This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഗരിക സാമൂഹിക വിജ്ഞാനീയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാഗരിക സാമൂഹിക വിജ്ഞാനീയം

Urban Sociology

നഗരരൂപീകരണത്തെയും നഗരവത്കരണ പ്രക്രിയയെയും കുറിച്ചു പഠിക്കുന്ന സാമൂഹികശാസ്ത്രശാഖ. ഒരു നിശ്ചിത ജനസംഖ്യയുടെ സ്ഥലപരമായ കേന്ദ്രീകരണത്തെയാണ് നഗരവത്കരണം എന്നു പറയുന്നത്. ഇത്തരം പ്രതിഭാസങ്ങളുടെ ഭാഗമായി പ്രത്യേകതരം മൂല്യവ്യവസ്ഥകള്‍, അഭിരുചികള്‍, മനോഭാവങ്ങള്‍, പെരുമാറ്റരീതികള്‍ എന്നിവയുടെ വ്യാപനത്തെ നഗരസംസ്കാരം എന്നു പറയുന്നു. നഗരവത്കണപ്രക്രിയയും അതേത്തുടര്‍ന്നുണ്ടാകുന്ന നഗരസംസ്കാരത്തിന്റെ സ്വാച്ഛന്ദ്യവും വളരെ സങ്കീര്‍ണമായ സാമൂഹികശാസ്ത്ര സമസ്യകളാണ്. വ്യാവസായിക വിപ്ളവത്തെത്തുടര്‍ന്ന് ഉണ്ടായ നഗരവത്കരണം സ്ഥലസംഘാടനം നിര്‍വഹിച്ചത് പ്രധാനമായും രണ്ടുരീതിയിലാണ്. കാര്‍ഷികാധിഷ്ഠിതസാമൂഹിക ഘടനകള്‍ തകരുകയും നഗരങ്ങളിലേക്കുള്ള കുടിയേറ്റം വര്‍ധിക്കുകയും ചെയ്തു. ഗാര്‍ഹികാധിഷ്ഠിത സമ്പദ്ഘടനയില്‍ നിന്നും ചെറുകിട നിര്‍മാണാധിഷ്ഠിത സമ്പദ്ഘടനയിലേക്കും തുടര്‍ന്ന് വന്‍കിട നിര്‍മാണവ്യവസായ ഘടനയിലേക്കുമുള്ള വികാസം സംഭവിച്ചു. മനുഷ്യവിഭവശേഷിയുടെ കേന്ദ്രീകരണം, വിപണിയുടെ വളര്‍ച്ച, വ്യാവസായികാന്തരീക്ഷത്തിന്റെ രൂപീകരണം എന്നിവ ഈ പ്രക്രിയയുടെ പ്രത്യേകതകളാണ്.

നഗരങ്ങള്‍ വ്യവസായങ്ങളെ ആകര്‍ഷിക്കുന്നത് മുഖ്യമായും രണ്ടു ഘടകങ്ങളുടെ പ്രവര്‍ത്തനഫലമായാണ്. അധ്വാനശക്തിയുടെയും വിപണിയുടെയും സാന്നിധ്യമാണ് അവ. മറുവശത്താകട്ടെ, നഗരങ്ങളില്‍ രൂപംകൊള്ളുന്ന വ്യവസായങ്ങള്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും പുതിയ സേവനമേഖലകളുടെ വളര്‍ച്ച അനിവാര്യമാക്കുകയും ചെയ്യുന്നു. നഗരവത്ക്കരണത്തിന്റെ സ്വഭാവത്തെ മുഖ്യമായും മൂന്നു അടിസ്ഥാന വസ്തുതകളായി വിഭജിക്കാം.

1.ലോകവ്യാപകമായ നഗരവത്കരണത്തിന്റെ വേഗത.

2.അവികസിത പ്രദേശങ്ങളില്‍ നഗരവത്കരണം ആനുപാതികമായ സാമ്പത്തിക വളര്‍ച്ചയുണ്ടാക്കുന്നില്ല.

3.പുതിയ നഗരരൂപങ്ങളുടെ ആവിര്‍ഭാവം.

മനുഷ്യസമൂഹങ്ങളുടെ സ്ഥലപരമായ സംഘടനയെയാണ് പ്രാഥമികമായും നഗരവത്കരണം എന്നതുകൊണ്ടര്‍ഥമാക്കുന്നത്. പരമ്പരാഗത സമൂഹം, ആധുനിക സമൂഹം എന്നിങ്ങനെയുള്ള പ്രത്യയശാസ്ത്ര സങ്കല്പങ്ങളാണ് നഗരം/ഗ്രാമം എന്ന ദ്വന്ദ്വത്തിനടിസ്ഥാനം. നഗരവും ഗ്രാമവും തമ്മിലുള്ള വ്യത്യാസം സാമൂഹ്യജീവിതത്തിന്റെ സ്ഥലപരമായ രൂപങ്ങളെക്കുറിച്ചുള്ള ഭിന്നസിദ്ധാന്തങ്ങളുടെ ഉത്പന്നമാണ്.

ആധുനിക സാമൂഹിക വിജ്ഞാനീയത്തിന്റെ അടിസ്ഥാനശാഖകളില്‍ ഒന്നാണ് നാഗരിക സാമൂഹിക വിജ്ഞാനീയം. വ്യവസായവത്കരണത്തിന്റെ ഫലമായുണ്ടായ ത്വരിതഗതിയിലുള്ള നഗരവത്കണ പ്രക്രിയയെ സൈദ്ധാന്തികമായി വിലയിരുത്തുന്നതിനുള്ള വിജ്ഞാനശാഖയെന്ന നിലയ്ക്കാണ് നാഗരികസാമൂഹികവിജ്ഞാനീയം ആവിര്‍ഭവിക്കുന്നത്. ആയിരക്കണക്കിനു വര്‍ഷങ്ങളായി നിലനിന്നുപോന്ന പരമ്പരാഗത ഗ്രാമജീവിതത്തിന്റെ ശൈലികളെയും മാതൃകകളെയും അട്ടിമറിച്ചുകൊണ്ടാണ് നഗരവത്കരണ പ്രക്രിയ രൂപംകൊണ്ടത്. പുതിയതായി നഗരങ്ങളിലേക്കു കുടിയേറിപ്പാര്‍ത്ത ജനവിഭാഗങ്ങളെ എങ്ങനെ സാമൂഹികമായി ഉദ്ഗ്രഥിപ്പിക്കാമെന്ന പ്രശ്നമാണ്, നഗരവത്കണപഠനങ്ങള്‍ക്കു പ്രചോദകമായത്. നഗരവത്കണം, ജനസംഖ്യാവളര്‍ച്ച, സാമ്പത്തിക വികാസം, സാമൂഹിക ചലനാത്മകത, സാമൂഹിക സമരങ്ങള്‍ എന്നിവയുടെ ഒക്കെ ഫലമായി സാമൂഹികോദ്ഗ്രഥനം നിര്‍വഹിച്ചുപോന്ന പരമ്പരാഗതസ്ഥാപനങ്ങള്‍ തകരുകയുണ്ടായി. അമേരിക്കന്‍ നഗരങ്ങള്‍, വളര്‍ച്ച, കുടിയേറ്റം, മാറ്റം എന്നിവയെ പ്രതിനിധീകരിക്കുന്നു. അതിനാല്‍, നാട്ടിന്‍പുറങ്ങളില്‍ നിന്നു പിഴുതെറിയപ്പെട്ട വമ്പിച്ച ജനവിഭാഗങ്ങളെ എങ്ങനെ പുതിയ സന്ദര്‍ഭത്തില്‍ സാമൂഹികമായി ഉദ്ഗ്രഥിക്കാമെന്നതിനുള്ള അന്വേഷണത്തിന്റെ ഏറ്റവും ഫലപ്രദമായ സാമൂഹിക പരീക്ഷണശാലകളാണ് നഗരങ്ങള്‍. പുതിയ നഗരവത്കരണത്തിന്റെ ഭാഗമായുണ്ടാകുന്ന സാമൂഹികസംഘര്‍ഷങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും കേന്ദ്രമായിരുന്നു, അമേരിക്കയിലെ ചിക്കാഗോ നഗരം. അതുകൊണ്ടാണ് ചിക്കാഗോ സര്‍വകലാശാലയുമായി ബന്ധപ്പെട്ട് ഒരു പുതിയ വിജ്ഞാനശാഖയെന്ന നിലയ്ക്ക് നാഗരികസാമൂഹിക വിജ്ഞാനീയം ആവിര്‍ഭവിക്കുന്നത്. ഇത് നാഗരിക സാമൂഹിക പദ്ധതി (Chicago School of Urban Sociology) എന്നറിയപ്പെടുന്നു.

'നഗരസംസ്കാരം' എന്ന പരികല്പനയെ കേന്ദ്രീകരിച്ചുകൊണ്ടാണ് ചിക്കാഗോ സ്കൂളിന്റെ രീതിശാസ്ത്രം പ്രവര്‍ത്തിക്കുന്നത്. വര്‍ഗം, ലിംഗം, വംശം എന്നിവയ്ക്കെല്ലാമതീതമായി നഗരവാസികളുടെ പ്രത്യേകതയായി കരുതപ്പെടുന്ന ചില സാംസ്കാരിക സവിശേഷതകളാണ് നഗരസംസ്കാരമെന്നതുകൊണ്ട് വിവക്ഷിക്കുന്നത്. നാഗരികസാമൂഹിക വിജ്ഞാനം രൂപംകൊണ്ട സമയത്ത് അമേരിക്കന്‍ സമൂഹത്തെക്കുറിച്ചാണ് ചിക്കാഗോ നാഗരികസാമൂഹിക ശാസ്ത്രജ്ഞര്‍ വിശകലനം ചെയ്തത്. യൂറോപ്യന്‍ നഗരങ്ങളിലെ സ്ഥിതിയും തികച്ചും വ്യത്യസ്തമായിരുന്നില്ല. നഗരങ്ങളില്‍ നിലനില്പിനുവേണ്ടി മത്സരിക്കുന്ന പരസ്പരവിരുദ്ധമായ ചുറ്റുപാടുകളില്‍ നിന്നുവന്ന ജനവിഭാഗങ്ങളെ ഒരു സമൂഹമാക്കി ഏകോപിപ്പിക്കുന്ന ഘടകമെന്ത് എന്നതായിരുന്നു ചിക്കാഹോ ശാസ്ത്രജ്ഞരുടെ മുഖ്യമായ അന്വേഷണവിഷയം. സാമൂഹിക ഉത്ഗ്രഥനം എന്നതിനു പുറമേ, സ്ഥലപരമായ സംഘാടനത്തിന്റെ സ്വഭാവംകൂടി ചിക്കാഗോ സാമൂഹികവിജ്ഞാനീയത്തിന്റെ മുഖ്യപ്രമേയമായിരുന്നു. സാമൂഹിക ഡാര്‍വിനിസത്തിന്റെ മാതൃകയില്‍ വികസിച്ച മാനുഷിക പരിസ്ഥിതിയുമായി ഈ പ്രമേയം ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യാധിവാസപ്രക്രിയകളും അവയുടെ രൂപങ്ങളും അവയില്‍ മത്സരവും സാമൂഹികാനുകൂലനവും എങ്ങനെ പ്രവര്‍ത്തിക്കുന്നു, സാംസ്കാരിക ഉത്ഗ്രഥനത്തിന്റെ സാമൂഹിക സാഹചര്യങ്ങള്‍ എന്നിവയായിരുന്നു ഈ നാഗരികസാമൂഹിക വിജ്ഞാനീയത്തിന്റെ അടിസ്ഥാനപ്രമേയങ്ങള്‍. അതേസമയം തന്നെ 20-ാം ശ.-ത്തിലെ വ്യവസായവത്കരണവും നഗരവത്കരണവും സൃഷ്ടിച്ച പ്രത്യയശാസ്ത്രപ്രശ്നങ്ങളും ഗൗരവമുള്ളതായിരുന്നു. പുതിയ നഗരങ്ങളുടെ രൂപീകരണം, വലിയ നഗരകേന്ദ്രങ്ങളില്‍ എങ്ങനെ ഭൂപ്രദേശം വിന്യസിക്കപ്പെടുന്നു തുടങ്ങിയ പ്രശ്നങ്ങള്‍ ചിക്കാഗോ സാമൂഹികശാസ്ത്രജ്ഞര്‍ രീതിശാസ്ത്രപരമായി സൂക്ഷ്മവും ഗൗരവുമായിട്ടാണ് പരിശോധിച്ചത്. ഇവര്‍ ഉപയോഗിച്ച പ്രമേയങ്ങള്‍, രീതികള്‍, സൈദ്ധാന്തികപരിപ്രേക്ഷ്യം എന്നിവ പില്ക്കാലത്ത് ഈ വിജ്ഞാനശാഖയുടെ വളര്‍ച്ചയില്‍ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്.

Image:Manuel castells-svk-15.png

ചിക്കാഗോസ്കൂളിനു ജന്മം നല്‍കിയ കാലത്തേതില്‍ നിന്നു തികച്ചും വ്യത്യസ്തമായിരുന്നു 1960-കളിലെയും 1970-കളിലെയും സാമൂഹികപ്രശ്നങ്ങള്‍. സമകാലികമായ നാഗരികപ്രശ്നങ്ങളില്‍ ഏറ്റവും പ്രധാന്യമര്‍ഹിക്കുന്നത് ഒരു നാഗരിക-വ്യവസായ സമൂഹത്തിന്റെ നിയന്ത്രണവും ദിശകളും എങ്ങനെ നിര്‍വഹിക്കാമെന്നതാണ്. മാത്രവുമല്ല, വികസനം, വ്യവസായവത്കരണം എന്നീ സങ്കല്പങ്ങളെത്തന്നെ ചോദ്യം ചെയ്യുന്ന നവസാമൂഹികപ്രസ്ഥാനങ്ങളും ശക്തിയാര്‍ജിക്കുന്നുണ്ട്. ഈ പ്രസ്ഥാനങ്ങള്‍ സാമ്പത്തിക വളര്‍ച്ചയെക്കാള്‍ മനുഷ്യാനുഭവത്തെയും പ്രകൃതിയും സമൂഹവും തമ്മിലുള്ള പുതിയ ബന്ധത്തെയും കൂടുതലായി വിലമതിക്കുന്നവയാണ്. ലിംഗവിഭജനത്തിന്റെ പ്രശ്നങ്ങള്‍ ഇവര്‍ ശക്തമായി ഉന്നയിക്കുകയും ചെയ്യുന്നു. ഒരു ബഹു സാംസ്കാരികലോകത്തില്‍ നാഗരികജീവിതത്തിന്റെ അടിസ്ഥാന വൈവിധ്യവും ബഹുത്വവുമെന്ന് സാമൂഹികശാസ്ത്രം അംഗീകരിച്ചിട്ടുണ്ട്. നഗരങ്ങളിലെ നിത്യജീവിതത്തെ സംഘടിപ്പിക്കുന്നതില്‍ സാമൂഹികസേവനങ്ങളുടെയും പൊതുസേവനങ്ങളുടെയും വിതരണനിയന്ത്രണ സംവിധാനങ്ങള്‍ വഹിക്കുന്ന പങ്ക് ഇന്ന് നാഗരിക സാമൂഹിക വിജ്ഞാനീയത്തിന്റെ പ്രധാനപ്രമേയങ്ങളായി മാറിയിട്ടുണ്ട്. ആധുനിക നഗരസമൂഹങ്ങളില്‍ എല്ലാപ്രശ്നങ്ങളിലും മത്സരവും സംഘര്‍ഷവും ആധിപത്യം നേടുമ്പോള്‍ സാമൂഹിക ഉത്ഗ്രഥനം എന്ന ആശയം തന്നെ കാലഹരണപ്പെടുമെന്ന് തോന്നാം. ഇത്തരം ഒരു സാഹചര്യത്തിലാണ് പുതിയ നാഗരികസാമൂഹികവിജ്ഞാനീയം രൂപംകൊള്ളുന്നത്. അമേരിക്കയിലും യൂറോപ്പിലും ഈ വിജ്ഞാനീയശാഖകള്‍ വ്യത്യസ്ത രീതിശാസ്ത്രങ്ങളും സൈദ്ധാന്തികകാഴ്ചപ്പാടുകളുമാണ് അവലംബിക്കുന്നത്. രാഷ്ട്രീയ സംഘര്‍ഷത്തിനും വിലപേശലിനുമാണ് അമേരിക്കന്‍ നാഗരികസാമൂഹിക വിജ്ഞാനീയം പ്രാധാന്യം നല്‍കിയത്. സാമൂഹികവിഭാഗങ്ങളുടെ താത്പര്യങ്ങളെ അവരുടെ വര്‍ഗപരവും സാംസ്കാരികവുമായ പരിതഃസ്ഥിതികളില്‍ നിന്ന് അടര്‍ത്തിമാറ്റുന്നുവെങ്കിലും ഈ രീതി സാമൂഹികസംഘര്‍ഷത്തിനും മത്സരത്തിനും പ്രാധാന്യം കൊടുക്കുന്നുണ്ട്. ഇത് ആദ്യകാല സാമൂഹികോദ്ഗ്രഥ 1970-കളില്‍ 'നവനാഗരിക സാമൂഹികവിജ്ഞാനീയം' എന്നൊരു പുതിയ ശാഖ തന്നെ രൂപം കൊള്ളുകയുണ്ടായി. ഫ്രാന്‍സിലാണ് ഈ 'നവനാഗരികസാമൂഹിക വിജ്ഞാനീയം' ആവിഷ്കൃതമാകുന്നത്. വിഖ്യാത മാര്‍ക്സിസ്റ്റുചിന്തകനായ ഹെന്റി ലെഫെബറിന്റെയും (Henri Lefebre) മാന്വല്‍ കാസ്റ്റെല്‍സിന്റെയും (Manuel Castells)ഗവേഷണപഠനങ്ങളാണ് ഈ പുതിയ വിജ്ഞാനശാഖയ്ക്ക് അടിത്തറയിട്ടത്. നവനാഗരികസാമൂഹിക വിജ്ഞാനീയം ഒരു ഏകീകൃതചിന്താപദ്ധതിയായിരുന്നില്ലെങ്കിലും, നാല് അടിസ്ഥാന പ്രമേയങ്ങള്‍ ഇതിന്റെ ആധാരശിലകളായി പ്രവര്‍ത്തിക്കുന്നു. ലെഫെബര്‍ ആവിഷ്കരിച്ച രണ്ട് പ്രമേയങ്ങളും, കാസ്റ്റില്‍സ് ആവിഷ്കരിച്ച രണ്ടു പ്രമേയങ്ങളുമാണിത്. സ്ഥലത്തിന്റെ ഉത്പാദനം, നഗരത്തിനുമേലുള്ള അവകാശം എന്നിവയാണ് ലെഫെബറിന്റെ സിദ്ധാന്തങ്ങള്‍. പില്ക്കാലത്ത് ഡേവിഡ് ഹാര്‍വെയും എഡ്വേര്‍ഡ് സോജയും ഈ സിദ്ധാന്തങ്ങള്‍ കൂടുതല്‍ വികസിപ്പിച്ചിട്ടുണ്ട്.

Image:Edward soja-svk-15.png

ലെഫെബര്‍ ഒരു ഉത്പാദനപ്രക്രിയയായിട്ടാണ് സ്ഥലത്തെ സങ്കല്പിക്കുന്നത്. ഈ പ്രക്രിയ ജനങ്ങളുടെ ജീവിതത്തെ സ്ഥലപരമായി പരിമിതപ്പെടുത്തുന്ന മാതൃകകളിലേക്കു ചുരുക്കുന്നുണ്ട്. നഗരങ്ങളിലെ ജനങ്ങളുടെ അധ്വാനം ലാഭകരമല്ലാതാകുമ്പോള്‍ ഒരു പുതിയ ഇടത്താവളം സൃഷ്ടിക്കപ്പെടുന്നു. ഇതാണ് നഗരപ്രാന്തങ്ങള്‍. കാരണം, നഗരത്തൊഴിലാളികളെ ഗ്രാമങ്ങളിലേക്ക് മടക്കി അയയ്ക്കുക സാധ്യമല്ല. അങ്ങനെ നഗരങ്ങളിലെ അധിവാസകേന്ദ്രങ്ങളില്‍ നിന്ന് ജനങ്ങള്‍ വീണ്ടും പിഴുതെറിയപ്പെടുന്നു, നഗരപ്രാന്തങ്ങളിലേക്ക്. അങ്ങനെ, നഗരങ്ങള്‍ക്കുമേലുള്ള അവകാശം തന്നെ ജനങ്ങള്‍ക്കു നഷ്ടപ്പെടുന്നു.

എന്നാല്‍, മാന്വല്‍കാസ്റ്റെല്‍സ് ആവിഷ്കരിച്ച അടിസ്ഥാന സങ്കല്പങ്ങള്‍ സാമൂഹിക ഉപഭോഗവും നാഗരികസാമൂഹിക പ്രസ്ഥാനങ്ങളുമാണ്. ദൈനംദിനജീവിതത്തിനാവശ്യമായ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന സംവിധാനങ്ങള്‍ക്കു ചുറ്റും പ്രവര്‍ത്തിക്കുന്ന ഒരു വ്യവസ്ഥയായിട്ടാണ് കാസ്റ്റെല്‍സ് നഗരത്തെ നിര്‍വചിക്കുന്നത്. ഈ സംവിധാനങ്ങളില്‍ മിക്കതും ഭരണകൂട നിയന്ത്രണത്തിലുള്ളതായിരിക്കും. പാര്‍പ്പിടം, ഗതാഗതം, സ്കൂളുകള്‍, ആരോഗ്യരംഗം, സാംസ്കാരിക കേന്ദ്രങ്ങള്‍ തുടങ്ങിയവ ഭരണകൂടത്തിന്റെ ഇടപെടല്‍ ആവശ്യമാക്കുന്നുണ്ട്. സാമൂഹികമായ ഉപഭോഗം, അതായത് ഭരണകൂട മധ്യസ്ഥതയിലൂടെയുള്ള ഉപഭോഗപ്രക്രിയകള്‍, നഗരത്തിന്റെ ആന്തരികഘടനയെ നിര്‍ണയിക്കുന്നു. മൂലധന സമാഹരണവും സാമൂഹികമായ പുനര്‍വിതരണവും തമ്മിലുള്ള വൈരുധ്യത്തിന്റെയും സംഘര്‍ഷത്തിന്റെയും മേഖലകളായിട്ടാണ് കാസ്റ്റെല്‍സ് നഗരങ്ങളെ കാണുന്നത്. ഭരണകൂടനിയന്ത്രണവും ജനങ്ങളുടെ സ്വാതന്ത്യ്രവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ മേഖലകളാണ് നഗരങ്ങള്‍. ഈ സംഘര്‍ഷങ്ങളില്‍, വലിയ രാഷ്ട്രീയചാലകശക്തികളും കര്‍തൃവ്യക്തിത്വങ്ങളായി മാറിയിട്ടുണ്ട് നവസാമൂഹിക പ്രസ്ഥാനങ്ങള്‍. അങ്ങനെ നവനാഗരിക സാമൂഹിക വിജ്ഞാനീയത്തിന്റെ ആവിര്‍ഭാവത്തോടെ, നാഗരിക സാമൂഹികവിജ്ഞാനീയം തന്നെ തലകീഴായിമാറുകയുണുണ്ടായത്. സാമൂഹികമായ ഉദ്ഗ്രഥനത്തെ അപഗ്രഥച്ചുകൊണ്ടിരുന്ന ഒരു വിജ്ഞാനശാഖയില്‍നിന്നും വ്യാവസായികാനന്തരകാലത്തിന്റെ പുതിയ സാമൂഹിക സംഘര്‍ഷങ്ങളെ വിശകലനം ചെയ്യുന്ന നവനാഗരിക സാമൂഹിക വിജ്ഞാനീയത്തിലേക്കുള്ള വിഛേദനത്തെയാണ് ഇവിടെ വിവക്ഷിക്കുന്നത്.

ഇരുപതാം ശ.-ത്തിന്റെ രണ്ടും മൂന്നും ദശകങ്ങളിലും പിന്നീട് 1960-70-കളിലും നാഗരികസാമൂഹിക വിജ്ഞാനീയരംഗത്തുണ്ടായ വികാസം പിന്നീട് മുന്നോട്ടു പോയിട്ടില്ല. വികസിത വ്യവസായ സാമൂഹിക പ്രശ്നങ്ങളെ വിശകലനം ചെയ്യുന്നതില്‍ ചിക്കാഗോസ്കൂള്‍ പരാജയപ്പെട്ടതുപോലെ, വിവരയുഗവുമായി ബന്ധപ്പെട്ട നഗരങ്ങളെ സംബോധന ചെയ്യുന്നതില്‍ നവനാഗരിക വിജ്ഞാനീയവും പരാജയപ്പെടുകയാണുണ്ടായത്. നാഗരിക സാമൂഹിക വിജ്ഞാനീയത്തിന്റെ പ്രതിസന്ധി മനസ്സിലാകണമെങ്കില്‍, നഗരങ്ങള്‍ക്കുണ്ടായ സമീപകാല പരിവര്‍ത്തനങ്ങളും അവ ഉന്നയിക്കുന്ന സമസ്യകളും വ്യക്തമാവേണ്ടതുണ്ട്. വിവരസമൂഹത്തിന്റെ ഭാഗമായി നഗരങ്ങള്‍ക്കുണ്ടായിട്ടുള്ള മാറ്റങ്ങള്‍ താഴെപ്പറയുന്നവയാണ്.

1.ആഗോളസമ്പദ്ഘടനയില്‍ ഉത്പാദന ശൃംഖലകള്‍ ഉദ്ഗ്രഥിതമായതിനാല്‍, ലോകജനസംഖ്യയുടെ മുന്നില്‍ രണ്ടു ഭാഗവും നഗരജീവിതം നയിക്കുന്നു.

2.ഈ നഗരവത്കരണപ്രക്രിയ വളരെയേറെ അസമവും അസന്തുലിതവുമാണ്.

3.പുതിയ വാര്‍ത്താവിനിമയ-ഗതാഗതസംവിധാനങ്ങളുടെ ഫലമായി സ്ഥലപരമായ കേന്ദ്രീകരണവും വീകേന്ദ്രീകരണവും സമാന്തരമായി നിര്‍വഹിക്കാന്‍ കഴിയും.

4.സാമൂഹികബന്ധങ്ങളെ വര്‍ധിച്ചുവരുന്ന വ്യക്തിത്വവത്കരണവും സമുദായവാദവും ഗണ്യമായി സ്വാധീനിക്കുന്നു.

5.പരമ്പരാഗതമായ പുരുഷാധിപത്യകുടുംബഘടന അഗാധമായ പ്രതിസന്ധി നേരിടുന്നു.

6.പുതിയ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ രൂപമെന്ന നിലയ്ക്ക് ശൃംഖലാസംരംഭങ്ങള്‍ ആവിര്‍ഭവിക്കുന്നു.

7.വികസിത രാജ്യങ്ങളിലെ നഗരങ്ങള്‍ ബഹുവംശീയവും ബഹുസാംസ്കാരികവുമാണ്.

8.ആഗോള ക്രിമിനല്‍ സമ്പദ്ഘടനയുടെ കേന്ദ്രങ്ങള്‍ വന്‍കിട നഗരങ്ങളാണ്.

9.വ്യക്തികളും സംസ്കാരങ്ങളും തമ്മില്‍ ആശയവിനിമയ വിടവ് ഉണ്ടായിരിക്കുന്നു.

10.പുതിയ നാഗരിക ലോകക്രമത്തില്‍ ഭൂപ്രദേശാതിര്‍ത്തിയായ ശൃംഖലകളെ ഉള്‍ക്കൊള്ളുകയും അതേസമയം സ്ഥലങ്ങളെ ബഹിഷ്കരിക്കുകയും ചെയ്യുന്ന പ്രവണതയുണ്ട്.

11.പുതിയ ബൃഹത് നഗരമേഖലകളുടെ രൂപീകരണം പരമ്പരാഗത രാഷ്ട്രീയ സ്ഥാപനങ്ങളെയും പൗരപ്രാതിനിധ്യത്തെയും ഫലപ്രദമായ ഭരണനിര്‍വഹണത്തെയും ദുര്‍ബലമാക്കുന്നു.

12.നാഗരിക സാമൂഹിക പ്രസ്ഥാനങ്ങള്‍ക്ക് ആന്തരികമായ ഉത്പരിവര്‍ത്തനം സംഭവിച്ചിരിക്കുന്നു. പ്രാദേശിക സമൂഹത്തെ പ്രതിരോധിക്കുന്ന പ്രവണത ഒരുവശത്ത്; മറുവശത്താകട്ടെ, നഗരങ്ങളുടെ ജീവിതഗുണനിലവാരത്തിനുവേണ്ടി വാദിക്കുന്ന പരിസ്ഥിതി സംരക്ഷണപ്രസ്ഥാനങ്ങളും ശക്തിപ്പെട്ടിട്ടുണ്ട്.

ഈ പ്രശ്നത്തിന്റെ പശ്ചാത്തലത്തിലാണ്, നാഗരികസാമൂഹിക വിജ്ഞാനീയം നേരിടുന്ന പ്രതിസന്ധിയെയും പുതിയ പ്രശ്നങ്ങളെയും സമീപിക്കേണ്ടത്. അതിന് വിവരയുഗത്തിലെ നഗരവത്കരണത്തെ സൂക്ഷ്മമായി സൈദ്ധാന്തികവത്കരിക്കേണ്ടതുണ്ട്. ഈ പരിവര്‍ത്തനത്തെ മൂന്നായി വിഭജിക്കാം. ഒന്ന്, പുതിയ നഗരശൃംഖലകളുടെ ധര്‍മം; രണ്ട്, അവയുടെ അര്‍ഥം, മൂന്ന്, അവയുടെ രൂപം. പ്രാദേശികമായതും ആഗോളമായതും തമ്മിലുള്ള വൈരുധ്യം പുതിയ ശൃംഖലാസമൂഹത്തിന്റെ പ്രത്യേകതയാണ്. സമ്പദ്ഘടന, സങ്കേതികവിദ്യ, മാധ്യമം, രാഷ്ട്രീയധികാരസ്ഥാപനങ്ങള്‍ തുടങ്ങിയ മേഖലകളിലെ അധീശപ്രക്രിയകള്‍ ആഗോളശൃംഖലകളിലാണ് സംഘടിപ്പിക്കപ്പെടുന്നത്. അതേസമയം നിത്യജീവിതം, സ്വകാര്യജീവിതം, സാംസ്കാരികമായ അഭിജ്ഞാനത, രാഷ്ട്രീയ പങ്കാളിത്തം തുടങ്ങിയ പ്രക്രിയകള്‍ പ്രാദേശികമായി തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ആഗോള-പ്രാദേശിക ഘടകങ്ങളെ പരസ്പരം ബന്ധപ്പെടുത്തുന്നത് നഗരങ്ങളാണ്. ഈ രണ്ടു ഘടകങ്ങളോടും പ്രതികരിക്കുന്നതിലൂടെ നഗരങ്ങള്‍ ആന്തരികമായി വലിയ പ്രതിസന്ധിയെ നേരിടുന്നു.

നഗരവത്കരണത്തിന്റെ അര്‍ഥതലത്തില്‍ നോക്കുമ്പോള്‍, വ്യക്തിവാദവും സമുദായവാദവും തമ്മിലുള്ള സംഘര്‍ഷം വളരെ പ്രകടമാണ്. അതുപോലെ തന്നെ പുതിയ നഗരങ്ങള്‍ കൈക്കൊള്ളുന്ന രൂപങ്ങളും വളരെയേറെ സങ്കീര്‍ണമായിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍, സാമൂഹിക ഉത്ഗ്രഥനത്തിന്റെ പ്രശ്നങ്ങള്‍ വീണ്ടും പ്രധാനമായി മാറുന്നുണ്ട്. വിനിമയ സംവിധാനങ്ങള്‍ എന്ന നിലയ്ക്ക് പുതിയ നഗരങ്ങള്‍ക്ക് പ്രതീകാത്മകമായ പ്രാധാന്യം വര്‍ധിച്ചിട്ടുണ്ട്. പുതിയ നാഗരിക സാമൂഹിക വിജ്ഞാനീയത്തിന്റെ ഭാഗമായി നഗരചിഹ്നവിജ്ഞാനീയം തന്നെ വളര്‍ന്നുവന്നിട്ടുണ്ട്. നഗരങ്ങളില്‍ പുതിയ ആരാധനാലയങ്ങള്‍ സ്ഥാപിക്കപ്പെടുന്നതിന്റെ ചിഹ്നശാസ്ത്രപരമായ വിവക്ഷകള്‍ എന്തൊക്കെയാണ്, അവയുടെ രൂപങ്ങള്‍ എന്താണ് തുടങ്ങിയ പ്രശ്നങ്ങള്‍ ഗൗരവമായ പഠനത്തിനു വിധേയമാക്കേണ്ടതുണ്ട്. സാമൂഹികവിനിമയ മാതൃകകളെ പ്രതീകാത്മക വിശകലനത്തിനു വിധേയമാക്കേണ്ടതുണ്ട്. സാമൂഹികതയുടെ പുതിയ രൂപമെന്ന നിലയ്ക്ക് ഇലക്ട്രോണിക് വാര്‍ത്താവിനിമയം വഹിക്കുന്ന പങ്ക് ശ്രദ്ധേയമായിട്ടുണ്ട്. ഇത്തരം ഇലക്ട്രോണിക് വിനിമയത്തിലൂടെ രൂപംകൊള്ളുന്ന പ്രതീതി സമൂഹങ്ങള്‍ സാമൂഹികതയുടെ പുതിയ രൂപമാണ്. അതിനാല്‍, പ്രതീതി സമൂഹങ്ങളെക്കുറിച്ചുള്ള പഠനം നാഗരിക സാമൂഹിക വിജ്ഞാനീയത്തിന്റെ ഭാഗമായിട്ട് മാറിയിട്ടുണ്ട്. നഗരങ്ങളുടെ ഭൗതികമായ രൂപകല്പന, സാമൂഹിക സംഘടന, ഇലക്ട്രോണിക് ശൃംഖല എന്നിവ തമ്മിലുള്ള പരസ്പര ബന്ധങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസ്സിലാക്കേണ്ടതുണ്ട്.

നഗരങ്ങളിലെ ദാരിദ്ര്യം, വംശീയവും സാമൂഹികവുമായ വിവേചനം, സാമൂഹിക ബഹിഷ്കരണം എന്നിവയൊക്കെ നാഗരിക സാമൂഹിക വിജ്ഞാനീയം സംബോധന ചെയ്യേണ്ട പ്രശ്നങ്ങളാണ്. ചുരുക്കത്തില്‍, വിവരയുഗത്തില്‍ സ്ഥല-കാലങ്ങള്‍ തമ്മിലുള്ള ബന്ധത്തെയാണ് ആത്യന്തികമായി പുതിയ നാഗരിക സാമൂഹിക വിജ്ഞാനീയം പഠനവിധേയമാക്കുന്നത്. നാഗരിക സാമൂഹിക വിജ്ഞാനീയം നവീകരിക്കപ്പെടണമെങ്കില്‍, പുതിയ പരികല്പനകളും രീതിശാസ്ത്രങ്ങളും ആവിഷ്കരിക്കേണ്ടത് അനിവാര്യമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍