This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാകമോഹന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാകമോഹന്‍

Paradise Fly Catcher

നാടന്‍ കുയിലിനോളം വലുപ്പമുള്ള ദേശാടനപ്പക്ഷി. പസ്സേറിഫോമസ് (Passeriformes) വര്‍ഗത്തിലെ മുസികാപ്പിഡെ (Muscicapidae) ഗോത്രത്തില്‍പ്പെടുന്നു. ശാ.നാ. ടെര്‍സിഫോണ്‍ പാരഡൈസ് (Terpsiphone paradise). റോക്കറ്റുകിളി, വിധവക്കിളി, നാടക്കിളി, സ്വര്‍ഗീയ പക്ഷി, വാണപ്പക്ഷി എന്നീ പേരുകളില്‍ അറിയപ്പെടുന്ന നാകമോഹന്‍ സെപ്. മുതല്‍ മേയ് വരെയുള്ള കാലയളവിലാണ് നമ്മുടെ നാട്ടില്‍ കാണപ്പെടുന്നത്.

Image:Nagamohan.png

നാകമോഹന്റെ നാടപോലുള്ള നീണ്ട വാലിന് 25-30 സെ.മീ. നീളമുണ്ട്. പ്രായപൂര്‍ത്തിയെത്തിയ ആണ്‍പക്ഷിയുടെ വാല്‍ 60-70 സെ.മീ. നീളവും രജതവര്‍ണമുള്ളതുമാണ്. റിബണ്‍പോലെയുള്ള വാലിലെ നീണ്ട രണ്ടു നടുത്തൂവലുകള്‍ നാടകള്‍പോലെ കാണപ്പെടുന്നു. ആണ്‍പക്ഷിക്കുഞ്ഞുങ്ങളുടെ വാലിന് കടുംചുവപ്പു നിറമായിരിക്കും. ആണ്‍ പക്ഷിയുടെ തലയ്ക്ക് തിളങ്ങുന്ന കറുപ്പുനിറമാണ്; തലയില്‍ നീണ്ടു കൂര്‍ത്ത ശിഖയുമുണ്ട്; കൊക്കും കണ്ണിനു ചുറ്റുമുള്ള ഒരു വളയവും നീലനിറത്തിലുള്ളതാണ്; ചുണ്ടിന്റെ ചുവടുഭാഗത്തോടുചേര്‍ന്ന് നേരിയ കമ്പികള്‍ പോലെയുള്ള തൂവലുകളാണുള്ളത്. പെണ്‍പക്ഷിയുടെയും പക്ഷിക്കുഞ്ഞുങ്ങളുടെയും ശരീരത്തിന്റെ ഉപരിഭാഗം കടുംചുവപ്പും അടിഭാഗം ചാരം കലര്‍ന്ന വെളുപ്പും താടിയും തൊണ്ടയും ചാരനിറവുമാണ്. പെണ്‍ പക്ഷിയുടെ തലയിലെ കൂര്‍ത്ത ശിഖയ്ക്കു കറുപ്പുനിറമാണ്; വാല്‍ നീളം കുറഞ്ഞതുമാണ്.

ഉദ്യാനങ്ങളിലും തണലുള്ള തോട്ടങ്ങളിലും മുളങ്കാടുകളിലും സാന്ദ്രത കുറഞ്ഞ കാടുകളിലുമാണ് നാകമോഹന്റെ വാസം. കുറ്റിക്കാടുകളിലും വനങ്ങളിലും ഇവ അപൂര്‍വമല്ല. ഇവ ഇണപ്പക്ഷികളായിട്ടാണ് സഞ്ചരിക്കുക. ഒറ്റയായും കീടങ്ങളെ ഭക്ഷിച്ചു ജീവിക്കുന്ന മറ്റു പക്ഷിക്കൂട്ടങ്ങളോടൊപ്പവും ഇവ ജീവിക്കുന്നു. ആകാശത്തില്‍ പറന്നുകൊണ്ടിരിക്കുന്ന ചെറു ജീവികളെ പിടിക്കാനായി ആണ്‍പക്ഷികള്‍ അതിവേഗത്തില്‍ വട്ടമിട്ടും ചരിഞ്ഞും വളഞ്ഞും പറക്കുമ്പോള്‍ വാല്‍ വളരെ പ്രകടമായിക്കാണാനാകും.

ഈച്ച, പൂച്ചി മുതലായ പറക്കുന്ന പ്രാണികളെയാണ് നാകമോഹന്‍ പക്ഷികള്‍ ഭക്ഷിക്കുക. വൃക്ഷങ്ങളുടെ ശാഖാഗ്രങ്ങളിലോ ശാഖാകക്ഷ്യങ്ങളിലോ ഇവ കൂടുകെട്ടുന്നു. പലയിടങ്ങളിലും ഇവ കൂടുകെട്ടാറുണ്ടെങ്കിലും കാശ്മീര്‍ താഴ്വരയില്‍ വച്ചാണ് ഇവ ഇണചേരുന്നത് എന്നു കണ്ടെത്തിയിട്ടുണ്ട്. ഒരു പ്രജനനകാലത്ത് മൂന്നു മുതല്‍ അഞ്ചുവരെ മുട്ടകളിടുന്നു. മങ്ങിയ ചുവപ്പുനിറം കലര്‍ന്ന വെളുത്ത മുട്ടയില്‍ ചുവപ്പു കലര്‍ന്ന തവിട്ടുനിറത്തിലുള്ള പുള്ളികളും അടയാളങ്ങളും കാണാം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍