This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നഹുഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നഹുഷന്‍

പുരാണ പ്രസിദ്ധനായ ഒരു ചന്ദ്രവംശ രാജാവ്. പുരൂരവസ്സിന്റെയും ഇളയുടെയും പുത്രനായ 'ആയുസ്സ്' എന്ന രാജാവിന് ഇന്ദുമതിയില്‍ ജനിച്ച മകനാണ് നഹുഷന്‍. ആയുസ്സ് അന്തരിച്ചപ്പോള്‍ നഹുഷന്‍ മഹാരാജാവായിത്തീര്‍ന്നു. വളരെക്കാലം ഒരുണ്ണിക്കാല്‍ കാണാനുള്ള ഭാഗ്യമില്ലാതെ ദുഃഖിച്ചു കഴിഞ്ഞിരുന്ന ഇന്ദുമതിക്കും ആയുസ്സിനും ദത്താത്രേയ മഹര്‍ഷിയുടെ അനുഗ്രഹം മൂലം നഹുഷന്‍ പുത്രനായിപ്പിറന്നുവെന്നാണ് പുരാവൃത്തം. അദ്ദേഹം ദേവാംശസംഭൂതയായ 'അശോക സുന്ദരി'യെയാണ് ധര്‍മപത്നിയായി സ്വീകരിച്ചത്. ആ പരിണയത്തിനു പിന്നിലെ വിചിത്രമായ ഒരു കഥ പദ്മപുരാണത്തിലുണ്ട്. കഥ ഇങ്ങനെ സംഗ്രഹിക്കാം.

ഒരിക്കല്‍ നന്ദനോദ്യാനത്തില്‍വച്ച് പാര്‍വതി ശിവനോട് ആ ഉദ്യാനത്തിലെ ഏറ്റവും ശ്രേഷ്ഠമായ വനസ്പതി ഏതാണ്' എന്നുചോദിച്ചു. ശിവന്‍ 'കല്പവൃക്ഷം' എന്ന ഉത്തരം കൊടുത്തു. ആരുടെയും ഏതഭീഷ്ടവും ആ വൃക്ഷം സാധിച്ചുകൊടുക്കും എന്നുകേട്ടപ്പോള്‍ 'തനിക്ക് ഒരു സുന്ദരിയായ പെണ്‍കുഞ്ഞ് വേണമെന്നായി' പാര്‍വതി. അഭീഷ്ടം ഉടനടി സാധിതപ്രായമായി. ആ കുഞ്ഞിന് 'അശോകസുന്ദരി' എന്ന പേരിട്ടു. ഒരിക്കല്‍ അവള്‍ തോഴിമാരോടൊത്ത് നന്ദനോദ്യാനത്തില്‍ നടക്കുമ്പോള്‍ ഒരസുരന്‍ അവളുടെ മുന്‍പില്‍ പ്രത്യക്ഷനായി പ്രേമാഭ്യര്‍ഥന നടത്തി. വിപ്രചിത്തിയുടെ പുത്രനായ ഹുണ്ഡനായിരുന്നു അത്. അശോകസുന്ദരി ആ ദുഷ്ടന്റെ അഭ്യര്‍ഥന നിരസിച്ചു. എന്നുമാത്രമല്ല ചന്ദ്രവംശരാജാവായ ആയുസ്സിന് ഇന്ദുമതിയില്‍ പിറക്കുന്ന നഹുഷന്‍ എന്ന രാജകുമാരന്‍ ആയിരിക്കും തന്നെ പരിണയിക്കുന്നത് എന്നുമറിയിച്ചു. നഹുഷന്‍ ജനിക്കുകപോലും ചെയ്തിട്ടില്ലെന്നും അയാള്‍ യുവാവാകുമ്പോള്‍ നീ വൃദ്ധയാകും എന്നും ഹുണ്ഡന്‍ പറഞ്ഞു. 'അമ്മയുടെ അനുഗ്രഹം മൂലം ഞാന്‍ നിത്യയുവതിയായിരിക്കും. നഹുഷനെ മാത്രമേ ഞാന്‍ വരിക്കൂ' എന്ന് അശോക സുന്ദരി ഉറപ്പിച്ചു പറഞ്ഞു.

ഇക്കാലത്താണ് ഇന്ദുമതി ഒരു കുഞ്ഞിനു ജന്മം നല്‍കിയത്. അതിനെ വളരാന്‍ അനുവദിച്ചുകൂടാ എന്നു നിശ്ചയിച്ച് ഹുണ്ഡന്‍ ഒരു ദാസിയുടെ വേഷത്തില്‍ ചെന്ന് ശിശുവിനെ തട്ടിയെടുത്തശേഷം അതിന്റെ മാംസം വേവിച്ചുതരാന്‍ ഭാര്യയോടാവശ്യപ്പെട്ടു. ഭാര്യ കുഞ്ഞിനെ വസിഷ്ഠമഹര്‍ഷിയുടെ ആശ്രമത്തിലാക്കി ഏതോ മൃഗത്തിന്റെ മാംസം വേവിച്ച് ഹുണ്ഡനു നല്‍കി. കുഞ്ഞ് മരിച്ചെന്നറിഞ്ഞാല്‍ അശോകസുന്ദരി തന്നെ ഇഷ്ടപ്പെട്ടേക്കുമെന്നു വ്യാമോഹിച്ച് ഹുണ്ഡന്‍ അവളുടെയടുത്തുചെന്ന് കാര്യം പറഞ്ഞു. ദുഃഖിതയായ അവളെ വിദ്യുന്ധരന്‍ എന്ന കിന്നരന്‍ സമാധാനിപ്പിച്ചിട്ട് നഹുഷന്‍ ജീവിച്ചിരിക്കുന്നെന്നും ഒരുനാള്‍ ഇവിടെയെത്തി അവളെ വരിക്കുമെന്നും അറിയിച്ചു. ഉന്മേഷവതിയായ അവള്‍ 'നഹുഷനാല്‍ നീ വധിക്കപ്പെടട്ടെ' എന്ന് ഹുണ്ഡനെ ശപിച്ചു.

പ്രവചനം സഫലമായി. നഹുഷന്‍ സിംഹാസനാരൂഢനായി അശോകസുന്ദരിയെ പട്ടമഹിഷിയാക്കി. നഹുഷന്‍ ഉഗ്രമായ യുദ്ധത്തില്‍ ഹുണ്ഡാസുരനെ വധിച്ചു. ചക്രവര്‍ത്തി പദത്തിലെത്തിയ നഹുഷന്റെ അടുത്ത നോട്ടം ഇന്ദ്രപ്പട്ടമായിരുന്നു. അതിനായി അദ്ദേഹം നൂറ് അശ്വമേധയാഗങ്ങള്‍ നടത്തി. ആയിടയ്ക്ക് വൃത്രനെ വഞ്ചിച്ചുകൊന്ന് ബ്രഹ്മഹത്യാപാപത്തിനിരയായ ദേവേന്ദ്രനു സ്ഥാനഭ്രംശമുണ്ടായി. പാപപരിഹാരത്തിനായി മാനസസരസ്സിലെ ഒരു താമരത്തണ്ടില്‍ ഒളിച്ചു പാര്‍ത്ത് അദ്ദേഹം കഠിനതപസ്സില്‍ മുഴുകി. സ്വര്‍ഗം നാഥനില്ലാക്കളരിയായി. അപ്പോള്‍ ബൃഹസ്പതിയുടെ ഉപദേശപ്രകാരം ദേവന്മാര്‍ നഹുഷനെ ഇന്ദ്രപദവിയിലേക്കുയര്‍ത്തി. സ്വര്‍ഗസുഖങ്ങള്‍ അനുഭവിച്ചു തലയ്ക്കു മത്തുപിടിച്ച നഹുഷന്‍ മഹര്‍ഷിമാരെക്കൊണ്ടു പല്ലക്കു ചുമപ്പിച്ചു. പൊക്കം കുറവായ അഗസ്ത്യമുനി വഹിച്ചിരുന്ന പല്ലക്കിന്റെ തണ്ട് താണിരിക്കുന്നതുകണ്ട് നഹുഷന്‍ 'സര്‍പ്പ' (വേഗം ഓടൂ) എന്നു പറഞ്ഞ് മുനിയെ ചമ്മട്ടികൊണ്ടടിച്ചു. തലയില്‍ ചവിട്ടുകയും ചെയ്തു. രുഷ്ടനായ മുനി 'നീ സര്‍പ്പമായിപ്പോകട്ടെ' എന്നു നഹുഷനെ ശപിച്ചു. അയാള്‍ ഒരു പെരുമ്പാമ്പായി ഹിമാലയത്തിന്റെ താഴ്വാരത്തില്‍ വീണു. വിവേകം വീണ്ടു കിട്ടിയപ്പോള്‍ പശ്ചാത്തപിച്ച് ശാപമോക്ഷത്തിനിരന്ന നഹുഷനോട് 'വനവാസകാലത്ത് നിന്നെ കണ്ടുമുട്ടുന്ന ധര്‍മപുത്രര്‍ നിന്നെ ശാപവിമുക്തനാക്കും' എന്നു മഹര്‍ഷി പറഞ്ഞു. ഒരുനാള്‍ കാട്ടില്‍ വേട്ടയാടി നടന്ന ഭീമനെ ആ പാമ്പ് വരിഞ്ഞുമുറുക്കി വിഴുങ്ങാനാരംഭിച്ചു. അപ്പോള്‍ വിലപിച്ച ഭീമന്റെയടുത്തേക്ക് ധര്‍മപുത്രര്‍ ഓടിയണഞ്ഞു. തന്റെ പൂര്‍വ പിതാമഹനായ നഹുഷനാണ് ഈ സര്‍പ്പമെന്നറിഞ്ഞ ധര്‍മപുത്രര്‍ നഹുഷനെ സര്‍പ്പരൂപത്തില്‍ നിന്ന് മോചിപ്പിച്ച് മുക്തിപഥത്തിലേക്കു നയിച്ചു.

ജീവന്മുക്തനായ നഹുഷന്‍ യമധര്‍മന്റെ സദസ്സിലെ ഒരു വിശിഷ്ടാംഗമായി ശോഭിക്കുന്നതായി മഹാഭാരതം സഭാപര്‍വത്തില്‍ (എട്ടം അധ്യായം എട്ടാം പദ്യം) പ്രസ്താവിച്ചിട്ടുണ്ട്. നഹുഷന് യതി, യയാതി, സംയാതി, ആയാതി, അയതി, ധ്രുവന്‍ എന്ന് ആറു പുത്രന്മാര്‍ ഉണ്ടായിരുന്നതായി ആദിപര്‍വം 75-ാം അധ്യായം 30-ാം പദ്യത്തില്‍ കാണുന്നു. (ഡോ. മാവേലിക്കര അച്യുതന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%B9%E0%B5%81%E0%B4%B7%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍