This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഗാര്‍ജുനന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാഗാര്‍ജുനന്‍

ബൗദ്ധദാര്‍ശനികന്‍. ജീവിതകാലത്തെക്കുറിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്. വിദര്‍ഭയിലെ ഒരു ബ്രാഹ്മണകുടുംബത്തിലാണ് ജനനം. വേദശാസ്ത്രങ്ങളില്‍ അവഗാഹം നേടിയ നാഗാര്‍ജുനന്‍ മഹായാനബൗദ്ധ ദര്‍ശനത്തില്‍ ആകൃഷ്ടനായി. സുഹൃല്ലേഖ എന്ന തന്റെ കൃതിയില്‍ ബൗദ്ധതത്ത്വദര്‍ശനങ്ങള്‍ ക്രോഡീകരിച്ചിട്ടുണ്ട്. ഈ ദര്‍ശനത്തെ മാധ്യമിക ദര്‍ശനം എന്നപേരിലും വ്യവഹരിച്ചിരുന്നു. ഇദ്ദേഹം നാഗാര്‍ജുനകൊണ്ടയില്‍ സ്ഥാപിച്ച വിദ്യാപീഠം ഗുരുകുലസമ്പ്രദായത്തിന് വിശിഷ്ട മാതൃകയായിരുന്നു.

Image:Nagarjun.png

ഇദ്ദേഹത്തിന്റെ മുഖ്യകൃതിയായ മൂലമധ്യമകാരിക മാധ്യമിക ദര്‍ശനത്തിന്റെ അന്തസ്സത്ത വിശദമാക്കുന്നു. നാഗാര്‍ജുനന്റെ മതമനുസരിച്ച് ജ്ഞാതാവും (അറിയുന്ന ആള്‍) ജ്ഞേയവും (അറിയപ്പെടേണ്ട വസ്തു) ഇല്ല. ജ്ഞാനം (അറിവ്) മാത്രമേയുള്ളു. ഏതുവസ്തുവിനും ഒരു നിമിഷം മാത്രമേ അസ്തിത്വമുള്ളു. എല്ലാറ്റിലും ശൂന്യഭാവമാണ് ഇദ്ദേഹം ഉന്നയിച്ചിരുന്നത്. ഓരോവസ്തുവും അനുനിമിഷം പരിണമിക്കുന്നതിനാല്‍ ഒന്നിനും ഇദ്ദേഹം ശാശ്വതമായ അസ്തിത്വം കല്പിച്ചിട്ടില്ല. ബാഹ്യവസ്തുക്കള്‍ സൃഷ്ടിക്കുന്ന മനസ്സിലെ പ്രതികരണം മൂലമാണ് നമുക്ക് ഓരോ വസ്തുവിനെയും അറിയാന്‍ കഴിയുന്നത്. അതിനാല്‍ത്തന്നെ അറിവു മാത്രമേ സത്യമായുള്ളൂവെന്നാണ് ഇദ്ദേഹത്തിന്റെ മതം.

405-ല്‍ കുമാരജീവന്‍ പരിഭാഷപ്പെടുത്തിയ ചൈനീസ് രേഖകളില്‍ നിന്നുമാണ് നാഗാര്‍ജുനനെപ്പറ്റി ഭാരതീയര്‍ക്ക് ബൗദ്ധദാര്‍ശനികന്‍.അറിവ് ലഭിക്കുന്നത്. നാഗാര്‍ജുനന്‍ രചിച്ചതെന്ന് വിശ്വസിക്കുന്നതും ചൈനീസ് ഭാഷയില്‍ ലഭ്യമായിട്ടുള്ളതുമായ കൃതികള്‍ വിഗ്രഹവ്യാവര്‍ത്തിനി, മഹാപ്രജ്ഞ, ദ്വിദശദ്വാരശാസ്ത്രം എന്നിവയാണ്. ഇദ്ദേഹമാണ് മൃതസഞ്ജീവനി ഔഷധത്തിന്റെ ശക്തി കണ്ടെത്തിയത് എന്ന വിശ്വാസവും നിലവിലുണ്ട്. ബൗദ്ധമതസ്ഥരും, ബൗദ്ധസാഹിത്യരചയിതാക്കളും നാഗാര്‍ജുനന് പ്രാമാണികസ്ഥാനം കല്പിച്ചുപോരുന്നു.

ശ്രീബുദ്ധന്റെ വൈരുധ്യാത്മകവാദത്തെ രക്ഷിക്കാന്‍ ശ്രമം നടത്തിയ ഇദ്ദേഹം നാഗാര്‍ജുനകൊണ്ടയില്‍ തന്റെ പ്രവര്‍ത്തനമേഖല കേന്ദ്രീകരിച്ച് ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശരാജ്യങ്ങളിലും മഹായാനതത്ത്വസംഹിത പ്രചരിപ്പിച്ചിരുന്നു. ശൂന്യത എന്നറിയപ്പെട്ട നൂതന ആശയം അവതരിപ്പിച്ചത് ശ്രീബുദ്ധന്റെ തുടക്കത്തിലുള്ള 'ആശ്രിതോത്പത്തി സിദ്ധാന്ത'ത്തിന്റെ രൂപഭേദം മാത്രമാണ് എന്നാണ് ചില പണ്ഡിതന്മാര്‍ വിലയിരുത്തുന്നത്.

ശ്രീബുദ്ധനെപ്പോലെ നാഗാര്‍ജുനനും തന്റെ തത്ത്വങ്ങളെ മാധ്യമികവാദം, മധ്യമമാര്‍ഗപ്രമാണം എന്നിങ്ങനെ വ്യവഹരിച്ചുപോന്നു. വസ്തുനിഷ്ഠലോകത്തെ ഇദ്ദേഹം ഖണ്ഡിതമായി നിഷേധിക്കുകയോ സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. സത്യം ആപേക്ഷികമാണെന്നും അമൂര്‍ത്തമല്ലാത്ത ഓരോന്നും നിശ്ചിതമായ പരിധിക്കുള്ളിലാണെന്നും പരിധിക്കപ്പുറമാകുമ്പോള്‍ അത് അസത്യമാകുമെന്നും നാഗാര്‍ജുനന്‍ സിദ്ധാന്തിച്ചു. ലൗകികപ്രപഞ്ചം ലൗകികജ്ഞാനത്തിന്റെ പരിധിയില്‍ സത്യവും (സംവൃതിസത്യം) ഭൗതികാതീത നിരീക്ഷണത്തില്‍ അസത്യവും (പരമാര്‍ഥസത്യവും) ആണെന്നാണ് ഇദ്ദേഹം അഭിപ്രായപ്പെടുന്നത്.

മഹായാനമതത്തിന്റെ മറ്റു ചില തത്ബൗദ്ധദാര്‍ശനികന്‍.ത്വദര്‍ശനങ്ങളില്‍ നിന്നും ബുദ്ധമതത്തിന്റെ അന്തഃസത്തയായ വൈരുധ്യാത്മകവാദത്തെ വീണ്ടെടുത്ത തത്ത്വജ്ഞാനിയായിരുന്നു നാഗാര്‍ജുനന്‍. അതിനാല്‍ത്തന്നെയാണ് പില്ക്കാലത്ത് ബുദ്ധമതശാഖകളില്‍ നാഗാര്‍ജുനന്‍ ബുദ്ധന്റെ അവതാരമായി ആദരിക്കപ്പെട്ടിരുന്നത്. മഹാപ്രജ്ഞാപാരമിത (വിജ്ഞാനത്തിന്റെ പരിമിതികള്‍) എന്ന ഇദ്ദേഹത്തിന്റെ പഠനം ബുദ്ധമതാനുയായികളുടെ പ്രിയപ്പെട്ട കൃതിയാണ്. നാഗാര്‍ജുന കൊണ്ടയില്‍ ഇദ്ദേഹത്തിന്റെ പേരില്‍ ഒരു സര്‍വകലാശാല സ്ഥാപിതമായിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍