This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഗത്തോറ്റം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാഗത്തോറ്റം

നാഗപ്പാട്ടിന് തെയ്യംപാടികള്‍ പാടിവരുന്ന തോറ്റം. നാഗരാജാവിന്റെയും നാഗേശ്വരിയുടെയും കഥയാണ് ഇതില്‍ ആഖ്യാനം ചെയ്തിരിക്കുന്നത്. ഇതിലൂടെ അനാവൃതമാകുന്ന പുരാവൃത്തം ഇതാണ്. നാഗരാജാവ് സ്വര്‍ഗത്തില്‍ ചെന്നപ്പോള്‍ അനപത്യനാണെന്ന കാരണത്താല്‍ അവിടെ സത്കരിക്കപ്പെട്ടില്ല. നാഗരാജാവ് തിരിച്ചുവന്നു. നാഗരാജാവും നാഗേശ്വരിയും ചെമ്പരുന്തിന്റെ രൂപം ധരിച്ച് തീര്‍ഥാനടത്തിനിറങ്ങി. മടങ്ങവേ, നാഗസങ്കേതമായ വെള്ളിയാം പെരുമലയില്‍ പൈദാഹം തീര്‍ക്കാന്‍ ഇറങ്ങി. അപ്പോഴേക്കും നാഗേശ്വരിക്ക് പ്രസവകാലമടുത്തിരുന്നു. ചന്ദനക്കാട്ടില്‍ ചെന്ന് ശില്പികള്‍ ചന്ദനമരം മുറിച്ചു. എന്നാല്‍ ആ മരത്തില്‍ കുടികൊണ്ടിരുന്ന യക്ഷി 'ഇതിനെക്കൊണ്ടൊരു ഫലമുണ്ടാകാതെ പോകട്ടെ' എന്ന് ശപിക്കുകയുണ്ടായി. ശില്പികള്‍ ചിത്രകൂടം നിര്‍മിച്ചു. അതിനകത്ത് നാഗേശ്വരി പതിനാല് മുട്ടകളിട്ടു. പൈദാഹശാന്തിക്കായി അവര്‍ ഗംഗാതീരത്ത് ചെന്നപ്പോള്‍, നായാട്ടിനിറങ്ങിയ പരീക്ഷിത്തു രാജാവ് ആ മുട്ടകളുടച്ചു. പക്ഷേ, അതിലൊന്ന് വിരിഞ്ഞ് കുഞ്ഞായതിനാല്‍ മാളത്തിലൊളിച്ചു രക്ഷപ്പെട്ടു.

ആ സര്‍പ്പക്കുഞ്ഞ് മാതാപിതാക്കളെ സമാശ്വസിപ്പിക്കുകയും പരിക്ഷിത്തിനെ ഏഴാം ദിവസം കടിച്ചുകൊല്ലുമെന്ന് ശപഥം ചെയ്യുകയും ചെയ്തു. അങ്ങനെ ആ നാഗതക്ഷകന്‍ പകരം വീട്ടാനിറങ്ങി. നാഗരക്ഷകനും പരീക്ഷിത്തിനെ രക്ഷിക്കാന്‍ പോകുന്ന വിഷഹാരിയും തമ്മില്‍ ബലപരീക്ഷണം നടന്നു. പരീക്ഷിത്ത് ഭ്രൂണഹത്യ ചെയ്തവനാണെന്നറിഞ്ഞ വിഷഹാരി, വിഷമോചനത്തിന് ചെന്നില്ല. നാഗതക്ഷന്‍ വിളാമ്പഴത്തിനുള്ളില്‍ ഒരു ചെന്തളിര്‍പ്പുഴുവായിരുന്നു.

തക്ഷകനെ പേടിച്ച് സമുദ്രമധ്യത്തിലുള്ള ഒരു രാജധാനിയിലായിരുന്നു പരീക്ഷിത്ത് വസിച്ചിരുന്നത്. ഇവിടെ കൊണ്ടുപോയ വിളാമ്പഴം വിഷത്തിന് നല്ലതാകയാല്‍ അത് ഉടയ്ക്കാന്‍ തുനിഞ്ഞപ്പോള്‍ അത് പൊട്ടിപ്പിളര്‍ന്ന് പുറത്തുവന്ന നാഗതക്ഷകന്‍ മൂക്കിന്മേല്‍ കടിച്ച് പക വീട്ടി. വഞ്ചനകൊണ്ടാണ് പരീക്ഷിത്തിനെ കൊന്നതെന്നറിഞ്ഞ മാതാപിതാക്കള്‍ അവനോട് ഭൂമിയിലേക്കിറങ്ങാന്‍ ആവശ്യപ്പെട്ടു. നാഗതക്ഷകന്‍ അപ്രകാരം പോര്‍ക്കളപ്പാറമേല്‍ അധിവാസം തുടങ്ങി. കയ്യത്തു നാഗം, പെരളശ്ശേരി, പാമ്പുമേക്കാട് എന്നിവിടങ്ങളില്‍ നാഗതക്ഷകന്‍ പിന്നീടാണ് ചെന്നതെന്ന് നാഗത്തോറ്റത്തില്‍ക്കാണുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍