This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഗാര്‍ജുനസാഗര്‍ അണക്കെട്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാഗാര്‍ജുനസാഗര്‍ അണക്കെട്ട്

Nagarjunasagar Dam

ലോകത്തിലെ ഏറ്റവും വലിയ കല്പണി ഭാരാശ്രിത (Masonry gravity) അണക്കെട്ട്. ഹൈദരാബാദില്‍ നിന്നും 150 കി.മീ. അകലെയുള്ള നാഗാര്‍ജുനസാഗര്‍ കൃഷ്ണാനദിയിലാണ് നിര്‍മിച്ചിട്ടുള്ളത്. പൗരാണികകാലത്ത് വിജയപുരി എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലം, എ.ഡി. രണ്ടാം നൂറ്റാണ്ടില്‍ അവിടെ ജീവിച്ചിരുന്ന നാഗാര്‍ജുന എന്ന ബുദ്ധസന്ന്യാസിയുടെ കാലശേഷം നാഗാര്‍ജുനസാഗര്‍ എന്നറിയപ്പെട്ടു തുടങ്ങി.

മഹാരാഷ്ട്രയിലെ മഹാബലേശ്വറില്‍ നിന്നും ഉദ്ഭവിക്കുന്ന കൃഷ്ണാനദിയിലെ ജലത്തെ ഉപയോഗപ്പെടുത്താന്‍ പര്യാപ്തമായ സംവിധാനങ്ങളൊന്നും 20-ാം നൂറ്റാണ്ടുവരെ ദക്ഷിണേന്ത്യന്‍ പ്രദേശങ്ങളില്‍ ഉണ്ടായിരുന്നില്ല. 1903-ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് ഇന്നത്തെ ആന്ധ്രപ്രദേശ് ഭാഗത്ത് ഒരു അണക്കെട്ട് നിര്‍മിക്കാനുള്ള ആദ്യ നിര്‍ദേശം ഉണ്ടായെങ്കിലും അനുയോജ്യമായ ഒരു സ്ഥലം കണ്ടെത്താനാകാതെ ആ പദ്ധതി ഉപേക്ഷിക്കപ്പെട്ടു. 1952-ല്‍ ഖോസ്ലാ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വെള്ളപ്പൊക്ക സാധ്യതാപ്രദേശങ്ങളില്‍ അണക്കെട്ടുകള്‍ നിര്‍മിക്കാന്‍ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. 1953-ല്‍ ആന്ധ്രപ്രദേശ് സംസ്ഥാനം രൂപീകൃതമാവുകയും അണക്കെട്ടിന് അനുയോജ്യമായ നാഗാര്‍ജുനസാഗര്‍ എന്ന സ്ഥലത്തെക്കുറിച്ച് ആന്ധ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.

Image:NagarjunaSagarDam.png

1955 ഡി. 10-ന് തറക്കല്ലിട്ടെങ്കിലും '66 ഫെ.-യോടെ മാത്രമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. എന്നാല്‍ ആവശ്യമായ പദ്ധതി മൂലധനത്തിന്റെയും ആധുനിക ഉപകരണ സംവിധാനങ്ങളുടെയും അപര്യാപ്തതമൂലം അണക്കെട്ട് നിര്‍മാണത്തില്‍ കോണ്‍ക്രീറ്റിനു പകരം കരിങ്കല്ലുകളാണ് ഉപയോഗിച്ചത്. അടുത്ത പ്രദേശത്തുള്ള സുങ്കേസുലാ (Sunkesula) ക്വാറികളില്‍നിന്നുമായിരുന്നു കല്ലുകള്‍ ശേഖരിച്ചത്. പദ്ധതിക്കാവശ്യമായ സിമന്റ് നിര്‍മിക്കാന്‍ മക്കേര്‍ലയില്‍ ഒരു സിമന്റ് ഫാക്ടറിയും, പ്രസ്തുത ഫാക്ടറിയെ പദ്ധതിപ്രദേശവുമായി ബന്ധിപ്പിക്കുന്ന ഒരു റെയില്‍പ്പാളവും സ്ഥാപിക്കപ്പെട്ടു. 1969-ല്‍ നിര്‍മാണം പൂര്‍ത്തിയായ അണക്കെട്ട് 1972-ല്‍ പ്രവര്‍ത്തനക്ഷമമായി. ഏകദേശം 1300 കോടി രൂപയായിരുന്നു പദ്ധതിച്ചെലവ്. 70,000-ത്തോളം തൊഴിലാളികള്‍ 13 വര്‍ഷക്കാലം നിരന്തരം കഠിനാധ്വാനം ചെയ്ത ഈ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ 160-ലധികം ആളുകള്‍ മരണമടഞ്ഞു. 52 ഗ്രാമങ്ങളിലെ 24,000-ത്തോളം ജനങ്ങളുടെ ജീവിതരീതിയെ അണക്കെട്ടിലെ ജലനിരപ്പ് പ്രതികൂലമായി ബാധിച്ചു. ഇവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ 1967-ല്‍ പൂര്‍ത്തിയായി.

124 മീറ്റര്‍ ഉയരമുള്ള അണക്കെട്ടിന്റെ ജലസംഭരണശേഷി ഏകദേശം 11,472 ദശലക്ഷം ഘനമീറ്റര്‍ വരും. ഇതില്‍ നിന്നുള്ള വെള്ളം 203 കി.മീ. നീളമുള്ള ജവഹര്‍ കനാലിലൂടെയും, 295 കി.മീ. നീളമുള്ള ലാല്‍ ബഹദൂര്‍ ശാസ്ത്രി കനാലിലൂടെയും പുറത്തേക്ക് വരുന്നു. ഇവയിലൂടെ യഥാക്രമം 1.113 ദശലക്ഷം ഏക്കര്‍ സ്ഥലത്തും, 1.03 ദശലക്ഷം ഏക്കര്‍ സ്ഥലത്തും കൃഷിക്കനുയോജ്യമായ ജലമെത്തിക്കാന്‍ കഴിയുന്നു. നാല്‍ഗൊണ്ട, പ്രകാശം, ഖമ്മം, ഗുണ്ടൂര്‍, കൃഷ്ണ എന്നീ ജില്ലകളിലെ കൃഷി ഈ ജലത്തെ ആശ്രയിച്ചാണ്. എട്ട് യൂണിറ്റുകളില്‍ നിന്നായി 815.6 മെഗാവാട്ട് വൈദ്യുതോര്‍ജമാണ് ഈ പദ്ധതിയിലൂടെ ഉത്പാദിപ്പിക്കുന്നത്.

ഇന്ന് നാഗാര്‍ജുനസാഗര്‍ ആന്ധ്രപ്രദേശിലെ പ്രധാന വിനോദസഞ്ചാര/ബുദ്ധമത തീര്‍ഥാടന മേഖലകൂടിയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍