരിക്കുന്നു. ഇങ്ങനെയുള്ളവരെ 'വിരാട്ടിയ'രുടെ വര്‍ഗത്തില്‍ ചേര്‍ക്കുന്നു. ഇത് ഇപ്പോള്‍ നടപ്പില്ല.

മുന്‍കാലങ്ങളില്‍ ശൈശവവിവാഹം നിരോധിച്ചിരുന്നില്ലെങ്കിലും പ്രായപൂര്‍ത്തിയായതിനുശേഷം മാത്രമേ വിവാഹം ചെയ്തുകൊടുക്കുക പതിവുണ്ടായിരുന്നുള്ളു. വിധവാവിവാഹം നിഷേധിക്കപ്പെട്ടിരുന്നു. ഭര്‍ത്താവ് മരിച്ചാല്‍ ഉടന്‍തന്നെ ആഭരണങ്ങള്‍ മാറ്റി വെള്ളവസ്ത്രം ധരിച്ച് നിത്യബ്രഹ്മചാരിണിയായി അവള്‍ ജീവിതം നയിക്കുന്നു.

വരന്‍ പുരയില്‍വന്നിരുന്ന ഉടന്‍തന്നെ വധുവിന്റെ സഹോദരി ഒരു ദീപം അയാളുടെ മുന്‍പില്‍ വയ്ക്കുന്നു. അതിന് 'വാടാവിളക്ക്' എന്നാണ് പറഞ്ഞുവരുന്നത്. വിവാഹംകഴിയുന്നതുവരെ ഈ വിളക്കില്‍ ഒഴിക്കുന്നതിന് ആവശ്യമായ എണ്ണ വരന്റെ ഗൃഹത്തില്‍ നിന്നും ജ്യേഷ്ഠന്റെ ഭാര്യ കൊണ്ടുപോകണമെന്നുള്ളത് നിര്‍ബന്ധമാണ്. ഈ കൃത്യം നടന്നതിനുശേഷം 'മാമനിരുപ്പ്' എന്ന കര്‍മം നിര്‍വഹിക്കുന്നു. ഈ ചടങ്ങ് ഹിന്ദുമതക്കാരിലെന്നപോലെ ക്രിസ്തുമതക്കാരിലും നടപ്പുണ്ട്. മാമനിരിക്കുമ്പോള്‍ വധുവിനെ പുറത്തിറക്കി കൊണ്ടുവന്ന് അദ്ദേഹത്തെ വന്ദിപ്പിച്ചിട്ട് ഗൃഹാന്തര്‍ഭാഗത്തേക്ക് കൊണ്ടുപോകുന്നു. വരന്റെ സഹോദരിയും അനുഗതരായ സ്ത്രീജനങ്ങളും കൂടെചെന്ന് മുഹൂര്‍ത്തമുണ്ടും ആഭരണങ്ങളും വധുവിനെ അണിയിക്കും. ആഭരണങ്ങളും മറ്റും കൊണ്ടുവരാന്‍ പനയോല കൊണ്ടുണ്ടാക്കിയ ഒരു പ്രത്യേകതരം പെട്ടിയാണ് ഉപയോഗിച്ചിരുന്നത്. അത് പേളപ്പെട്ടി എന്നറിയപ്പെട്ടിരുന്നു. വിവാഹമണ്ഡപത്തിലെത്തുന്ന വരന്‍ പന്തലിന്റെ ബ്രഹ്മക്കാല്‍ പ്രദക്ഷിണം ചെയ്ത് പ്രത്യേകം സജ്ജമാക്കിയിട്ടുള്ള പീഠത്തില്‍ കിഴക്കുമുഖമായി ഇരിക്കുന്നു. അത് കഴിഞ്ഞ് ബന്ധുസ്ത്രീകള്‍ വധുവിനെ കൊണ്ടുവന്ന് മണ്ഡപത്തിലെ ബ്രഹ്മക്കാല്‍ പ്രദക്ഷിണം വയ്പിച്ചശേഷം പുരുഷന്റെ ഇടതുവശത്ത് ഇരുത്തുന്നു. അവിടെ ഇരുന്നോ, ആചാരപൂര്‍വം എഴുന്നേറ്റുനിന്നോ പുരോഹിതന്‍ പൂജിച്ചുകൊടുക്കുന്ന താലി ബ്രഹ്മക്കാലില്‍ തൂക്കിയിട്ടുള്ള ദീപത്തില്‍ കാണിച്ച് അഗ്നിസാക്ഷിയായി വധുവിന്റെ കണ്ഠത്തില്‍ കെട്ടുന്നു.

താലികെട്ടിയശേഷം വധുവിന്റെ അച്ഛന്‍ മകളുടെ കൈപിടിച്ച് വരന്റെ കൈയില്‍ ഏല്പിക്കുന്നു. അങ്ങനെ പരസ്പരം കൈകോര്‍ത്ത് വധുവരന്മാര്‍ മുന്‍പറഞ്ഞ ബ്രഹ്മക്കാലിനുചുറ്റും മൂന്ന് പ്രദക്ഷിണം വയ്ക്കും. അപ്പോള്‍ വരന്റെ സഹോദരന്‍ ഒരു ദീപവുമായി അനുഗമിക്കും.

പരേതക്രിയ. മരണാനന്തരം പുരോഹിതന്‍ പുലകുളിച്ചടങ്ങ് നിര്‍വഹിക്കേണ്ട അവകാശിയുടെ കൈയില്‍ ഒരു ചരട് (കാപ്പ്) കെട്ടുന്നു. ക്ഷുരകന്‍ ശവദാഹത്തമ്പേര്‍ അടിക്കുകയും കുഴി തയ്യാര്‍ ചെയ്യുന്നതിനുവേണ്ട ഏര്‍പ്പാട് ചെയ്യുകയും ചെയ്യും. സമ്പന്നകുടുംബങ്ങളിലെ മരണത്തിനു ബന്ധുക്കള്‍ 'കുട്ടുവ' എന്ന മരണ ഗീതവുമായി വന്നുചേരുമെന്ന് നാഗമയ്യയുടെ തിരുവിതാംകൂര്‍ സ്റ്റേറ്റ് മാനുവലില്‍ പറഞ്ഞിരിക്കുന്നു. പ്രസ്തുത വിവരണത്തില്‍നിന്നും ചുവടേചേര്‍ക്കുന്ന വിവരങ്ങള്‍ ഗ്രഹിക്കാവുന്നതാണ്: 'മരണഗീതവുമായി ഗൃഹത്തിനോടടുക്കുമ്പോള്‍ മരണഗൃഹത്തിലുള്ള പാട്ടുകാര്‍ കുറേദൂരം പോയി പാട്ടുംപാടി അവരെ സ്വീകരിക്കുകയും, ബന്ധുക്കളെല്ലാം വന്നുചേര്‍ന്നതിനുശേഷം മരണക്രിയയ്ക്കുള്ള ജലം കൊണ്ടുവരുന്നതിനായി പോവുകയും ചെയ്യുന്നു. മരിച്ച ആളിന്റെ പ്രഥമപുത്രന്‍ തലയില്‍ മണ്‍കുടവും ചുമന്നുകൊണ്ട് നീളമുള്ള ഒരു വെള്ള വസ്ത്രത്തിനടിയില്‍ ബന്ധുമിത്രാദികള്‍ സഹിതമാണ് പോകുന്നത്. മാര്‍ഗമധ്യേ വണ്ണാന്‍ നടമാറ്റ് പിരിച്ചുകൊടുക്കും. ശ്മശാനത്തിലേക്ക് ശവംകൊണ്ടുപോകുന്നതിന്, പച്ചത്തടികൊണ്ട് മൂന്നുതേര്കെട്ടി പച്ചയോല, കുരുത്തോല മുതലായവകൊണ്ട് അലങ്കരിക്കുകയും ചെയ്യും. വിവാഹിതനായ പുരുഷനാണ് മരിച്ചതെങ്കില്‍ സ്ത്രീയുടെ താലി അറുത്ത് അയാളുടെ കയ്യില്‍ കെട്ടി ചില കര്‍മാദികള്‍ ചെയ്തതിനുശേഷമാണ് ഇങ്ങനെ ചെയ്യുന്നത്. അതുമുതല്‍ ആ സ്ത്രീ ആഭരണങ്ങള്‍ മുഴുവനും ഉപേക്ഷിച്ച് വെള്ളവസ്ത്രം ധരിക്കും. അനന്തരം രണ്ട് ചെറിയ തേരുകളും മുന്‍പും പിന്‍പുമായി സംഗീതം, വാദ്യം, നാഗസ്വരം മുതലായ താളമേളങ്ങളോടുകൂടി ശ്മശാനത്തില്‍ സംസ്കരിക്കുന്നു. അതിനുശേഷം ഒരു വെള്ളമാറ്റ് വിരിച്ച് ബന്ധുക്കളെല്ലാം അതില്‍ ഇരുന്ന് ക്ഷുരകനും മണ്ണാനും പതിവനുസരിച്ചുള്ള പ്രതിഫലവും സാധുക്കള്‍ക്കു ദാനവും കൊടുക്കും. പിന്നെ കുളികഴിഞ്ഞ് വസ്ത്രം മാറ്റി ആ ദിവസം രാത്രി വ്രതം അനുഷ്ഠിക്കുക പതിവുണ്ട്.

ദായക്രമം. നാടാര്‍ സമുദായത്തിന്റെ പരമ്പരാഗതമായ ദായക്രമം ആണ്‍മക്കള്‍വഴിയാണ്. സ്ത്രീ സന്താനങ്ങള്‍ക്ക് ജംഗമ സ്ഥാവര വസ്തുക്കളില്‍ യാതൊരു അവകാശവുമില്ല. എന്നാല്‍ പുരുഷസന്താനങ്ങള്‍ക്കുള്ള വീതമോ, ചിലപ്പോള്‍ അതില്‍ ഉപരിയായോ, ധനം വിവാഹാവസരത്തില്‍ സ്ത്രീധനമായി നല്കുന്നുണ്ട്. അതിനുശേഷം കുടുംബത്തില്‍ യാതൊരു അവകാശവുമില്ല. എന്നാല്‍, മാതാവിന്റെ സ്വത്തിന് സ്ത്രീസന്താനങ്ങള്‍ക്ക് പൂര്‍ണാവകാശമുണ്ട്.

മതവിശ്വാസം - മതപരിവര്‍ത്തനം

ദക്ഷിണ ഇന്ത്യയിലെ അനവധി പ്രാചീനക്ഷേത്രങ്ങള്‍ നാടാര്‍ സമുദായക്കാരുടെ പ്രത്യേക പ്രോത്സാഹനത്താല്‍ നിര്‍മിച്ചിട്ടുള്ളതാണെന്നു കാണാം. തഞ്ചാവൂരും കുംഭകോണത്തുമുള്ള കുംഭീശ്വര ക്ഷേത്രത്തില്‍ ഇടവമാസത്തില്‍ മൂന്ന് മണ്ഡലപ്പടികള്‍ നടത്തിവരുന്നു എന്നതുപോലെ ചില ക്ഷേത്രങ്ങളില്‍ വിശേഷ പൂജകളും നാടാര്‍ സമുദായക്കാര്‍ നടത്തിവരുന്നു. തെക്കേ ആര്‍ക്കാട് ജില്ലയിലുള്ള നടേശ്വരക്ഷേത്രത്തില്‍ ഒരു കാലപൂജ നാടാര്‍ സമുദായക്കാര്‍ മാത്രം നടത്തിപ്പോരുന്നുണ്ട്. ശിവകാശി, വിരുതുനഗര്‍, അറുപ്പുകോട്ട, പാളയംപട്ട, ആറുമുഖശ്ശേരി, കൌമുടി, കച്ചിനാവിള മുതലായ സ്ഥലങ്ങളില്‍ ക്ഷേത്രങ്ങള്‍ നിര്‍മിച്ച് നാടാര്‍ സമുദായക്കാര്‍തന്നെ പുരാതനകാലം മുതല്‍ ആരാധന നടത്തിപ്പോരുന്നു.

ബ്രാഹ്മണരുടെ ക്ഷേത്രങ്ങളില്‍ നാടാര്‍ സമുദായക്കാര്‍ പോകാതെ സ്വന്തമായി ക്ഷേത്രങ്ങളും ആരാധനാലയങ്ങളും സൃഷ്ടിച്ച് പൂജാദികര്‍മങ്ങള്‍ നടത്തിപ്പോന്നു. പാണ്ഡ്യരാജഭരണം അന്യാധീനപ്പെട്ട് മധുരനായ്ക്കന്‍ ഭരണമേറ്റപ്പോള്‍ നാടാര്‍ സമുദായക്കാര്‍ പ്രവേശിക്കുന്ന ക്ഷേത്രങ്ങളിലെ പ്രവേശനമാര്‍ഗം കല്ലുകൊണ്ടു കെട്ടിയടച്ച് നിരോധനം ഏര്‍പ്പെടുത്തി. അതോടെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനുള്ള പ്രക്ഷോഭസമരം ആരംഭിച്ചു. അത് വൈക്കം സത്യാഗ്രഹത്തിനു മുമ്പുതന്നെ നാടാര്‍ സമുദായത്തില്‍ രൂപം പ്രാപിച്ചുകഴിഞ്ഞിരുന്നു. മധുര മീനാക്ഷി ക്ഷേത്രസമരം, കൌമുടിക്കേസ്സ്, കുമാരകോവില്‍ അഗ്നിക്കാവടി ലഹള മുതലായവ പ്രസിദ്ധമാണ്.

നാടാര്‍ സമുദായം പൊതുവില്‍ അംഗീകരിച്ചു പോന്നിരുന്നത് ഹിന്ദുമതമാണ്. തിരുവിതാംകൂര്‍ സ്റ്റേറ്റ് മാനുവലില്‍ നാടാര്‍ വംശക്കാര്‍ പൂര്‍വകാലംമുതല്‍ ശൈവന്മാരായിരുന്നതായി പ്രസ്താവിച്ചിരിക്കുന്നു. എന്നാല്‍ അവരില്‍ ചിലര്‍ ബുദ്ധ-ജൈനമത വിശ്വാസികളായിരുന്നുവെന്നും ബ്രാഹ്മണാധിനിവേശ കാലത്ത് അവര്‍ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും ചില പരാമര്‍ശങ്ങള്‍ കാണാം. പെരുമാള്‍ വഴിക്കാര്‍ അഥവാ വൈഷ്ണവര്‍ ന്യൂനപക്ഷമായിരുന്നു. പിതൃപൂജയ്ക്കായി 'തെക്കത്' എന്ന ഒരു പരദേവതാലയം ഏറെക്കുറെ സകലഹിന്ദു നാടാര്‍ ഗൃഹങ്ങളിലും ഉണ്ടായിരിക്കും. അവിടെ പ്രത്യേകം ചില ദേവന്മാരെയോ ദേവിമാരെയോ സങ്കല്പിക്കുകയും ആണ്ടുതോറും അവിടെ ഉത്സവം നടത്തുകയും പതിവാണ്. ഇതിന് 'കൊടുതി' എന്നാണ് പറഞ്ഞുവരുന്നത്. അതിനുംപുറമേ വ്രതാനുഷ്ഠാനങ്ങളോടുകൂടി പൊങ്കാലയിടുകയും മറ്റ് പൂജാദികര്‍മങ്ങള്‍ നടത്തുകയും ചെയ്തുവരുന്നു.

സ്വഗൃഹത്തിലെ തെക്കുപടിഞ്ഞാറേമുറി, ദൈവിക കാര്യങ്ങള്‍ക്കായി പരിശുദ്ധമായി ഒഴിച്ചിടുകയും അവിടെവച്ച് പിതൃപൂജ നടത്തുകയുമാണ് പതിവ്. പുരാതനഗൃഹങ്ങളില്‍ ഈ മുറിയില്‍ ഒരു ഭസ്മസഞ്ചി പ്രത്യേകം സൂക്ഷിച്ചിരിക്കും. കുടുംബനായകനുമാത്രമേ അതില്‍ പ്രവേശനം ഉണ്ടായിരിക്കുകയുള്ളു. ആ കുടുംബനായകന്‍ തന്നെയാണ് അതിലെ പുരോഹിതന്‍. പിതൃപൂജയ്ക്ക് പഴവര്‍ഗങ്ങള്‍, പൊരി, അവല്‍, അടകള്‍, പുഷ്പങ്ങള്‍ മുതലായവ നിവേദിക്കുക പതിവാണ്.

ചാമുണ്ഡി, രക്തേശ്വരി, യക്ഷി, അമ്മന്‍ മുതലായ ദേവിമാരെയും മാടന്‍, ഭൂതം, ആയിരവില്ലി, കളരിമൂര്‍ത്തി മുതലായ ദേവന്മാരെയും സങ്കല്പിച്ചിരുന്നു. ഇതിനുപുറമേ ശാസ്താവ്, അമ്മന്‍, ഭദ്രകാളി, ശിവന്‍, സുബ്രഹ്മണ്യന്‍, ഗണപതി മുതലായവരെയും നാടാര്‍ സമുദായം ആരാധിച്ചിരുന്നു.

നാടാര്‍ സമുദായക്കാരില്‍നിന്നും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുള്ളവര്‍ ഏറെയുണ്ട്. 1680 കാലത്താണ് മതപരിവര്‍ത്തനം ആരംഭിച്ചത്. തമിഴ്നാട്ടിലെ വടക്കന്‍കുളത്ത് 1685-ല്‍ ആദ്യത്തെ പള്ളി സ്ഥാപിക്കപ്പെട്ടു. തുടര്‍ന്ന് തമിഴ്നാട്ടില്‍ 40 ശ.മാ. നാടാര്‍ സമുദായാംഗങ്ങളും ക്രിസ്താനികളായി. പോര്‍ച്ചുഗീസ് കാലഘട്ടത്തില്‍ കത്തോലിക്കാ സഭയിലും ബ്രിട്ടീഷ് കാലത്തോടെ പ്രൊട്ടസ്റ്റന്റ് സഭയിലും ഇവര്‍ ചേര്‍ന്നുതുടങ്ങുകയായിരുന്നു. സ്വമതം വിട്ട് അന്യമതം സ്വീകരിച്ചിട്ടുണ്ടെങ്കിലും പിന്നീടും ഏകോദര സഹോദരഭാവത്തില്‍ത്തന്നെയാണ് അവര്‍ കഴിഞ്ഞുപോരുന്നത്. വിവാഹം, പന്തിഭോജനം, കുടുംബാവകാശം മുതലായവയില്‍ നാടാര്‍ സമുദായത്തിലെ അംഗങ്ങള്‍ ഹിന്ദു-ക്രൈസ്തവ ഭേദമന്യേ ഭാഗഭാക്കാകുന്നുണ്ട്.

ഹിന്ദുകുടുംബത്തില്‍നിന്നും ക്രിസ്തുമതം സ്വീകരിക്കുന്ന ഒരു അംഗത്തിന് കുടുംബസ്വത്തിന് അവകാശമില്ലായെന്ന് തിരുവിതാംകൂറില്‍ 1944-ലെ ഒരു വിധിയില്‍ പറയുന്നു. പ്രസ്തുതവിധിയും ഗവണ്‍മെന്റില്‍ നിന്നും ഹിന്ദുനാടാര്‍ക്ക് നല്കുന്ന പലവിധ ആനുകൂല്യങ്ങളുംകൊണ്ട് മതപരിവര്‍ത്തനം വളരെ കുറഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ മതപരിവര്‍ത്തന സംബന്ധിയായി നിരവധി ഐതിഹ്യങ്ങള്‍ നിലനില്‍ക്കുന്നു. കായല്‍ പട്ടണത്തിലെ 800 കുടുംബങ്ങള്‍ ഇസ്ലാംമതത്തില്‍ ചേര്‍ന്നപ്പോള്‍ നായിക്കന്മാര്‍ അതിനു തയ്യാറായവര്‍ക്കെതിരെ വിളംബരങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ടിരുന്നു. ഈ വിളംബരങ്ങളെ അവഗണിക്കാന്‍ നാടാര്‍ സമുദായക്കാര്‍ തീരുമാനിച്ചു. തത്സമയം അവരെ ബന്ധിച്ച് കപ്പലില്‍ കയറ്റി സമുദ്രമധ്യേ കൊണ്ടുപോയി താഴ്ത്തുന്നതിന് കായല്‍ക്കരയിലുണ്ടായിരുന്ന മരയ്ക്കാന്മാര്‍ക്ക് നായിക്കര്‍ കല്പന നല്കി. പക്ഷേ മരയ്ക്കാന്മാര്‍ അവരെ കടലില്‍കൊണ്ടുപോയി എങ്കിലും ഭീഷണിപ്പെടുത്തി ഇസ്ലാം മതാനുയായികളാക്കുകയാണത്രെ ചെയ്തത് എന്നാണ് ഒരൈതിഹ്യം.

കലകള്‍, സാഹിത്യം

കളരിപ്പയറ്റ്. പുരാതനകാലത്ത് അങ്കംവെപ്പ്, നടയടി, അടിച്ചകൈപിരിവ്, അമര്‍ത്ത് മുതലായ പ്രാചീന യുദ്ധരീതികള്‍ നടപ്പിലിരുന്നു. അത് വംശപരമ്പരയാ നാടാര്‍ സമുദായത്തില്‍ നടപ്പിലിരിക്കുന്നു. മുഷ്ടിയുദ്ധം അഥവാ കൈമുറുക്കിപ്പിടിച്ചുള്ള അടിയാണ് ഏറ്റവും പ്രധാനം. കൈമുറുക്കിപിടിച്ച് ഇടിക്കുമ്പോള്‍ തടുക്കുകയോ ഒഴിഞ്ഞുമാറുകയോ ചെയ്യും. ഇതിനെയാണ് കൈപ്പോര് എന്നു പറയുന്നത്. കൂടാതെ കുന്തം, കത്തി, വാള്‍ മുതലായ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കൊണ്ട് എതിരാളി കുത്തുകയും വെട്ടുകയും ചെയ്യുമ്പോള്‍ അവ ദേഹത്ത് പറ്റാതെ ശത്രുവിനെ അടിച്ചുവീഴ്ത്തുന്നതിന് കൈപ്പോര്, അടിച്ച കൈപ്പിരിവ് തുടര്‍ന്ന് അങ്കം, നടയടി, അമര്‍ത്ത് മുതലായ ചുവടുകള്‍അഭ്യസിച്ചിരിക്കണം. വേല്‍ (ശൂലം) മുതലായ ആയുധങ്ങള്‍ കൊണ്ടുള്ള യുദ്ധത്തിന് വാള്‍മാനം നല്ല നിശ്ചയം ഉണ്ടായിരിക്കണം. ഇതിനായി കുടുംബാധിപര്‍ പതിനാറ് വയസ്സ് പ്രായമായ പുരുഷാംഗത്തിന് ഒരായുധം -പിച്ചാത്തി- നല്കുക എന്ന പതിവുണ്ട്.

വില്ലടിച്ചാന്‍ പാട്ട്. വില്ലടിച്ചാന്‍ പാട്ട് നാടാര്‍ സമുദായത്തിന്റെ പ്രത്യേക സ്വത്താണെന്ന് പറയാവുന്നതാണ്. പുരാതനകാലത്ത് അനവധി പ്രസിദ്ധരായ പുലവന്മാര്‍ (പണ്ഡിതന്മാര്‍) ഉണ്ടായിരുന്നു. ഇത് സംബന്ധിച്ചുള്ള അനവധി ഓലഗ്രന്ഥങ്ങള്‍ സംഭരിക്കുകയും അതില്‍നിന്നും ചാമുണ്ഡിക്കഥ, മതിലകത്തുകഥ, ഇരവിക്കുട്ടിപ്പിള്ളപ്പോര് എന്നിവ മലയാളത്തില്‍ പ്രസിദ്ധം ചെയ്യുകയും ചെയ്തിട്ടുണ്ട്. ശിവകാശി ഹിന്ദുനാടാര്‍ ഹൈസ്കൂള്‍, തിരുച്ചുളി ഹിന്ദുനാടാര്‍ ക്ഷത്രിയവിദ്യാശാല മുതലായ തമിഴ്നാട്ടിലുള്ള വിദ്യാലയങ്ങളില്‍ വില്ലടിപ്പാട്ട് ഒരു പ്രത്യേക വിഷയമായി ഗണിച്ച് പരിശീലനം നല്കിവരുന്നു.

സാമൂഹിക മുന്നേറ്റം

നാടാര്‍ സമരം (ചാന്നാര്‍ ലഹള). ദക്ഷിണ തിരുവിതാംകൂറില്‍ നാടാര്‍ സമുദായത്തിലെ സ്ത്രീകള്‍ മാറുമറയ്ക്കാന്‍ പാടില്ല എന്ന ആചാരം നിലവിലിരുന്നു. ഹിന്ദുമതത്തില്‍പ്പെട്ടവര്‍ക്കുമേല്‍ അടിച്ചേല്പിച്ച ഈ അവകാശലംഘനത്തെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്ക് കുറെയൊക്കെ മറികടക്കാനായി. എന്നാല്‍ ക്രിസ്തുമതം സ്വീകരിച്ച നാടാര്‍ സ്ത്രീകള്‍ക്കെതിരെ അധികാരികള്‍ പല നടപടികളും പീഡനമുറകളും കൈക്കൊണ്ടു. അതിനെതിരായ സംഘടിത പ്രതിരോധങ്ങളാണ് ചാന്നാര്‍ ലഹള (നാടാര്‍ സമരം) എന്നറിയപ്പെടുന്ന അവകാശസമരത്തിന് തുടക്കമായത്. മേല്‍മുണ്ടുസമരം, മേല്‍ശീലക്കലാപം, മുലമാറാപ്പു വഴക്ക്, സാന്റോര്‍ വിപ്ളവം എന്നൊക്കെയും ഇതറിയപ്പെട്ടിരുന്നു. ഇത് ഒരു ചെറു കാലയളവിലുണ്ടായ ഒരു സമരമല്ല. ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകാലം ഏറിയും കുറഞ്ഞും അത് തെക്കന്‍ തിരുവിതാംകൂറിനെ പ്രക്ഷുബ്ധമാക്കി. 1822-ലാണ് അതിനു തുടക്കം കുറിക്കപ്പെട്ടത്. മേല്‍ശീല ധരിച്ച സാറ എന്ന നാടാര്‍ ക്രിസ്ത്യന്‍ സ്ത്രീക്കെതിരെ പേഷ്കാര്‍ ശങ്കുണ്ണിമേനോന്‍ ചില നടപടികളെടുക്കാന്‍ ശ്രമിച്ചത് അതിന് വിത്തുപാകി. പൂതത്താന്‍ കുട്ടി - ഇശക്കി എന്നീ ചാന്നാര്‍ ദമ്പതിമാര്‍ ക്രിസ്തുമതം സ്വീകരിച്ചശേഷം മാറു മറയ്ക്കുന്നവേഷം ധരിച്ച് യജമാനനായ മാടന്‍പിള്ളയോട് തര്‍ക്കം തുടങ്ങിയതോടെ കലാപം മുളപൊട്ടി. മാറു മറച്ചാല്‍ ജാതി തിരിച്ചറിയാനാവില്ല എന്നായിരുന്നു സവര്‍ണര്‍ ഉയര്‍ത്തിയ വാദം. മതം മാറിയ നാടാര്‍ സ്ത്രീകള്‍ക്ക് മാറു മറയ്ക്കുന്നതരം കുപ്പായം ആകാം എന്ന് അക്കാലത്ത് മണ്‍ട്രോ ഉത്തരവിറക്കി. മിസിസ് റീഡ്, മിസിസ് കോള്‍ട്ട് എന്നിവര്‍ കുറിയ കൈകള്‍ ഉള്ള ജാക്കറ്റ് തുന്നി ധരിക്കാനും അതിനുമേല്‍ ഒരു രണ്ടാംമുണ്ടിടാനും നാടാര്‍ സ്ത്രീകളെ പ്രേരിപ്പിക്കുകയും ചെയ്തു. 1822-ല്‍ അത്തരം വേഷം ധരിച്ച് കല്‍ക്കുളം ചന്തയില്‍വന്ന നാടാര്‍ സ്ത്രീകളുടെ കുപ്പായം ചില സവര്‍ണര്‍ വലിച്ചുകീറി. അന്നത്തെ ദിവാന്‍ വെങ്കിട്ടറാവു ഇതിനനുകൂലമായ നിലപാടെടുത്തു. എന്നാല്‍ മിഷണറിയായ റീഡ് ഇതിനെതിരെ കോടതിയെ സമീപിച്ചു. വിധി നാടാര്‍ സ്ത്രീകള്‍ക്ക് അനുകൂലമായി. അതു ധിക്കരിച്ച് നാടാര്‍ സ്ത്രീകള്‍ മാറു മറച്ചുകൂടാ എന്നൊരു കല്പന ദിവാന്‍ വെങ്കിട്ടറാവു ഇറക്കി. എന്നാല്‍ മദിരാശി ഗവര്‍ണര്‍ സര്‍ ചാള്‍സ് ട്രവലിയന്‍ ദിവാന് എതിരായിരുന്നു. നാടാര്‍മാരുടെ സഹായിയായ റീഡിന്റെ വീട് സവര്‍ണ ഹിന്ദുക്കള്‍ വളഞ്ഞു. ഉദയഗിരിക്കോട്ടയില്‍നിന്നും പട്ടാളമെത്തി റീഡിനെ മോചിപ്പിച്ചു. 1828-ല്‍ റവന്യൂ ഇന്‍സ്പെക്ടര്‍ ശങ്കുപ്പിള്ള സവര്‍ണര്‍ക്കു നേതൃത്വം നല്കി. നാടാര്‍ കുട്ടികളെ സ്കൂളില്‍ നിന്നും തുരത്തുകയും നാടാര്‍ സ്ത്രീകളുടെ ബ്ളൌസ് വലിച്ചുകീറുകയും ചെയ്തു. റൌക്കയ്ക്കുമുകളില്‍ മേല്‍മുണ്ട് ധരിക്കാനുള്ള അവകാശത്തിനുവേണ്ടിയാണ് രണ്ടാം ഘട്ടത്തില്‍ സമരം നടന്നത്. 1859-ല്‍ കുപ്പായവും മേല്‍മുണ്ടും ധരിച്ച നാടാര്‍ സ്ത്രീകളെ സവര്‍ണര്‍ ആക്രമിച്ചു. 1859 ജനു. 4-ന് വൈദ്യലിംഗംപിള്ള എന്ന സവര്‍ണന്റെ നേതൃത്വത്തില്‍ നാഗര്‍കോവിലില്‍ അക്രമം നടന്നു.

നെയ്യാറ്റിന്‍കര ചന്തയില്‍ ഒരു നാടാര്‍ സ്ത്രീയുടെ ബ്ളൗസ് കീറിയ നായര്‍ പ്രമാണിയെ കോടതി ശിക്ഷിച്ചു. നിസ്സാരമായ പിഴയാണ് ശിക്ഷ. അയാള്‍ കുറ്റം ആവര്‍ത്തിച്ചു. രണ്ടാംമുണ്ട് ധരിച്ചാല്‍ റൗക്കകൂടി കീറുക എന്നതായി പരിപാടി. കോട്ടാറില്‍ ലഹള വ്യാപകമായി. 1859 ജനു. 7-ന് കുമാരപുരത്ത് ലഹള രൂക്ഷമായി. അവിടെ നാടാര്‍ സ്ത്രീകളെ നഗ്നരാക്കി വഴി നടത്തി. ചെമ്പന്‍വിളയില്‍ ലഹളയ്ക്ക് താണുമുത്തുപിള്ള എന്ന സവര്‍ണന്‍ നേതൃത്വം നല്കി. മൈലാടി, ആറാലുംമൂട്, തിട്ടവിള, ആണ്ടിത്തോപ്പ് എന്നിവിടങ്ങളിലും സമരം രൂക്ഷമായി. കളിയിക്കാവിളയില്‍ സ്ത്രീകള്‍ പള്ളിയില്‍ അഭയംതേടിയപ്പോള്‍ സവര്‍ണര്‍ പള്ളി കത്തിച്ചു. പാറശ്ശാലയില്‍ ഒരു പൊലീസ് സര്‍ജന്റ് ആണ് ലഹളയ്ക്ക് നേതൃത്വം നല്കിയത്. കോട്ടാറില്‍ ചിന്ന നാടാരുടെ നേതൃത്വത്തില്‍ സംഘടിച്ച് സവര്‍ണരെ നേരിട്ടു. ‌ ദക്ഷിണ തിരുവിതാംകൂറിലാകമാനം വ്യാപിച്ച ഈ സമരം സവര്‍ണ ഹിന്ദുക്കളെ രോഷാകുലരാക്കിത്തീര്‍ത്തു. അവര്‍ കൂട്ടംചേര്‍ന്ന് നാടാര്‍ സമുദായത്തിലെ സ്ത്രീപുരുഷന്മാരെ കാണുന്നിടത്തുവച്ച് ഉപദ്രവിക്കുവാന്‍ തുടങ്ങി. 1858 ഡി. 27-ന് രാത്രി മേക്കാട് എന്ന സ്ഥലത്തെ കുരിശുപള്ളി തീവച്ചുനശിപ്പിച്ചു. 30-ന് ചന്തയില്‍വച്ച് ഒരു സംഘട്ടനമുണ്ടായി. അന്നേദിവസം രാത്രിതന്നെ നാഗര്‍കോവിലിലെ കുരിശുപള്ളിയും റസിഡന്‍സി ബംഗ്ലാവും അഗ്നിക്കിരയായി. 11 മുതല്‍ 16 വരെ രണ്ടുകുരിശുപള്ളികളും രണ്ട് മിഷന്‍ പള്ളിക്കൂടങ്ങളും തീവച്ചു. ഈ ലഹളയില്‍ പങ്കുകൊള്ളുന്നതിനായി തിരുനെല്‍വേലി, മധുര മുതലായ സ്ഥലങ്ങളില്‍നിന്നും അനവധി നാടാര്‍ യുവജനങ്ങള്‍ വന്നിരുന്നു. പദ്മനാഭപുരത്ത് എത്തിയ ദിവാന്‍ജിയെ സമീപിച്ച നാടാര്‍, ശൂദ്രര്‍, ലബ്ബമാര്‍ മുതലായവര്‍ തമ്മില്‍ത്തമ്മില്‍ കുറ്റാരോപണം നടത്തി. അതിനെത്തുടര്‍ന്ന് ഗവണ്‍മെന്റില്‍ നിന്നും ഒരു വിളംബരം പ്രസിദ്ധംചെയ്തു. അതിനാല്‍ അല്പദിവസം സമരം ശമിച്ചിരുന്നു. എന്നാല്‍ കോട്ടാറ്റ് സമരം നടന്ന ഉടനെ സൈന്യത്തെ ബലപ്പെടുത്തണമെന്നും ഒരു സംഘം നായര്‍ പട്ടാളത്തെ അയച്ചു തരണമെന്നും ഡെപ്യൂട്ടി പേഷ്കാര്‍ ശങ്കുണ്ണി മേനോന്‍ ആവശ്യപ്പെട്ടതിന്‍പ്രകാരം സൈന്യത്തെയും നായര്‍ പട്ടാളത്തെയും ലഹളസ്ഥലങ്ങളിലേക്ക് നിയോഗിച്ചു. അവര്‍ ചുറ്റിനടന്ന് സമരത്തലവന്മാരെ പിടിച്ച് വിചാരണ ചെയ്ത് ശിക്ഷിച്ചു.

1859 ജൂല. 26-ന് (കൊ.വ. 1034) ഉത്രംതിരുനാള്‍ പുറപ്പെടുവിച്ച വിളംബരത്തില്‍ ക്രിസ്തുമതത്തില്‍ ചേര്‍ന്നിരുന്ന നാടാര്‍ സ്ത്രീകളെപ്പോലെ എല്ലാ മതത്തിലുള്ള നാടാര്‍ സ്ത്രീകളും കുപ്പായമിട്ടുകൊള്ളുകയോ മുക്കുവത്തികളെപ്പോലെ കെട്ടുശീല കെട്ടികൊള്ളുകയോ മേല്‍ജാതി സ്ത്രീകളെപ്പോലെയല്ലാതെ ഏതുവിധത്തിലെങ്കിലും മാറുമറച്ചു കൊള്ളുകയോ ചെയ്യണമെന്ന് ആഹ്വാനം ചെയ്തു. ഇതിനുശേഷം ഹിന്ദുക്കളായ നാടാര്‍ സ്ത്രീകളും ബ്ളൗസ് ധരിക്കാം, എന്നാല്‍ അത് സവര്‍ണരുടേതുപോലെയാകരുത് എന്നും എല്ലാ നാടാര്‍ സ്ത്രീകള്‍ക്കും മേല്‍മുണ്ടാവാം എന്നുമുള്ള സ്ഥിതി വന്നു.

അതിനെത്തുടര്‍ന്ന് ഈ സമരത്തിന്റെ പ്രതിധ്വനി മദ്രാസ് ഗവര്‍ണരായ സര്‍ ചാള്‍സ് ടി. വില്യമിന്റെ അടുത്തുമെത്തി. അദ്ദേഹം തിരുവിതാംകൂര്‍ ഗവണ്‍മെന്റിനെ അതികഠിനമായി ശാസിച്ച് റസിഡന്റിന് ഒരു കത്തയച്ചു. മാത്രമല്ല, അന്ന് മദ്രാസില്‍ ചെന്നിരുന്ന അസിസ്റ്റന്റ് റസിഡന്റ് മേജര്‍ ഡ്രൂറിയേയും അദ്ദേഹം ശാസിച്ചു. മേല്‍മുണ്ടുസമരത്തിന് കേരളത്തിന്റെ സ്ത്രീമുന്നേറ്റ ചരിത്രത്തില്‍ സവിശേഷ സ്ഥാനമാണുള്ളത്. പുരുഷ വരേണ്യ വര്‍ഗങ്ങളാല്‍ വിലക്കപ്പെട്ടുവന്നിരുന്ന വസ്ത്രധാരണാവകാശം സ്ഥാപിച്ചെടുക്കുന്നതിനായി കേരളത്തില്‍ ആദ്യമുയര്‍ന്ന പെണ്‍പോരാട്ടം എന്ന നിലയിലാണ് ഇന്നത് വിലയിരുത്തപ്പെടുന്നത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%BE%E0%B4%9F%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍