This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഗാലന്‍ഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

നാഗാലന്‍ഡ്

Nagaland

ഒരു ഉത്തര-പൂര്‍വേന്ത്യന്‍ സംസ്ഥാനം. ഇന്ത്യയിലെ 16-ാമത് സംസ്ഥാനമായി 1963 ഡി. 1-നാണ് നാഗാലന്‍ഡ് സംസ്ഥാനം രൂപീകൃതമായത്. ഉത്തര അക്ഷാംശം 25°6' -നും, 27°4'നും പൂര്‍വ രേഖാംശം 93°20'-നും 95°15'-നും ഇടയില്‍ സ്ഥിതിചെയ്യുന്ന സംസ്ഥാനത്തിന്റെ വിസ്തീര്‍ണം 16,579 ച.കി.മീ.; ജനസംഖ്യ: 19,88,636 (2001); ജനസാന്ദ്രത: 120/ച.കി.മീ. (2001); സാക്ഷരത: 67.11 ശതമാനം (2001); തലസ്ഥാനം: കൊഹിമ; അതിരുകള്‍: വ.-അരുണാചല്‍ പ്രദേശ്, അസം സംസ്ഥാനങ്ങള്‍, കി.-മ്യാന്‍മര്‍, തെ.-മണിപ്പൂര്‍ സംസ്ഥാനം, പ.-അസം സംസ്ഥാനം.

Image:Nagaland_map.png

ഭരണസൗകര്യാര്‍ഥം നാഗാലന്‍ഡ് സംസ്ഥാനത്തെ ലോങ്ലെങ് (longleng), പെരെന്‍ (Peren), കൊഹിമ (Kohima), ഫേക് (Phek), മോകോക്ചങ് (Mokokchung), വോഖ (Wokha), സുന്‍ഹെബോടോ (Zunheboto), തുയെന്‍സാങ് (Tuensang), മോണ്‍ (Mon), ദിമാപൂര്‍ (Dimapur), കിഫിര്‍ (Kiphire) എന്നീ 11 ജില്ലകളായി വിഭജിച്ചിരിക്കുന്നു.


ഭൂപ്രകൃതി

പരമാവധി 255 കി.മീ. നീളവും 145 കി.മീ. വീതിയും നാഗാലന്‍ഡ് സംസ്ഥാനത്തിനുണ്ട്. പൊതുവേ ഒരു പര്‍വതപ്രദേശമാണിത്. 900-1200 മീ. ഉയരമുള്ള നിരവധി ഗിരിശൃംഗങ്ങള്‍ ഈ സംസ്ഥാനത്തില്‍ കാണാം. തുയെന്‍സാങ് ജില്ലയിലെ സരാമതി (Saramati)യാണ് ഏറ്റവും ഉയര(3840 മീ.)മുള്ള പ്രദേശം. സംസ്ഥാനത്തെ ബറെയ്ല്‍ (Barail), ജാപ്ഫു (Japfu) നിരകളാണ് നദികളുടെ മുഖ്യ നീര്‍വാര്‍ച്ചാപ്രദേശങ്ങളായി വര്‍ത്തിക്കുന്നത്.

നാഗാലന്‍ഡിനും മ്യാന്‍മറിനുമിടയില്‍ നൈസര്‍ഗികാതിര്‍ത്തിയായി വര്‍ത്തിക്കുന്ന മലനിരകളിലാണ് സരാമതി ശൃംഗത്തിന്റെ സ്ഥാനം.

ഭൂവിജ്ഞാനീയപരമായി ടെര്‍ഷ്യറി ശിലാപാളികളാലാണ് നാഗാലന്‍ഡിലെ പര്‍വതനിരകള്‍ രൂപീകൃതമായിട്ടുള്ളത്. മലഞ്ചെരിവുകള്‍ നിബിഡവനങ്ങളാല്‍ ആവൃതമാണ്.

കാലാവസ്ഥ

സുഖകരമായ കാലാവസ്ഥയാണ് നാഗാലന്‍ഡില്‍ അനുഭവപ്പെടുന്നത്. കനത്ത മഴ കാലാവസ്ഥയുടെ പ്രത്യേകതയാണ്. മേയ് മുതല്‍ ആഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴ ലഭിക്കുന്നു. സെപ്., ഒ. മാസങ്ങളില്‍ ഇടയ്ക്കിടെ മഴ ലഭിക്കാറുണ്ട്. ന. മുതല്‍ ഏ. വരെയുള്ള മാസങ്ങളില്‍ വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. വേനല്‍ താപനില: 16-31°C മഞ്ഞുകാലത്തെ താപനില: 4°-24°C ശരാശരി വാര്‍ഷിക വര്‍ഷപാതം: 2000-2500 മി.മീ. മഞ്ഞുമാസങ്ങളില്‍ സംസ്ഥാനത്തെ ഉയരം കൂടിയ പ്രദേശങ്ങള്‍ ഹിമാവൃതമാവുക പതിവാണ്. ഫെ.-മാ. മാസങ്ങളില്‍ ഇവിടെ വടക്കു-പടിഞ്ഞാറന്‍ കാറ്റ് ശക്തിയായി വീശുന്നു.

ജലസമ്പത്ത്

ഹിമാലയപര്‍വതത്തിന്റെ സാമീപ്യവും കനത്ത മഴയും സംസ്ഥാനത്തെ ജലസമ്പത്തിനെ പോഷിപ്പിക്കുന്ന ഘടകങ്ങളാണ്. പര്‍വതങ്ങളില്‍ നിന്നുദ്ഭവിക്കുന്ന നദികള്‍ മിക്കവയും ബ്രഹ്മപുത്രാനദിയുടെ പോഷകനദികളായി വര്‍ത്തിക്കുന്നു. നദീതടങ്ങളില്‍ വന്നടിയുന്ന എക്കല്‍ നിക്ഷേപങ്ങള്‍ വളക്കൂറുള്ള കൃഷിയിടങ്ങളായി മാറിയിട്ടുണ്ട്. ജലവൈദ്യുതോദ്പാദനത്തിന് ഉപയുക്തമാവുന്ന നദികള്‍ മത്സ്യസമ്പന്നങ്ങളുമാണ്. ദോയാങ് (Doyang), ദിഫു (Diphu), ബരാക് (Barak), ചിന്ത്വിന്‍ (Chindwin), ദാന്‍സിരി (Dhansiri), ഝാന്‍ജി (Jhanji) തുടങ്ങിയവയാണ് പ്രധാനനദികള്‍.

സസ്യ-ജന്തുജാലം

നാഗാലന്‍ഡ്, പ്രത്യേകിച്ചും നാഗാകുന്നുകള്‍ സസ്യ-ജന്തുജാലത്താല്‍ സമ്പന്നമാണ്. സംസ്ഥാന വിസ്തൃതിയുടെ 21 ശതമാനത്തോളം ഉഷ്ണമേഖല-ഉപോഷ്ണ മേഖലാ വനങ്ങളാല്‍ ആവൃതമായിരിക്കുന്നു. പന, മുള, മഹാഗണി തുടങ്ങി ഒട്ടനവധി വൃക്ഷങ്ങള്‍ വനങ്ങളിലുണ്ട്. കാര്‍ഷികാവശ്യങ്ങള്‍ക്കായി കാടു വെട്ടുന്ന 'ഝൂം' (Jhum) കാര്‍ഷിക രീതി ഇവിടത്തെജനവിഭാഗങ്ങള്‍ക്കിടയില്‍ നിലവിലുണ്ട്. ഇത് ഒരു പരിധിവരെ വനനശീകരണത്തിനു കാരണമാകുന്നുണ്ട്.

കടുവ, പുള്ളിപ്പുലി, ആന, മാന്‍, കാട്ടുപന്നി, കുരങ്ങ്, കാട്ടുപോത്ത്, കരടി തുടങ്ങിയ മൃഗങ്ങളാണ് നാഗാലന്‍ഡിലെ വനങ്ങളില്‍ പ്രധാനമായി കാണപ്പെടുന്നത്. വേഴാമ്പല്‍ (The great Indian Hornbill) ഈ വനങ്ങളിലെ ഒരു പ്രധാന പക്ഷിയാണ്.

ജനങ്ങളും ജീവിതരീതിയും

ഇന്തോ-മംഗളോയ്ഡ് ജനവിഭാഗത്തില്‍പ്പെട്ടവരാണ് ഇവിടുത്തെ ജനങ്ങള്‍. അങ്ഗാമി (Angami), അവോ (Avo), ചാഖെസാങ് (Chakhesang), ചാങ്(Chang), ഖിയാംനിയുങ്ഗന്‍ (Khiamniungan), കുകി (Kuki), കോന്‍യാക് (Konyak), ലോത (Lotha), ഫൊം (Phom), പോച്ചുരി (Pochury), റെങ്മ (Rengma), സൂമി (Sumi), സാങ്തം (Sangtum), യിംചുങ്ഗ്രു (Yim Chungru), സീലിയാങ് (Zeliang) എന്നീ 16 ആദിവാസി ജനവിഭാഗങ്ങളാണ് സംസ്ഥാനത്തുള്ളത്. ഓരോ ജനവിഭാഗവും തനതായ ഭാഷയും സംസ്കാരവും വസ്ത്രധാരണശൈലിയും ആചാരങ്ങളും പുലര്‍ത്തുന്നു. അനവധി ഉത്സവങ്ങള്‍ ഈ ആദിവാസി വിഭാഗങ്ങള്‍ക്കുണ്ട്. മിക്ക ആഘോഷങ്ങളും വിളവെടുപ്പുമായി ബന്ധപ്പെട്ടാണ് നടക്കുന്നത്. ഓരോ ആദിവാസി വിഭാഗത്തിനും പ്രത്യേകം പ്രത്യേകം ഉത്സവങ്ങളാണുള്ളത്.

Image:Nagaland1.png

ഇംഗ്ലീഷാണ് നാഗാലന്‍ഡിലെ ഔദ്യോഗിക ഭാഷ. ഒട്ടനവധി ആദിവാസി ഭാഷകളും ഇവിടെ പ്രചാരത്തിലുണ്ട്. ഓരോ ആദിവാസി സമൂഹത്തിനും തനതായ ഭാഷയാണുള്ളത്. ചില പ്രദേശങ്ങളില്‍ ഓരോ ഗ്രാമവും വ്യത്യസ്തമായ ഭാഷ ഉപയോഗിക്കുന്നു. മിക്കവാറും എല്ലാ ഭാഷകളും തിബത്തോ-ബര്‍മ ഭാഷാകുടുംബത്തില്‍ ഉള്‍പ്പെടുന്നവയാണ്. 2001-ലെ കണക്കനുസരിച്ച് 67.11 ശ.മാ. ആയിരുന്നു സംസ്ഥാനത്തെ സാക്ഷരതാ നിരക്ക്. ഒരു സര്‍വകലാശാലയും 40 ഓളം കോളജുകളും സംസ്ഥാനത്തുണ്ട്.

Image:nagatratra house3.png

പാട്ടും നൃത്തവും നാഗാജീവിതവുമായി ഇഴപിരിക്കാനാവാത്തവിധം ബന്ധപ്പെട്ടിരിക്കുന്നു. പൂര്‍വികരെയും ധീരോദാത്ത പ്രവൃത്തികള്‍, സൗന്ദര്യം, സ്നേഹം, ദയ തുടങ്ങിയ ഗുണശീലങ്ങളെയും പ്രകീര്‍ത്തിക്കുന്നവയാണ് ഇവിടത്തെ നാടോടി നൃത്ത-സംഗീത-നൃത്യങ്ങള്‍. തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് ഇവ കൈമാറ്റം ചെയ്യപ്പെടുന്നു. ഓരോ ഉത്സവവുമായി ബന്ധപ്പെട്ട് പ്രത്യേകം നൃത്തങ്ങളാണ് അരങ്ങേറുന്നത്. ആഘോഷവേളകളില്‍ ജനങ്ങളൊത്തുകൂടി പാട്ടുപാടി നൃത്തം ചെയ്യുകയും, ആഹാരം പങ്കിടുകയും ചെയ്യാറുണ്ട്. സെക്രേന്‍യി (sekrenyi), മൊയാത്സു (Moatsu), തോഖു (Tokhu), എമോങ് (Emong), തുലുനി (Tuluni) എന്നിവ ഇവിടുത്തെ പ്രധാന ഉത്സവങ്ങളാണ്.

ഗതാഗതം

കര-വ്യോമ ഗതാഗതമാര്‍ഗങ്ങള്‍ക്കാണ് സംസ്ഥാനത്ത് പ്രാധാന്യം ലഭിച്ചിട്ടുള്ളത്. ദേശീയപാത, സംസ്ഥാന പാത, മറ്റു റോഡുകള്‍ എന്നിവയുള്‍പ്പെടെ ഏകദേശം 9860 കി.മീ. ദൈര്‍ഘ്യമുള്ള റോഡുകള്‍ സംസ്ഥാനത്തുണ്ട്. ദിമാപൂര്‍ ആണ് പ്രധാന വിമാനത്താവളം. സംസ്ഥാനത്തെ പ്രധാന റെയില്‍ ടെര്‍മിനലും കൂടിയാണിത്.

സമ്പദ്ഘടന

കാര്‍ഷിക മേഖലയ്ക്ക് മുന്‍തൂക്കമുള്ള സംസ്ഥാനമാണ് നാഗാലന്‍ഡ്. ജനസംഖ്യയുടെ 70 ശ.മാ.ത്തോളം കൃഷിയെ ആശ്രയിക്കുന്നു. സംസ്ഥാന-സമ്പദ്ഘടനയിലും കാര്‍ഷിക മേഖല നിര്‍ണായകമായൊരു പങ്കു വഹിക്കുന്നുണ്ട്. നെല്ലാണ് സംസ്ഥാനത്തെ മുഖ്യവിള. ചോളം, പയറുവര്‍ഗങ്ങള്‍, റബ്ബര്‍, തേയില തുടങ്ങിയ മറ്റുവിളകളും ഇവിടെ കൃഷിചെയ്യപ്പെടുന്നു. മൊത്തം കൃഷിയിടങ്ങളുടെ 70 ശതമാനത്തോളം വ്യാപിച്ചിരിക്കുന്നത് നെല്‍ക്കൃഷിയാണ്. സംസ്ഥാനത്തിലെ ഭക്ഷ്യോത്പാദനത്തിന്റെ ഏകദേശം 75 ശതമാനം നെല്‍ക്കൃഷിയില്‍ നിന്നാണ് ലഭിക്കുന്നത്.

Image:Nagaland handicraft.png

വനങ്ങള്‍ വെട്ടിത്തെളിച്ച് കൃഷിയിറക്കുകയും ആ പ്രദേശത്തിന്റെ വളക്കൂറ് നഷ്ടപ്പെടുമ്പോള്‍ മറ്റ് പ്രദേശങ്ങളിലേക്ക് കൃഷി മാറ്റുകയും ചെയ്യുന്ന കൃഷിസമ്പ്രദായ (Slash & burn)മാണ് ഇവിടെ പ്രചാരത്തിലുള്ളത്. പ്രാദേശികമായി ഈ രീതി 'ഝൂം' (Jhum) എന്ന പേരില്‍ അറിയപ്പെടുന്നു.

വ്യാവസായികമായി അവികസിതമായ ഒരു സംസ്ഥാനമാണ് നാഗാലന്‍ഡ്. വ്യാവസായിക വികസനത്തിന് ഊന്നല്‍ നല്‍കുന്ന പദ്ധതികള്‍ സംസ്ഥാനം ആവിഷ്കരിച്ചുവരുന്നു. നാഗാലന്‍ഡ് വ്യാവസായിക വികസന കോര്‍പ്പറേഷന്‍ (The Nagaland Industrial Development Corporation) സംരംഭകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളും മൂലധനസഹായവും ലഭ്യമാക്കുന്ന പ്രധാന സ്ഥാപനമാണ്. നാഗാലന്‍ഡ് മെക്കനൈസ്ഡ് ബ്രിക്സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ദിമാപൂര്‍), ദിമാപൂരിനു സമീപമുള്ള ഗണേഷ് നഗറിലെ വ്യാവസായിക വികസന കേന്ദ്രം (Industrial Growth Centre) എന്നിവ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു.

Image:Nagaland Hornbill Festival - Drummers.png

കരകൗശല-കുടില്‍ വ്യവസായങ്ങള്‍ക്ക് സംസ്ഥാനത്ത് സുപ്രധാനമായൊരു സ്ഥാനമുണ്ട്. കൈത്തറിയാണ് പ്രധാന കുടില്‍ വ്യവസായം. സഹകരണ സംഘങ്ങള്‍ നേതൃത്വം നല്‍കുന്ന കൈത്തറി വ്യവസായകേന്ദ്രങ്ങള്‍ സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്നു. സംസ്ഥാന ഉടമയിലുള്ള 'ദ നാഗലന്‍ഡ് ഹാന്‍ഡ്ലൂം ആന്‍ഡ് ഹാന്‍ഡിക്രാഫ്റ്റ്സ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്' (The Nagaland Handloom and Handicrafts Development Corporation Ltd.) ദിമാപൂര്‍ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. കൈത്തറി-കരകൗശല ഉത്പന്നങ്ങള്‍ക്ക് ഉത്പാദന-വിതരണരംഗത്ത് പുരോഗതി സാധ്യമാക്കുകയാണ് ഈ സ്ഥാപനത്തിന്റെ മുഖ്യലക്ഷ്യം. പഴം-പച്ചക്കറിയുടെ ഒരു സംസ്കരണപ്ളാന്റും, സംഭരണകേന്ദ്രവും ദിമാപൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നുണ്ട്.

ഗ്രാമങ്ങള്‍ നൂറുശതമാനം വൈദ്യുതീകരിക്കാന്‍ നാഗാലന്‍ഡിനു കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ വിദൂരഗ്രാമങ്ങളില്‍പ്പോലും വൈദ്യുതി എത്തിയിട്ടുണ്ട്. വന്‍കിട-ഇടത്തരം ജലവൈദ്യുത പദ്ധതികളൊന്നും തന്നെ നാഗാലന്‍ഡ് സംസ്ഥാനത്തില്ല. ചെറിയ നദികളിലെ ജലം കൃഷിടിയങ്ങളിലെത്തിക്കുന്ന ജലസേചന മാര്‍ഗങ്ങളാണ് ഇവിടെ പ്രാബല്യത്തിലുള്ളത്. സു. 932310 ഹെക്ടര്‍ കൃഷിയിടങ്ങളില്‍ ജലസേചനം സാധ്യമായിട്ടുണ്ട്.

വിനോദസഞ്ചാരം സംസ്ഥാനത്തെ സമ്പദ്ഘടനയെ നിര്‍ണായകമായി സ്വാധീനിക്കുന്ന ഒരു ഘടകമാണ്. വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന 'ഹോണ്‍ബില്‍ ഫെസ്റ്റിവല്‍' (Hornbill Festival)ഡിസംബര്‍ ആദ്യവാരം അരങ്ങേറുന്നു. നാഗാലന്‍ഡിലെ എല്ലാ ആദിവാസി സമൂഹങ്ങളും ഇതോടനുബന്ധിച്ച് ഒത്തുകൂടി തങ്ങളുടെ കരകൌശല ഉത്പന്നങ്ങളുടെയും ആഹാരസാമഗ്രികളുടെയും പാത്രങ്ങളുടെയും പ്രദര്‍ശനമൊരുക്കുന്നു. കൊഹിമ ജില്ലയിലെ ടൂഫേമ (Touphema) യില്‍ ഫെ. 26, 27 തീയതികളില്‍ നടക്കുന്ന സെക്രേന്‍യി (Sekrenyi), പോങ്യോഗില്‍ ഏപ്രില്‍ 1-3 തീയതികളില്‍ നടക്കുന്ന മോന്‍യു (Monyu), മൊകോത്ചന്ദ് ജില്ലയിലെ ചുചുയിംലാങ്ങില്‍ (chuchumiy lang) മേയ് ഒന്നുമുതല്‍ മൂന്നുവരെ അരങ്ങേറുന്ന മോവാത്സു (Moatsu) എന്നിവ മറ്റു പ്രധാന ഉത്സവങ്ങളാണ്.

സംസ്ഥാനത്തിന്റെ ഏതാണ്ട് 8,35,436 ഹെക്ടര്‍ പ്രദേശത്താണ് വനങ്ങളുള്ളത്. കൊഹിമ ജില്ലയിലെ ഇന്‍താങ്ഗി (Intanki), പുലീബാഡ്സെ (Puliebadze), തുയെന്‍സാങ് ജില്ലയിലെ ഫാകിം (Fakim), ദിമാപൂരിലെ റങ്ഗപഹാര്‍ (Rangapahar) എന്നിവ സംസ്ഥാനത്തെ വന്യസംരക്ഷണ-ദേശീയ ഉദ്യാനങ്ങളാണ്.

ഭരണസംവിധാനം

നിയമനിര്‍മാണം, ഭരണനിര്‍വഹണം, നീതിന്യായം എന്നീ മൂന്നു ഘടകങ്ങള്‍ അടങ്ങിയതാണ് നാഗാലാന്‍ഡിലെ ഭരണസംവിധാനം. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേതുപോലെ ഗവര്‍ണറും നിയമസഭയും ചേര്‍ന്നാണ് നിയമനിര്‍മാണം നിര്‍വഹിക്കുന്നത്. ഗവര്‍ണറും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയും ചേര്‍ന്നതാണ് നിര്‍വാഹകഘടകം. ഗവര്‍ണറാണ് ഭരണഘടനയനുസരിച്ച് സംസ്ഥാനത്തിന്റെ ഭരണത്തലവന്‍. അറുപത് അംഗങ്ങളുള്ള ഏക മണ്ഡലഅസംബ്ളിയാണ് നാഗാലന്‍ഡിലേത്. നീതിന്യായ നിര്‍വഹണത്തിന്റെ ചുമതല ജസ്റ്റിസ് ഡിപ്പാര്‍ട്ടുമെന്റിനാണ്. ദേശീയ കക്ഷികള്‍ക്കുപുറമേ നാഗാ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടി, നാഗാലന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട്, ജനതാദള്‍ (യു) തുടങ്ങിയ രാഷ്ട്രീയകക്ഷികളും നാഗാലന്‍ഡില്‍ പ്രബലമാണ്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായ സാമൂഹികാവസ്ഥയാണ് നാഗാലന്‍ഡില്‍ നിലനില്ക്കുന്നത്. അതുകൊണ്ട് ഗോത്രജനസമൂഹങ്ങളുടെ സവിശേഷ സാമൂഹിക സാംസ്കാരിക സംരക്ഷണാര്‍ഥം നാഗാലന്‍ഡ് സംസ്ഥാനത്തിന് ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 371 A പ്രകാരമുള്ള പ്രത്യേക അധികാരം നല്കിയിരിക്കുന്നു.

ചരിത്രം

ലിഖിത രേഖകളുടെ അഭാവം മൂലം നാഗാലന്‍ഡിന്റെ പ്രാക് ചരിത്രത്തെപ്പറ്റിയുള്ള വിവരണങ്ങള്‍ പരിമിതമാണ്. അയല്‍രാജ്യമായ കാമരൂപത്തിലെ (അസം) അഹം രാജാക്കന്മാരുടെ ഏടുകളില്‍ നാഗന്മാരെക്കുറിച്ചുള്ള ചില പരാമര്‍ശങ്ങള്‍ കാണാം.13-ാം ശ.-ത്തിലാണ് അഹം വംശത്തിന്റെ സ്ഥാപകനായ സകേഫ ബര്‍മയില്‍ നിന്നും അസമിലെത്തുന്നത്. രാജ്യത്തിന്റെ വിസ്തൃതി കൂട്ടാനുള്ള ഇദ്ദേഹത്തിന്റെ ശ്രമങ്ങള്‍ നാഗന്മാരുമായുള്ള നിരന്തര പോരാട്ടങ്ങള്‍ക്ക് വഴിതെളിച്ചതായി ചില ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. 17-ാം ശ.-ത്തിന്റെ ആരംഭത്തോടെ അഹം രാജവംശം നാഗന്മാരുടെ മേല്‍ ആധിപത്യം നേടി.

അഹം ഭരണം ദുര്‍ബലമായതോടെ അവരുടെ ആധിപത്യത്തില്‍ നിന്നും നാഗന്മാര്‍ മോചനം നേടിയത് 19-ാം ശ.-ത്തിലാണ്. അസം ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായ (1826) ശേഷമുള്ള നാഗാചരിത്രം ബ്രിട്ടീഷുകാരുമായി ബന്ധപ്പെട്ടു കിടക്കുന്നു. ചരിത്രകാരന്മാര്‍ ആംഗ്ളോ-നാഗാ കാലഘട്ടത്തെ മൂന്നായി വിഭജിച്ചിരിക്കുന്നു. നാഗന്മാരുടെ ആക്രമണങ്ങളില്‍ നിന്നും അസം ജനതയെ പരിരക്ഷിക്കുന്നതിനുവേണ്ടി നാഗന്മാരുമായി നിരന്തരം പോരാട്ടത്തിലേര്‍പ്പെട്ടിരുന്ന ഒന്നാം കാലഘട്ടം (1832-50), നാഗന്മാരുടെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെടാതിരിക്കുക എന്ന നയം ബ്രിട്ടീഷുകാര്‍ സ്വീകരിച്ച രണ്ടാം കാലഘട്ടം (1851-65), 'വിട്ടു നില്ക്കല്‍' നയം അവസാനിപ്പിച്ച് ബ്രിട്ടീഷുകാര്‍ ക്രമേണ തങ്ങളുടെ സ്വാധീനമണ്ഡലം വിപുലപ്പെടുത്തുകയും ഒടുവില്‍ നാഗാകുന്നുകളെ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമാക്കുകയും ചെയ്ത മൂന്നാം കാലഘട്ടം (1861-81) എന്നിവയാണവ.

1881-ല്‍ ബ്രിട്ടീഷുകാര്‍ നാഗാഹില്‍സ് ജില്ലയ്ക്കു രൂപംനല്കി അതിനെ അസമിനോടു കൂട്ടിച്ചേര്‍ത്തു. (സ്വാതന്ത്ര്യ ലബ്ധിക്കുശേഷം 1957-വരെ അസമിന്റെ ഭാഗമായിട്ടാണ് നാഗാഹില്‍ ഡിസ്ട്രിക്റ്റ് നിലനിന്നത്.)

ഒരു കാലത്തും തങ്ങള്‍ ഇന്ത്യയുടെ ഭാഗമായിരുന്നില്ല എന്ന് വാദിക്കുകയും സ്വതന്ത്ര നാഗാരാജ്യത്തിനുവേണ്ടി നിലകൊള്ളുകയും ചെയ്ത നാഗന്മാരുടെ നിലപാട് 1950-കളെ പ്രക്ഷുബ്ധമാക്കി. ഇന്ത്യാഗവണ്‍മെന്റിനെതിരെ കലാപക്കൊടിയുയര്‍ത്തിയ, വ. കിഴക്കന്‍ മേഖലയിലെ ആദ്യത്തെ ഗോത്രവര്‍ഗക്കാരായിരുന്നു നാഗന്മാര്‍. വ. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മൊത്തത്തില്‍ വിഘടനവാദം ശക്തമായിരുന്നെങ്കിലും നാഗാലന്‍ഡിലേത് 'സര്‍വകലാപങ്ങളുടെയും മാതാവ്' എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. തീവ്രവാദസംഘടനയായ നാഗാ നാഷണല്‍ കൗണ്‍സിലിന്റെ (എന്‍.എന്‍.സി.) നേതൃത്വത്തിലുള്ള സമാന്തര സര്‍ക്കാര്‍ സ്ഥാപിതമായ 1956-ല്‍ത്തന്നെ കേന്ദ്രഗവണ്‍മെന്റ് വിമത നീക്കത്തെ സൈനികമായി അടിച്ചമര്‍ത്തിയ സാഹചര്യത്തില്‍ എന്‍.എന്‍.സി. നേതാവ് ഫിസോ ലണ്ടനിലേക്ക് പ്രവര്‍ത്തനം മാറ്റി. ഇതിനിടെ കടുത്ത നിലപാട് ഉപേക്ഷിച്ച നാഗാഗ്രൂപ്പുകളില്‍ ചിലര്‍ കേന്ദ്രഗവണ്‍മെന്റുമായി എത്തിച്ചേര്‍ന്ന ധാരണപ്രകാരം അസമിലെ നാഗാ ഹില്‍സ് ജില്ലയും വടക്കുകിഴക്കന്‍ മേഖലയിലെ തുയെന്‍സാങ് ഡിവിഷനും ചേര്‍ത്ത ഭൂവിഭാഗം കേന്ദ്രഭരണപ്രദേശമായി നിലവില്‍ വന്നു. ഇന്ന് നാഗാലന്‍ഡ് എന്ന് അറിയപ്പെടുന്ന ഈ പ്രദേശത്തിന് (നാഗാഹില്‍സ്-തുയെന്‍സാങ്) 1963-ല്‍ സംസ്ഥാന പദവി ലഭിച്ചെങ്കിലും വിഘടന വാദത്തില്‍ ഉറച്ചുനിന്ന എന്‍.എന്‍.സി. ഇന്ത്യാഗവണ്‍മെന്റിനെതിരെ സായുധ പോരാട്ടം തുടരുകയുണ്ടായി. ഫിസോയുടെ അനുജനായ കെല്ലിയുടെ നേതൃത്വത്തില്‍ എന്‍.എന്‍.സി.യിലെ ഒരു വിഭാഗം 1975-ല്‍ ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിക്കുവാന്‍ തയ്യാറായെങ്കിലും, ചെറിയ ഒരു വിഭാഗം ഇന്നും സ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍